മിനിമം ബാലന്‍സ് എക്കൗണ്ടില്‍ ഇല്ലാത്തതിനും അധിക എ.ടി.എം ഇടപാടുകള്‍ക്കും എസ്.എം.എസ് സേവനങ്ങള്‍ക്കുമായി പൊതുമേഖലാ ബാങ്കുകളും 5 പ്രധാന സ്വകാര്യ ബാങ്കുകളും 2018 മുതല്‍ പിഴയായും ചാര്‍ജായും പിരിച്ചെടുത്തത് 35,000 കോടി രൂപ. മിനിമം ബാലന്‍സ് എക്കൗണ്ടില്ലില്ലാത്ത കാരണത്താല്‍ പൊതുമേഖലാ ബാങ്കുകളും ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക് എന്നീ അഞ്ച് പ്രമുഖ സ്വകാര്യമേഖലാ ബാങ്കുകളും എക്കൗണ്ടുകളില്‍ നിന്ന് 21,000 കോടി രൂപ പിരിച്ചെടുത്തു. അധിക എ.ടി.എം ഇടപാടുകളുടെ ചാര്‍ജായി 8,000 കോടി രൂപയിലധികം ഈ ബാങ്കുകള്‍ക്ക് ലഭിച്ചു. കൂടാതെ എസ്.എം.എസ് ചാര്‍ജുകള്‍ വഴി 6,000 കോടി രൂപയും പിരിച്ചെടുത്തു. ബാങ്ക് എക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തത്, സൗജന്യ ഇടപാടുകള്‍ക്കപ്പുറമുള്ള എ.ടി.എമ്മുകളുടെ ഉപയോഗം, പരിധിക്കപ്പുറം പണം നിക്ഷേപിക്കല്‍ തുടങ്ങിയവയ്ക്ക് ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്നും ഒരു നിശ്ചിത തുക പിഴയായി ഈടാക്കാറുണ്ട്. ഉപയോക്താക്കള്‍ക്ക് ബാങ്ക് അവരുടെ സ്വന്തം ബാങ്ക് എ.ടി.എമ്മുകളില്‍ നിന്ന് എല്ലാ മാസവും അഞ്ച് സൗജന്യ ഇടപാടുകള്‍ അനുവദിക്കുന്നുണ്ട്. മറ്റ് ബാങ്ക് എ.ടി.എമ്മുകളില്‍ നിന്നുള്ള നിശ്ചിത സൗജന്യ ഇടപാടുകളും അനുവദിക്കുന്നു. ഇതില്‍ കൂടുതല്‍ തവണ എ.ടി.എം ഇടപാട് നടത്തുന്നതോടെയാണ് ബാങ്ക് ഇതിന് ചാര്‍ജ് ഈടാക്കുന്നത്.
പിഴയായും ചാര്‍ജായും പിരിച്ചെടുത്തത് 35,000 കോടി രൂപ!
