Franco 3 yt cover

*1985 ലെ ജനപ്രിയ ചലച്ചിത്ര അവാര്‍ഡ് – ഒരു തിരനോട്ടം : https://youtu.be/hvLuuxdOyFU*

യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കാലത്ത് ഉത്തര്‍പ്രദേശില്‍ നടന്ന 183 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു സുപ്രീം കോടതി. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണെന്ന ആരോപണം നിലനില്‍ക്കേയാണ് ഓരോ കേസിന്റേയും പുരോഗതി സംബന്ധിച്ച് ആറാഴ്ചയ്ക്കകം ഡിജിപി റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്ന് ഉത്തരവിട്ടത്.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജെയ്ക് സി തോമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് പ്രഖ്യാപിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയ പാഠഭാഗങ്ങള്‍ കേരളത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. അവ ഉള്‍പെടുത്തിയ പാഠപുസ്തകങ്ങള്‍ ഓണാവധിക്കുശേഷം വിദ്യാലയങ്ങളില്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.

*പുളിമൂട്ടില്‍ സില്‍ക്‌സില്‍ ‘പൊന്‍’ ഓണം*

ഈ ഓണം ശരിക്കും പൊന്നോണമാക്കൂ, പുളിമൂട്ടില്‍ സില്‍ക്‌സിനൊപ്പം. നറുക്കെടുപ്പില്‍ വിജയിക്കുന്ന ഭാഗ്യശാലികള്‍ക്ക് 1001 ഗോള്‍ഡ് കോയിനുകള്‍ സമ്മാനം. ഈ ഓഫര്‍ സെപ്തംബര്‍ 3 വരെ മാത്രം.

*ഓണം കളക്ഷന്‍സ് 299 രൂപ മുതല്‍*

കേരളത്തിലെ ഒമ്പതു പൊലീസുകാര്‍ക്ക് അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലുകള്‍. എസ് പി മാരായ വൈഭവ് സക്സേന, ഡി ശില്‍പ, ആര്‍ ഇളങ്കോ, അഡീഷണല്‍ എസ്പി എം.കെ. സുല്‍ഫിക്കര്‍, എസിപി പി. രാജ് കുമാര്‍, ജെ.കെ. ദിനില്‍ എന്നിവര്‍ക്കും സിഐമാരായ കെ.ആര്‍ ബിജു, പി ഹരിലാല്‍, എസ്ഐ കെ.സാജന്‍ എന്നിവര്‍ക്കാണ് അംഗീകാരം. ശില്‍പയ്ക്കും സുള്‍ഫിക്കറിനും മാറനെല്ലൂരില്‍ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ അന്വേഷണ മികവിനാണ് പുരസ്‌കാരം. കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ് അന്വേഷിച്ചതിനാണ് ജെ. ദിനിലിന് മെഡല്‍ ലഭിച്ചത്.

ചാണ്ടി ഉമ്മനെ സ്വര്‍ണനൂലില്‍ കെട്ടിയിറക്കിയതല്ലെന്നും ഉമ്മന്‍ചാണ്ടിയുടെ മകനായതുകൊണ്ട് അവസരം കിട്ടാതെ പോയ ആളാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും സതീശന്‍ വിമര്‍ശിച്ചു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ജയ്ക് സി തോമസിന് ഹാട്രികിനൊപ്പം അപ്പനോടും മകനോടും തോറ്റെന്ന പേരും കിട്ടുമെന്ന് കെ മുരളീധരന്‍. ചാണ്ടി ഉമ്മന്റെ വിജയം ഉറപ്പാണ്. പരാജയം ഉറപ്പായതിനാലാണ് സിപിഎം ചികിത്സ വിവാദം കുത്തിപ്പൊക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം എല്ലാ ചികില്‍സയും നല്‍കി. അദ്ദേഹം പറഞ്ഞു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ*

ജീവിതം സുന്ദരമാക്കാന്‍ KSFE ഡയമണ്ട് ചിട്ടികള്‍. ബമ്പര്‍ സമ്മാനം : 25 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങള്‍. കൂടാതെ ആയിരം പവന്‍ സ്വര്‍ണ്ണവും.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com , Ph: 0487 – 2332255 , Toll free Helpline: 18004253455*

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍നിന്ന് മാസപ്പടി വാങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി. 96 കോടി രൂപയാണ് മുഖ്യമന്ത്രിയടക്കം വാങ്ങിയത്. വിജിലന്‍സും ലോകായുക്തയും ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സികള്‍ നോക്കുകുത്തിയായി. അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രന്‍.

രാഹുല്‍ഗാന്ധി ഇന്നു വയനാട്ടില്‍. വൈകുന്നേരം കല്‍പറ്റയിലെ സ്വീകരണ പരിപാടിയില്‍ യുഡിഎഫ് നേതാക്കള്‍ പങ്കെടുക്കും. നാളേയും വയനാട്ടിലും കോടഞ്ചേരിയിലും രാഹുല്‍ ഉണ്ടാകും. നാളെ രാത്രി ഡല്‍ഹിക്കു മടങ്ങും.

ആലപ്പുഴ പുന്നമട കായലില്‍ 69 ാമത് നെഹ്റു ട്രോഫി വള്ളംകളി. പത്തൊന്‍പത് ചുണ്ടന്‍ വള്ളങ്ങള്‍ ഉള്‍പ്പെടെ 72 കളിവള്ളങ്ങളാണ് നെഹ്റു ട്രോഫി ജലമേളയിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയനും അഞ്ച് മന്ത്രിമാരും ഹൈക്കോടി ചീഫ് ജസ്റ്റിസും ഉദ്ഘാടന ചടങ്ങില്‍.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളില്‍ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദികളില്‍ തിളങ്ങിയ പാട്ടുകാരിയായിരുന്നു.

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.

തമിഴ്നാട്ടില്‍ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ രണ്ടു വിദ്യാര്‍ഥികളെ റിസോര്‍ട്ടിലെ ശുചിമുറിക്കുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മള്‍ട്ടിക്കുലേഷന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളായ ജിജോ റാം (15), പി.മദനന്‍ (15) എന്നിവരാണ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ളത്.

നായ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയെത്തിയ പൗഡിക്കോണം സ്വദേശി നന്ദനക്കു ചികിത്സ രണ്ടു മണിക്കൂര്‍ വൈകിച്ചെന്നു പരാതി. രാവിലെ ഏഴരയക്ക് അത്യാഹിത വിഭാഗത്തില്‍ എത്തിച്ച കുട്ടിയെ ഒപി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് അത്യാഹിത വിഭാഗത്തിലെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞെന്നാണു പരാതി. ഒടുവില്‍ ഒപിയില്‍ ഡോക്ടറെ കാണാനായത് ഒമ്പതരയോടെയാണെന്നാണു പരാതി.

മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ 100 കോടി രൂപ ചെലവിട്ട് ക്ഷേത്രം നിര്‍മിക്കുന്നു. 14-ാം നൂറ്റാണ്ടിലെ കവിയും ദലിത് സാമൂഹിക പരിഷ്‌കര്‍ത്താവുമായ സന്ത് രവിദാസിന്റെ പേരിലാണ് ക്ഷേത്രം നിര്‍മിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തറക്കല്ലിടും.

ട്രെയിനില്‍ വൈദ്യുതി മുടങ്ങിയതിനു യാത്രക്കാര്‍ ടിടിഇയെ ശുചിമുറിയില്‍ പൂട്ടിയിട്ടു. ആനന്ദ് വിഹാര്‍- ഗാസിപൂര്‍ സുഹൈല്‍ദേവ് എക്സ്പ്രസില്‍ വൈദ്യുതി മുടങ്ങിയതോടെ എസി കോച്ചുകളിലെ യാത്രക്കാരാണ് ടിടിഇയെ പൂട്ടിയിട്ടത്.

തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിനു മാതാപിതാക്കള്‍ക്കൊപ്പം എത്തിയ ആറു വയസുകാരിയെ പുലി കടിച്ചു കൊന്നു. ആന്ധ്ര സ്വദേശി ലക്ഷിത എന്ന കുഞ്ഞാണ് മരിച്ചത്. വൈകിട്ട് അലിപിരി വാക്ക് വേയില്‍ അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ കുതിച്ചെത്തിയ പുലി കുട്ടിയെ കടിച്ചെടുത്ത് ഞൊടിയിടയില്‍ കാട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു.

ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചിലില്‍ ആറു കേദാര്‍നാഥ് തീര്‍ത്ഥാടകര്‍ മരിച്ചു. ഗുജറാത്തില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീഴുകയായിരുന്നു.

പ്രതിപക്ഷത്തിനു പാര്‍ട്ടിയാണ് രാജ്യമല്ല വലുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന് മണിപ്പുരിനെക്കുറിച്ചുള്ള ചര്‍ച്ചയല്ല വേണ്ടത്. ചര്‍ച്ചാ സമയത്ത് സഭയില്‍നിന്ന് അവര്‍ ഇറങ്ങിപ്പോയി. മണിപ്പൂരിലെ സത്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് പ്രവര്‍ത്തകരോട് മോദി ആവശ്യപ്പെട്ടു.

മണിപ്പൂരില്‍ ഇന്ത്യന്‍ സൈന്യത്തിന് ഒന്നും ചെയ്യാനാകില്ലെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഗോത്രങ്ങള്‍ തമ്മിലുള്ള കലാപത്തിനു പരിഹാരം ഹൃദയത്തില്‍നിന്നാണ് വേണ്ടത്. പട്ടാളത്തിന്റെ വെടിയുണ്ടകള്‍കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.

പത്തു ദിവസം മുമ്പു കാണാതായ ബിജെപി വനിതാ നേതാവ് സന ഖാനെ കൊലപ്പെടുത്തിയതാണെന്ന് ഭര്‍ത്താവ് അമിത് സാഹു പൊലീസിനോടു സമ്മതിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ കൊലപ്പെടുത്തി നദിയില്‍ എറിഞ്ഞെന്നു പറയുന്ന മൃതദേഹം കണ്ടെത്താനായിട്ടില്ല. നാഗ്പൂര്‍ പൊലീസ് ജബല്‍പൂരിലെ ഘോരാ ബസാര്‍ പ്രദേശത്തുനിന്ന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അഴിമതിക്കെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നല്‍കാനുള്ള അവസരമാണ് ‘ജി ഇരുപത്’ അഴിമതി വിരുദ്ധ മന്ത്രിതല യോഗത്തിലൂടെ രാജ്യത്തിനു ലഭിച്ചതെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ്. അഴിമതി വച്ചുപൊറുപ്പിക്കാത്ത ഇന്ത്യയുടെ സമീപനം രാജ്യാന്തര സമീപനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന പാര്‍ട്ടി നേതാവുമൊത്തുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് ആസാമിലെ ബിജെപി വനിതാ നേതാവ് ജീവനൊടുക്കി. ഗോഹട്ടിയിലെ ബമുനിമൈദാമിലെ നേതാവായ ഇന്ദ്രാണി തഹ്ബില്‍ദാറാണ് മരിച്ചത്.

ഒഴുകി നടക്കുന്ന ബോംബ് എന്ന് അറിയപ്പെട്ടിരുന്ന ഓയില്‍ ടാങ്കര്‍ കപ്പലിലെ പത്തു ലക്ഷം ബാരല്‍ ഇന്ധനം ഒഴിവാക്കിയെന്നു യുഎന്‍. ചെങ്കടലില്‍ ഒഴുകി നടന്ന കപ്പലില്‍ നിന്ന് അതിസാഹസികമായാണ് ഇന്ധനം ഒഴിവാക്കിയത്. 2015 ലാണ് ഈ എഫ്എസ്ഒ സേഫര്‍ എന്ന കപ്പല്‍ ഓയില്‍ സഹിതം കടലില്‍ ഉപേക്ഷിച്ചത്.

ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമി സെമിയില്‍. ചാര്‍ലോട്ടിനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്താണ് മെസിയും സംഘവും സെമിയിലെത്തിയത്. ലിയോണല്‍ മെസി തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും ഗോള്‍ കണ്ടെത്തി.

തൃശൂര്‍ ആസ്ഥാനമായ ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 129.96 കോടി രൂപയുടെ ലാഭം നേടി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തിലെ 105.97 കോടി രൂപയില്‍ നിന്നും 22.64 ശതമാനമാണ് വര്‍ധന. അറ്റ പലിശ വരുമാനത്തില്‍ പുരോഗതി കൈവരിച്ചു. ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ അറ്റ പലിശ വരുമാനം 30.46% വര്‍ധനയോടെ 585.45 കോടി രൂപയിലെത്തി. വായ്പാ വിതരണത്തിലും വലിയ പുരോഗതിയാണ് കൈവരിച്ചത്. കൈകാര്യം ചെയ്യുന്ന വായ്പകളുടെ മൂല്യം 35.08% വര്‍ധിച്ച് 17,203 കോടി രൂപയിലെത്തി. ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ 16.33% വര്‍ധിച്ച് 15,656 കോടി രൂപയിലെത്തി. ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തികളും നിലവാരം മെച്ചപ്പെടുത്തി. ഒന്നാം പാദത്തിലെ മൊത്ത നിഷ്‌ക്രിയ ആസ്തി 237.61 കോടി രൂപയും അറ്റ നിഷ്‌ക്രിയ ആസ്തി 115.61 കോടി രൂപയുമാണ്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് യഥാക്രമം 734.36 കോടി രൂപയും 439.42 കോടി രൂപയുമായിരുന്നു. ബാങ്കിന്റെ മികവുറ്റ ആസ്തി ഗുണനിലവാര മാനേജ്മെന്റ് നടപടികള്‍ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.65 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.81 ശതമാനമായും കുറച്ചു കൊണ്ടുവരാന്‍ സഹായിച്ചു.

ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് പ്രധാന മുന്നറിയിപ്പുമായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം. ക്രോം വെബ് ബ്രൗസറിന്റെ വിവിധ പതിപ്പുകളില്‍ ഒട്ടേറെ പിഴവുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ ഇതുവരെ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാത്ത ഗൂഗിള്‍ ക്രോം ഉപയോക്താക്കളോട് എത്രയും പെട്ടെന്ന് അപ്‌ഡേറ്റ് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയുടെ നിര്‍ദേശം. ഫിഷിങ്, ഡാറ്റാ ചോര്‍ച്ച, മാല്‍വെയര്‍ തുടങ്ങിയ വെല്ലുവിളികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ലിനക്‌സ്, മാക് ഒ.എസുകളില്‍ 115.0.5790.170-ന് മുന്‍പുള്ള ക്രോം പതിപ്പുകളും വിന്‍ഡോസില്‍ 115.0.5790.170/.171ന് മുന്‍പുള്ള പതിപ്പുകളുമാണ് ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യേണ്ടത്. ക്രോം ബ്രൗസറിന് വേണ്ടി നിലവില്‍ രണ്ടാഴ്ച കൂടുമ്പോഴാണ് സുരഷാ അപ്‌ഡേറ്റുകള്‍ പുറത്തിറക്കുന്നത്. സാധാരണ രീതിയില്‍ ക്രോം ബ്രൗസറില്‍ ഓട്ടോ അപ്‌ഡേറ്റുകളുണ്ടാകും എന്നാല്‍ സെറ്റിങ്‌സില്‍ എന്തെങ്കിലും മാറ്റം വന്നാല്‍ താനെ അപ്‌ഡേറ്റാവില്ല. ക്രേം ബ്രൗസര്‍ തുറന്ന് മുകളില്‍ വലത് കോണിലുള്ള മുന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. ശേഷം സെറ്റിങ്‌സ് ക്ലിക്ക് ചെയ്താല്‍ വരുന്ന പേജില്‍ ഇടതുവശത്തുള്ള എബൗട്ട് ക്രോം എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അവിടെ ബ്രൗസര്‍ അപ്‌ഡേറ്റായിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കും. അപ്‌ഡേറ്റായില്ലെങ്കില്‍ അവിടെ നിന്ന് തന്നെ ബ്രൗസര്‍ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കും.

ഒരേസമയം പുലിയും പൂമ്പാറ്റയുമായ ഒരാള്‍. ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘പുലിമട’ ഇങ്ങനെ ഒരു വിശേഷണവുമായാണ് എത്തുന്നത്. എ കെ സാജനാണ് ചിത്രത്തിന്റെ സംവിധാനം. ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ‘പെണ്ണിന്റെ സുഗന്ധം’ (സെന്റ് ഓഫ് എ വുമണ്‍) എന്നാണ് ജോജു ചിത്രത്തിന്റെ ടാഗ് ലൈന്‍. ജോജുവിന്റെ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായി എത്തുന്ന ‘പുലിമട’യില്‍ നായികയായി ലിജോമോളുമുണ്ട്. വേണുവാണ് ‘പുലിമട’യുടെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇഷാന്‍ ദേവാണ് ചിത്രത്തിന്റെ സംഗീതം. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘പുലിമട’.പ്രൊഡക്ഷന്‍ ഡിസൈനര്‍ വിനേഷ് ബംഗ്ലാന്‍. ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊലീസ് കോണ്‍സ്റ്റബിളായ ‘വിന്‍സന്റ് സ്‌കറി’യയുടെ (ജോജു ജോര്‍ജ് ) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ‘പുലിമട’യിലൂടെ പ്രേക്ഷകനു മുന്നിലെത്തുന്നത്.

നവാഗതനായ ആനന്ദ് ഏകര്‍ഷിയുടെ സംവിധാനത്തിലുള്ള ചിത്രമാണ് ‘ആട്ടം’. സെറിന്‍ ഷിഹാബാണ് ‘ആട്ടം’ എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ആനന്ദ് ഏകര്‍ഷിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. വിനയ് ഫോര്‍ട്ടും വേഷിടുന്ന ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിയാകാന്‍ സെറിന്‍ ഷിഹാബ് മത്സരിച്ചത് ആനന്ദ് ഏകര്‍ഷി ഒരുക്കിയ ‘ആട്ടം’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. കലാഭവന്‍ ഷാജോണും നന്ദന്‍ ഉണ്ണിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. അനുരുദ്ധ് അനീഷാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ബേസില്‍ സി ജെയുടെ സംഗീതത്തിലുമുള്ള ചിത്രം ഒക്ടോബറില്‍ പ്രദര്‍ശനത്തിനെത്തും. വിനയ് ഫോര്‍ട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ‘വാതില്‍ ആണ്. സര്‍ജു രമാകാന്താണ് ചിത്രത്തിന്റെ സംവിധാനം. ഷംനാദ് ഷബീര്‍ തിരക്കഥ എഴുതുന്നു. അനു സിത്താരയാണ് ചിത്രത്തില്‍ നായിക.

ലോകത്തിലെ ഏറ്റവും സുരക്ഷിത വാഹനങ്ങള്‍ നിര്‍മിക്കുന്നതില്‍ പേരുകേട്ട വോള്‍വോയുടെ സെഡാന്‍ എസ് 90 സ്വന്തമാക്കി സംവിധായകനും ബിഗ്ബോസ് ജേതാവുമായ അഖില്‍ മാരാര്‍. പുതിയ വാഹനത്തിന്റെ സന്തോഷം അഖില്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വോള്‍വോ എസ് 90യുടെ 2020 മോഡല്‍ ഡീസല്‍ പതിപ്പാണ് അഖില്‍ മാരാരുടെ പുതിയ കാര്‍. രണ്ടു ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന കാറിന് 190 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കുമുണ്ട്. വോള്‍വോയുടെ പ്രീമിയം എസ് 80ക്ക് പകരക്കാരനായി 2016 ലാണ് എസ് 90 വിപണിയിലെത്തുന്നത്. സ്പോര്‍ട് യൂട്ടിലിറ്റി വാഹനമായ എക്സ് സി 90 പ്ലാറ്റ്ഫോമിലാണു വോള്‍വോ സെഡാനായ എസ് 90 നിര്‍മാണം. മുന്‍പ് രണ്ടു ലീറ്റര്‍, ഡി ഫോര്‍ ഡീസല്‍ എന്‍ജിന്‍ മോഡലുണ്ടായിരുന്നെങ്കില്‍ നിലവില്‍ പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിന്‍ മാത്രമായാണ് വിപണിയിലെത്തുന്നത്. രണ്ടു ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 250 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ട്. 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 6.9 സെക്കന്‍ഡ് മാത്രം മതി. 67.90 ലക്ഷം രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില.

ആസൂത്രണങ്ങളോ ഗവേഷണങ്ങളോ ഇല്ലാതെ കൂട്ടുകാരുമൊത്ത് കവി എം.ആര്‍. രേണുകുമാര്‍ കേരളത്തിനകത്തും പുറത്തും നടത്തിയ ചെറുതും വലുതുമായ യാത്രകളുടെ സമാഹാരം. സഞ്ചാരികള്‍ പതിവായി കാണുന്ന കാഴ്ചകളെ കവിയുടെ കണ്ണിലൂടെ വേറിട്ടുകാണാനുള്ള ശ്രമം ഈ പുസ്തകത്തെ കാവ്യാനുഭൂതിപ്രദമാക്കുന്നു. വെറുതെയെങ്കിലും ചെറുയാത്രകള്‍ക്ക് ആരെയും പ്രചോദിപ്പിക്കുന്ന പുസ്തകം. ‘ഹംപിയിലെ പൊരിവെയില്‍’. ഡിസി ബുക്സ്. വില 126 രൂപ.

അത്യധികമായ ചൂടോ തണുപ്പോ ഉള്ള കാലാവസ്ഥ മരണകാരണമായേക്കാവുന്ന ഹൃദയാഘാതങ്ങളുടെ സാധ്യത വര്‍ധിപ്പിക്കാമെന്ന് പഠനം. വായു മലിനീകരണവും ഹൃദയാഘാത മരണനിരക്ക് വര്‍ധിപ്പിക്കുന്നു. ചൈനയിലെ ജിയാങ്സു പ്രവിശ്യയില്‍ 2015നും 2020നും ഇടയില്‍ നടന്ന 2,02,000 ഹൃദയാഘാത മരണങ്ങളുടെ ഡേറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. അമിതമായ ചൂട് വരുമ്പോള്‍ ശരീരം വിയര്‍ക്കുകയും ചര്‍മത്തിന്റെ ഉപരിതലത്തിന് സമീപമുള്ള രക്തക്കുഴലുകള്‍ വികസിക്കുകയും ചെയ്യുന്നു. ഇതിനാല്‍ സുപ്രധാന അവയവങ്ങളിലേക്ക് ആവശ്യത്തിന് രക്തമെത്തിക്കാന്‍ ഹൃദയത്തിന് കൂടുതല്‍ അധ്വാനിക്കേണ്ടി വരുന്നു. ഈ അമിതഭാരം ഹൃദയത്തിന് മേലുള്ള സമ്മര്‍ദമേറ്റുന്നത് മരണകാരണമായേക്കാവുന്ന ഹൃദയാഘാതത്തിലേക്ക് നയിക്കാം. ദീര്‍ഘദൂര ഓട്ടം, നടത്തം, ഭാരമുയര്‍ത്തല്‍ പോലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഇത് മൂലമുള്ള അപകടസാധ്യതയും വര്‍ധിക്കും. ചൂട് കാലത്തില്‍ ശരീരത്തിന് സംഭവിക്കാവുന്ന നിര്‍ജലീകരണവും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കുന്നു. ഇതുമൂലം തലച്ചോറിലേക്ക് ആവശ്യത്തിന് രക്തമെത്താത്തതിനെ തുടര്‍ന്ന് ബോധം കെടുന്ന അവസ്ഥയുണ്ടാകാം. അമിതമായ തണുപ്പും ഹൃദയത്തിന് മേല്‍ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. തണുപ്പത്ത് രക്തധമനികള്‍ ചുരുങ്ങാനും രക്തസമ്മര്‍ദം വര്‍ധിക്കാനും ഹൃദയത്തിലേക്കുള്ള ഓക്സിജന്‍ വിതരണം കുറയാനും സാധ്യതയുണ്ട്. ശരീരം അതിനെ ചൂടാക്കാനുള്ള വഴികള്‍ തേടുന്നതും ഹൃദയത്തിന് മേലുള്ള സമ്മര്‍ദമേറ്റും. തണുപ്പ് കാലത്ത് ആളുകള്‍ വീട്ടില്‍ തന്നെ ഏറെ നേരം അലസമായി ചടഞ്ഞു കൂടിയിരിക്കുന്നതും പെട്ടെന്ന് മഞ്ഞ് കോരുന്നത് പോലെയുള്ള അത്യധികമായ ശാരീരിക അധ്വാനമുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതും ഹൃദയാഘാത സാധ്യത വര്‍ധിപ്പിക്കും. വായു മലിനീകരണം ശ്വാസകോശത്തിന് മാത്രമല്ല ഹൃദയത്തിനും പ്രശ്നങ്ങള്‍ ഉണ്ടാക്കാമെന്നും പഠനത്തില്‍ കണ്ടെത്തി. വായുവിലെ പൊടിപടലങ്ങള്‍ ശരീരത്തിനുള്ളില്‍ എത്തുമ്പോള്‍ നീര്‍ക്കെട്ടിനും ഓക്സിഡേറ്റീവ് സ്ട്രെസിനും കാരണമാകുന്നു. ഇത് രക്തധമനികള്‍ക്ക് നാശം വരുത്തുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുമെന്നും പഠന റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. എഎച്ച്എ ജേണലിലാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.96, പൗണ്ട് – 105.31, യൂറോ – 90.96, സ്വിസ് ഫ്രാങ്ക് – 94.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.93, ബഹറിന്‍ ദിനാര്‍ – 219.71, കുവൈത്ത് ദിനാര്‍ -269.31, ഒമാനി റിയാല്‍ – 215.11, സൗദി റിയാല്‍ – 22.11, യു.എ.ഇ ദിര്‍ഹം – 22.59, ഖത്തര്‍ റിയാല്‍ – 22.78, കനേഡിയന്‍ ഡോളര്‍ – 61.73.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *