കുട്ടികളുടെയും മുതിര്‍ന്നവരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി സബ്സ്‌ക്രിപ്ഷന്‍ അധിഷ്ഠിത സുരക്ഷാ സേവനമായ ‘ജിയോഷീല്‍ഡ്’ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ. ലൊക്കേഷന്‍ ട്രാക്കിംഗ്, എസ്.ഒ.എസ് അലര്‍ട്ടുകള്‍, പാരന്റല്‍ കണ്‍ട്രോളുകള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് 1,000 രൂപ എന്റോള്‍മെന്റ് ഫീസിലാണ് ജിയോഷീല്‍ഡ് ലഭ്യമാകുന്നത്. പ്രതിമാസം ശരാശരി 83 രൂപയാകും. ജിയോയുടെ പത്താം വാര്‍ഷിക ഓഫറിന്റെ ഭാഗമായി സെപ്റ്റംബര്‍ 26 മുതല്‍ പ്രത്യേക ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ ഫോണില്‍ ‘ജിയോതിങ്‌സ്’ ആപ്പും കുട്ടികളുടെ ഫോണില്‍ ‘ജിയോഷീല്‍ഡ്’ ആപ്പും ഇന്‍സ്റ്റാള്‍ ചെയ്യണം. കൂടാതെ ഇരുവര്‍ക്കും സജീവമായ ജിയോ മൊബൈല്‍ കണക്ഷന്‍ ഉണ്ടായിരിക്കണം.
