ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്ട്ടിന് 2025 ആസ്റ്റണ്‍ മാര്ട്ടിന് വാന്‍ക്വിഷ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.85 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയത്. ആസ്റ്റണ്‍ മാര്ട്ടിന് ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഗ്രാന്‍ഡ് ടൂററുകളില്‍ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെട്ട സ്റ്റൈലിംഗ്, പ്രീമിയം മെറ്റീരിയലുള്ള നവീകരിച്ച ഇന്റീരിയര്‍, വി12 പെട്രോള്‍ എഞ്ചിന്റെ ശക്തി എന്നിവയോടെയാണ് ഇത് മൂന്നാം തലമുറ മോഡലായി വരുന്നത്. ഉയര്‍ന്ന പ്രകടനമുള്ള ഈ സ്പോര്‍ട്സ് കാറിന്റെ 1,000 യൂണിറ്റുകള്‍ മാത്രമേ ലോകമെമ്പാടും വില്‍ക്കുകയുള്ളൂ. ഈ യൂണിറ്റുകളില്‍ ചിലത് ഇന്ത്യയിലും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില്‍ എത്ര യൂണിറ്റുകള്‍ വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 8സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 5.2 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി12 പെട്രോള്‍ എഞ്ചിനാണ് പുതിയ വാന്‍ക്വിഷിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന് 835 ബിഎച്പി പവറും 1,000 എന്‍എം ടോര്‍ക്കും നല്കുന്നു. 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100കിമീ വേഗത കൈവരിക്കുന്ന ഈ സ്പോര്‍ട്സ് കാറിന് ശ്രദ്ധേയമായ പ്രകടന കണക്കുകള്‍ ഉണ്ട്.
ആസ്റ്റണ്‍ മാര്ട്ടിന് വാന്‍ക്വിഷ് ഇന്ത്യയില്‍
