S8 yt cover 2

◾https://dailynewslive.in/ കോണ്‍ഗ്രസിന്റെ രാജകുമാരന്‍ വയനാട്ടില്‍ തോല്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേഠിയില്‍ നിന്ന് ഭയപ്പെട്ട് ഓടിയതുപോലെ രാഹുല്‍ വയനാട്ടില്‍ നിന്നും ഓടിയൊളിക്കും. താന്‍ പോലും ഉപയോഗിക്കാത്ത ഭാഷയിലാണ് പിണറായി വിജയന്‍ രാഹുലിനെ വിമര്‍ശിക്കുന്നത്. പരസ്പരം പോരടിക്കുന്ന ഇന്ത്യാ മുന്നണി നേതാക്കളെ ജനങ്ങള്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഭയപ്പെട്ടവര്‍ രാജ്യസഭയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് സോണിയ ഗാന്ധിയെയും മോദി പരിഹസിച്ചു.

◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 400 സീറ്റ് പ്രതീക്ഷിക്കുന്ന നരേന്ദ്രമോദി നയിക്കുന്ന എന്‍ഡിഎ ക്ക് കേവല ഭൂരിപക്ഷത്തിന് ഏറെ വിയര്‍ക്കേണ്ടി വരുമെന്ന് ലോക്പോള്‍ സര്‍വ്വെ. 2019 ല്‍ തൂത്തുവാരിയ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും എന്‍ഡിഎ ക്ക് സീറ്റുകള്‍ കുറയുമെന്നാണ് പ്രവചനം. ബീഹാറിലും മഹാരാഷ്ട്രയിലും ഇന്ത്യാ മുന്നണി ഒപ്പത്തിനൊപ്പമെത്തുമെന്നും പ്രവചിക്കുന്നു. പശ്ചിമബംഗാളിലും സീറ്റുകള്‍ കുറയുമെന്ന് പ്രവചിക്കുന്ന സര്‍വ്വേ ദക്ഷിണേന്ത്യയില്‍ വലിയ തിരിച്ചടിയാണ് എന്‍ഡിഎക്ക് പ്രവചിക്കുന്നത്. തമിഴ്നാഴും കേരളവും ഇന്ത്യാ മുന്നണി തൂത്തുവാരുമെന്നും കര്‍ണാടകയിലും തെലുങ്കാനയിലും ഇന്ത്യാമുന്നണി കൂടുതല്‍ സീറ്റുകള്‍ നേടി മേല്‍ക്കൈ നേടുമെന്നും സര്‍വ്വെ പ്രവചിക്കുന്നു. 2014 ലും 2019 ലും തകര്‍ന്ന് തരിപ്പണമായ കോണ്‍ഗ്രസിന്റെ വലിയൊരു തിരിച്ചു വരവാണ് സര്‍വ്വെ പ്രവചിക്കുന്നത്.

◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് അഴിമതിയുടെ സ്‌കൂളാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി. കറപ്ഷന്‍ സയന്‍സ് വിഷയത്തില്‍ ഡൊണേഷന്‍ ബിസിനസ് ഉള്‍പ്പെടെ എല്ലാ ചാപ്റ്ററുകളും അദ്ദേഹം വിശദമായി പഠിപ്പിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. കൂടാതെ എങ്ങനെയാണ് റെയ്ഡ് വഴി സംഭാവനകള്‍ ശേഖരിക്കുന്നത്, എങ്ങനെയാണ് സംഭാവനകള്‍ ശേഖരിച്ചതിന് ശേഷം കരാറുകള്‍ വിതരണം ചെയ്യുന്നത്, എങ്ങനെയാണ് അഴിമതിക്കാരുടെ കറകളെ കഴുകിക്കളയുന്ന വാഷിങ് മെഷീന്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്നെല്ലാം പഠിപ്പിക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

*പുളിമൂട്ടില്‍ സില്‍ക്സിന്റെ വഴിത്തിരിവുകള്‍-15*

2024 ല്‍ നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്‌സ് ഇപ്പോള്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുകയാണ്. മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഈ വേളയില്‍ 1500 ലധികം ജീവനക്കാര്‍ക്ക് ജോലി നല്‍കുന്നതിലൂടെ 1500 ലധികം കുടുംബങ്ങള്‍ക്ക് നേരിട്ട് അത്താണിയാവുകയാണ് ഈ മഹാപ്രസ്ഥാനം. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ ലക്ഷകണക്കിന് മലയാളി കുടുംബങ്ങളിലെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തൃശൂര്‍, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം.

*നൂറിന്റെ നിറവിലെത്തിയ പുളിമൂട്ടില്‍ സില്‍ക്സ് 2024 ല്‍ ശതാബ്ദി വര്‍ഷം ആഘോഷിക്കുന്നു*

◾https://dailynewslive.in/ ഗുജറാത്തില്‍ ഉള്ള നരേന്ദ്ര മോദി എന്തിനാണ് വാരണാസിയില്‍ പോയി മത്സരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി വയനാടില്‍ വന്ന് മത്സരിക്കുന്നതിനെ പറ്റി പറയാന്‍ മോദിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കോണ്‍ഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയില്‍ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെയാണ് സതീശന്റെ പ്രതികരണം.

◾https://dailynewslive.in/ എന്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയനെ അറസ്റ്റുചെയ്യേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. രാഹുലിന് പക്വത ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ അറിവുള്ള, അനുഭവസ്ഥരായ നേതാക്കള്‍ ഉപദേശിച്ചുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വര്‍ണ കരണ്ടിയില്‍ പാലുകുടിച്ച് വളര്‍ന്ന ആളോ വിദേശ രാജ്യങ്ങളില്‍നിന്ന് ഇറക്കിയ പാല്‍പ്പൊടി കുടിച്ച് വളര്‍ന്നയാളോ അല്ല പിണറായി. ആര്‍എസ്എസ് തലയ്ക്ക് വിലയിട്ട നേതാവാണ് പിണറായിയെന്നും ഇ.പി പറഞ്ഞു. ബിജെപിയെയും ആര്‍എസ്എസിനെയും തൃപ്തിപ്പെടുത്തി വയനാട്ടില്‍ സുഖമായി ജയിച്ചുകയറാനാണ് രാഹുലിന്റെ ഇത്തരം പ്രസ്താവനകള്‍. നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ എന്താണ് രാഹുല്‍ ഗാന്ധിയെ അറസ്റ്റു ചെയ്യാത്തത്. രാഹുല്‍ ഇക്കാര്യം സ്വയം ചോദിക്കണം. രാഹുലിന്റെ പ്രസ്താവന അപഹാസ്യമാണെന്നും ഇപി ജയരാജന്‍ പറഞ്ഞു.

◾https://dailynewslive.in/ കണ്ണൂരില്‍ രേഖപ്പെടുത്തിയ വീട്ടിലെ വോട്ടില്‍ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എല്‍ഡിഎഫ്. കണ്ണൂര്‍ എഴുപതാം ബൂത്തിലെ വോട്ടിങ്ങില്‍ കമ്മീഷന് പരാതി നല്‍കി. കെ കമലാക്ഷി എന്ന വോട്ടര്‍ക്ക് പകരം വി കമലാക്ഷിയാണ് വോട്ട് ചെയ്തതെന്നാണ് ആക്ഷേപം. കോണ്‍ഗ്രസ് അനുഭാവിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ കള്ളവോട്ടിന് കൂട്ടുനിന്നെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

◾https://dailynewslive.in/ മുഖ്യമന്ത്രിയുടെ മകള്‍ വീണാവിജയന്‍ ഉള്‍പ്പെട്ട മാസപ്പടിക്കേസില്‍ നിലവില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ വരും ദിവസങ്ങളില്‍ ഇ ഡി ചോദ്യം ചെയ്യും. ഇഡിക്കെതിരെ ശശിധരന്‍ കര്‍ത്തയും 3 ജീവനക്കാരും നല്‍കിയ ഹര്‍ജി ഹൈക്കോടതി അവധിക്കാലത്തിനു ശേഷമേ പരിഗണിക്കുള്ളു. കോടതി ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഹര്‍ജി മാറ്റി വച്ചത്. സിഎംആര്‍എല്‍ വിവിധ വ്യക്തികളും കമ്പനികളുമായി 135 കോടി രൂപയുടെ ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

◾https://dailynewslive.in/ സുഗന്ധഗിരി മരംമുറിയില്‍ സൗത്ത് വയനാട് ഡിഎഫ്ഒയ്ക്കെതിരെ സ്വീകരിച്ച നടപടിയില്‍ ദുരൂഹത. ഡിഎഫ്ഒ എ. സജ്നക്ക് നല്‍കിയ വിശദീകരണം തേടിയുള്ള കത്ത് മണിക്കൂറുകള്‍ക്കം റദ്ദാക്കി സസ്പെന്‍ഡ് ചെയ്തെന്നും, ചട്ടങ്ങള്‍ പാലിക്കാതെയുള്ള സസ്പെന്‍ഷന് പിന്നില്‍ ബാഹ്യ ഇടപെടലുണ്ടെന്നുമാണ് വനംവകുപ്പിനുള്ളിലെ വിമര്‍ശനം. ബുധനാഴ്ച പുലര്‍ച്ചെ 12.19ന് സൗത്ത് വയനാട് ഡിഎഫ്ഒ എ. സജ്നയോട് സുഗന്ധഗിരി മരംമുറിയില്‍ 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിശദീകരണം നല്‍കും മുമ്പ്, വൈകീട്ട് 3:54ന് നോട്ടീസ് റദ്ദാക്കി. അര്‍ധരാത്രിയോടെ വനംവകുപ്പ് ഡിഎഫ്ഒ ഉള്‍പ്പെടെ മൂന്നുപേരെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവിറക്കി. വിശദീകരണം നല്‍കാനുള്ള സാവകാശം പോലും നല്‍കാത്തതിന് പിന്നില്‍ ദൂരൂഹത ഉണ്ടെന്നാണ് വിമര്‍ശനം.

