ഹോളിവുഡ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സോണി പിക്‌ചേഴ്‌സ് എംജിഎം ലൈവ്-ആക്ഷന്‍ ഫാന്റസി ചിത്രം ‘മാസ്റ്റേഴ്‌സ് ഓഫ് ദ് യൂണിവേഴ്‌സ്’ ഔദ്യോഗിക മലയാളം പതിപ്പില്‍ നായക കഥാപാത്രമായ ‘ഹീ-മാന്’ ശബ്ദം നല്‍കി മലയാളി പ്രേക്ഷകരുടെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. കോമിക്‌സുകളിലൂടെയും ടെലിവിഷന്‍ സ്‌ക്രീനുകളിലൂടെയും ലോകമെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ഇതിഹാസ കഥാപാത്രത്തിന് ശബ്ദം പകരാന്‍ കഴിഞ്ഞത് തന്റെ ജീവിതം പൂര്‍ണമാക്കിയ നിമിഷമാണെന്ന് താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വൈകാരികമായ കുറിപ്പില്‍ വ്യക്തമാക്കി. ഒരു ചരിത്രത്തിനായി മാത്രം കുറിച്ചുവയ്ക്കുന്നു… ഞാനാണ് ഹീ-മാന്റെ ശബ്ദം… ഹും, ഞാനാണ് ഹീ-മാന്‍! ഉണ്ണി മുകുന്ദന്‍ കുറിച്ചു. മാറ്റല്‍ കമ്പനിയുടെ പ്രശസ്തമായ കളിപ്പാട്ടങ്ങളിലൂടെയും പിന്നീട് മാസ്റ്റേഴ്‌സ് ഓഫ് ദ് യൂണിവേഴ്‌സ് എന്ന ജനപ്രിയ ആനിമേഷന്‍ പരമ്പരയിലൂടെയുമാണ് ഹീ-മാന്‍ എന്ന കഥാപാത്രം ഒരു ആഗോള സാംസ്‌കാരിക തരംഗമായി മാറിയത്.
