കോൺഗ്രസിലെ ഷാനിമോൾ ഉസ്മാൻ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ. 31 വർഷങ്ങൾക്ക് ശേഷമാണ് നിയമസഭയിൽ ഒരു വനിതാ ഡെപ്യൂട്ടി സ്പീക്കർ എത്തുന്നത്.തിരഞ്ഞെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 ഉം വോട്ടും, സിപിഐയിലെ മുഹമ്മദ് മുഹ്സിന് 34 ഉം വോട്ടും ലഭിച്ചു.
പതിനാറാം നിയമസഭയിലെ ആദ്യ അടിയന്തരപ്രമേയമായി വിലക്കയറ്റം ഉന്നയിച്ച് പ്രതിപക്ഷം. സിപിഐഎമ്മിലെ കെ എൻ ബാലാഗോപാലാണ് വിഷയം ഉന്നയിച്ചത്. ഇന്ധനവിലവർധനയിൽ പരിശോധിച്ച്, സർക്കാർ നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
കേന്ദ്രം വില കൂട്ടുമ്പോൾ എല്ലാം സംസ്ഥാന സർക്കാരിനെ ആയിരുന്നു വി ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അധിക നികുതി വേണ്ടെന്ന് വയ്ക്കണമെന്ന് പ്രിതപക്ഷ നേതാവായിരുന്നപ്പോള്‍ ആവശ്യപ്പെട്ട സതീശനാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി . വാക്ക് പാലിക്കാന്‍ സതീശന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലയിടംതുരുത്തിലെ കുടുംബങ്ങളെ ഒരു കാരണവശാലും സർക്കാർ കയ്യൊഴിയിലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വിഷയം രമ്യമായി പരിഹരിക്കും. സ്ഥലം കൊടുത്ത് വീട് നിർമ്മിച്ചു നൽകാൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. താമസക്കാർ സമ്മതം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിൽ ഉന്നത തലയോഗം വിളിച്ച് ജലവിഭവകുപ്പ് മന്ത്രി. മന്ത്രി മോൻസ് ജോസഫ്, കെ മുരളീധരൻ, സിപി ജോൺ തുടങ്ങിയ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെയുണ്ടായ ആക്രമണത്തിൽ, സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ഇ ഡി ആവശ്യപ്പെട്ടു. പ്രതികളുടെ വീട് നേതാക്കൾ സന്ദർശിക്കുന്ന സാഹചര്യമുണ്ട്, ഇത് എല്ലാം വെളിവാക്കുന്നത് നേതാക്കളുടെ പങ്കാണ് ഇക്കാര്യങ്ങൾ ചൂണ്ടികാണിച്ച് ഡയറക്ടറേറ്റിന് റിപ്പോർട്ട് നൽകി.
മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകള്‍ വീണയ്ക്ക് വെള്ളിയാഴ്ച വരെ നോട്ടീസ് അയക്കില്ലെന്ന് ഇഡി. വീണ ടിയ്ക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്‍റെ അന്തിമ വിധി വന്ന ശേഷം മതിയെന്നാണ് ഇഡിയുടെ തീരുമാനം.
നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റി. പ്രതികൾ ഒളിവിലല്ലെന്നും, മജിസ്ട്രറ്റ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കാൻ തയ്യാറായിരിക്കെയാണ് എസ്ഐടി റിപ്പോർട്ട് നൽകിയെന്നും പ്രതിഭാഗം വാദിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ തോല്‍വിയുടെ പേരില്‍ പിണറായിയെ ക്രൂശിക്കുന്നത് നീതികേടെന്ന് യോഗനാദത്തിലെ ലേഖനത്തിൽ വെള്ളാപ്പള്ളി നടേശൻ. പിണറായിയെ വാഴ്ത്തി പാടിയവർ ഇപ്പോള്‍ ആക്ഷേപ ശരങ്ങൾ എറിയുന്നു, തോൽവിയുടെ ഉത്തരവാദിത്തം ഒരാളുടെമേൽ കെട്ടിവെക്കുന്നതും വേട്ടയാടുന്നതും ശരിയല്ലെന്നും വെള്ളാപ്പള്ളി നടേശൻ ലേഖനത്തില്‍ പറയുന്നു.
കോഴിക്കോട് വടകരയിൽ നിക്ഷേപത്തട്ടിപ്പിന് ഇരയായ വയോധികൻ ജീവനൊടുക്കിയ സംഭവം പുതിയ സംഘം അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ടി മനോഹരന്റെ നേതൃത്വത്തിലാണ് പുതിയ അന്വേഷണം സംഘം.
മുഖ്യമന്ത്രി വി.ഡി സതീശനെ അപകീർത്തിപ്പെടുത്തുന്ന വ്യാജഫോട്ടോ നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു. കോഴിക്കോട് ഉള്ള്യേരി സ്വദേശിക്കെതിരെ കേസെടുത്ത് അത്തോളി പൊലീസ്.
ഉള്ള്യേരി സ്വദേശി കരുണൻ ചാലിലിനെതിരെയാണ് കേസെടുത്തത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗിയുടെ കാലിൽ പുഴു അരിച്ച സംഭവത്തിൽ 48 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ. സംഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിനായി മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്.
നടൻ ടിനി ടോമിനെതിരെ പരാതി നൽകി നടി അൻസിബ ഹസൻ. കൊച്ചി ഇൻഫോ പാർക്ക് പോലീസിനാണ് അൻസിബ പരാതി നൽകിയിരിക്കുന്നത്. തന്റെ കുടുംബത്തെയും ടിനി വേട്ടയാടുന്നുവെന്നും, ടിനിയുടെത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും, വർഗീയ പരാമർശങ്ങൾ നടത്തുന്നുവെന്നും അൻസിബ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ബിജെപി ദേശിയ അധ്യക്ഷൻ നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലെ. ആഭ്യന്തരമന്ത്രി അമിത് ഷയെ കാണാൻ അണ്ണാമലെ സമയം തേടി. അണ്ണാമലൈ ബിജെപി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയാണ് കൂടിക്കാഴ്ച.
പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയത്തിനുള്ള സിബിഎസ്ഇ പോർട്ടൽ പ്രവർത്തനക്ഷമമായി. ഇന്ന് മുതൽ ഈ മാസം 6 വരെ അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ എന്നത് അടക്കമുള്ള വീഡിയോയും സിബിഎസ്ഇ പങ്കുവെച്ചിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസില്‍ പിളർപ്പുണ്ടാക്കാൻ ഉലുബേരിയ പൂർബയിൽ നിന്നുള്ള എംഎൽഎ ഋതബ്രത ബാനർജി ശ്രമിച്ചു എന്ന് മമത ബാലർജി. ഇന്നലെ ഋതബ്രത ബാനർജിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
ലെബനനിലെ സൈനിക നീക്കങ്ങളുടെ പേരിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ രൂക്ഷമായ പദ പ്രയോഗങ്ങളോടെ ട്രംപ് ശകാരിച്ചെന്ന് റിപ്പോർട്ട്. ലെബനനിലെ സൈനിക നീക്കങ്ങൾ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഫോൺ സംഭാഷണത്തിലാണ് രൂക്ഷമായി ട്രംപ് പ്രതികരിച്ചതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