◾https://dailynewslive.in/ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച ജുമുഅ നമസ്‌കാര സമയം ക്രമീകരിക്കാന്‍ നടപടിയുമായി ഇകെ വിഭാഗം സമസ്ത. ജുമുഅ നമസ്‌കാരം നടക്കുന്ന വെളളിയാഴ്ചയില്‍ നിന്നും വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇ.കെ വിഭാഗം സമസ്ത ഉള്‍പ്പെടെയുള്ള മുസ്ലീം സംഘടനകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിരുന്നു. വോട്ടെടുപ്പ് ദിവസം മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകാതെ വന്നതോടെയാണ് ജുമുഅ നമസ്‌കാരത്തിന് പുതിയ ക്രമീകരണം ഏര്‍പ്പെടുത്താന്‍ ഇ.കെ വിഭാഗം സമസ്ത മുന്‍കൈയെടുത്തിരിക്കുന്നത്. നിലവില്‍ ഭൂരിഭാഗം പള്ളികളിലും ഏതാണ്ട് ഒരേ സമയത്താണ് നമസ്‌കാരമുള്‍പ്പെടെ നടക്കുന്നത്. തെരഞ്ഞടുപ്പ് ദിവസം അടുത്തടുത്തുള്ള പള്ളികളില്‍ ഇത് വ്യത്യസ്ഥ സമയമാക്കണമെന്നാണ് നിര്‍ദേശം. വോട്ടര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ജുമുഅ നമസ്‌കാരത്തിന് വേണ്ട സൗകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മഹല്ലുകള്‍ക്ക് പാണക്കാട് ഖാസി ഫൗണ്ടേഷനും നിര്‍ദേശം നല്‍കി.

◾https://dailynewslive.in/ ചരിത്രത്തിലാദ്യമായി പുലര്‍ച്ച നടക്കേണ്ട തൃശൂര്‍ പൂരം വെടിക്കെട്ട് രാവിലെ 7.15- ന് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടി വന്നത് പൂരത്തിന്റെ മൊത്തം സൗന്ദര്യത്തെയാണ് ചോര്‍ത്തിക്കളഞ്ഞതെന്ന് ആരോപണം. തൃശൂര്‍ പൂരത്തിന്റെ ഭാഗമായി തിരുവമ്പാടി, പാറമേക്കാവ് വിഭാഗക്കാരുടെ പുലര്‍ച്ച മൂന്നിന് നടക്കേണ്ട വെടിക്കെട്ട് മണിക്കൂറുകള്‍ വൈകിയാണ് പൂര്‍ത്തിയായത്. തൃശൂര്‍ പോലിസ് കമ്മിഷണറും ദേശക്കാരും തമ്മിലുള്ള തര്‍ക്കം മൂലം വെടിക്കെട്ട് വൈകുകയായിരുന്നു. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂര്‍ത്തിയാകും മുമ്പേ ആളുകളെ പൂര പറമ്പില്‍ നിന്ന് മാററി. വെടിക്കെട്ട് കമ്മിറ്റിക്കാരില്‍ കൂടുതല്‍ പേരെ മൈതാനത്ത് നിര്‍ത്താന്‍ കമ്മിഷണര്‍ അങ്കിത് അശോക് അനുവദിച്ചില്ല. ഇതേ ചൊല്ലി, ദേശക്കാരും കമ്മിഷണറും തമ്മില്‍ തര്‍ക്കമാവുകയും ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി തിരുവമ്പാടി ചടങ്ങ് പൂര്‍ത്തിയാക്കുകയാണുണ്ടായത്. ഇതിനിടെ , നായ്ക്കനാലില്‍ പൊലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് പൊലീസിനെതിരെ ഗോ ബാക്ക് വിളികളുമായി ദേശക്കാരും രംഗത്തെത്തി. പിന്നീട് മന്ത്രി കെ.രാജനുമായി നടത്തിയ ചര്‍ച്ചയില്‍ വെടിക്കെട്ടു നടത്താന്‍ ദേവസ്വം അധികൃതര്‍ തയ്യാറാവുകയായിരുന്നു.

◾https://dailynewslive.in/ തൃശ്ശൂര്‍ പൂരത്തില്‍ പോലീസിനെ ഇടപെടുവിച്ചത് ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വോട്ട് മറിച്ചുനല്‍കാനുള്ള നീക്കമാണ് നടന്നതെന്നും തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് സ്‌പേസ് ഉണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമാണ് നടന്നതെന്നും അദ്ദേഹം കുററപ്പെടുത്തി.

◾https://dailynewslive.in/ അനാവശ്യ നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തിന്റെ ശോഭ കെടുത്തിയെന്നും, ഇതാദ്യമായി പൂരം നടത്തുന്നത് പോലെയായിയെന്നും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ ആരോപിച്ചു. ഒരു മണിക്കൂറില്‍ തീര്‍ക്കേണ്ട കാര്യം എന്തിനിത്ര നീട്ടിവച്ചു. പൊലീസ് ലാത്തിവീശിയെങ്കിലും ജനങ്ങള്‍ ആത്മസംയമനം പാലിച്ചു. കൂടാതെകേന്ദ്ര നിയമങ്ങളും വെടിക്കെട്ടിനെ ബുദ്ധിമുട്ടിച്ചു. പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചതു പോലെയായെന്നും ഇത് ദൗര്‍ഭാഗ്യകരമായെന്നും അദ്ദേഹം പറഞ്ഞു. തോന്നുന്ന ദിക്കില്‍ ബാരിക്കേഡ് കെട്ടുക, ആളുകളെ കയറ്റാതിരിക്കുക. ഇതാണ് പൂരത്തിന് സംഭവിച്ചതെന്നും കെ.മുരളീധരന്‍ ആരോപിച്ചു.

◾https://dailynewslive.in/ ആറ്റിങ്ങലിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനായി വ്യവസായി ബിജു രമേശ്, വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന് ആരോപണം. അരുവിക്കര വടക്കേമല കോളനിയില്‍ ബിജു രമേശിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു. പണവുമായി എത്തിയ ബിജുരമേശ് സിപിഎം പ്രവര്‍ത്തകരെ കണ്ടപ്പോള്‍ മറ്റൊരു സംഘത്തിന്റെ കയ്യില്‍ പണം കൊടുത്തയച്ചെന്നാണ് ആരോപണം. ഇത് തടഞ്ഞ സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്നും ആരോപണം ഉണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫ്ലയിങ് സ്‌ക്വാഡിനെ വിളിച്ചുവരുത്തി. പക്ഷെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ പണം കണ്ടെത്താനായില്ല. ബിജു രമേശിനെ അരുവിക്കര സ്റ്റേഷനില്‍ എത്തിച്ചതിന് ശേഷം പൊലീസ് വിട്ടയച്ചു.

◾https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയില്‍ ലഹരി മാഫിയാ സംഘത്തില്‍പ്പെട്ടയാളുടെ വീട് അജ്ഞാതര്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം കുടുക്കിലുമ്മാരത്ത് ഒരു വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും രണ്ട് വീടുകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്ത ലഹരി മാഫിയാ സംഘത്തില്‍പ്പെട്ട ചുടലമുക്ക് കരിങ്ങമണ്ണ തേക്കുംതോട്ടത്തില്‍ ഫിറോസിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 9 മണിയോടെ ആക്രമണമുണ്ടായത്. ജനല്‍ ചില്ലുകളും, വാതിലുകളും വീട്ടുപകരണങ്ങളും തകര്‍ത്ത നിലയിലാണ്. ആക്രമണ സമയത്ത് വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.

◾https://dailynewslive.in/ മോട്ടോര്‍വാഹന നിയമലംഘനത്തിന് എ ഐ ക്യാമറ വഴി പിഴക്ക് നോട്ടീസയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തി. സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ തപാല്‍ നോട്ടീസിന് പകരം ഇ-ചെല്ലാന്‍ മാത്രമാണ് ഇപ്പോള്‍ അയക്കുന്നത്. ഇതുവരെ 339 കോടിയുടെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതില്‍ 62.5 കോടി മാത്രമാണ് ഖജനാവിലേക്ക് എത്തിയത്. ഇനി നോട്ടീയക്കണമെങ്കില്‍ നോട്ടീസ് ഒന്നിന് 20 രൂപ വേണമെന്നാവശ്യപ്പെട്ട് കെല്‍ട്രോണ്‍ സര്‍ക്കാരിന് കത്ത് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഇതേവരെ മറുപടി നല്‍കിയിട്ടില്ലെന്നാണ് വിവരം.

◾https://dailynewslive.in/ മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് നിരത്തിലിറങ്ങിയേക്കും. ബജറ്റ് ടൂറിസത്തിന് പകരം കോഴിക്കോട് ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വിസ് നടത്തുമെന്നാണ് സൂചന. ഇതിനായി കോണ്‍ട്രാക്ട് ക്യാരേജില്‍ നിന്ന് സ്റ്റേജ് ക്യാരേജ് പെര്‍മിറ്റ് എടുക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. നവകേരള യാത്രയ്ക്ക് ശേഷം ബസ് അറ്റകുറ്റപ്പണിക്കായി ബെംഗളൂരുവിലേക്ക് കൊണ്ടുപോയിരുന്നു.

◾https://dailynewslive.in/ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ കള്ളന്‍ കയറി. രാത്രി ഒരു മണിയോടെയാണ് കൊച്ചി പനമ്പിള്ളി നഗറിലെ വീട്ടില്‍ മോഷണം നടന്നത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. സ്വര്‍ണാഭരണങ്ങള്‍, വജ്ര നെക്ലേസ്, വാച്ചുകള്‍ എന്നിവയടക്കമാണ് മോഷ്ടിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◾https://dailynewslive.in/ ചെന്നിത്തല കാരാഴ്മയില്‍ വിവാഹാലോചനയില്‍ നിന്ന് യുവതി പിന്‍മാറിയതിനെ തുടര്‍ന്ന് യുവാവ് വീട് കയറി നടത്തിയ ആക്രമണത്തില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് വെട്ടേറ്റു. ഇവരില്‍ 2 പേരുടെ നില ഗുരുതരമാണ്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍, ഭാര്യ നിര്‍മ്മല, മകന്‍ സുജിത്ത്, മകള്‍ സജിന, റാഷുദ്ദീന്റെ സഹോദരി ഭര്‍ത്താവ് ബിനു എന്നിവര്‍ക്കാണ് വെട്ടേറ്റത്. സജിനയെ പ്രതി രഞ്ജിത്ത് വിവാഹം ആലോചിച്ചിരുന്നു. എന്നാല്‍ പിന്നീട് സജിന വിവാഹ ആലോചനയില്‍ നിന്നും പിന്മാറി. ഇതിന്റെ വൈര്യാഗമാണ് ആക്രമണത്തിന് കാരണം.

◾https://dailynewslive.in/ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വഴി തടയുന്ന ഇടതുപക്ഷത്തിന്റെ നടപടി നിന്ദ്യമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശത്രുരാജ്യങ്ങള്‍ പോലും നയതന്ത്ര പ്രതിനിധികള്‍ക്ക് സുരക്ഷ നല്‍കുമെന്നും ഭരണ ഘടന പദവിയിലിരിക്കുന്നവരെ ബഹുമാനിക്കേണ്ടത് സംസ്ഥാനങ്ങളുടെ ബാധ്യതയാണെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. അവഹേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ഇതുവരെ സൂചിപ്പിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

◾https://dailynewslive.in/ ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇന്ത്യാ സഖ്യം ആവശ്യപ്പെട്ടു. വെസ്റ്റ് ത്രിപുര ലോക്സഭാ മണ്ഡലത്തിലെയും രാംനഗര്‍ നിയമസഭാ മണ്ഡലത്തിലെയും വോട്ടെടുപ്പിനെ കുറിച്ചാണ് പരാതി ഉയര്‍ന്നത്. ജനവിധി അട്ടിമറിച്ചെന്ന് ആരോപിച്ച് ഇന്ത്യ സഖ്യം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇരു മണ്ഡലങ്ങളിലും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് രാംനഗര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. സിസിടിവി ദൃശ്യം പരിശോധിച്ചപ്പോള്‍ പുറമെ നിന്നുള്ളവര്‍ക്ക് ബൂത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് സസ്പെന്‍ഡ് ചെയ്തത്.

◾https://dailynewslive.in/ അധികാരത്തിലെത്തിയാല്‍ ഇലക്ടറല്‍ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് നിര്‍മല സീതാരാമന്‍. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മാറ്റങ്ങളോടെ ബോണ്ട് തിരികെ കൊണ്ടുവരും. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

◾https://dailynewslive.in/ പ്രിയങ്ക ഗാന്ധിയുടെ അടുത്ത അനുയായിയും എഐസിസി സെക്രട്ടറിയും ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിന്റെ ചുമതലക്കാരനുമായിരുന്ന തജിന്ദര്‍ സിംഗ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ആര്‍ക്കെതിരെയും ഒന്നും പറയാനില്ല എന്ന് പ്രതികരിച്ച ബിട്ടു പഞ്ചാബിന്റെ നല്ലതിന് വേണ്ടി ആണ് ബിജെപിയില്‍ ചേര്‍ന്നതെന്നും പ്രതികരിച്ചു.

◾https://dailynewslive.in/ കുട്ടികളെ അശ്ലീല ദൃശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കുറ്റകൃത്യവും ഗൗരവതരമായ കാര്യവുമാണെന്ന് സുപ്രീം കോടതി. ഇത്തരമൊരു ദൃശ്യം ഇന്‍ബോക്സില്‍ ലഭിക്കുകയാണെങ്കില്‍ അത് ഡിലീറ്റ് ചെയ്യുകയോ നശിപ്പിക്കുകയോ വേണം. അല്ലെങ്കില്‍ നിയമപ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരും. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ദൃശ്യങ്ങള്‍ ലഭിക്കുന്ന ഒരാള്‍ അവ ഡിലീറ്റ് ചെയ്യാനോ നശിപ്പിക്കാനോ തയ്യാറാവുന്നില്ലെങ്കില്‍ അത് ഐടി നിയമങ്ങളുടെ ലംഘനമായി മാറുമെന്നും കോടതി പറഞ്ഞു.

◾https://dailynewslive.in/ രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളായ ടി.സി.എസും ഇന്‍ഫോസിസും പുറത്തുവിട്ട 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രവര്‍ത്തനകണക്കുകള്‍ നല്‍കുന്നത് ഈ രംഗത്ത് മാന്ദ്യം പിടിമുറുക്കുന്നതിന്റെ സൂചനകള്‍. ഇന്‍ഫോസിസ് ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കമ്പനിയുടെ വര്‍ഷിക വരുമാന വളര്‍ച്ച വെറും 1.4 ശതമാനമാണ്. 1981ല്‍ കമ്പനി സ്ഥാപിതമായതിനു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണിത്. അതാത് 43 വര്‍ഷത്തെ ചരിത്രത്തിനിടയിലെ ഏറ്റവും കുറവ്. അമേരിക്കന്‍ ബിസിനസിലാണ് കാര്യമായ കുറവ് വന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രതീക്ഷിക്കുന്ന വരുമാന വളര്‍ച്ച 1.3 ശതമാനമാണെന്നതും നിരാശയ്ക്കിടയാക്കുന്നു. അതേസമയം, 2025 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 20-22 ശതമാനമായി ഇന്‍ഫോസിസ് നിലനിറുത്തിയിട്ടുണ്ട്. കഴിഞ്ഞ പാദത്തില്‍ 20.7 ശതമാനമായിരുന്നു ഇത്. ഇന്‍ഫോസിസിന്റെ പ്രധാന ബിസിനസ് മേഖലകളായ ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 8.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ മറ്റൊരു വമ്പന്‍ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ വരുമാന വളര്‍ച്ച 3.4 ശതമാനമാണ്. വടക്കേ അമേരിക്കയിലെ വെല്ലുവിളികളും ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയിലെ വെല്ലുവിളികളും ടി.സി.എസിനും ആശങ്കയാകുന്നുണ്ട്. നാലാം പാദത്തില്‍ വടക്കേ അമേരിക്കയില്‍ ടി.സി.എസിന്റെ വാര്‍ഷിക വളര്‍ച്ചയില്‍ 2.3 ശതമാനം കുറവുണ്ടായി. ഇന്‍ഫോസിസും ടി.സി.എസും ജീവനക്കാരുടെ എണ്ണത്തില്‍ മാര്‍ച്ച് പാദത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. പുതുതായി കൂട്ടിച്ചേര്‍ക്കപ്പെട്ട ജീവനക്കാരുടെ എണ്ണത്തിലും തുടര്‍ച്ചയായ നാലാം പാദത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. ടി.സി.എസിന്റെ ജീവനക്കാരുടെ എണ്ണത്തില്‍ 13,249 പേരുടെ കുറവുണ്ടായി. കമ്പനി ലിസ്റ്റ് ചെയ്തതിനു ശേഷം 19 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്ര കുറവ്.

◾https://dailynewslive.in/ പെയ്മെന്റ് സേവനങ്ങള്‍ നല്‍കുന്ന ഗൂഗിള്‍ വാലറ്റ് ഇന്ത്യയില്‍ ഉടന്‍ എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ബാങ്കുകള്‍, എയര്‍ലൈനുകള്‍, സിനിമാ ടിക്കറ്റ് തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലവില്‍ ഗൂഗിള്‍ വാലറ്റ് പ്ലേ സ്റ്റോറില്‍ ഉപയോക്താക്കള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് എപികെ ഫയല്‍ ഉപയോഗിച്ച് ആപ്പ് സൈഡ്ലോഡ് ചെയ്യാനും കോണ്‍ടാക്റ്റ്ലെസ് പേയ്മെന്റുകള്‍ക്കായി ബാങ്ക് കാര്‍ഡുകള്‍ ചേര്‍ക്കാനും കഴിയും. രാജ്യത്തെ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ പേയ്ക്കൊപ്പം ആപ്പ് പ്രവര്‍ത്തിക്കുമൊന്നാണ് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ 77 രാജ്യങ്ങളില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡിലും, വെയര്‍ ഒഎസിലും വാലറ്റ് ലഭിക്കും. എസ്ബിഐ, എയര്‍ഇന്ത്യ, പിവിആര്‍ ഇനോക്സ് എന്നീ സേവനങ്ങള്‍ ഗൂഗിള്‍ വാലറ്റ് പിന്തുണയ്ക്കുമെന്നാണ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നല്‍കിയിരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ വ്യക്തമാക്കുന്നതെന്ന് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്തു. റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇന്ത്യന്‍ സ്‌ക്രീന്‍ഷോട്ടുകളെല്ലാം മാറ്റി ഗൂഗിള്‍ വാലറ്റിന്റെ യുഎസ് പതിപ്പിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വെച്ചു. ഗൂഗിര്‍ വാലറ്റ് സേവനം ഇന്ത്യയില്‍ എപ്പോള്‍ ലഭ്യമാകുമെന്ന് പറയാന്‍ കഴിയില്ലെന്നും, എന്നാല്‍ ഇന്ത്യയിലെ ജനങ്ങളുടെ ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ പ്രവര്‍ത്തിക്കുന്നയായും ഗൂഗിള്‍ വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

◾https://dailynewslive.in/ സൂപ്പര്‍ഹിറ്റായി മാറിയ ‘പ്രേമലു’വിന് രണ്ടാം ഭാഗം വരുന്നു. കൊച്ചിയില്‍ നടന്ന പ്രേമലുവിന്റെ വിജയാഘോഷത്തിലാണ് സംവിധായകന്‍ ഗിരീഷ് എഡി രണ്ടാം ഭാഗം പ്രഖ്യാപിച്ചത്. ആദ്യ ഭാഗത്തിലുള്ളവര്‍ തന്നെയാകും രണ്ടാം ഭാഗത്തിലും ഒന്നിക്കുക. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് പ്രേമലു 2. പ്രേമലുവിലെ സച്ചിന്റേയും റീനുവിന്റേയും പ്രണയം ആരംഭിക്കുന്നിടത്താണ് സിനിമ അവസാനിച്ചത്. അതിനാല്‍ രണ്ടാം ഭാഗത്തില്‍ ഇരുവരുടേയും പ്രണയം പൂത്തു തളിര്‍ക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. നസ്ലിനേയും നമിതയേയും ടാഗ് ചെയ്തുകൊണ്ടാണ് രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ ഫഹദ് ഫാസില്‍ പങ്കുവച്ചത്. ഭാവന സ്റ്റുഡിയോസ് തന്നെയാകും ചിത്രം നിര്‍മിക്കുക.അവരുടെ ഏഴാമത് നിര്‍മാണസംരംഭമായിരിക്കും ചിത്രം. ആദ്യ ഭാഗത്തിത്തിലേതുപോലെ ഗിരീഷ് എഡിയും കിരണ്‍ ജോഷിയും തന്നെയാകും തിരക്കഥ എഴുതുക. 2025ല്‍ ചിത്രം പുറത്തെത്തും. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ചിത്രം എത്തും. 135.9 കോടിയാണ് ‘പ്രേമലു’ വിന്റെ ബോക്സ് ഓഫീസ് കളക്ഷന്‍. ഒടിടിയിലും ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണങ്ങള്‍ നേടികൊണ്ടിരിക്കുകയാണ്.

◾https://dailynewslive.in/ രണ്‍ബീര്‍ സിംഗ് നായകനായി എത്തിയ ‘അനിമലി’ന് രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ സന്ദീപ് റെഡ്ഡി. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഏതാണ്ട് പൂര്‍ണമായെന്നും ചിത്രീകരണം 2026ലേക്ക് തുടങ്ങുമെന്നും സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ രണ്ടാം ഭാഗം അല്‍പം കൂടി ഭീകരമായിരിക്കുമെന്നും സന്ദീപ് റെഡ്ഡി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. സ്ത്രീവിരുദ്ധതയുടെയും അക്രമം നിറഞ്ഞ രംഗങ്ങളുടെ അതിപ്രസരത്താലും ഏറെ വിമര്‍ശിക്കപ്പെട്ട ചിത്രമായിരിക്കും അനിമല്‍. തെന്നിന്ത്യന്‍ താരം രശ്മിക മന്ദാനയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയത്. 100 കോടി മുതല്‍ മുടക്കിലൊരുക്കിയ ചിത്രം 917 കോടിയാണ് ബോക്‌സ് ഓഫീസില്‍ നിന്നും വാരിയത്. ബോബി ഡിയോള്‍ വില്ലനായി എത്തിയ ചിത്രത്തില്‍ അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഭൂഷണ്‍ കുമാറിന്റെയും കൃഷന്‍ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് ‘അനിമല്‍’ നിര്‍മിച്ചിരിക്കുന്നത്. ഹിന്ദിയ്ക്കു പുറമേ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു.

◾https://dailynewslive.in/ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ സുസുക്കി ഹയാബുസ ഐതിഹാസിക സൂപ്പര്‍ബൈക്കിന്റെ പാരമ്പര്യത്തിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഹയബൂസയുടെ വാര്‍ഷിക പതിപ്പ് അവതരിപ്പിച്ചു. 17.70 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിലാണ് പുറത്തിറക്കിയത്. ഈ പ്രത്യേക പതിപ്പ് നിരവധി സൗന്ദര്യവര്‍ദ്ധക മെച്ചപ്പെടുത്തലുകളോടെയാണ് വരുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഏകദേശം 80,000 രൂപ വില കൂടുതലുണ്ട് ഇതിന്. വാര്‍ഷിക പതിപ്പില്‍ സ്വര്‍ണ്ണ ആനോഡൈസ്ഡ് ഡ്രൈവ് ചെയിന്‍ അഡ്ജസ്റ്ററും ഫ്രണ്ട് ബ്രേക്ക് ഡിസ്‌ക് ഇന്നര്‍ റോട്ടറും ഉണ്ട്. മഫ്‌ളര്‍ ബോഡിയില്‍ എക്‌സ്‌ക്ലൂസീവ് 25-ാം വാര്‍ഷിക ലോഗോ കൊത്തുപണികളും ഡ്രൈവ് ചെയിനില്‍ ഹയബൂസ കഞ്ചി ലോഗോയും ഇതിലുണ്ട്. ഫ്യുവല്‍ ടാങ്കില്‍ 3ഡി സുസുക്കി എംബ്ലം, പ്രത്യേക വി-ആകൃതിയിലുള്ള ഡീക്കലുകള്‍, സാധാരണ ഉപകരണങ്ങളായി സിംഗിള്‍ സീറ്റ് കൗള്‍ എന്നിവ ബൈക്കില്‍ ഉള്‍പ്പെടുന്നു. 1,340 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് ഡോക് എഞ്ചിന്‍ നിലനിര്‍ത്തുന്നു. ഈ പവര്‍ഹൗസിന് 190 എച്പി കരുത്തും 142 എന്‍എം പവര്‍ ഔട്ട്പുട്ട് നല്‍കാന്‍ കഴിയും കൂടാതെ 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ, ഈ എഞ്ചിന്‍ സുസുക്കി ഇന്റലിജന്റ് റൈഡ് സിസ്റ്റം പോലെയുള്ള നൂതന ഇലക്ട്രോണിക് എയ്ഡുകളാല്‍ സജ്ജീകരിച്ചിരിക്കുന്നു, അതില്‍ ട്രാക്ഷന്‍ കണ്‍ട്രോളും ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററും ഉള്‍പ്പെടുന്നു.

◾https://dailynewslive.in/ ഗ്രാമജീവിതത്തിന്റെ വിശാലമായൊരു ആഖ്യാനത്തിലൂടെ മനുഷ്യബന്ധങ്ങളുടെ ഉള്ളടരുകള്‍ ആവിഷ്‌കരിക്കുന്ന നോവല്‍. ഒരു പെണ്‍കുട്ടിയുടെ ആഖ്യാനത്തിലൂടെ, നാട്ടുവര്‍ത്തമാനങ്ങളിലൂടെ വിടര്‍ന്ന കണ്ണുകളിലൂടെയുള്ള കാഴ്ചകളിലൂടെ വിസ്മയിപ്പിക്കുന്ന അറിവുകളിലൂടെ, ജീവിതം മൊത്തം തമാശയാണോ എന്നുള്ള അന്വേഷണത്തിലൂടെ പെണ്‍ജീവിതത്തിന്റെ അടിപ്പടവുകള്‍ കാണിച്ചുതരികയാണ് സന്ധ്യ എന്‍.പി. ഈ നോവലിലൂടെ. ‘ചേതി’. ഡിസി ബുക്സ്. വില 144 രൂപ.

◾https://dailynewslive.in/ കണ്ണിന് താഴെ പ്രത്യക്ഷപ്പെടുന്ന കറുപ്പ് ഉറക്കമില്ലാമയുടെ ലക്ഷണമാണെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ ചിലര്‍ നന്നായി ഉറങ്ങുന്നുണ്ടെങ്കിലും കണ്ണിന് താഴെയുള്ള ഈ കറുപ്പ് മാറാറില്ല. ഉറക്കമില്ലായ്മ മാത്രമല്ല പല ആരോഗ്യപ്രശ്നങ്ങളുടെയും ശരീരം നല്‍കുന്ന സൂചന കൂടിയാണ് കണ്ണിന് താഴെയുള്ള കറുപ്പ് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അലര്‍ജിയും നിര്‍ജ്ജലീകരണവും കാരണം ഇത്തരത്തില്‍ കണ്ണിന് താഴെ കറുപ്പ് വരാന്‍ സാധ്യതയുണ്ടെന്ന് ചര്‍മ്മരോഗ വിദഗ്ധര്‍ പറയുന്നു. കൂടാതെ ഇരുമ്പ്, വിറ്റാമിന്‍ ഡി, കെ, ഇ, ബി എന്നിവയുടെ കുറവു മൂലവും കണ്ണിന് താഴെ കറുത്തപാടുകള്‍ വരാം. തൈറോയിഡ്, വൃക്ക സംബന്ധമായ പ്രശ്‌നങ്ങളുടെ ആദ്യ ലക്ഷങ്ങളില്‍ ഒന്നാണ് കണ്ണിന് താഴെയുള്ള കറുപ്പ്. അതുകൊണ്ട് തന്നെ ജീവിതശൈലിയില്‍ മാറ്റം വരുത്തിയിട്ടും കണ്ണിന് താഴെ കാണുന്ന കറുപ്പ് മാറുന്നില്ലെങ്കില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. കൂടാതെ കുഴിഞ്ഞ കണ്ണുള്ളവര്‍ക്കും സ്വാഭാവികമായി കണ്ണിന് താഴെ കറുത്ത പാടുകള്‍ ഉണ്ടാകാം. ഹീമോഗ്ലോബിന്‍ കുറയുന്നതും ചില മരുന്നുകളോടുള്ള അലര്‍ജിയും വരണ്ട ചര്‍മ്മമുള്ളവര്‍ക്കും അറ്റോപിക് ഡെര്‍മറ്റൈറ്റിസ് ഉള്ളവര്‍ക്കും കണ്ണിന് താഴെ കറുപ്പ് ഉണ്ടാകാം. ഇവ മാറാന്‍ വിപണിയില്‍ കാണുന്ന പല തരം ക്രീമുകള്‍ വാങ്ങി ഉപയോഗിക്കുമെങ്കിലും ശരിയായ വൈദ്യ സഹായം തേടി കണ്ണിന് താഴത്തെ കറുപ്പിന് യഥാര്‍ഥ കാരണം മനസിലാക്കി ചികിത്സിക്കുന്നതാണ് ഏറ്റവും പ്രധാനം. ശരിയായ പോഷകാഹാരം, നല്ല ഉറക്കം, സമ്മര്‍ദ്ദം കുറയ്ക്കല്‍ എന്നിവ ഇവയെ ഒരു പരിധിവരെ മെച്ചപ്പെടുത്തും. മസാജ് ചെയ്യുന്നത് രക്തചംക്രമണം മെച്ചപ്പെടുത്താനും സഹായിക്കും ഇത് കാലക്രമേണ ഇവ കുറയ്ക്കാന്‍ സഹായിക്കുന്നു. ഭക്ഷണത്തില്‍ കൂടുതല്‍ മഗ്നീഷ്യം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. ചര്‍മ്മത്തിന്റെ ആരോഗ്യത്തില്‍ മഗ്നീഷ്യം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഇത് കണ്ണുകള്‍ക്ക് ചുറ്റുമുള്ള വീക്കം കുറയ്ക്കാന്‍ സഹായിക്കും. ബദാം, പിസ്ത, ചീര, അവോക്കാഡോ തുടങ്ങിയവയില്‍ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 83.37, പൗണ്ട് – 103.12, യൂറോ – 88.96, സ്വിസ് ഫ്രാങ്ക് – 91.57, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.49, ബഹറിന്‍ ദിനാര്‍ – 221.80, കുവൈത്ത് ദിനാര്‍ -271.44, ഒമാനി റിയാല്‍ – 217.28, സൗദി റിയാല്‍ – 22.22, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 60.42.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *