വയനാട് ഡിസിസി ട്രഷറര്‍ ആയിരുന്ന എൻ എം വിജയന് രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത ഉണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തൽ. ബാധ്യത എങ്ങനെ വന്നുവെന്ന് പരിശോധിക്കുകയാണ്. 14 ബാങ്കുകളിൽ നിന്ന് പൊലീസ് വിവരം തേടിയിട്ടുണ്ട്. 10 ബാങ്കുകളിൽ എങ്കിലും വിജയന് ഇടപാട് ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മറ്റ് ബാങ്കുകളിലെ വായ്പകൾ കണ്ടെത്താനും അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് എൻ.എം വിജയനും 38 കാരനായ മകൻ ജിജേഷും വീടിനുള്ളില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന മകൻ മുൻപ് ഒരു അപകടത്തില്‍പ്പെട്ട് നാളുകളായി കിടപ്പിലായിരുന്നു. ബത്തേരി അർബൻ ബാങ്ക് നിയമന തട്ടിപ്പിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയാണ് മരണകാരണമെന്ന് ആരോപിക്കുന്ന സിപിഎം, ഇതിന് പിന്നില്‍ ഐസി ബാലകൃഷ്ണൻ എംഎല്‍എ ആണെന്ന് കുറ്റപ്പെടുത്തുന്നു. അതോടൊപ്പം എൻ എം വിജയൻ അടക്കമുള്ളവർക്കെതിരെ ഉയർന്ന ബാങ്ക് നിയമനക്കോഴയിൽ അമ്പലവയൽ പുത്തൻപുര ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
വയനാട് ഡിസിസി ട്രഷറര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം തുടർന്ന് പൊലീസ്
