ജീവിതശൈലിയും ആഹാരരീതിയും മൂലം രോഗസാധ്യത വര്‍ധിക്കുന്ന അര്‍ബുദങ്ങളിലൊന്നാണ് കോളറെക്റ്റല്‍ കാന്‍സര്‍. റെഡ് മീറ്റ്, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ അമിതമായി കഴിക്കുന്നത്, നാരുകള്‍ കുറഞ്ഞ ഭക്ഷണരീതി, വ്യായാമക്കുറവ്, അമിതവണ്ണം, മദ്യപാനം, പുകവലി തുടങ്ങിയവയൊക്കെ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. ഇപ്പോഴിതാ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കുന്ന ആഹാരരീതികളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റായ ഡോ.സൗരഭ് സേഥി. കാല്‍സ്യം ധാരാളമായുള്ള തൈര് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ കോളറെക്റ്റല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാനാവുമെന്ന് പഠനങ്ങള്‍ ഉള്‍പ്പെടെ തെളിയിച്ചിട്ടുണ്ടെന്ന് ഡോ.സൗരഭ് പറയുന്നു. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകളും ആരോഗ്യത്തിനു ഗുണം ചെയ്യും. മറ്റൊന്ന് നാരുകള്‍ നിറഞ്ഞ ആഹാരരീതിയാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ പ്രവര്‍ത്തനത്തിന് ഇവ അത്യന്താപേക്ഷിതമാണ്. നാരുകളും പോളിഫിനോളുകളും ധാരാളമായുള്ള ബെറികളാണ് മറ്റൊരു ഭക്ഷണം. അവക്കാഡോ, വിത്തുകള്‍, നട്‌സ്, പയര്‍വര്‍ഗ്ഗങ്ങള്‍, ഓട്‌സ് എന്നിവ പതിവാക്കാം. മറ്റൊന്ന് കാപ്പിയുടെ ഉപയോഗമാണ്. കാപ്പിയില്‍ പോളിഫെനോളുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടുതല്‍ കാപ്പി കുടിക്കുന്നതിലൂടെ കൊളറെക്ടല്‍ കാന്‍സര്‍ വരാനുള്ള സാധ്യത കുറയും. വന്‍കുടലിലോ മലാശയത്തിലോ ഉണ്ടാകുന്ന അര്‍ബുദമാണ് ബവല്‍ കാന്‍സര്‍ അഥവാ കോളറെക്റ്റല്‍ കാന്‍സര്‍. ശരീരത്തിന്റെ അരക്കെട്ടു ഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കാന്‍ ശ്രദ്ധിക്കുന്നത് മലാശയ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്ന ഘടകങ്ങളിലൊന്നാണ്.
കോളറെക്റ്റല്‍ കാന്‍സര്‍ ചെറുക്കാന്‍ തൈരും നാരുകളും
