തെലുങ്ക് യുവതാരം നിഥിനെ നായകനാക്കി വെങ്കി കുഡുമുല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘റോബിന്‍ഹുഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുഷ്പ ഫ്രാഞ്ചൈസി അടക്കം നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 70 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിഥിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ആണ് ഇത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക ഒരു കോമഡി ആക്ഷന്‍ ഹീസ്റ്റ് ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. ചിത്രത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ ക്യാമിയോ റോളും ഉണ്ട്. ഇത് ട്രെയിലറിലെ പ്രധാന ഘടകമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലെ പ്രധാന ആകര്‍ഷണവും ഡേവിഡ് വാര്‍ണര്‍ ആയിരുന്നു. നിഥിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ ഭീഷ്മയുടെ സംവിധായകന് ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് റോബിന്‍ഹുഡ്. കരിയറില്‍ ഒരു ഹിറ്റിന് വേണ്ടി നിഥിന് ഏറ്റവും ആഗ്രഹിക്കുന്ന സമയവുമാണ് ഇത്. ആരാധകര്‍ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 28 ന് ആണ്.
‘റോബിന്‍ഹുഡ്’ ചിത്രത്തിന്റെ ട്രെയിലര്‍
