മദ്ധ്യാഹ്ന വാർത്തകൾ 20260917 204350 0000

 

 

 

അനധികൃതമായി മദ്യം കൈവശം വെച്ച കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അ​ഗസ്റ്റിൻ റിമാൻഡിൽ. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. ഇദ്ദേഹത്തെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോകും. അതേസമയം, ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. പിടിച്ചെടുത്തതില്‍ 12.75 ലിറ്റര്‍ വ്യാജമദ്യമാണെന്നും എക്സൈസ് പറയുന്നു.

 

മൂട്ടിൽ മരം മുറി കേസില്‍ അഗസ്റ്റിൻ സഹോദരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ഹർജിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നിലവില്‍ ഈ കേസിലെ പ്രതികളില്‍ ഒരാളായ ആന്‍റോ അഗസ്റ്റിൽ അറസ്റ്റിലാണ്.

 

അധികമായി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലിക്കാത്തതിനാൽ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. ഇന്നും വൈകീട്ട് 6.15 നും രാത്രി 12 .45 നും ഇടയിലായിരിക്കും വൈദ്യുതി നിയന്ത്രണമെന്നാണ് അറിയിപ്പ്. ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്നതിനാലും കട്ടിന് സാധ്യതയുണ്ട്.

 

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ധീന്റെ മണ്ഡലത്തിലെ അട്ടപ്പാടി കൂക്കമ്പാളയം ജിയുപി സ്‌കൂളിൽ കളിക്കളമില്ലാത്തതിനാൽ കായികമത്സരങ്ങൾ ഭവാനിപ്പുഴയുടെ തീരത്ത് നടത്തേണ്ടി വന്നു. കായിക ഉപകരണങ്ങൾ ചുമന്ന് കിലോമീറ്ററുകൾ നടന്നാണ് കുട്ടികൾ ഇവിടെ എത്തിയത്.

 

 

അനധികൃത സ്വത്ത് സമ്പാദന കേസിൽ കോടതി ശിക്ഷ വിധിച്ചതോടെ, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന സംസ്ഥാനത്തെ ഡിജിപി റാങ്കിലുള്ള ആദ്യ ഉദ്യോഗസ്ഥനെന്ന നാണക്കേടും ടോമിൻ തച്ചങ്കരിക്ക് സ്വന്തമായി.19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കോട്ടയം വിജിലൻസ് കോടതിയുടെ വിധി.

 

കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിൻ്റെ സന്ദർശനത്തോടനുബന്ധിച്ച് നാളെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് പ്രധാന റോഡുകളിൽ നിയന്ത്രണം. യാത്രക്കാർ ബദൽ മാർഗങ്ങളോ കൊച്ചി മെട്രോയോ ഉപയോഗിക്കണമെന്ന് സിറ്റി പോലീസ് അറിയിച്ചു.

 

കോവിഡ് ബാധിച്ച് പ്രധാന വരുമാന സ്രോതസ്സ് നഷ്ടപ്പെട്ട ബി.പി.എൽ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 9.96 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ഈ തുക വഴി പ്രതിമാസം 5,000 രൂപ വീതം മൂന്ന് വർഷത്തേക്ക് നൽകും.

 

ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും അവരുടെ ഇഷ്ടപ്രകാരം തലമുടിവളർത്തുന്നതിന് സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. കണ്ണുകളോ, മുഖമോ മറയാത്തരീതിയിലും, വൃത്തിയായും, സുരക്ഷിതമായും മുടി സൂക്ഷിക്കുവാനുളള ചുമതല അവർക്കുണ്ട് എന്നും പറഞ്ഞു .

 

ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എം ഡിയുമായ സാബു എം ജേക്കബ്. ആന്റോ അഗസ്റ്റിനെ പൂട്ടാൻ 800 പേജുള്ള തെളിവുകളടങ്ങിയ രേഖകൾ തന്റെ കൈവശമുണ്ടെന്ന് സാബു ജേക്കബ് വെളിപ്പെടുത്തി.

 

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നതിനാൽ സെപ്റ്റംബർ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, കോട്ടയം ഉൾപ്പെടെയുള്ള വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

 

വീട്ടിൽ നിന്ന് വൻതോതിൽ വിദേശമദ്യം പിടികൂടിയതിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള സ്വദേശി റോയി മാത്യുവാണ് പിടിയിലായത്. കഴിഞ്ഞ നവംബറിൽ എക്സൈസ് സംഘം വീടുവളഞ്ഞപ്പോൾ റോയി ഓടി രക്ഷപ്പെടുകയായിരുന്നു.

 

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട പത്തനംതിട്ട സ്വദേശിയ്ക്കെതിരെ പൊലീസ് കേസെടുത്തു. പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശി കെ ആർ വിനോദ് കുമാറിനെതിരെയാണ് കേസ്. രണ്ട് സ്ത്രീകളുടെ ചിത്രം ചേർത്താണ് അപമാനിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്.

 

തെക്കൻ ജില്ലകളിൽ വ്യാപക മോഷണം നടത്തിയ കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ. പത്തനംതിട്ട അടൂർ പൊലീസാണ് ചിന്നക്കനാലിലെ ഒളിത്താവളത്തിൽ നിന്ന് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഇതില്‍ സംഘത്തലവൻ തിരുവല്ല സ്വദേശി വിശാൽ റാവുത്തർ ഒഴികെ മറ്റ് നാലു പേരും പ്രായപൂർത്തിയാകാത്തവരാണ്.

 

തൃശ്ശൂർ ചാവക്കാട് സ്വകാര്യ ബസ്സിൽ നിന്ന് ഗർഭിണി തെറിച്ചുവീണ് പരിക്കേറ്റ സംഭവത്തിൽ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ചാലിശ്ശേരി സ്വദേശി പ്രകാശൻ കണ്ടക്ടർ തളി സ്വദേശി കാളിദാസൻ എന്നിവരാണ് അറസ്റ്റിലായത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പോലീസ് കേസ്.

 

മം​ഗളൂരു സെൻട്രൽ-കന്യാകുമാരി പരശുറാം എക്സ്പ്രസ്(16649) സെപ്റ്റംബർ 22 മുതലും കന്യാകുമാരി-മം​ഗളൂരൂ സെൻട്രൽ പരശുറാം എക്സ്പ്രസ്(16650) സെപ്റ്റംബർ 23 മുതലും എൽഎച്ച്ബി കോച്ചുകളുമായാകും സർവീസ് നടത്തുക

 

ബെംഗളൂരു ജെപി നഗറിൽ പട്ടാപ്പകൽ നഴ്സായ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂര ആക്രമണം. കൊൽക്കത്ത സ്വദേശിയായ മധുമിതയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പ്രതി ആസിഡ് ഒഴിക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ ഭർത്താവ് വെങ്കടേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

 

സമയ ബന്ധിതമായി ജനനവും മരണവും രജിസ്ററര്‍ ചെയ്തില്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുന്ന നിയമ ഭേദഗതി ഒക്ടോബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഒരു മാസം മുതല്‍ രണ്ട് വര്‍ഷം വരെ വൈകിയാല്‍ പിഴയും, ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്‍റെ അനുമതിയുമടക്കം വ്യവസ്ഥകളാണ് നിര്‍ദ്ദേശിക്കുന്നത്. പാര്‍ലമെന്‍റ് പാസാക്കിയ ബില്ലില്‍ കഴിഞ്ഞ മാസമാണ് രാഷ്ട്രപതി ഒപ്പ് വച്ചത്

 

ഇറാനിലെ യുദ്ധം അവസാനത്തോടടുക്കുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച്ച ട്രംപ് ഗൾഫ് രാഷ്ട്രീയ നേതാക്കളെ കാണും. വിശുദ്ധ നഗരമായ മക്കക്ക് നേരെയുള്ള ആക്രമണ ശ്രമത്തിൽ ഹൂത്തികളെ പരോക്ഷമായി പിന്തുണച്ച് ഇറാൻ രംഗത്തെത്തി.

 

ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്യാനിറങ്ങിയ ഇന്ത്യ അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യില്‍ കൂറ്റന്‍ സ്‌കോറിലേക്ക്‌ കുതിക്കുന്നു. പത്ത്‌ ഓവര്‍ പിന്നിടുമ്പോള്‍ അഭിഷേക്‌ ശര്‍മയുടെ വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ ഇന്ത്യ 151 റണ്‍സെടുത്തിട്ടുണ്ട്‌. സഞ്‌ജു സാംസണ്‍ 28 പന്തുകളില്‍ 42 റണ്‍സുമായി ഒരു ഭാഗത്ത്‌ സ്‌കോര്‍ ഉയര്‍ത്തുന്നു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *