വലിയൊരു വാട്ടര് ടാങ്ക് കൊട്ടാരമാക്കിയ ഒരാളെ നമുക്കു കാണാം. പുതിയ വാട്ടര് ടാങ്കല്ല, ഉപയോഗശൂന്യമായ വാട്ടര് ടാങ്കു വാങ്ങി കൊട്ടാരമാക്കിയത്. യുകെയിലെ റോബ് ഹണ്ട് എന്ന യുവാവാണ് ഇങ്ങനെയൊരു വിചിത്ര സ്വപ്നം സാക്ഷാത്കരിച്ചത്. 1940 കളില് പണിതതും പിന്നീട് ഉപയോഗ ശൂന്യമായതുമായ വാട്ടര് ടാങ്ക് വാങ്ങി. 80 വര്ഷം മുമ്പ് പണിത വാട്ടര് ടാങ്ക് എന്തിനാണെന്ന് അതു വിറ്റവര് വെറും കൗതുകത്തിനു ചോദിച്ചു. ടാങ്കിലൊരു വീടുണ്ടാക്കാമെന്ന മറുപടി കേട്ട കച്ചവടക്കാരന് അമ്പരന്നു. ഇയാള്ക്കു വട്ടാണോയെന്ന മട്ടിലാണു തന്നെ അവര് നോക്കിയതെന്നാണ് റോബ് ഹണ്ട് പറയുന്നത്. കൂറ്റന് വാട്ടര് ടാങ്ക് സ്വന്തം സ്ഥലമായ ഡെവോണിലെ ബൈഡ്ഫോര്ഡിലെ ക്ലോവെല്ലി ക്രോസിനടുത്ത് എത്തിച്ചു. മൂന്നു വര്ഷവും മൂന്നു ദിവസവും നീണ്ട പണികള്ക്കൊടുവില് അതൊരു കൊട്ടാരമായി മാറി. ആരു കണ്ടാലും മോഹിച്ചു പോകുന്ന ആഡംബര ഭവനം. മൂന്ന് നിലകളിലായി നാലു കിടപ്പുമുറികളും വിശാലമായ സ്വീകരണ മുറിയും അടുക്കളയുമെല്ലാം അടങ്ങുന്ന മനോഹരമായ ഒരു കൊട്ടാരം. വാട്ടര് ടാങ്ക് കണ്വേര്ഷന് എന്ന ഇന്സ്റ്റാഗ്രാം പേജിലൂടെ ടാങ്ക് കൊട്ടാരമായി മാറുന്നതിന്റെ ദൃശ്യങ്ങള് അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇപ്പോള് ഈ വീട് വില്പനയ്ക്കു വച്ചിരിക്കുയാണ് ഇദ്ദേഹം. വീടുപണിക്കു വായ്പയെടുത്ത പണം തിരിച്ചടയ്ക്കാനാണ് ഇതു വില്ക്കുന്നത്. മിച്ചംവയ്ക്കുന്ന പണംകൊണ്ട് സമാനമായ മറ്റൊരു വീടുകൂടി പണിയുമെന്നാണ് റോബ് ഹണ്ട് പറയുന്നത്.
വാട്ടര് ടാങ്ക് കൊട്ടാരമാക്കിയ ഒരു ചുള്ളന്റെ കഥ
