night news hd 7

 

സംസ്ഥാന ബജറ്റില്‍ കൂട്ടിയ രണ്ടു രൂപ ഇന്ധന സെസ് അടക്കമുള്ള നികുതി കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലും. നിയമസഭയില്‍ മന്ത്രി ബാലഗോപാല്‍ നികുതി വര്‍ധനയെ ന്യായീകരിച്ചു. പ്രതിപക്ഷ വിമര്‍ശനത്തിന് ഏറെ നേരം സമയമെടുത്താണു വിശദീകരണം നല്‍കിയത്. പ്രതിഷേധിച്ച് യുഡിഎഫ് വാക്കൗട്ടു നടത്തി. തുടര്‍ന്നു സഭക്കു പുറത്ത് ബാനറുകളുമായി പ്രതിഷേധിച്ചു.

തുര്‍ക്കി, സിറിയ എന്നിവിടങ്ങളിലെ ഭൂകമ്പങ്ങളില്‍ മരിച്ചവരുടെ എണ്ണം പന്തീരായിരം. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ കൂടുതല്‍ കണ്ടെടുത്തു. ഇരുപതിനായിരം പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണു ലോകാരോഗ്യ സംഘടനയുടെ നിഗമനം.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അദാനിക്കും എതിരേ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ലോക്‌സഭ രേഖകളില്‍നിന്ന് നീക്കി. രാഹുലിന്റെ ആരോപണങ്ങള്‍ക്കു തെളിവില്ലെന്ന് ആരോപിച്ചാണ് രേഖകളില്‍നിന്ന് നീക്കിയത്. ലോക്‌സഭയില്‍ ജനാധിപത്യം കശാപ്പുചെയ്യപ്പെട്ടെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കുറ്റപ്പെടുത്തി. അദാനി വിവാദത്തില്‍ ഇന്നും പാര്‍ലമെന്റില്‍ ബഹളമായിരുന്നു. രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് ബിജെപി നോട്ടീസ് നല്‍കി. ഇതേസമയം, രാജ്യസഭയില്‍ അദാനിയുടെ പേരു പറയാതെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആരോപണം ആവര്‍ത്തിച്ചു. തെളിവില്ലാത്തതു പറയാന്‍ അനുവദിക്കില്ലെന്നു രാജ്യസഭാ ചെയര്‍മാന്‍ പറഞ്ഞു.

കേരള ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയുടെ താത്കാലിക വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെ നീക്കണമെന്ന് സിന്‍ഡിക്കറ്റ്. ഗവര്‍ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യണമെന്ന് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു. ബജറ്റ് തയ്യാറാക്കല്‍, സപ്ലിമെന്ററി പരീക്ഷകള്‍, സിലബസ് പരിഷ്‌കരണം, ജനുവരിയില്‍ നടത്തേണ്ട പിഎച്ച്ഡി പ്രവേശനം തുടങ്ങിയവ മുടങ്ങിയതിനു ഉത്തരവാദിവിസിയാണെന്നാണ് ആരോപണം. യൂണിവേഴ്‌സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ സഹകരിക്കുന്നില്ലെന്ന് വിസി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

അശ്ലീല സൈറ്റില്‍ യുവതിയുടെ ഫോട്ടോ അപ്ലോഡ് ചെയ്‌തെന്ന പരാതിയില്‍ സഹപാഠികളായിരുന്ന എട്ടു പേര്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തു. ആലമുക്ക് സ്വദേശിനിയുടെ പരാതിയിലാണ് പെണ്‍കുട്ടികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത്. 207 അംഗങ്ങളുള്ള സ്‌കൂള്‍ ഗ്രൂപ്പിലെ യുവതിയുടെ ഫോട്ടോയും ഫോണ്‍ നമ്പറും അശ്ലീല സൈറ്റില്‍ അപ്ലോഡ് ചെയ്‌തെന്നാണ് പരാതി.

ഇന്ധന സെസ് വിഷയത്തില്‍ ആഴ്ച്ചകള്‍ നീളുന്ന കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഇരട്ടച്ചങ്കല്ല, എത്ര ചങ്ക് മുഖ്യമന്ത്രിക്കുണ്ടെങ്കിലും വര്‍ധിപ്പിച്ച സെസ് പിന്‍വലിക്കേണ്ടി വരും. അതുവരെ സമരം തുടരും. മന്ത്രിമാരെ വഴിയില്‍ തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യം അതിവേഗം വികസനത്തിലേക്കു കുതിക്കുമ്പോള്‍ കേരളത്തെ ഏറ്റവും പിന്നാക്ക സംസ്ഥാനമാക്കി മാറ്റുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇടതുഭരണത്തില്‍ കേരളം കിതക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ചിന്താ ജെറോമിന്റെ അമ്മയെ ചികില്‍സിച്ചത് തന്റെ ഭാര്യയാണെന്ന് റിസോര്‍ട്ട് ഉടമ. ചിന്തയുടെ കുടുംബം കുടുംബ സുഹൃത്തുക്കളാണ്. സ്ഥാപനം നിശ്ചയിച്ച വാടക തന്നാണ് ചിന്ത താമസിച്ചത്. ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ തീരദേശ പരിപാലന നിയമം ലംഘിച്ചിട്ടില്ലെന്നും ഹോട്ടല്‍ ഉടമ പറഞ്ഞു.

കണ്ണൂര്‍ എസ്എന്‍ കോളേജില്‍ കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് പരിക്ക്. രണ്ടു കെ എസ് യു പ്രവര്‍ത്തകര്‍ക്കും രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കേറ്റത്. കെ എസ് യു പ്രവര്‍ത്തകരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു.

കഞ്ചാവു കേസില്‍ ജാമ്യം നേടിയശേഷം ഒളിവില്‍ പോയ പ്രതിക്കെതിരായ കോടതി ഉത്തരവു നടപ്പാക്കാത്തതിനു തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിനെതിരേ കേസ്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യാത്തതാണെന്നു ജാമ്യക്കാര്‍ തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതി കേസെടുത്തത്.

കുഞ്ഞിനു ജന്മം നല്‍കിയ ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികള്‍ക്ക് മന്ത്രി വീണാ ജോര്‍ജിന്റെ ആശംസകള്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐഎംസിഎച്ചില്‍ പ്രസവം കഴിഞ്ഞ് ചികിത്സയിലാണ് സഹദ്. ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ സിയയ്ക്കും സഹദിനുമാണ് ഫോണില്‍ വിളിച്ച് ആശംസകള്‍ നേര്‍ന്നത്.

മലയോരെ ഹൈവേയുടെ ഭാഗമായി കാസര്‍കോട്ടെ കോളിച്ചാല്‍ – എടപ്പറമ്പ റോഡില്‍ ബേത്തുപ്പാറ – പരപ്പ ലിങ്ക് റോഡ് കൂടി ഉള്‍പ്പെടുത്താന്‍ മന്ത്രിസഭ അനുമതി നല്‍കി.

എറണാകുളം പറവൂരില്‍ ഇറച്ചി കടയില്‍ 350 കിലോ പഴകിയ ഇറച്ചി പിടികൂടി. നീണ്ടൂരില്‍ നൗഫല്‍ എന്ന ആളുടെ സ്ഥാപനത്തില്‍നിന്നാണ് ഇറച്ചി പിടികൂടിയത്. കട പഞ്ചായത്ത് പൂട്ടിച്ചു.

ജലഗതാഗത വകുപ്പിന്റെ എക്‌സ്പ്രസ് ബോട്ട് അമിതവേഗത്തില്‍ പാഞ്ഞതോടെ വേമ്പനാട്ടുകായലില്‍ ശക്തമായ ഓളംതള്ളി ചെറിയ ഹൗസ്‌ബോട്ട് മുങ്ങി. പോഞ്ഞിക്കര ഭാഗത്ത് തീരത്തെ കല്‍ക്കെട്ടിനോട് ചേര്‍ത്ത് കെട്ടിയിട്ടിരുന്ന ഒറ്റനില ഹൗസ്‌ബോട്ടാണ് മുങ്ങിയത്. ശക്തമായ ഓളത്തില്‍ തുടര്‍ച്ചയായി കല്‍ക്കെട്ടില്‍ ഇടിച്ചാണ് പലക തകര്‍ന്നത്. അഞ്ചുലക്ഷം രൂപയുടെ നഷ്ടമണ്ടെന്ന് ഹൗസ്‌ബോട്ട് ഉടമ രാഹുല്‍ രമേശ് പറഞ്ഞു.

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വേങ്ങപ്പള്ളി സ്വദേശി ഗ്രിജേഷിന്റെ ഭാര്യ ഗീതുവാണ് മരിച്ചത്. ചികിത്സാ പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.

റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. പാലക്കാട് കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തേങ്കുറിശ്ശിയിലാണ് സംഭവം.

പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച പൂജാരിക്ക് ഇരട്ട ജീവപര്യന്തവും മൂന്നുവര്‍ഷം കഠിനതടവും. നിലമ്പൂര്‍ പോക്‌സോ കോടതിയാണു ശിക്ഷ വിധിച്ചത്.

ജനാധിപത്യത്തിന്റെ ശബ്ദം മായ്ച്ചുകളയാനാവില്ലെന്നു രാഹുല്‍ ഗാന്ധി. മോദി സുഹൃത്തല്ലെങ്കില്‍ അദാനിയുടെ തിരിമറി ആരോപണങ്ങളെക്കുറിച്ച് അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ഗാന്ധി ചോദിച്ചു. ലോക്‌സഭയില്‍ മോദി – ആദാനി ബന്ധത്തെകുറിച്ച് ആരോപണം ഉന്നയിച്ച പ്രസംഗം സഭാ രേഖകളില്‍നിന്ന് നീക്കം ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. താന്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയണമെന്നും പ്രധാനമന്ത്രിയോട് രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ നുണകളാണു പറഞ്ഞതെന്ന് മന്ത്രി കിരണ്‍ റിജ്ജു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെയും ഭാഷ പാകിസ്ഥാന്റേതാണെന്നും റിജ്ജു ആരോപിച്ചു. കോണ്‍ഗ്രസ് മുഖ്യമന്ത്രി അശോക് ഗലോട്ടും, റോബര്‍ട്ട് വധേരയും അദാനിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ റിജ്ജു സഭയില്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു.

രാഹുല്‍ ഗാന്ധിയെ പേരെടുത്തുപറയാതെ പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്‌സഭയില്‍ പ്രസംഗിച്ച ഒരാള്‍ രാഷ്ട്രപതിയെവരെ അപമാനിച്ചു. യുപിഎ കാലത്ത് ഭീകരാക്രമണങ്ങളും അഴിമതിയും മാത്രമാണ് നടന്നത്. ബിജെപി ഭരണത്തില്‍ രാജ്യം അഴിമതി മുക്തമായെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ പ്രതിച്ഛായ മെച്ചപ്പെട്ടെന്നും മോദി അവകാശപ്പെട്ടു.

ശ്രീലങ്കയില്‍നിന്ന് ഇന്ത്യയിലേക്കു ബോട്ടുമാര്‍ഗം സ്വര്‍ണം കടത്താന്‍ ശ്രമം. തമിഴ്‌നാട് രാമേശ്വരത്തിനു സമീപം തീരക്കടലില്‍ കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സ് വിഭാഗവും പിന്തുടര്‍ന്നതോടെ സ്വര്‍ണക്കടത്തുകാരുടെ ബോട്ടില്‍നിന്നു സ്വര്‍ണമടങ്ങിയ പെട്ടികള്‍ കടലിലേക്കു തള്ളി. ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തു. കടലിലേക്കു തള്ളിയ പെട്ടികള്‍ തെരയാന്‍ മുങ്ങല്‍ വിദഗ്ധരെ നിയോഗിച്ചിട്ടുണ്ട്.

യുപിയിലെ ഗാസിയാബാദ് കോടതിയില്‍ പുള്ളിപ്പുലി ആക്രമണം. കോടതിക്കുള്ളില്‍ കടന്ന പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ കോടതി ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു.

ഇന്ത്യയിലേക്കു തീര്‍ത്ഥാടനത്തിനു തിരിച്ച 190 ഹിന്ദുക്കളെ പാകിസ്ഥാന്‍ അധികൃതര്‍ തടഞ്ഞു. സിന്ധ് പ്രവിശ്യയിലെ 190 ഹിന്ദുക്കളുടെ ഇന്ത്യ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്തെന്നു വ്യക്തമല്ലാത്തതിനാലാണു തടഞ്ഞതെന്നു പാകിസ്ഥാന്‍ അധികൃതര്‍ ന്യായീകരിച്ചു. കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബങ്ങള്‍ തീര്‍ഥാടന വിസയിലാണ് ഇന്ത്യയിലേക്കു പുറപ്പെട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *