മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ വര്‍ധിപ്പിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി സ്ഥലങ്ങളിലും അദ്ദേഹത്തിന്റെ യാത്രാവേളകളിലും ആവശ്യമായ പൊലീസ് വിന്യാസം നടത്തേണ്ടതും യൂണിഫോം ഡ്യൂട്ടിക്ക് പുറമേ മഫ്തി വേഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് പൂര്‍ണ സുരക്ഷ ഒരുക്കേണ്ടതു അനിവാര്യമാണെന്നും ഇന്റലിജന്‍സ് എഡിജിപി ഉത്തരവിറക്കി.
നിയമസഭാ കയ്യാങ്കളി കേസിൽ നവംബർ മൂന്നിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ വിചാരണ തുടങ്ങും. മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുൻ എംഎൽഎമാരായ വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെടി ജലീൽ, കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവരാണ് പ്രധാനപ്രതികൾ. 2015 മാർച്ച 13നായിരുന്നു സംഭവം.
മുട്ടിൽ മരംമുറി കേസിൽ വനംവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് ജോസഫ് മാത്യു. കേസ് അട്ടിമറിക്കപ്പെടാനാണ് സാധ്യതയെന്നും കുറ്റപത്രം ദുർബലമാണെന്നും അദ്ദേഹം പറഞ്ഞു. മരം മുറിക്കായി അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ ഉത്തരവിനെക്കുറിച്ച് അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
മുട്ടിൽ മരംമുറിക്കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് മന്ത്രി ഷിബു ബേബി ജോൺ. കേസിൽ തിരുത്തലുകളോടെ കുറ്റപത്രം കോടതിയിൽ തിരികെ നൽകി. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളും മുൻ പ്രോസിക്യൂട്ടർ വെളിപ്പെടുത്തിയ കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുട്ടിൽ മരംമുറിക്കേസിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും ഇടപെടലുകൾ പുറത്തുവന്ന പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര മുഖ്യമന്ത്രിക്ക് കത്തയച്ചു.
വ്യാജ വിവാഹ ആരോപണം ഉയർത്തി മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിൻ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. കളമശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകില്ലെന്നും കേസിലെ എഫ്ഐആർ റദ്ദാക്കാൻ ഹൈക്കോടതിയിൽ ഉടൻ ഹർജി നൽകുമെന്നും ആന്‍റോയുടെ അഭിഭാഷകൻ അറിയിച്ചു.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്ത അഞ്ചു പേരും കോൺഗ്രസ് അനുഭാവികൾ. സിജു സാമുവൽ, ഹംസ കെ.പി, ജാഫർ കെ. അലിയാർ തട്ടികുന്നത്ത്, അബ്ദുൾ ഖാദർ റെഷി, പി.സി. പുലാമന്തോൾ എന്നീ പ്രൊഫൈലുകളുടെ ഉടമകൾക്കെതിരെയാണ് കേസെടുത്തത്.
തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആർക്കെതിരെയും കേസ് എടുക്കരുതെന്നാണ് തന്റെ നിലപാടെന്ന് കെ.സി വേണുഗോപാൽ. പക്ഷേ സൈബറിടത്തിൽ സ്വന്തം നേതാവിനെ അപമാനിക്കുന്നവർ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു
വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു. തത്സമയ വിപണിയിൽ നിന്ന് കൂടുതൽ വൈദ്യുതി എത്തുമെന്ന് കെഎസ്ഇബി അധികൃതർ വ്യക്തമാക്കി. ഈ മാസം അവസാനത്തോടെ കടമായി വാങ്ങിയ വൈദ്യുതി തിരിച്ചു നൽകുന്നത് അവസാനിക്കും.
ആധുനികകാലത്ത് എല്ലാം ഡിജിറ്റലാകുമ്പോൾ പൊലീസും പേപ്പർലെസ് ആകുന്നു. കുറ്റപത്രവും അന്തിമറിപ്പോർട്ടും ഡിജിറ്റലാകണമെന്ന് എഡിജിപി മാരുടെ യോഗത്തിൽ തീരുമാനം. ഗവർണറും ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഡിജിപി ചർച്ച നടത്തി അന്തിമ തീരുമാനമെടുക്കും.
വഖഫ് ബോർഡ് പിരിച്ചുവിടാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. സർക്കാരിന് ആവശ്യമെങ്കിൽ വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി നിരീക്ഷണമുണ്ട്. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും കേസുകൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരെ ആരംഭിച്ച ഓപ്പറേഷൻ തൂഫാന്റെ രണ്ടാം ഘട്ടമായ ‘തൂഫാൻ തദ്ദേശം’ ഇന്ന് മലപ്പുറം വേങ്ങരയിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനിൽകുമാർ, കെ എം ഷാജി, പി കെ ബഷീര്‍, എഡിജിപി പി വിജയൻ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.
മുഖ്യമന്ത്രി വി.ഡി. സതീശന് പുരസ്കാരം. ബാലചന്ദ്രൻ വടക്കേടത്ത് സ്മാരക സമിതിയുടെ രണ്ടാമത് പുരസ്കാരമാണ് വി.ഡി. സതീശന് നൽകുന്നത്. എഴുത്തും വായനയും സാഹിത്യ സംവാദ സംവാദവും മറക്കാതിരിക്കുന്ന വി.ഡി. സതീശൻ വ്യത്യസ്തത പുലർത്തുന്ന വ്യക്തിത്വമെന്നത് പരിഗണിച്ചാണ് പുരസ്കാരമെന്ന് ജൂറി വ്യക്തമാക്കി.
സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചയ്ക്ക് ഒരു മണി വരെ 38 ശതമാനം പോളിങ് രേഖപ്പെടുത്തി. പോളിങ് കൂടുതൽ കണ്ണൂരിലാണ്, 58 ശതമാനം. തൃശ്ശൂരും മലപ്പുറത്തും ശക്തമായ പോളിങ് നടക്കുന്നുണ്ട്. എന്നാൽ കോഴിക്കോടും വയനാടും പോളിങ് മന്ദഗതിയിലാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി കാണിച്ചത് സംഘടനാ തലത്തിൽ എടുത്ത തീരുമാനമാണെന്ന് ഒ.ജെ. ജനീഷ്. അതിന് മറുപടിയായി തിരിച്ചും കരിങ്കൊടി കാണിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും അദ്ദേഹം വിമർശിച്ചു.
മുസ്ലിം പെൺകുട്ടികളുടെ പുരോഗതിയും സാമൂഹിക മാറ്റങ്ങളും മനസ്സിലാക്കാൻ സമുദായ സംഘടനകൾക്ക് സാധിക്കുന്നില്ലെന്ന് തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി. നിരീശ്വരവാദികളുടെ സോഷ്യൽ മീഡിയ പേജുകൾ ഏറ്റവും കൂടുതൽ ഫോളോ ചെയ്യുന്നത് മുസ്ലിം പെൺകുട്ടികളാണെന്നും ഷാജി ചൂണ്ടിക്കാട്ടി.
പറവൂരിൽ പ്രിയദർശനി ബസിൽ പെൺകുട്ടിയെ അപമാനിച്ചെന്ന പരാതിയിൽ കണ്ടക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. മോശമായി പെരുമാറിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. കണ്ടക്ടറെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
പറവൂരിൽ വിദ്യാർത്ഥിനിയെ അപമാനിച്ചെന്ന പരാതിയിൽ സസ്‌പെൻഷനിലായ കെഎസ്ആർടിസി കണ്ടക്ടർക്ക് പിന്തുണയുമായി ഡിസിസി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ്. കണ്ടക്ടർ നിരപരാധിയാണെന്നും സാക്ഷികൾ ഉണ്ടെന്നുമാണ് ഫേസ്ബുക്ക് പോസ്റ്റ്.
മുണ്ടംവേലി ഫ്ലാറ്റ് വിഷയത്തിൽ താമസക്കാരെ അപമാനിച്ച പ്രസ്താവന തിരുത്താൻ തയ്യാറായി കൊച്ചി മുൻ എംഎൽഎ കെ ജെ മാക്സി. താമസക്കാർക്ക് വേദന ഉണ്ടായെങ്കിൽ പ്രസ്താവന പിൻവലിക്കാമെന്ന് മാക്സി പറഞ്ഞു. ഭരണം മാറിയപ്പോൾ താമസക്കാർ ഒതളങ്ങപോലെ തിരിഞ്ഞു എന്നായിരുന്നു മാക്സി കഴിഞ്ഞ ദിവസം പറഞ്ഞത്.
കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൂരിന്‍റെ മലയോര മേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും നാശ നഷ്ടം സംഭവിച്ചവർക്കുള്ള സഹായധനം വൈകുന്നതായി പരാതി. വൈകാതെ പണം വരുമെന്നാണ് വില്ലേജ് അധികൃതരുടേയും പഞ്ചായത്തിന്‍റേയും മറുപടി.
ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പ് കേസിൽ പൊലീസിനെ സമീപിച്ച് കൂടുതൽ പരാതിക്കാർ. 20 പേർ ഇന്നലെയും പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തി. അതേസമയം പാർവതിയുടെ ജാമ്യപേക്ഷ ഇന്ന് വിചാരണ കോടതി പരിഗണിക്കും.
പാലക്കാട് അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി. ആനവായ്, തടിക്കുണ്ട്, കടുകുമണ്ണ, കിണറ്റുകര, മുരുഗള എന്നീ ആദിവാസി ഊരുകളിലാണ് 22 ദിവസമായി വൈദ്യുതി തടസപ്പെട്ടത്. തുടർന്ന് 500 കുടുംബങ്ങളാണ് ഇരുട്ടിൽ കഴിഞ്ഞിരുന്നത്.
ഹോസ്റ്റൽ ഫീസ് അടച്ചില്ലെന്ന കാരണം പറഞ്ഞ് ഒന്നാം വർഷ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ചതിനെതിരെ മണ്ണുത്തി വെറ്ററിനറി കോളേജിൽ വിദ്യാർത്ഥികളുടെ കടുത്ത പ്രതിഷേധം. കോഴ്സിലെ 175 വിദ്യാർത്ഥികളുടെ പരീക്ഷാ ഫലമാണ് കോളേജ് അധികൃതർ തടഞ്ഞുവെച്ചിരിക്കുന്നത്.
ആലപ്പുഴയിൽ തീരത്ത് പരിഭ്രാന്തി പരത്തി കള്ളക്കടൽ പ്രതിഭാസം. ഞായറാഴ്ച വൈകിട്ട് പുറക്കാട് ഭാഗത്ത് അതിശക്തമായി കടൽ കയറി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.
പരപ്പനങ്ങാടി പുത്തന്‍കടപ്പുറം തീരത്ത് ആശങ്ക. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടല്‍ പിന്നിലേക്ക് മാറിയതോടെ കടല്‍ത്തീരം വിശാലമായി കാണപ്പെട്ടതിനൊപ്പം അടിത്തട്ടില്‍ ചെളി നിറഞ്ഞ നിലയിലുമാണ്. രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം രണ്ടാം തവണയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങി പ്രതിപക്ഷം. ജില്ലാതലങ്ങളിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധം നടത്തും. വിഷയവുമായി ബന്ധപ്പെട്ട് തുടർ പരിപാടികൾ ചർച്ച ചെയ്യാൻ കോൺഗ്രസ് പ്രവർത്തക സമിതി നാളെ ചേരാൻ തീരുമാനമായിട്ടുണ്ട്.
പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമ്പോഴും രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. ഡിസിസികളുടെ നേതൃത്വത്തിൽ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിച്ചപ്പോൾ ഇടത് നേതാക്കൾ എകെജി ഭവന് മുന്നിൽ നിന്നും ഭഗത് സിംഗ് സ്മാരകത്തിലേക്ക് മാർച്ച് നടത്തി.
രാഹുൽ ഗാന്ധി ‘ഫ്രോഡ് രാഷ്ട്രീയം’ കളിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. എസ് ഐ ആർ എന്നത് ഭരണഘടനാപരമായ നടപടിക്രമമാണെന്നും അത് നടപ്പിലാക്കാൻ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സ്വർണമോതിരം സമ്മാനമായി നൽകുന്ന ‘തായ് മാമൻ തങ്കമോതിരം’ പദ്ധതിക്ക് തുടക്കമായി. മധുര രാജാജി സർക്കാർ ആശുപത്രിയിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പശ്ചിമ ബംഗാൾ സർക്കാർ പശുക്കൾക്ക് സംരക്ഷണം നൽകുമെന്നും സന്യാസികളെ അപമാനിക്കുന്നവരെ ജയിലിലടയ്ക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി. വിശ്വാസത്തെ പിന്തുടരുമ്പോഴോ പ്രചരിപ്പിക്കുമ്പോഴോ ഭയപ്പെടേണ്ടെന്നും സംസ്ഥാനത്തെ കാറ്റ് മാറിയെന്നും സുവേന്ദു അധികാരി പറഞ്ഞു.
ഡല്‍ഹിയിൽ റോഡ് പരിശോധനയ്ക്കിടെ യുവാവിന്‍റെ മുഖത്തടിച്ച മന്ത്രി പർവേഷ് വർമ്മക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. മന്ത്രി യുവാവിനോട് മാപ്പ് പറയണമെന്ന് ആം ആദ്മി പാർട്ടി ആവശ്യപ്പെട്ടു.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിൽ നാല് മണിക്കൂറോളം ചർച്ച നടത്തിയെനാണ് വിവരം.
കടുത്ത യാത്രാ-മത്സര സമയക്രമങ്ങളും മത്സരത്തിനിടയിലെ വീഡിയോ റിവ്യൂ സംവിധാനത്തിന്റെ അഭാവവുമാണ് തന്റെ തോല്‍വിക്ക് കാര്യമെന്ന് ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായതിന് പിന്നാലെ പി വി സിന്ധു വ്യക്തമാക്കി. ചൈനയുടെ ലോക നാലാം നമ്പര്‍ താരം ചെന്‍ യുഫെയോടാണ് സിന്ധു പരാജയപ്പെട്ടത്.
മഴയെത്തുടര്‍ന്ന് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യന്‍ ഗെയിംസ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു. മത്സരത്തിന് ഫലമില്ലാതെ വന്നതോടെ ടി20 റാങ്കിംഗില്‍ അഫ്ഗാനേക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ള ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു.
മദ്ധ്യാഹ്ന വാർത്തകൾ
