മദ്ധ്യാഹ്ന വാർത്തകൾ 20260918 124608 0000

 

 

 

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എം ഡി ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ തള്ളി. ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ തള്ളിയത്. അതേസമയം, ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് എക്സൈസ്.

 

കെപിസിസി പ്രസിഡന്റിനെ ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി വ്യക്തമാക്കി. സംസ്ഥാനത്തെ പവർ കട്ട് ജനങ്ങളെ വലയ്ക്കുന്നുണ്ടെന്നും റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെതിരെയുള്ള പൊലീസ് നടപടി ന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

 

ഓപ്പറേഷൻ തൂഫാന് നിർണ്ണായക നേട്ടം. മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തിൽ രാജ്യന്തരമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയിൽ നിന്നുമാണ് നാല് പേരെ പിടികൂടിയത്.

 

സെപ്റ്റംബർ 22 മുതൽ എൽഎച്ച്ബി(ലിങ്ക് ഹൊഫ്മാൻ ബുഷ്) കോച്ചുകളിലേക്ക് മാറുന്ന പരശുറാം എക്സ്പ്രസിന്റെ പുതിയ കോച്ച് ഘടനയിൽ വ്യക്തതവരുത്തി റെയിൽവേ. എൽഎച്ച്ബിയിലേക്ക് മാറിയാലും പരശുറാം എക്സ്പ്രസിൽ ഒരു സെക്കൻഡ് ക്ലാസ് കം ല​ഗേജ് ബ്രേക്ക് വാൻ അടക്കം 16 അൺറിസർവ്ഡ് കോച്ചുകളുണ്ടാകുമെന്ന് റെയിൽവേ വ്യക്തമാക്കി.

 

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിൽ തുടരുന്നു. കഴിഞ്ഞദിവസം ജയിലിലെത്തിച്ചതിന് പിന്നാലെയാണ് ടോമിൻ ജെ തച്ചങ്കരിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് അദ്ദേഹത്തെ ജയിലിലെ ആശുപത്രി ബ്ലോക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു.

 

തിരുവനന്തപുരം മെട്രോ സിഎംപിയിൽ (കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ) കെഎംആർഎല്ലിനോട് വിശദീകരണം തേടി സംസ്ഥാന സർക്കാർ. ഓദ്യോഗിക ആശയവിനിമയത്തിന് വിരുദ്ധമായി മാധ്യമവാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് വിശദീകരണം തേടിയത്.

 

ശബരിമല സ്വർണക്കൊള്ളയിൽ ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22-നകം കുറ്റപത്രം നൽകാനായിരുന്നു കോടതി നിർദേശം.ഇതുവരെ എസ്ഐടി(പ്രത്യേക അന്വേഷണസംഘം) പ്രോസിക്യൂഷൻ അനുമതി പോലും തേടിയിട്ടില്ല.

 

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്‍റോ അഗസ്റ്റിന്‍റെ അറസ്‌റ്റിന് പിന്നാലെ യുഡിഎഫ് സർക്കാരിനെ അഭിനന്ദിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.എസ്എൻഡിപി മുഖ മാസികയായ യോഗനാദത്തിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം.

 

തൂഫാൻ ആന്‍റി നാർക്കോട്ടിക് ഇൻവെസ്‌റ്റിഗേഷൻ ടീം രുപീകരിച്ച് ഉത്തരവിറക്കി സർക്കാർ. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്തർ സംസ്ഥാന ലഹരി സംഘങ്ങളിലേക്കുള അന്വേഷണത്തിന് പുതിയ സംഘം രൂപീകരിച്ചിരിക്കുകയാണെന്നും എറണാകുളം, കോഴിക്കോട്, തിരുവനന്തരം എന്നിവിടങ്ങളിലാണ് അന്വേഷണ സംഘത്തിന് യൂണിറ്റെന്നും അദ്ദേഹം വ്യക്തമാക്കി.

 

സിഎംആർഎൽ-എക്സാലോജിക് പണമിടപാട് കേസിൽ ഇഡി നിർദശം നൽകിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. അന്വേഷണം നടത്തിയാൽ കോൺ​ഗ്രസ്, മുസ്ലീംലീ​ഗ് നേതാക്കളുടെയും പേരുവരുമോ എന്ന ആശങ്കയാണ് യുഡിഎഫിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

 

മുഖ്യമന്ത്രിയേയും ശിവസേനയേയും പുകഴ്ത്തിയ സംഭവത്തിൽ സി ദിവാകരനോട് വിശദീകരണം തേടാനൊരുങ്ങി സിപിഐ. നാളെ തിരുവനന്തപുരം ജില്ലാ കൗൺസിൽ ദിവാകരന് നോട്ടീസ് നൽകും. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് വിശദീകരണം തേടാനുള്ള തീരുമാനം എടുത്തത്.

 

മെസിയുടെ പേര് പറഞ്ഞു നടത്തിയ തട്ടിപ്പിലെടുത്ത കേസിൽ എസ്ഐടി അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. മുൻ കായിക മന്ത്രിയുടെ ചോദ്യം ചെയ്യലും രേഖകളുടെ പരിശോധനയ്ക്കും ശേഷമായിരിക്കും ജിസിഡിഎയും സ്പോർട്സ് കേരള ഫൗണ്ടേഷനും കേന്ദ്രീകരിച്ചുള്ള അന്വേഷണം.

 

മാസപ്പടി കേസിൽ പിണറായി വിജയനും റിയാസിനും വീണയ്ക്കുമെതിരെ കേസെടുക്കാമെന്ന ഇഡി ശുപാർശയിൽ നിയമോപദേശം ഇന്ന്. വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് നിർദ്ദേശമുണ്ടാകുമെന്ന് സൂചന. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനക്ക് ശേഷമായിരിക്കും തീരുമാനമെടുക്കുക.

 

പിണറായി വിജയനെതിരായ ഇഡി ശുപാർശയിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായ ഒരാളെയും വെറുതെ വിടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അഴിമതിയുടെ ഭാ​ഗമായവരെ എന്തിനു വെറുതെ വിടണമെന്നും അഴിമതി നിരോധന കേസിൽ നിയമപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

വിദ്യാഭ്യാസ മന്ത്രിയുടെ മണ്ഡലത്തിലെ അട്ടപ്പാടി കൂക്കമ്പാളയം ജിയുപി സ്‌കൂളിൽ കളിക്കളമില്ലാത്തതിനാൽ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് നടത്തേണ്ടി വന്നു. കായിക ഉപകരണങ്ങൾ ചുമന്ന് കിലോമീറ്ററുകൾ നടന്നാണ് കുട്ടികൾ ഇവിടെ എത്തിയത്.

 

മന്ത്രിസ്ഥാനം കിട്ടാത്തതിൽ അതൃപ്തി പരസ്യമാക്കുകയാണ് ഇരിങ്ങാലക്കുട എംഎൽഎ തോമസ് ഉണ്ണിയാടൻ. പാ‍ർ‌‌ട്ടി മണ്ഡലം കൺവെൻഷൻ വിളിച്ച ദിവസം തൃശൂരിൽ സമാന്തരപരിപാടി നടത്തിയാണ് പരസ്യവെല്ലുവിളി.

 

മൃഗശാല മാറ്റുന്നതിനെ പിന്തുണച്ച് മന്ത്രി കെ. മുരളീധരനും സി.പി. ജോണും രംഗത്തെത്തി. മൃഗശാല മാറ്റാൻ നെയ്യാർ ഡാമിന്റെ പരിസരം തന്നെയാണ് ഉചിതമെന്നും ഇതിൽ അനാവശ്യ വിവാദം ഉണ്ടാക്കരുതെന്നും കെ. മുരളീധരൻ പറഞ്ഞു.

 

കോട്ടയത്ത് വിവാഹ പരിപാടികൾക്ക് ഭക്ഷണം എത്തിക്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കാറ്ററിംഗ് ഉടമ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി ഉദയം കാറ്ററിംഗ് ഈവന്റ്സ് ഉടമ വിഷ്ണു മോഹന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കല്യാണത്തിന് ബുക്ക്‌ ചെയ്തു ഭക്ഷണം എത്തിക്കാതെ മൂന്ന് കുടുംബങ്ങളെയാണ് പ്രതി വഞ്ചിച്ചത്.

 

കല്ലറയിലും സമീപങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം. മുതുവിള, പരപ്പിൽ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. പരപ്പിൽ പനകുന്നത്ത് ക്ഷേത്രത്തിന്‍റെ റോഡരികിൽ സ്ഥിതി ചെയ്യുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് ഒടുവിലത്തെ സംഭവം.

 

മണിമല കുറിക്കാട്ടൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ പഞ്ചായത്ത്‌ മെമ്പർ അടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണിമല പഞ്ചായത്ത്‌ അംഗം ജോജി ജോൺ, നിഖിൽ അയ്യപ്പൻ, ഷൈബിൽ സാം, അമൽ രാജ്, ജോബിൻ രാജൻ, കിരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

മലപ്പുറത്ത്കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ. മമ്പാട് ​എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകൻ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ സുഹൈൽ മോങ്ങം സ്വദേശിയും മൂന്നുവർഷമായി മമ്പാട് എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകനുമാണ്.

 

ഡൽഹിയിൽ കൊടുംക്രൂരത. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയശേഷം മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിച്ചു. സംഭവത്തിൽ ഒരു യുവാവിനെയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

 

ബെംഗളൂരു ജെപി നഗറിൽ പട്ടാപ്പകൽ നഴ്സായ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര ആക്രമണം. കൊൽക്കത്ത സ്വദേശിയായ മധുമിതയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഭർത്താവ് വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

സൗദി അറേബ്യയ്ക്ക് 48 എഫ്-35 സ്റ്റെൽത്ത് പോർവിമാനങ്ങൾ വിൽക്കാൻ യുഎസ് വിദേശകാര്യ മന്ത്രാലയം പ്രാഥമിക അംഗീകാരം നൽകി. 24.3 ബില്യൺ ഡോളറിന്റെ ഈ പ്രതിരോധ ഇടപാട് മധ്യപൂർവേഷ്യയിലെ സൈനിക സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും.

 

ഉത്തര കൊറിയയിലെ പുങ്ഗെ-രി കേന്ദ്രത്തിൽ അസാധാരണമായ ഭൂകമ്പ സാധ്യതകൾ കണ്ടെത്തി. സാധാരണ സ്ഫോടനങ്ങൾക്ക് ശേഷമുള്ള അവസ്ഥകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണിതെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു.

 

നൂറു ശതമാനം തീരുവ ഏർപ്പെടുത്താനുള്ള അമേരിക്കൻ തീരുമാനത്തിനെതിരെ ശക്തമായ വികാരം അറിയിക്കാൻ ഇന്ത്യ. അടുത്ത ആഴ്ച വിദേശകാര്യമന്ത്രി എസ് ജയശങ്കർ അമേരിക്കയിൽ നടത്തുന്ന ചർച്ചകളിൽ ഇക്കാര്യം ഉന്നയിക്കും. ഇന്ത്യയുടെ നിലപാടിനോട് യോജിച്ച ചൈനയും രം​ഗത്തെത്തി.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *