നടപ്പ് സാമ്പത്തിക വര്ഷത്തെ രണ്ടാം പാദത്തിലും ആദ്യ പകുതിയിലും മികച്ച സാമ്പത്തിക വളര്ച്ച രേഖപ്പെടുത്തി കൊച്ചി ആസ്ഥാനമായുള്ള പ്രമുഖ ഓട്ടോമൊബൈല് ഡീലര്ഷിപ്പായ പോപ്പുലര് വെഹിക്കിള്സ് ആന്ഡ് സര്വീസസ് ലിമിറ്റഡ്. സെപ്റ്റംബര് 30ന് അവസാനിച്ച പാദത്തില് കമ്പനിയുടെ മൊത്തം പ്രവര്ത്തന വരുമാനത്തില് 40 ശതമാനത്തിന്റെ വര്ധനയാണ് ഉണ്ടായത്. ആദ്യ പകുതിയില് ഇത് 46 ശതമാനമായും ഉയര്ന്നു. പുതിയ വാഹനങ്ങളുടെ വില്പന രണ്ടാം പാദത്തില് 51 ശതമാനവും ആദ്യ പകുതിയില് 67 ശതമാനവും വര്ധിച്ചു. ലക്ഷ്വറി ഇതര പാസഞ്ചര് വാഹന വിഭാഗത്തില് 46 ശതമാനവും ലക്ഷ്വറി പാസഞ്ചര് വാഹന വിഭാഗത്തില് 53 ശതമാനവും വരുമാന വളര്ച്ച രണ്ടാം പാദത്തില് കൈവരിച്ചു. വാണിജ്യ വാഹന വിഭാഗത്തില് 28 ശതമാനവും ഇലക്ട്രിക് വാഹന-സ്പെയര് പാര്ട്സ് വിതരണ വിഭാഗത്തില് 43 ശതമാനവും വളര്ച്ച രേഖപ്പെടുത്തി.
