മദ്ധ്യാഹ്ന വാർത്തകൾ 20260831 205201 0000

 

 

പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും പറഞ്ഞ ബിനോയ് വിശ്വം, സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്നും കൂട്ടിച്ചേർത്തു.

 

പാർട്ടിക്കോട്ടകളിലെ വമ്പൻ തോൽവികളിൽ അണികളെ പഴിച്ച് ന്യായീകരണം തുടർന്ന് സിപിഎം. താത്കാലികമായി പാർട്ടി ഉപേക്ഷിച്ചവർ മുന്നണിക്കൊപ്പം അണിനിരക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പിണറായി വിജയൻ തളിപ്പറമ്പിൽ പറഞ്ഞു. തളിപ്പറമ്പിലെ അവസാനത്തെ പൊതുയോഗത്തിലും നേതൃത്വത്തിന് വീഴ്ചയില്ലെന്ന മുൻ നിലപാട് ആവർത്തിക്കുകയാണ് പിണറായി.

 

സിപിഎം നേതാവ് പികെ ശ്രീമതി ടീച്ചർ ആർഎസ്എസിനെ ചേർത്ത് വച്ച് നടത്തിയ പരമാർശത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്തെത്തി. ആർഎസ്എസിനെ നെക്കുറിച്ച് സംസാരിക്കുമ്പോൾ, ആദ്യം അതിന്റെ ചരിത്രവും നിലപാടുകളും എന്താണെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കുമെന്നും കാന്തപുരത്തിന്റെ നിലപാടിനെ വിമർശിക്കാനുള്ള ആർജവമില്ലാതെ, ആർഎസ്എസിനെ ചാരി നിന്ന് രക്ഷപ്പെടാനാണ് ശ്രീമതി ടീച്ചർ ശ്രമിക്കുന്നതെന്നും ശോഭ സുരേന്ദ്രൻ കുറ്റപ്പെടുത്തി.

 

പെരിയയിലെ ഇരട്ടക്കൊലപാതകത്തിന് ശേഷം പൊലീസുകാരെ ആക്രമിച്ച കേസിൽ ഏഴ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ശിക്ഷ വിധിച്ചു. കാസർകോട് അഡീഷണൽ സെഷൻസ് കോടതി പ്രതികൾക്ക് നാല് വർഷം കഠിന തടവും 91,000 രൂപ പിഴയും വിധിച്ചു.

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോക്ടർ രോഗിയോട് മോശമായി പെരുമാറി എന്ന പരാതിയിൽ ഡോക്ടർക്ക് കാരണം കാണിക്കൽ നോട്ടീസ്. കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർക്കാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ രേഖ കൃഷ്ണനാണ് ആശുപത്രി സൂപ്രണ്ട് നോട്ടീസ് നൽകിയത്.

 

എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത് 22% മഴ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ എൽനിനോ വർഷവുമായി (2023) താരതമ്യം ചെയ്യുമ്പോൾ (48% കുറവ്) ആണ് രേഖപ്പെടുത്തിയത്. എന്നാൽ ഇത്തവണ ലഭിച്ചത് മെച്ചപ്പെട്ട മഴയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

 

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റ രോ​ഗി മരിച്ചു. പക്ഷാഘാതത്തിന് ചികിത്സ തേടിയെത്തിയ സുകുമാര പിള്ള എന്നയാളാണ് കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റത്. കഴിഞ്ഞ ശനിയാഴ്ച ആയിരുന്നു അപകടം. ആശുപത്രിയുടെ അനാസ്ഥയെന്നാണ് കുടുംബം ആരോപിക്കുന്നത്.

 

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. അനീതിക്കും അയിത്താചാരത്തിനുമെതിരെ ശബ്ദമുയര്‍ത്തിയ രാഹുല്‍ ഗാന്ധിയെ കേസെടുത്ത് ഭയപ്പെടുത്താമെന്നത് സംഘപരിവാറിന്റെ വ്യാമോഹം മാത്രമാണ് എന്നും അദ്ദേഹം പറഞ്ഞു .

 

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന ‘ഓണക്കനി’, ‘നിറപ്പൊലിമ’ കാര്‍ഷിക പദ്ധതികളുടെ ഭാഗമായി ഉല്‍പാദിപ്പിച്ച പച്ചക്കറികളും പൂക്കളും വിറ്റഴിച്ചു കൊണ്ട് 10.07 കോടിയുടെ വമ്പന്‍ നേട്ടമാണ് വനിതാ കര്‍ഷകര്‍ സ്വന്തമാക്കിയത്.

 

മെസിയുടെ പേരിലെ തട്ടിപ്പില്‍ സമഗ്ര അന്വേഷണത്തിന് സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു. മുഖ്യമന്ത്രി ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി.

 

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്ന കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് റോജി എം ജോൺ. ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ലെന്നും സ്ത്രീകളെ അടുക്കളയിലേക്ക് തിരിച്ചയക്കണമെന്ന ചിന്ത പ്രതിലോമകരമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു

 

സിപിഎമ്മിനെ പരിഹസിച്ച് ഡിവൈഎഫ്ഐ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് മനു തോമസ്. പാര്‍ട്ടിക്ക് പിണറായി പേടിയും പിണറായി സ്തുതിയുമാണെന്ന് മനു തോമസ് വിമർശിച്ചു. ബാക്കിയുള്ളവർ ജൂനിയർ പിണറായിമാരായി നടക്കുന്നുവെന്നും മനു തോമസ് പരിഹസിച്ചു.

 

മുൻ ഐ പി എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ഒക്ടോബർ 27 ലേക്ക് മാറ്റി. മറ്റ് പ്രതികൾക്കെതിരെയുള്ള അന്വേഷണം പൂർത്തിയാക്കേണ്ടതുണ്ടെന്നും നെതർലൻഡിൽ നിന്നുള്ള റിപ്പോർട്ട് പരിഭാഷപ്പെടുത്താൻ സമയം വേണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നടപടി.

 

മണിപ്പൂരിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര സർക്കാർ സെൻസസ് നടപടികൾ നിർത്തിവച്ചു. എൻആർസി നടപ്പാക്കിയ ശേഷം സെൻസസ് മതിയെന്ന ആവശ്യം ശക്തമായതിനെ തുടർന്നാണ് അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ഈ തീരുമാനമെടുത്തത്.

 

പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ സഹകരണം വേണമെന്ന് അഭ്യര്‍ത്ഥിച്ച് ഇറാന്‍. ഇന്ത്യ സ്വാധീനം ചെലുത്തണമെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടത്.

 

 

ബ്രിക്സ് ഉച്ചകോടി നടക്കാനിരിക്കെ സെപ്റ്റംബർ അഞ്ചിന് രാജ്യ തലസ്ഥാനത്ത് സി ജെ പി പ്രതിഷേധം പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തിൽ കേസുകൾ തീർപ്പാക്കാൻ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ രാജിയിൽ കലാശിച്ച ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ കേന്ദ്രം പുതിയ ഹർജി സമർപ്പിച്ചു. സുപ്രീം കോടതി പ്രത്യേക അധികാരം ഉപയോഗിച്ച് ഈ കേസുകളെല്ലാം നേരിട്ട് റദ്ദാക്കണമെന്ന ആവശ്യമാണ് കേന്ദ്രം മുന്നോട്ട് വച്ചിരിക്കുന്നത്

 

13 വർഷത്തെ സേവനത്തിന് ശേഷം ഐഎഎസ് ഉദ്യോഗസ്ഥയായ ദിവ്യ മിത്തൽ രാജി വെച്ചു. കൃത്യമായ ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനമാണിതെന്നും ഐഎഎസ് എന്നത് തൻ്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു അധ്യായം മാത്രമായിരുന്നുവെന്നും ദിവ്യ മിത്തൽ.

 

തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ നേതാവുമായ തോപ്പു എൻ ഡി വെങ്കടാചലം പാർട്ടി വിട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കയ്പേറിയ അനുഭവങ്ങളാണ് രാജിക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയിലെ ഗ്രൂപ്പ് വഴക്കുകളാണ് തൻ്റെ തോൽവിക്ക് കാരണമായതെന്ന സൂചനയും അദ്ദേഹം നൽകി.

 

ഇറാൻ യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ ആക്രമിക്കപ്പെട്ടാൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ വ്യക്തമാക്കി. ലറക് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ജോർദാനിലെ ഇറാൻ്റെ തിരിച്ചടിക്കും ശേഷമാണ് പ്രസ്താവന

 

പ്രളയക്കെടുതിയിലായ നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. 111 മെഗാവാട്ട് ശേഷിയുള്ള പദ്ധതിയുടെ തുരങ്കത്തിൽ ചുരുങ്ങിയത് 93 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി ഭയപ്പെട്ടിരുന്നെങ്കിലും ഇവരെക്കുറിച്ച് ഒരു വിവരവും ലഭ്യമല്ല.

 

ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി മോദിയും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി കൂടിക്കാഴ്ച നടത്തി. പശ്ചിമേഷ്യൻ സംഘർഷം ചർച്ച ചെയ്ത മോദി, ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്റിനെ ക്ഷണിക്കുകയും ചെയ്തു

 

പാകിസ്ഥാനിലെ ബന്നുവിൽ പ്രാദേശിക സമാധാന സമിതിയും സൈന്യവും തമ്മിൽ സുപ്രധാന ധാരണ. ഭീകരർക്കെതിരായ നീക്കങ്ങൾക്ക് പൂർണ പിന്തുണ നൽകുമ്പോൾ, നിയമവിരുദ്ധമായ തടങ്കലുകളും വിചാരണയില്ലാത്ത കൊലപാതകങ്ങളും ഉണ്ടാകില്ലെന്ന് സൈന്യം ഉറപ്പുനൽകി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *