വായുമലിനീകരണം മാനസികാരോഗ്യത്തെയും ബാധിക്കാമെന്ന് വ്യക്തമാക്കുകയാണ് പുതിയ പഠനം ‘എപ്പിഡമിയോളജി & കമ്മ്യൂണിറ്റി ഹെല്‍ത്ത് എന്ന ജേര്‍ണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വായു മലിനീകരണം ശ്വസന സംബന്ധമായ പ്രശ്‌നങ്ങള്‍, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയവയ്ക്ക് കാരണമാകാമെന്ന് സൂചിപ്പിക്കുന്ന പഠനങ്ങള്‍ നേരത്തേ വന്നിട്ടുണ്ട്. ചില വായു മലിനീകരണ വസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് വിഷാദസാധ്യതയും ആത്മഹത്യാപ്രവണതയും കൂട്ടുമെന്ന് പഠനം പറയുന്നു. ക്വീന്‍സ് യൂണിവേഴ്‌സിറ്റി ബെല്‍ഫാസ്റ്റില്‍ നിന്നുള്ള ഗവേഷകരാണ് പഠനത്തിനുപിന്നില്‍. വിവിധ ജനവിഭാഗങ്ങളില്‍ നടത്തിയ പഠനങ്ങളിലെ തെളിവുകള്‍ പരിശോധിച്ചാണ് ഗവേഷകര്‍ വിലയിരുത്തലിലെത്തിയത്. വായു മലിനീകരണ വസ്തുക്കളില്‍ പലതും നാഡീവ്യൂഹ പ്രശ്‌നങ്ങള്‍ക്കും ക്രമേണ വിഷാദം, ഉത്കണ്ഠ തുടങ്ങിയവയ്ക്കും കാരണമാകുമെന്നാണ് കരുതുന്നത്. വായുമലിനീകരണത്തിലൂടെ ശരീരത്തില്‍ വീക്കമുണ്ടാകുന്നത് നാഡീവ്യവസ്ഥയില്‍ തകരാറുണ്ടാക്കും. ഇവ മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിക്കുകയും മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍. മലിനീകരണം കുറയ്ക്കാനുള്ള തന്ത്രങ്ങളിലൂടെയും പൊതുജനാരോഗ്യ ഇടപെടലുകളിലൂടെയും മാനസിക സമ്മര്‍ദം മെച്ചപ്പെടുത്താനും ആത്മഹത്യാപ്രവണത കുറയ്ക്കാനുമാകുമെന്ന് ഗവേഷകര്‍ പറയുന്നു.
വായുമലിനീകരണം മാനസികാരോഗ്യത്തെയും ബാധിക്കാം
