പൊറോട്ട പൂര്‍ണമായും ഉപേക്ഷിക്കാതെ ആരോഗ്യകരമായി അവ കഴിക്കാനുള്ള മാര്‍ഗം പരീക്ഷിക്കാം. മൈദ കൊണ്ടാണ് പൊറോട്ട മിക്കാവാറും ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ ഇതില്‍ കാര്‍ബോഹൈഡ്രേറ്റ് കൂടുതലും പ്രോട്ടീനും നാരുകളും കുറവുമായിരിക്കും. അധിക എണ്ണയും കൊഴുപ്പും ഉപയോഗിക്കുന്നതു മൂലം അനാരോഗ്യകരമായ കൊഴുപ്പു കൂടുതലുമായിരിക്കും. അതുകൊണ്ട് തന്നെ നിയന്ത്രണമില്ലാതെ കഴിക്കുന്നത് പ്രശ്‌നമാകും. ഒന്നോ രണ്ടോ പൊറോട്ട കഴിക്കുന്നത് സുരക്ഷിതമാണ്. എന്നാല്‍ പതിവാക്കുന്നതിന് പകരം ആഴ്ചയില്‍ ഒരു തവണ അല്ലെങ്കില്‍ മാസത്തില്‍ രണ്ടോ മൂന്നോ തവണ എന്ന നിലയില്‍ കഴിക്കാം. അതുപോലെ രാത്രി വൈകി പൊറോട്ട കഴിക്കുന്ന ശീലവും ഒഴിവാക്കുന്നതാണ് നല്ലത്. പൊറോട്ടയോടൊപ്പം എന്ത് കഴിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാന ഘട്ടം. എണ്ണ കൂടിയ ബീഫ് ഫ്രൈ അല്ലെങ്കില്‍ ക്രീമി ഗ്രേവികള്‍ എന്നിവ ഒഴിവാക്കണം. പകരം പച്ചക്കറി, ഗ്രില്‍ ചെയ്ത ചിക്കന്‍, മുട്ട, മീന്‍ കറി, കടല കറി എന്നിവ കഴിക്കാം. പൊറോട്ട കഴിക്കുമ്പോള്‍ പ്രോട്ടീന്‍ കൂടെ കൂട്ടാന്‍ ശ്രദ്ധിക്കണം. പൊറോട്ടയും മുട്ടക്കറിയും പച്ചക്കറിയും, പൊറോട്ടയും കടലക്കറിയും എന്നിങ്ങനെ കഴിക്കാം. പ്രോട്ടീന്‍ കഴിക്കുമ്പോള്‍ വയറു നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുകയും അമിതമായി കഴിക്കുന്നത് കുറയ്ക്കുകയും ചെയ്യാം. 10-15 മിനിറ്റ് നടക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. അതുപോലെ അധിക പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നതും ഒഴിവാക്കുക.
