ജനാധിപത്യ സര്‍ക്കാര്‍ എന്ന പദത്തിന് ജനങ്ങളെ പിഴിഞ്ഞ് ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ എന്നാണോ അര്‍ത്ഥം. അല്ല. ജനക്ഷേമമാണ് എല്ലാ ജനാധിപത്യ സര്‍ക്കാരുകളുടേയും ലക്ഷ്യം. കേരളത്തിലെ പിടിച്ചുപറി നികുതികള്‍ മന്ത്രിമാര്‍ മുതല്‍ സര്‍ക്കാര്‍ സിംഹാസനങ്ങളില്‍ വിലസുന്നവര്‍ വരെയുള്ളവരുടെ ധൂര്‍ത്തിനാണെന്ന് ആരോപിക്കുന്നവരെ ബോധ്യപ്പെടുത്തണമെന്ന് സര്‍ക്കാരിനു നര്‍ബന്ധമൊന്നുമില്ല. മുഖ്യമന്ത്രിയുടെ വസതിയിലെ തൊഴുത്തു നിര്‍മാണം മുതല്‍ മുഖ്യമന്ത്രിയുടെ കുടുംബസമേതമുള്ള വിദേശ വിനോദയാത്രവരെ നമുക്കു സഹിക്കാം. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് മുതല്‍ യുവജന കമ്മീഷനേപ്പോലുള്ള പ്രസ്ഥാനങ്ങളില്‍വരെയുള്ള ധൂര്‍ത്തിനെ ജനക്ഷേമം എന്നു വിളിക്കാം. മുഖ്യമന്ത്രിയും മന്ത്രിമാരുമല്ലേ, തിന്നും രസിച്ചും കൊഴുത്താലല്ലേ നന്നായി ഭരിക്കാനൊരു രസമുണ്ടാകൂ. അവരങ്ങനെ രമിച്ചു ഭരിക്കട്ടെ. എന്നാല്‍ സിപിഎമ്മിന്റെ കൊലയാളി സംഘങ്ങളെ നിയമത്തില്‍നിന്നു ഊരിയെടുക്കാന്‍ സുപ്രീം കോടതിയില്‍ കേസു വാദിക്കുന്നതിനു മുടക്കുന്ന കോടികള്‍ക്കും ഇഷ്ടക്കാരെ സര്‍ക്കാര്‍ പ്രതിനിധിയാക്കിയുള്ള നിയമനത്തിനു വര്‍ഷംതോറും മുടക്കുന്ന പത്തു കോടിയോളം രൂപയ്ക്കുമെല്ലാം പണം വേണം. ഇതിനെല്ലാമായി ജനങ്ങളുടെ പോക്കറ്റില്‍നിന്നു പിടിച്ചുപറിക്കുന്നതു കാണുമ്പോള്‍ ജനങ്ങള്‍ സര്‍ക്കാരിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പില്ല, മുത്തം കൊടുക്കും. അങ്ങനെ മുഖത്തു തെറിക്കുന്ന തുപ്പലുകള്‍ ഒപ്പിയെടുക്കാനാണ് പാവപ്പെട്ടവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകള്‍ക്കായാനാണ് നികുതിയും നിരക്കുകളുമെല്ലാം വര്‍ധിപ്പിച്ചതെു സര്‍ക്കാര്‍ വിശദീകരിക്കുന്നത്. 1600 രൂപ വീതം 60 ലക്ഷം പേര്‍ക്കാണ് സാമൂഹിക പെന്‍ഷന്‍ നല്‍കുന്നത്. 960 കോടി രൂപ മാസംതോറും ഈയിനത്തില്‍ ചെലവാക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാരില്‍നിന്നു വര്‍ഷംതോറും കിട്ടേണ്ടിയിരുന്ന 33,000 കോടി രൂപ വെട്ടിക്കുറച്ചതിനാലാണ് ഇങ്ങനെയെല്ലാം തലങ്ങും വിലങ്ങും നികുതി വര്‍ധിപ്പിക്കേണ്ടി വന്നതെന്നാണു ധനമന്ത്രി കെ.എന്‍. ബാലഗോപാലന്‍ പറയുന്നത്. ബജറ്റില്‍ കൂട്ടിയ നികുതിയൊന്നും കുറയ്ക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ എന്‍ ബാലഗോപാലനും ആവര്‍ത്തിക്കുന്നു. പ്രതിപക്ഷം സമരത്തിലാണ്. മൂവായിരം കോടി രൂപയുടെ അധിക വരുമാനമാണു നികുതികളിലൂടേയും ഫീസിനങ്ങളിലൂടേയും സര്‍ക്കാര്‍ ജനങ്ങളുടെ മുതുകത്തു കെട്ടിവച്ചിരിക്കുന്നത്. ഡീസല്‍, പെട്രോള്‍ വില രണ്ടു രൂപ വര്‍ധിപ്പിച്ചു. വാഹന നികുതി രണ്ടു ശതമാനം വര്‍ധിപ്പിച്ചു. ഏതാനും മാസം മുമ്പു പത്തു ശതമാനത്തോളം വര്‍ധിപ്പിച്ച വൈദ്യുതി നിരക്കിനു മുകളില്‍ തീരുവ അഞ്ചു ശതമാനം വര്‍ധിപ്പിച്ചു. ആയിരം രൂപവരെയുള്ള മദ്യത്തിന് 20 രൂപയും ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയും സെസ്. ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി. വിപണി മൂല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ 30 ശതമാനംവരെ ഭൂമിയുടെ ന്യായവില കൂട്ടും. കെട്ടിടം നിര്‍മാണത്തിനുള്ള അപേക്ഷയ്ക്കും പെര്‍മിറ്റിനുമുള്ള ഫീസ് വര്‍ധിപ്പിച്ചു. ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ക്കു പ്രത്യേക സെസ്. പണയാധാരങ്ങള്‍ക്ക് നൂറു രൂപ സര്‍ച്ചാര്‍ജ്. കെട്ടിട നികുതി വര്‍ധിപ്പിച്ചു. ഒന്നിലേറെ വീടുള്ളവര്‍ക്ക് അധിക നികുതി. കോടതി ഫീസുകള്‍ വര്‍ധിപ്പിച്ചു. പുതിയ വാഹനങ്ങളുടെ ഒറ്റത്തവണ സെസ് വര്‍ദ്ധിപ്പിച്ചു. വിലക്കയറ്റമുണ്ടാക്കുന്ന നിരക്കു വര്‍ധനകള്‍ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ 2000 കോടി രൂപ നിക്കിവച്ചിട്ടുണ്ടെന്നാണു വിരോധാഭാസം. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി രൂപയുമുണ്ട്. ഇതിനെല്ലാം പുറമേ വെള്ളക്കരം കൂട്ടി. ഒരോ കുടുംബത്തിനും പ്രതിമാസം 50 രൂപ മുതല്‍ 550 രൂപ വരെ അധികമായി നല്‍കേണ്ടിവരും. മിനിമം നിരക്ക് 22 രൂപയില്‍നിന്ന് 72 രൂപയാക്കി.
ഇങ്ങനെ സമസ്ത മേഖലയിലും നികുതിയും നിരക്കുകളും വര്‍ധിപ്പിച്ചു. പാല്‍വിലയും കൂട്ടി. കര്‍ഷകര്‍ക്കു ഗുണം കിട്ടുമല്ലോയെന്ന് ആശ്വസിച്ചവര്‍ക്കു തെറ്റി. കാലിത്തീറ്റ വില ആനുപാതികമായി വര്‍ധിപ്പിച്ചു. കമ്മി സര്‍ക്കാര്‍ വില കൂട്ടിയാല്‍ പ്രതിഷേധിം; സംഘി സര്‍ക്കാര്‍ പെട്രോളിനും ഗ്യാസിനും അനുദിനം വില കൂട്ടിയില്ലേയെന്ന കാപ്‌സ്യൂളുകള്‍ വിലവര്‍ധനയ്‌ക്കെതിരായ ജനകീയ രോഷത്തില്‍ വെറും നനഞ്ഞ പടക്കമായി. ബസ്, ഓട്ടോ ചാര്‍ജുകള്‍ കൂട്ടേണ്ടിവരും. ശരാശരി കുടുംബത്തിനു മാസം മൂവായിരം രൂപയുടെ അധികഭാരം. നാട്ടിലെ രാഷ്ട്രീയ കൊള്ളസംഘങ്ങളുടെ പരീക്ഷാത്തട്ടിപ്പുകളും നിയമനത്തട്ടിപ്പുകളും പകല്‍ക്കൊള്ളയുമെല്ലാം കണ്ടു മടുത്ത് വിദേശങ്ങളിലേക്കു നാടുവിടുകയാണു യുവജനങ്ങള്‍. വിദേശത്തു പഠിക്കാനും ജോലിക്കുമായി പോകുന്നവരുടെ ഒഴുക്കു തടയാന്‍ എന്തെല്ലാം ചെയ്യാമെന്നു പഠിക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. പാര്‍ട്ടിക്കാര്‍ക്ക് ഇതൊന്നും ബാധകമല്ല. ജനാധിപത്യത്തിലെ ജനക്ഷേമത്തിന് ഇങ്ങനെ അന്തമില്ലാത്ത വിശാല തലങ്ങളുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
