പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ ഇപ്പോള്‍ പെട്രോള്‍ വില്‍ക്കുന്നത് ലിറ്ററിന് 10 രൂപ ലാഭത്തോടെയെന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ലിറ്ററിന് 6.5 രൂപ നഷ്ടത്തോടെ ഡീസലും. 2022 മേയ് മുതല്‍ എണ്ണവിതരണക്കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില പരിഷ്കരിച്ചിട്ടില്ല. കഴിഞ്ഞ മേയില്‍ ഇന്ത്യയുടെ ക്രൂഡോയില്‍ വാങ്ങല്‍വില ബാരലിന് 107 ഡോളറിനടുത്തായിരുന്നു. ഇപ്പോള്‍ 76.63 ഡോളര്‍. നാണയപ്പെരുപ്പം പിടിച്ചുനിറുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമായാണ് ഇന്ധനവിലയും നിലനിറുത്തിയത്. കഴിഞ്ഞ മൂന്ന് ത്രൈമാസങ്ങളിലേറെയായി രാജ്യാന്തര ക്രൂഡോയില്‍ വിലയ്ക്ക് അനുസൃതമായി ആഭ്യന്തര പെട്രോള്‍, ഡീസല്‍ വില പരിഷ്കരിക്കാതിരുന്നത് പൊതുമേഖലാ എണ്ണവിതരണക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവ് കൂടാന്‍ വഴിയൊരുക്കി. മൂന്ന് കമ്പനികളും ഇതുമൂലം സെപ്തംബര്‍ പാദത്തില്‍ സംയുക്തമായി 21,201.18 കോടി രൂപയുടെ നഷ്ടവും കുറിച്ചു. 2022 ജൂണില്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില്പനയില് ലിറ്ററിന് 17.4 രൂപ നഷ്ടം കുറിച്ചിരുന്നതാണ് ഇപ്പോള്‍ 10 രൂപയുടെ ലാഭമായി മെച്ചപ്പെട്ടത്. ഡീസലിലെ നഷ്ടം ലിറ്ററിന് 27.7 രൂപയായിരുന്നത് 6.5 രൂപയായും കുറഞ്ഞു.
പെട്രോള്‍ ലിറ്ററിന് 10 രൂപ ലാഭം, ഡീസലിന് 6.5 രൂപ നഷ്ടവും!
