സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്. 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ 74.06 ശതമാനം പോളിംഗായിരുന്നു കേരളത്തില്‍ രേഖപ്പെടുത്തിയതെങ്കില്‍ 2026-ല്‍ അത് അന്തിമ കണക്കുകള്‍ വരും മുമ്പേ 77.62 ശതമാനം ആയി ഉയര്‍ന്നു. ഇത്തവണ കൂടുതല്‍ വോട്ടര്‍മാര്‍ സമ്മതിദാനാവകാശം വിനിയോഗിക്കുകയും ചെയ്‌തു.
സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമയം പൂർത്തിയായതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ പ്രക്രിയയിൽ പങ്കുചേർന്ന് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച മുഴുവൻ വോട്ടർമാർക്കും ഹൃദയം നിറഞ്ഞ നന്ദിയും അഭിവാദ്യങ്ങളും രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
വോട്ടർമാർക്ക് നന്ദി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രബുദ്ധ കേരളത്തിന് നന്ദി പറഞ്ഞ സതീശൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി രാപ്പകല്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുകയും ചെയ്തു. കേരളം ജയിക്കുമെന്നും യു ഡി എഫ് നയിക്കുമെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ഉയർന്ന വോട്ടിംഗ് ശതമാനം എൽഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എൽഡിഎഫ് വോട്ടുകൾ ഭൂരിഭാഗവും ഉച്ചയ്ക്ക് മുമ്പ് ചെയ്തിട്ടുണ്ട്. അതേസമയം പയ്യന്നൂരിലെ കള്ളവോട്ട് ആരോപണത്തിലും എംവി ഗോവിന്ദൻ പ്രതികരിച്ചു. കാലകാലങ്ങളായി യുഡിഎഫ് ഉന്നയിക്കുന്ന ആരോപണമാണിത്. ഇത്തവണ യുഡിഎഫുകാരനായ വി കുഞ്ഞികൃഷ്ണൻ ഈ ആരോപണം ഏറ്റെടുത്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
എൽഡിഎഫ് സംസ്ഥാനത്ത് വീണ്ടും വരുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി കെ ബി ഗണേഷ് കുമാർ. സ്നേഹത്തോടെയാണ് വോട്ടർമാർ തന്നെ സ്വീകരിച്ചതെന്നും പോളിങ് ശതമാനം കൂടിയാലും കുറഞ്ഞാലും പത്തനാപുരത്ത് ഞാൻ ജയിക്കുമെന്നും, തനിക്കെതിരെ മത്സരിച്ച ആരോടും ശത്രുതയില്ലെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
തൃശൂർ കൂർക്കഞ്ചേരിയിൽ ശസ്ത്രക്രിയ കഴിഞ്ഞതിനെ തുടർന്ന് ചൂണ്ടുവിരലിൽ കെട്ടുണ്ടായിരുന്ന അക്ഷര എന്ന പെൺകുട്ടിയുടെ വോട്ട് പോളിംഗ് ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധങ്ങൾക്കും നേതാക്കളുടെ ഇടപെടലിനും ഒടുവിൽ, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശപ്രകാരം മറ്റൊരു വിരലിൽ മഷി പുരട്ടി പെൺകുട്ടിക്ക് വോട്ട് ചെയ്യാൻ അനുമതി ലഭിച്ചു.
ഗുരുവായൂരിൽ വൻ വിജയം നേടുമെന്ന് ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മുസ്ലിം ലീഗിൽ ചേർന്ന സോപാനസംഗീത കലാകാരൻ ഞരളത്ത് ഹരിഗോവിന്ദൻ ക്ഷേത്രങ്ങളിൽ ഉപാസിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.ഇത്തവണ എല്ലാവരും പിന്തുണച്ചില്ലെങ്കിലും അടുത്ത അഞ്ച് വർഷവും ജനങ്ങൾക്കൊപ്പം താൻ ഗുരുവായൂരിലുണ്ടാകുമെന്നും ഗോപാലകൃഷ്ണൻ കൂട്ടിച്ചേർത്തു.
ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ. മുൻ തെരഞ്ഞെടുപ്പിനേക്കാൾ വാശിയേറിയ തെരഞ്ഞെടുപ്പാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു. രാഷ്ട്രീയ സാഹചര്യം ഒന്നും പറയാൻ പറ്റാത്ത തെരഞ്ഞെടുപ്പാണ്. പിണറായി വിജയൻ അധികാരത്തിൽ വരണം എന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തന്റെ ആറ് ലക്ഷം ഫോളോവേഴ്സ് ഉള്ള ഫേസ്ബുക്ക് പേജ് കേരള പൊലീസ് പൂട്ടിച്ചെന്ന് തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാർ. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് കേരള പൊലീസ് ഇടപെട്ട് ഇന്ത്യയിൽ പൂട്ടിച്ചുവെന്നും തന്റെ ശബ്ദം പലരെയും ഭയപ്പെടുത്തുന്നുവെന്നും അഖിൽ പറഞ്ഞു. തൽക്കാലം വാ മൂടിക്കെട്ടിയിരിക്കാൻ ഉദ്ദേശ്യമില്ലെന്നും പിണറായിക്ക് വേണ്ടി പണിയെടുക്കുന്ന സൈബർ ഡിപ്പാർട്ട്മെന്റിലെ ഏതവനായാലും കോടതി കയറ്റുമെന്നും അഖിൽ മാരാർ മുന്നറിയിപ്പ് നൽകി .
വോട്ട് ചെയ്ത് മടങ്ങിയ ഗൃഹനാഥൻ പോളിംങ്ങ് ബൂത്തിന് സമീപം കുഴഞ്ഞ് വീണ് മരിച്ചു. പത്തനാപുരം തലവൂർ കുരാ ആരോമൽ നിവാസിൽ മോഹനനൻ ആചാരി(61)ആണ് മരിച്ചത്. കുരാ ഗവ എൽ.പി എസിലെ 72 നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം തിരികെ നടന്ന് പോകവെ റോഡിൽ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.
ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ചോദ്യം ചെയ്ത് എറണാകുളം, പാലക്കാട് സ്വദേശികളായ ട്രാൻസ്ജെൻഡർ വ്യക്തികളാണ് ഹർജി നൽകിയിരിക്കുന്നത്. നിയമ ഭേദഗതി ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ലഭ്യമായിരുന്ന അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നാണ് ഹർജിയിലെ ആരോപണം. ഭേദഗതിയിലൂടെ ലിംഗസ്വത്വം സ്വയം പ്രഖ്യാപിക്കാനുള്ള അവകാശം ഇല്ലാതായതിനെതിരെയാണ് ഹർജി.
പുനലൂരിൽ പോളിംഗ് ബൂത്തിന് സമീപം വോട്ട് പിടിക്കാൻ നിന്നെന്നാരോപിച്ച് എൽഡിഎഫ്–യുഡിഎഫ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. വിളക്കുവെട്ടം എൽ.പി സ്കൂൾ ബൂത്തിന് മുന്നിലായിരുന്നു സംഭവം. മർദ്ദനമേറ്റതായി ആരോപിച്ച് യുഡിഎഫിന്റെ വനിതാ കൗൺസിലർ ഷെമി അസീസ് ആശുപത്രിയിൽ ചികിത്സ തേടി. എൽഡിഎഫ് കൗൺസിലറായ സുഭാഷ് ജി നാഥ് മർദ്ദിച്ചെന്നാണ് യുഡിഎഫിന്റെ ആരോപണം.
വയനാട് മാനന്തവാടി ചെറുകാട്ടൂരിൽ പോളിങ് ഓഫീസറെ മാറ്റി. താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ വോട്ടർമാരെ പ്രേരിപ്പിച്ചു എന്ന പരാതിയിലാണ് നടപടി. ചെറുകാട്ടൂർ സെൻ്റ് ജോസഫ് സ്കൂളിലെ 199 നമ്പർ ബൂത്തിലായിരുന്നു സംഭവം. കോൺഗ്രസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോളിങ് ഓഫീസറെ മാറ്റിയത്.
ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നു എന്ന് പരാതി. ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്‌കൂളിലെ 168,169 ബൂത്തുകളിലും പടിഞ്ഞാർക്കര എൽപി സ്‌കൂളിലെ 163-ാം ബൂത്തിലുമാണ് കള്ളവോട്ട് നടന്നെന്ന പരാതി ഉയർന്നത്. അമ്പലപ്പാറ എഎൽപി സ്കൂളിലെ 98-ാം നമ്പർ ബൂത്തിലും ഇതേ പരാതി ഉയർന്നിട്ടുണ്ട്.ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അവസരം നൽകി.
യുഡിഎഫ് വനിതാ ബൂത്ത് ഏജന്റിനെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി. പേരാവൂരിലെ മുഴക്കുന്ന് യുപി സ്കൂളിലെ യുഡിഎഫ് ഏജന്‍റ് സജിതാ മോഹന്‍റെ ദേഹത്തേക്ക് നായ്ക്കുരണ പൊടി വിതറി എന്നാണ് പരാതി. യുഡിഎഫ് സ്ഥാനാർത്ഥി സണ്ണി ജോസഫ് കർശന നടപടി ആവശ്യപ്പെട്ടു. കാസർകോട് ഉദിനൂരിലും സമാന സംഭവം റിപ്പോർട്ട് ചെയ്തു.
അസം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോളിംഗ് ശതമാനത്തിൽ വൻ വർധന രേഖപ്പെടുത്തി. അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും പോളിംഗ് നടന്നപ്പോൾ, ബിജെപി ഭരണം നിലനിർത്താനും കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കാനും ശക്തമായ പോരാട്ടത്തിലാണ്. ഉയർന്ന പോളിംഗ് ആർക്ക് അനുകൂലമാകുമെന്ന ആകാംഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
മഹാരാഷ്ട്രയിലെ നാസിക്കിൽ ബഹുരാഷ്ട്ര കമ്പനിയിലെ വനിതാ ജീവനക്കാർ ലൈംഗിക പീഡന പരാതി നൽകിയതിനെ തുടർന്ന് ഒരു ടീം ലീഡർ ഉൾപ്പെടെ ആറ് പേർ അറസ്റ്റിലായി. കഴിഞ്ഞ നാല് വർഷമായി പീഡനം നടന്നതായി പൊലീസ് ബുധനാഴ്ച പറഞ്ഞു. ലൈംഗിക പീഡനം, മതവികാരം വ്രണപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്കെതിരെ ഒമ്പത് കേസുകൾ രജിസ്റ്റർ ചെയ്തു.
മുംബൈ ബാരാമതി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അന്തരിച്ച എൻസിപി നേതാവ് അജിത് പവാറിന്‍റെ ഭാര്യയുമായ സുനേത്ര പവാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചതോടെയാണിത്. ജനുവരി 28-ന് ബാരാമതി വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനം തകർന്നുണ്ടായ അപകടത്തിൽ അജിത് പവാർ അന്തരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
യുദ്ധത്തിനെതിരെ കർശന നിലപാട് സ്വീകരിച്ച ലിയോ പതിനാലാമൻ മാർപ്പാപ്പയെ സമ്മർദത്തിലാക്കാൻ അമേരിക്ക ശ്രമിച്ചെന്ന് റിപ്പോർട്ടുകൾ. പെന്റഗൺ ഉദ്യോഗസ്ഥർ വത്തിക്കാൻ പ്രതിനിധിയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇതിനെത്തുടർന്ന് മാർപ്പാപ്പയുടെ യുഎസ് സന്ദർശനം റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം മൂലം ആഗോള എണ്ണവില ഉയർന്നത് റഷ്യയ്ക്ക് വൻ സാമ്പത്തിക നേട്ടമായി. ഏപ്രിലിൽ മാത്രം റഷ്യയുടെ എണ്ണവരുമാനം ഇരട്ടിച്ച് 9 ബില്യൺ ഡോളറിലെത്തി. ഉപരോധങ്ങളെ മറികടന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഉയർന്ന വിലയ്ക്ക് എണ്ണ വിൽക്കുന്നത് റഷ്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തേകുന്നു.
ഇറാനും അമേരിക്കയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ ഒമാൻ സുൽത്താനേറ്റ് സ്വാഗതം ചെയ്തു. ഈ നിർണായക നീക്കത്തിനായി ഇടപെട്ട പാകിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ നയതന്ത്ര ശ്രമങ്ങളെ ഒമാൻ അഭിനന്ദിച്ചു. വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഈ യുദ്ധവിരാമം ഒരു നിർണായക ഘട്ടമാണെന്ന് വ്യക്തമാക്കി.
ഇറാനുമായുള്ള വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും ലെബനനെതിരായ ആക്രമണം ഇസ്രായേൽ ശക്തമാക്കി. ബെയ്‌റൂട്ടിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുള്ള നേതാവ് നയിം ഖാസിമിന്റെ അനന്തരവനും പേഴ്‌സണൽ സെക്രട്ടറിയുമായ അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു.
പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള നയതന്ത്ര ശ്രമങ്ങളുടെ ഭാഗമായി സൗദി അറേബ്യയുടെയും ഇറാെൻറയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ നിർണായക ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ളയുമായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാക്ചിയാണ് ഫോണിലൂടെ സംസാരിച്ചത്.
എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും കെട്ടിടങ്ങളിലും പതാക ഉയർത്തണമെന്ന് ദുബായ് ഭരണാധികാരിയുടെ നിർദ്ദേശം. സമീപകാലത്തുണ്ടായ പ്രതിസന്ധികളെ യുഎഇ നേരിട്ടത് ഒറ്റക്കെട്ടായാണ്. ഈ ഘട്ടത്തിന് ശേഷം രാജ്യം മുൻപത്തേക്കാൾ കൂടുതൽ ഐക്യവും ഒത്തൊരുമയുമുള്ളതായി മാറിയെന്ന് അദ്ദേഹം തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
ജസീറ എയർവേയ്‌സ് കുവൈത്തിൽ നിന്നും ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി. ഏപ്രിൽ 10 മുതൽ മെയ് 15 വരെയാണ് നിയന്ത്രണം, ഇത് കേരളത്തിലെ വിമാനത്താവളങ്ങളെ ഉൾപ്പെടെ ബാധിക്കും. വേനലവധിക്ക് നാട്ടിലേക്ക് പോകാനിരിക്കുന്ന പ്രവാസികളെ ഈ തീരുമാനം വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇറാന്‍ യുദ്ധത്തിലെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ പാക്കിസ്താന്‍ തലസ്ഥാനമായ ഇസ്‌ലാമബാദില്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ഏപ്രില്‍ 9, 10 തീയതികളിലാണ് ഇസ്ലാമാബാദില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചത്. ചര്‍ച്ചയുമായി ബന്ധപ്പെട്ട് ഇവിടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതമാക്കാൻ ഉറപ്പായും സഹായിക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് അന്ത്യശാസനം നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഗോള എണ്ണ പ്രവാഹം തടസ്സപ്പെടുകയും വില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ പിന്തുണാ പ്രഖ്യാപനങ്ങൾ ഇനി പര്യാപ്തമല്ലെന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടം വ്യക്തമാക്കി.
