കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 22,000 കോടി രൂപയുടെ റെക്കോര്‍ഡ് വാര്‍ഷിക നഷ്ടം നേരിട്ടതിന് പിന്നാലെ, അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കാനുമായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും തമ്മില്‍ ലയിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നതായി കമ്പനിയുടെ നിയുക്ത സിഇഒ ടെവോള്‍ഡെ. ഒരൊറ്റ വിമാനക്കമ്പനി ഗ്രൂപ്പായി മാറുന്നത് റെഗുലേറ്ററി ആവശ്യകതകള്‍ കുറയ്ക്കുമെന്നും മാനേജര്‍മാര്‍, എഞ്ചിനീയര്‍മാര്‍, അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ എന്നിവരുടെ ഇരട്ടിപ്പ് ഒഴിവാക്കി സാമ്പത്തിക ബാധ്യത ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ സഹായിക്കുമെന്നും 61-കാരനായ ടെവോള്‍ഡെ ചൂണ്ടിക്കാണിക്കുന്നു. ലയനം നടപ്പിലായാലും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അതിന്റെ ബ്രാന്‍ഡ് നാമം നിലനിര്‍ത്തും. എന്നാല്‍ ഈ പദ്ധതി നിലവില്‍ പ്രാഥമിക ഘട്ടത്തിലാണെന്നും ഇത് നടപ്പിലാക്കാന്‍ സൂപ്പര്‍വൈസറി ബോര്‍ഡിന്റെ അംഗീകാരം ആവശ്യമാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
