Your paragraph text 34

വഖഫ് ബോർഡിൽ സമവായമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ. നിലവിൽ പ്രഖ്യാപിച്ച ബോർഡിൽ മാറ്റങ്ങൾ വരുമെന്നും എല്ലാവരെയും ചേർത്ത് നിർത്തുമെന്നും മന്ത്രി വ്യക്തമാക്കി. എപി വിഭാഗം പറയുന്ന ആൾക്ക് വഖഫിൽ അംഗത്വം നൽകും. മുഖ്യമന്ത്രിയും കു‍ഞ്ഞാലിക്കുട്ടിയും ചേർന്നാണ് സമവായ നീക്കം നടത്തിയത്. പൊന്നാനി എംഎൽഎ നൗഷാദ് അലിയും സമവായ ചർച്ചയിൽ ഇടപെട്ടു.
‎
‎സംസ്ഥാനത്ത് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനെയും പുതിയ താരിഫ് നയത്തെയും വിമർശിച്ച് മുൻ മന്ത്രി കെ. കൃഷ്ണൻകുട്ടി. കുറഞ്ഞ നിരക്കിലുള്ള കരാറുകൾ നിലനിൽക്കെ 14.50 രൂപയ്ക്ക് വൈദ്യുതി വാങ്ങിയതിന്റെ കാരണം സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‎
‎കണ്ണൂരിൽ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ, ഗൺമാൻ മൊഴി തിരുത്തി. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗണ്‍മാന്‍ അഭിലാഷ് പറഞ്ഞു.
‎
‎മാക്കേക്കടവ് – നേരെകടവ് പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കടുത്ത അതൃപ്തിയും വിമർശനവും തുടര്‍ന്ന് ജി സുധാകരൻ എംഎൽഎ. തനിക്കൊരു ക്ഷണക്കത്ത് എങ്കിലും തരാമായിരുന്നല്ലോ എന്ന് ചോദിച്ച അദ്ദേഹം, വികസന കാര്യത്തിൽ എൽഡിഎഫും യുഡിഎഫും സങ്കുചിത മനസ്ഥിതിയാണ് പ്രകടിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തി.
‎
‎എൽഡിഎഫ് സർക്കാരിന്റെ കാലത്ത് സിഡിറ്റ് വാങ്ങിയ സോഫ്റ്റ് വെയർ ഉപയോഗിക്കാത്തത് കാരണം 33 ലക്ഷം രൂപയുടെ നഷ്ടമെന്ന് കണ്ടെത്തൽ. കെഎസ്എഫ്ഇ ചിട്ടിക്കായുള്ള സോഫ്റ്റ് വെയർ വൻ തുക മുടക്കി സബ്സ്ക്രിപ്ഷൻ എടുത്തിട്ടും ഒരുതവണ പോലും ഉപയോഗിച്ചില്ലെന്നാണ് കണ്ടെത്തൽ.
‎
‎വരാനിരിക്കുന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതിക്കാലയളവിൽ സംസ്ഥാനത്തെ വിഭവങ്ങളുടെ സന്തുലിതവും ജനസംഖ്യാനുപാതികവുമായ വിതരണം ഉറപ്പാക്കണമെന്നും മലപ്പുറം ജില്ല നേരിടുന്ന മുൻകാല വികസന വിടവുകൾ  നികത്താൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നും ജില്ലയിലെ എംഎൽഎമാർ ആവശ്യപ്പെട്ടു.
‎
‎ഫാസ് ടാഗിൽ പണമില്ലാത്തിനെ തുടർന്ന് വടക്കഞ്ചേരി പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു. രാവിലെ അന്തർസംസ്ഥാന ബസുകൾ ഉൾപ്പെടെ 5 ബസ്സുകളാണ് തൃശൂരിലേക്ക് വരുന്നതിനിടയിൽ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഒടുവിൽ കണ്ടക്ടർ ഗൂഗിൾ പേ വഴി ടോൾപ്ലാസയിൽ പണമടച്ചതോടെയാണ് ടോൾ പ്ലാസ ജീവനക്കാർ ബസ് കടത്തിവിട്ടത്.
‎
‎കോവളം സ്പാ പീഡനക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിക്കുന്നു. ചെങ്കൽപേട്ട് ജില്ലയിലെ ഗുഡുവാഞ്ചേരിയിൽ വെച്ചും പീഡനം നടന്നതായി ഇര മൊഴി നൽകിയതിനെത്തുടർന്നാണ് തമിഴ്‌നാട്ടിലും കേസെടുക്കാനുള്ള നടപടികൾ ആരംഭിച്ചത്.
‎
‎എറണാകുളം കടവുഭാഗം സിനഗോഗിന് മുന്നിൽ തീയിട്ട സംഭവത്തിന് പിന്നിൽ അന്വേഷണം ശക്തമാക്കി പൊലീസ്. സംഭവത്തിൽ അറസ്റ്റിലായ പ്രതി എബിൻ പോളിൻ്റെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെ റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രതിയുടെ മൊബൈൽഫോൺ പരിശോധനാഫലം ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണസംഘം.
‎
‎വീണാ വിജയനെതിരായ കേസിനെ പാർട്ടിക്കെതിരായ ആക്രമണമായി ചിത്രീകരിച്ചതിനെച്ചൊല്ലി സിപിഎമ്മിൽ വിമർശനം. കണ്ണൂരിൽ ചേർന്ന സിപിഎമ്മിന്റെ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് വീണാ വിജയന്റെ കേസിൽ പാർട്ടി സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് പ്രതിനിധികൾ രംഗത്തെത്തിയത്.
‎
‎മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ പൊലീസ് ക്വാർട്ടേഴ്സിൽ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ മദ്യസൽക്കാരത്തിലും കയ്യാങ്കളിയിലും പങ്കെടുത്ത ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സ് ഒഴിയാൻ നോട്ടീസ്. എസ്ഐ, ഹവിൽദാർ എന്നിവർക്കാണ് കെഎപി അസിസ്റ്റന്‍റ് കമാൻഡന്‍റ് നോട്ടീസ് നൽകിയത്.
‎
‎കൊല്ലം കൊട്ടാരക്കരയിൽ ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേർക്ക് നാലംഗ സംഘത്തിന്റെ ആക്രമണം. കാക്കത്താനം സ്വദേശി ശരത് കുമാറിനെയും കുടുംബത്തെയും ആണ് ഇന്നലെ രാത്രി നാലംഗ സംഘം ആക്രമിച്ചത്. അതിക്രമത്തിൽ 4 പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
‎
‎ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ് യുവാവ് മരിച്ചു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ചെന്നൈ–തിരുവനന്തപുരം ട്രെയിനിൽ നിന്ന് ആലുവ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
‎
‎എഐജി ജി.പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക്. സിബിഐയിലേക്കാണ് ഡെപ്യൂട്ടേഷൻ നൽകിയിരിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിറങ്ങി. അഞ്ചുവർഷമാണ് ഡെപ്യൂട്ടേഷൻ കാലാവധി.
‎
‎പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിയറ്റ്നാം സന്ദർശനത്തെ പരിഹസിച്ച് ബിജെപി. എസ്ഐആറിനെതിനെതിരെ നുണകൾ പ്രചരിപ്പിച്ച ശേഷം രാഹുൽ ഗാന്ധി വ്യക്തിഗത യാത്രയ്ക്കായി വിദേശത്തേക്ക് പോയെന്ന് ബിജെപി ഔദ്യോഗിക എക്സ് അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചു.
‎
‎തലസ്ഥാന നഗരിയിലെ വായുമലിനീകരണം തടയുന്നതിനായി സ്വകാര്യ കമ്പനികളെയും സ്റ്റാർട്ടപ്പുകളെയും പങ്കാളികളാക്കി 104 കോടി രൂപയുടെ പൈലറ്റ് പദ്ധതിയുമായി ദില്ലി സർക്കാർ. നഗരത്തിലെ 40 പ്രധാന കേന്ദ്രങ്ങളിൽ PM10, PM2.5 നിരക്കുകൾ 20 ശതമാനം വരെ കുറയ്ക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
‎
‎കോക്റോച്ച് ജനത പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും നിയമത്തോട് യാതൊരു ബഹുമാനവുമില്ലെന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്. ഇരുവരുടെയും ജുഡീഷ്യൽ കസ്റ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ അപേക്ഷ പരിഗണിക്കവെയാണ് മജിസ്ട്രേറ്റ് ഋതു രാജ് ഇക്കാര്യം പരാമർശിച്ചത്.
‎
‎മണിപ്പൂരിൽ വീണ്ടും കൂട്ടക്കൊല. മെയ്തെയ് വിഭാഗക്കാരായ മൂന്ന് പുരുഷൻമാർ  കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ നോങ്സും ഹില്ലിൽ നടന്ന ആക്രമണത്തിലാണ് ആറ് പേരും ഇരകളായത്.
‎
‎ദില്ലിയിൽവെച്ച് എൻഎസ്‌യുഐ നേതാവിനെ മർദിച്ച ഡൽഹി പൊലീസ് വനിതാ കോൺസ്റ്റബിളിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസരയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ജയ്പൂർ പൊലീസ് കമ്മീഷണറേറ്റിൽ രാത്രി മുഴുവൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
‎
‎ഡൽഹി ജുമാ മസ്ജിദ് മെട്രോ സ്റ്റേഷനിൽ എക്സ്-റേ ബാഗേജ് പരിശോധനയ്ക്കിടെ സംശയാസ്പദമായ വസ്തു കണ്ടെത്തിയതിനെ തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച യാത്രികനെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് ഉദ്യോഗസ്ഥർ പിടികൂടി. ഇയാളുടെ പക്കൽ നിന്ന് ഏകദേശം 155 ഗ്രാം സ്വർണ്ണപ്പൊടി ഡൽഹി പൊലീസ് പിടിച്ചെടുത്തു.
‎
‎മുൻ ക്രിക്കറ്റ് താരവും ലോക്സഭ എംപിയുമായ യൂസഫ് പത്താന്റെ വർഷങ്ങൾ നീണ്ട ഭൂമി തർക്കത്തിൽ പരിഹാരം. വഡോദരയിലെ കുടുംബവീടിനോട് ചേർന്നുള്ള ഭൂമിയാണ് യൂസഫ് പത്താന് വിട്ടുനൽകാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചത്.
‎
‎ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും കലാപത്തിനും കാരണം കുടിയേറ്റമാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാരീസ് ഉടൻ തന്നെ ഒരു മുസ്ലീം നഗരമായി മാറുമെന്നും രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
‎
‎ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 30 ദിവസത്തെ വിലക്കേര്‍പ്പെടുത്തി പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ. വിലക്കിന് പുറമെ 255 യൂറോ (ഏകദേശം 285 ഡോളർ) പിഴയും ചുമത്തിയിട്ടുണ്ട്. പരിശീലകൻ ജോർജ്ജ് ജീസസുമായുണ്ടായ തർക്കത്തെ   പോർച്ചുഗൽ ക്യാമ്പിൽ നിന്ന് റൊണാൾഡോ ഇറങ്ങി പോയതിനെ തുടർന്നാണ് നടപടി.
‎
‎ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും മുൻ ക്യാപ്റ്റൻ വിരാട് കോലിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളും ആശയവിനിമയത്തിലെ പോരായ്മകളും പരിഹരിക്കാൻ മുൻ താരം പ്രഗ്യാൻ ഓജയെ ബിസിസിഐ ചുമതലപ്പെടുത്തിയതായി റിപ്പോർട്ട്.
‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *