2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്വെയര്‍ കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് കമ്പനിയുടെ ഏകീകൃത അറ്റാദായം 12 ശതമാനം വര്‍ദ്ധിച്ച് 13,718 കോടി രൂപയായി. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 10 ശതമാനം വളര്‍ച്ചയോടെ 70,698 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് 31 രൂപ വീതം ഫൈനല്‍ ഡിവിഡന്റ് നല്‍കാനും കമ്പനി ബോര്‍ഡ് അനുമതി നല്‍കി. ഇതോടെ 2026 സാമ്പത്തിക വര്‍ഷത്തെ ആകെ ലാഭവിഹിത വിതരണം 39,571 കോടി രൂപയായി ഉയര്‍ന്നു. നാലാം പാദത്തില്‍ ഏകദേശം 12 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന മൂന്ന് വലിയ കരാറുകള്‍ സ്വന്തമാക്കാന്‍ സാധിച്ചത് വരുമാന വര്‍ദ്ധനവിന് പ്രധാന കാരണമായി. കമ്പനിയുടെ വാര്‍ഷിക എ.ഐ വരുമാനം 2.3 ബില്യണ്‍ ഡോളര്‍ പിന്നിട്ടു. 2026 സാമ്പത്തിക വര്‍ഷത്തില്‍ ആകെ 2.67 ലക്ഷം കോടി രൂപയുടെ വരുമാനമാണ് ടിസിഎസ് നേടിയത്. ഇതേ കാലയളവില്‍ കമ്പനിയുടെ പ്രവര്‍ത്തന മാര്‍ജിന്‍ 25.3 ശതമാനമായി മെച്ചപ്പെടുകയും ചെയ്തു.
