നമ്മള്‍ ഉറങ്ങുമ്പോഴാണ് ശരീരത്തിലെ പ്രതിരോധ സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത്. ഉറക്കം കുറയുന്നത് പ്രതിരോധസംവിധാനം തകിടം മറിയാനും ആരോഗ്യാവസ്ഥ മോശമാകാനും കാരണമാകാം. അമിത സ്‌ക്രീന്‍ടൈം, മാനസിക സമ്മര്‍ദം, തിരക്കേറിയ ജീവിതശൈലി എന്നിങ്ങനെ പല ഘടകങ്ങള്‍ ഉറക്കക്കുറവിനെ സ്വാധീനിക്കാം. ചില ഭക്ഷണങ്ങള്‍ ശരീരത്തിലെ മെലറ്റോണിന്‍, സെറോട്ടോണിന്‍, മഗ്‌നീഷ്യം തുടങ്ങിയ ഘടകങ്ങളുടെ നില മെച്ചപ്പെടുത്തി നല്ല ഉറക്കത്തിന് സഹായിക്കും. ബദാമില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികളെ ശാന്തമാക്കാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. വാഴപ്പഴത്തിലെ ട്രിപ്‌റ്റോഫാന്‍ ഉറക്കം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പാലിലെ ട്രിപ്‌റ്റോഫാനും കാല്‍സ്യവും ശരീരത്തെ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. കിവി, ഓട്‌സ്, വാല്‍നട്ട്, ചെറിപ്പഴങ്ങള്‍, കമോമൈല്‍ ടീ, മത്തങ്ങാവിത്ത്, തൈര് എന്നിവയെല്ലാം നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നു. എന്നാല്‍ കാപ്പി, ചായ, എനര്‍ജി ഡ്രിങ്ക്‌സ് പോലുള്ള കഫീന്‍ അടങ്ങിയവ, അധികമായ മസാലയും എണ്ണയും ഉള്ള ഭക്ഷണം ഇവ ഒഴിവാക്കണം. രാത്രി വൈകി അമിതമായി ഭക്ഷണം കഴിക്കല്‍, പഞ്ചസാര കൂടുതലുള്ള ഡെസേര്‍ട്ടുകള്‍ എന്നിവയും ഒഴിവാക്കാം. ദിവസവും സ്ഥിരമായ ഉറക്കസമയം പാലിക്കുന്നതോടൊപ്പം ഈ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ ഉറക്കക്കുറവ് കുറയ്ക്കാനും കൂടുതല്‍ ഉന്മേഷത്തോടെ ദിവസം ആരംഭിക്കാനും സാധിക്കും.
