yt cover 18

ഡല്‍ഹി വീണ്ടും യുദ്ധക്കളം. ഇന്നു നടക്കുന്ന സിജെപി മാര്‍ച്ചിനെ നേരിടാന്‍ വ്യാപകമായ അറസ്റ്റ്, നിരോധനാജ്ഞ. ഡല്‍ഹിയിലേയും സമീപ പ്രദേശങ്ങളിലേയും എല്ലാ റെയില്‍വേ, മെട്രോ സ്റ്റേഷനുകളും അടച്ചു. റോഡുകളില്‍ ബാരിക്കേഡുകള്‍ നിരത്തി ഗതാഗതം തടസപ്പെടുത്തി. ഇന്റര്‍നെറ്റ് നിരോധിച്ചു. അറസ്റ്റിലാകുന്നവരെ പാര്‍പ്പിക്കാന്‍ താത്കാലിക തടങ്കല്‍ പാളയങ്ങള്‍ സജ്ജമാക്കി. ഇന്നലെ വൈകുന്നേരം ഇന്ത്യ മുന്നണി എംപിമാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം രാഷ്ട്രപതി ഭവനിലേക്കു നടത്തിയ മാര്‍ച്ചോടെ ഡല്‍ഹിയില്‍ യുദ്ധസമാനമായ സാഹചര്യമായി. ഇരുപത്തയ്യായിരത്തിലേറെ പോലീസ്, സൈനിക വിഭാഗങ്ങളെ വിന്യസിപ്പിച്ചിട്ടുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അടിയന്തരമായി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യ നേതാക്കള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കണ്ട് നിവേദനം നല്‍കി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷ മമതാ ബാനര്‍ജി, സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി, ഒമര്‍ അബ്ദുള്ള തുടങ്ങിയ നേതാക്കളെല്ലാം പ്രതിനിധി സംഘത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഗ്യാനേഷ് കുമാറും ചേര്‍ന്ന് ‘വോട്ട് ചോരി’ നടത്തിയെന്ന ആരോപണമടങ്ങിയ മെമ്മോറാണ്ടമാണ് നേതാക്കള്‍ രാഷ്ട്രപതിക്ക് കൈമാറിയത്.

രാഷ്ട്രപതിയുടെ പ്രതികരണം അവിശ്വസനീയവും അത്ഭുതപ്പെടുത്തുന്നതുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തങ്ങള്‍ ഉന്നയിച്ച വോട്ട് തട്ടിപ്പ് ആരോപണങ്ങളെയോ വാദങ്ങളെയോ രാഷ്ട്രപതി നിഷേധിച്ചില്ല. എല്ലാ കാര്യങ്ങളും അനുഭാവപൂര്‍വ്വം കേട്ടിരുന്നതായും അദ്ദേഹം പറഞ്ഞു. കാര്യം പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയതായി മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അറിയിച്ചു. രാഷ്ട്രപതി വോട്ട് ചോരി ആരോപണത്തോട് യോജിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം അടിസ്ഥാനരഹിതമെന്ന് രാഷ്ട്രപതി ഭവന്‍ വൃത്തങ്ങള്‍ പിന്നീട് അറിയിച്ചു.

ഇന്ത്യ സഖ്യം നേതാക്കള്‍ തിങ്കളാഴ്ച സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്തും. മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണറെ നീക്കം ചെയ്യാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു നിവേദനം നല്‍കാനാണ് ശ്രമം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഒത്തുകളിച്ചു വോട്ടര്‍മാരെ പുറത്താക്കിയതിനെതിരേ നടപടി വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെടും. ഈ വിഷയത്തിലുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണര്‍ക്കു കഴിഞ്ഞ ദിവസം നോട്ടീസ് അയച്ചിരുന്നു.

ഇന്നു നടക്കുന്ന സിജെപി പ്രതിഷേധത്തില്‍ ഏഴായിരം പേരെങ്കിലും പങ്കെടുക്കുമെന്നാണു പോലീസിന്റെ പ്രതീക്ഷ. ഗ്യാനേഷ്‌കുമാറിനെതിരായ സിജെപി സമരം നേരിടാന്‍ മെട്രോ സര്‍വ്വീസും ഡല്‍ഹിയിലേക്കുള്ള ട്രെയിനുകളും റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി തിരുത്തണമെന്നു സുപ്രീംകോടതി. ജനങ്ങളെ വലയ്ക്കരുത്. ഈച്ചയെ കൊല്ലാന്‍ ചുറ്റിക ആവശ്യമില്ലെന്ന് നീരീക്ഷിച്ച കോടതി അനുമതി വാങ്ങാതെയുള്ള പ്രതിഷേധം നിയമവിരുദ്ധമാണെന്നും വ്യക്തമാക്കി. സമരത്തിനെത്തുന്നവരെ പല സംസ്ഥാനങ്ങളിലും കസ്റ്റഡിയില്‍ എടുക്കുകയാണെന്ന് സിജെപിയും ഇടതു സംഘടനകളും കുറ്റപ്പെടുത്തി.

മുഖ്യതെരഞ്ഞെടുപ്പു കമ്മീഷണറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സമരം നയിക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഇന്നു രാവിലെ എത്തുന്ന തന്നെ അറസ്റ്റു ചെയ്തേക്കുമെന്ന് സിജെപി നേതാവ് അഭിജീത് ദിപ്കെ. നേതാക്കാളായ അശുതോഷ് റാങ്ക, സൗരവ് ദാസ് തുടങ്ങിയ നേതാക്കളും രാവിലെയാണ് എത്തുക. അറസ്റ്റിനെ ഭയമില്ല. സമാധാനപരമായി സമരം നടത്താനാണ് ആഗ്രഹിക്കുന്നത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്തു നിന്ന് ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കാതെ പിന്‍വാങ്ങില്ലെന്നും ദിപ്കെ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ നിയമജ്ഞയും ഇന്ത്യന്‍ തമിഴ് വംശജയുമായ നവി പിള്ളേയ്ക്കു സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. സമ്മാന വിവരം അറിഞ്ഞ് അഭിനന്ദനവുമായി ഓടിയെത്തിയവരോട് ‘നിങ്ങള്‍ അല്‍പംകൂടി കയ്യടിച്ചാല്‍ ഞാന്‍ ഈ പുരസ്‌കാരം ഡൊണാള്‍ഡ് ട്രംപുമായി പങ്കുവെച്ചേക്കു’മെന്ന് നവി പറയുന്ന വീഡിയോയും പുറത്തുവന്നു. സ്വര്‍ണമെഡലും 12 ലക്ഷം ഡോളറും ഉള്‍പ്പെടെയുള്ളതാണ് സമാധാനത്തിന്റെ നൊബേല്‍ പുരസ്‌കാരം. ഓസ്ലോയില്‍ ഡിസംബര്‍ പത്താംതീയതി നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കും.

പിണറായി വിജയനും മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനുമെതിരെ കോടതി ഉത്തരവനുസരിച്ചു കേസെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കുന്നതില്‍ സര്‍ക്കാര്‍ അനാവശ്യ ധൃതിയോ തിടുക്കമോ കാണിച്ചിട്ടില്ല. വ്യക്തിപരമായ വിഷയങ്ങളിലേക്ക് കടക്കാതെ വ്യക്തമായ നിയമോപദേശം തേടിയാണ് മുന്നോട്ടുപോയത്. മുഖ്യമന്ത്രി പറഞ്ഞു.

100 ദിന കര്‍മപദ്ധതി ഫലപ്രദമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 588 പദ്ധതികള്‍ ലക്ഷ്യമിട്ടെന്നും അവയില്‍ 568 പദ്ധതികള്‍ നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 96.5 ശതമാനം പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. വകുപ്പുതല ഏകോപനവും ഉദ്യോഗസ്ഥ പങ്കാളിത്തവും ഉറപ്പാക്കി. മുഖ്യമന്ത്രി പറഞ്ഞു.

കൂടിയാലോചന ഇല്ലെന്ന യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരാതി മുഖ്യമന്ത്രി വി.ഡി.സതീശന്‍ തള്ളി. തീരുമാനങ്ങള്‍ മുതിര്‍ന്ന നേതാക്കളുടെ അനുമതിയോടെയും പാര്‍ട്ടി നയങ്ങള്‍ക്കനുസരിച്ചുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

പിഎസ് സി നടത്തിയ ആസൂത്രണ ബോര്‍ഡ് പരീക്ഷ ക്രമക്കേടില്‍ റാങ്ക് ലിസ്റ്റില്‍ മാറ്റം വരുത്തിയപ്പോള്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്. നേരത്തെ ഒന്നാം റാങ്കു നല്‍കി നിയമനം നേടിയ സിപിഎമ്മുകാരന് പുതിയ റാങ്ക് ലിസ്റ്റില്‍ അഞ്ചാം റാങ്കാണുള്ളത്.

സംസ്ഥാനത്ത് പരക്കെ മഴ. മധ്യ, തെക്കന്‍ കേരളത്തില്‍ വ്യാപകമായും വടക്കന്‍ ജില്ലകളിലെ മലയോര മേഖലയിലുമാണ് കനത്ത മഴ. മഴ കനത്തതോടെ തിരുവനന്തപുരത്ത് നെയ്യാര്‍, അരുവിക്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും ഇരുപത് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അരുവിക്കര ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ പത്ത് സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തി.

ഊട്ടോളി രാമന്‍ എന്ന ആനയെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് സുരക്ഷിത സ്ഥലത്ത് പാര്‍പ്പിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്ത കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മദപ്പാട് കാരണമാണ് ആനയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ കഴിയാത്തതെന്ന കേരളത്തിന്റെ വാദം കേട്ട കോടതി ആനയ്ക്ക് വര്‍ഷം മുഴുവന്‍ മദപ്പാടാണോയെന്നു ചോദിച്ചു.

പാലക്കാട് കിഴക്കേയാക്കര ശ്രീ മണപ്പുള്ളി ഭഗവതി ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഭഗവതി കല്യാണമണ്ഡപത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീം കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു.

സുതാര്യവും കാപട്യമില്ലാത്തതുമായ നേരായ രാഷ്ട്രീയമാണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്ന പുതിയ തലമുറയ്ക്ക് ആവശ്യമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മനുഷ്യസഹജമായ വീഴ്ചകള്‍ വന്നാല്‍പോലും സുതാര്യമായ നിലപാടുണ്ടെങ്കില്‍ ജനങ്ങള്‍ അത് സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തില്‍ നിന്ന് പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബര്‍ 24 ന് സി പി എം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി കൊടുംചതിയാണെന്നും സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.

പോക്സോ കേസ് പ്രതി ആശുപത്രിയില്‍ നിന്നും രക്ഷപെട്ടു. ആശാരിപ്പള്ളം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പോക്സോ കേസിലെ പ്രതി തിക്കുറിശി സ്വദേശി സ്റ്റീഫന്‍ രാജാണ് (36) ടോയ്‌ലെറ്റില്‍ പോകാനെന്ന വ്യാജേന മുറിക്ക് പുറത്തിറങ്ങിയ ശേഷം രക്ഷപെട്ടത്.

കോന്നി കുളത്തുമണ്‍ മേഖലയില്‍ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കരിമ്പുലി ഒടുവില്‍ കൂട്ടിലായി. കുളത്തുമണ്‍ സ്വദേശി സന്തോഷിന്റെ വീടിനു സമീപം വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

രാജ്യസഭയിലേക്ക് 10 ബിജെപി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചു. ഉത്തര്‍പ്രദേശില്‍ എട്ടും ഉത്തരാഖണ്ഡിലും പശ്ചിമ ബംഗാളിലും ഓരോ സ്ഥാനാര്‍ത്ഥിയും എതിരില്ലാതെ വിജയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ രണ്ടുപേരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ധന്‍രാജ് നഥ്വാനിയും യുപിയില്‍ നിന്ന് എസ്പി ടിക്കറ്റില്‍ വിജയിച്ചു.

പശ്ചിമ ബംഗാളില്‍ നന്ദിഗ്രാം നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. ബിജെപിക്കായി മത്സരിച്ച ഹസി റാണി രഥ് ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാനെ 1,22,753 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. മിലന്‍ പ്രധാന് 41,674 വോട്ടുകളേ ലഭിച്ചുള്ളൂ. മൂന്നാം സ്ഥാനത്തെത്തിയ സിപിഐ സ്ഥാനാര്‍ത്ഥി സന്തി ഗോപാല്‍ ഗിരി 5,779 വോട്ടു മാത്രം.

തമിഴ്നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് നിയമസഭാ മണ്ഡലങ്ങളിലും ടിവികെയ്ക്ക് ജയം. ധാരാപുരത്ത് 9471 വോട്ടിനും, മധുരാന്തകത്ത് 19,000 വോട്ടിനുമാണ് ടിവികെ ജയിച്ചത്. രണ്ടിടത്തും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട അണ്ണാഡിഎംകെ, ദയനീയ തോല്‍വി ഏറ്റുവാങ്ങി. മുഖ്യമന്ത്രി വിജയ്യുടെ സദ്ഭരണം വോട്ടര്‍മാര്‍ അംഗീകരിച്ചുവെന്നാണ് ടിവികെയുടെ പ്രതികരണം.

ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം ഉണ്ടായതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വെള്ളിയാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. സംഭവങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിക്കണം. പോലീസുകാര്‍ക്കെതിരെ അസഭ്യവര്‍ഷം ഉണ്ടായെങ്കിലും അവര്‍ സഹിഷ്ണുതയോടെ പ്രവര്‍ത്തിച്ചു. അനുമതിയില്ലാതെ നടത്തിയ ഈ പ്രതിഷേധം നിയമവിരുദ്ധമാണെന്ന് ഡല്‍ഹിയിലെ നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കവേയാണ് സോളിസിറ്റര്‍ ജനറല്‍ പറഞ്ഞത്.

സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ അനുമതി വൈകുന്നതിന് ജിയോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കുന്ന ഇന്ത്യന്‍ കോടീശ്വരന്‍ മുകേഷ് അംബാനിയെ ‘പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. നിങ്ങളാണ് ഇന്ത്യയില്‍ യഥാര്‍ത്ഥ ‘ബോസ്’ എന്ന് മനസ്സിലാക്കിയില്ല. ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാന്‍ സ്വാഭാവികമായും നിങ്ങള്‍ ആഗ്രഹിക്കും. എങ്കിലും സ്റ്റാര്‍ ലിങ്കിന് അനുമതി നല്‍കുമോയെന്നും മസ്‌ക് ചോദിച്ചു. വിദ്യാഭ്യാസവും ബിസിനസും മെച്ചപ്പെടുത്താന്‍ സ്റ്റാര്‍ലിങ്കിന്റെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനിവാര്യമാണെന്നും മസ്‌ക്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെ ഉണ്ടായ ഹൂതി ആക്രമണങ്ങളില്‍ പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ആകാശച്ചുഴിയില്‍ വീണ് യാത്രാ വിമാനം. നിരവധി യാത്രാക്കാര്‍ക്ക് ഗുരുതര പരിക്കേറ്റു. വിമാനം അടിയന്തരമായി മിയാമിയിലേക്കു തിരിച്ചുവിട്ടു. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത കൊളംബിയയിലെ മെഡലിനിലേക്ക് പുറപ്പെട്ട ഏവിയാന്‍ക 042 വിമാനമാണ് ആകാശച്ചുഴിയില്‍ വീണത്.

ഫ്ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സഹപൈലറ്റ് ഹമാം അല്‍ ഹമാം ഇസ്രയേലിലെ ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാനാണ് ലക്ഷ്യമിട്ടതെന്ന് അയാളെ ചോദ്യം ചെയ്ത യു എ ഇയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. വിമാനത്തിലുള്ള യാത്രക്കാരടക്കം എല്ലാവരേയും കൊലപ്പെടുത്തനാണ് ബെന്‍ ഗുറിയന്‍ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാന്‍ ഒമാന്‍ സ്വദേശിയായ ഹമാമി പദ്ധതിയിട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നവി പിള്ളയ്ക്കു സമാധാനത്തിനുള്ള നോബല്‍ സമ്മാനം നല്‍കി ആദരിച്ചതിലൂടെ നൊബേല്‍ കമ്മിറ്റി പുരസ്‌കാരത്തിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയെന്നും സ്വയം നാണംകെട്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ അഭിഭാഷകന്‍ ഡേവിഡ് ഷോണിന്റെ കുറിപ്പ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവയ്ക്കുകയായിരുന്നു.

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 41 പന്തില്‍ 82 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ മികവില്‍ ഉയര്‍ത്തിയ 250 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം വിന്‍ഡീസ് നാലു വിക്കറ്റ് നഷ്ടത്തില്‍ 9 പന്ത് ബാക്കി നിര്‍ത്തി മറികടന്നു. ക്യാപ്റ്റന്‍ ഷായ് ഹോപ് 45 പന്തില്‍ 102 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ അഞ്ചാമനായി ക്രീസിലെത്തിയ ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് 37 പന്തില്‍ 84 റണ്‍സടിച്ചു.

ഒക്ടോബര്‍ എട്ടിന് വിദേശനിക്ഷേപകര്‍ വിറ്റൊഴിഞ്ഞത് 13,000 കോടി രൂപ മൂല്യമുള്ള ഓഹരികള്‍. 2026-ല്‍ രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ഒറ്റദിവസത്തെ വിദേശ വിറ്റൊഴിയലാണിത്. മേയ് 29-ന് 21,106 കോടി രൂപയുടെ ഓഹരികളാണ് വിദേശികള്‍ കൈയൊഴിഞ്ഞത്. ഇതോടെ ഒക്ടോബറിലെ ആദ്യ അഞ്ച് വ്യാപാരദിനങ്ങളിലായി വിദേശനിക്ഷേപകരുടെ അറ്റവില്‍പ്പന 37,929 കോടി രൂപയായി. 2026-ല്‍ ഇതുവരെയുള്ള വില്‍പ്പനയാകട്ടെ 4.41 ലക്ഷം കോടിയും. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പെടെയുള്ള ആഭ്യന്തരനിക്ഷേപ സ്ഥാപനങ്ങള്‍ ഒക്ടോബര്‍ എട്ടിന് 10,703 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തു. എന്നിട്ടും വിപണിക്ക് പിടിച്ചുനില്‍ക്കാനായില്ല. സെന്‍സെക്‌സ് ആയിരത്തിലേറെ പോയന്റ് തകര്‍ച്ച നേരിട്ടു. രണ്ടുവര്‍ഷത്തിനിടെ വിദേശനിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് 40 ബില്യണ്‍ ഡോളറാണ് തിരികെക്കൊണ്ടുപോയത്.

6ജി യുഗത്തിനായി തയ്യാറെടുത്ത് ഇന്ത്യന്‍ ടെലികോം കമ്പനിയായ ജിയോ. 2030-ല്‍ ആഗോള മാനദണ്ഡങ്ങള്‍ അന്തിമമാകുന്നതോടെ 6ജി നടപ്പിലാക്കുന്ന ആദ്യ രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടേക്കും. പ്രീ-6ജി സ്റ്റാക്കും ജിഗാ മിമോ റേഡിയോയും കമ്പനി ഇതിനോടകം വികസിപ്പിച്ചു കഴിഞ്ഞു. നിലവിലുള്ള 5ജി നെറ്റ്വര്‍ക്കുകളുടെ അഞ്ച് മടങ്ങ് വരെ ശേഷി 6ജി നെറ്റ്വര്‍ക്കുകള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. കമാന്‍ഡുകളോട് വളരെ വേഗത്തില്‍ പ്രതികരിക്കുന്നതോടൊപ്പം, നെറ്റ്വര്‍ക്കുകള്‍ക്ക് ഒരേസമയം കൂടുതല്‍ ഡാറ്റയും ഉപയോക്താക്കളെയും കൈകാര്യം ചെയ്യാനും കഴിയും. ഡാറ്റാ വേഗതയും മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. തത്സമയ എഐ, ഹോളോഗ്രാഫിക് വീഡിയോ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, മറ്റ് ഡിജിറ്റല്‍ സേവനങ്ങള്‍ എന്നിവയ്ക്കായി ഈ മുന്നേറ്റങ്ങള്‍ പുതിയ സാധ്യതകള്‍ തുറന്നേക്കാം.

വര്‍ത്തമാനകാലത്തെ വാര്‍ത്താ സൃഷ്ടിയും അതിന്റെ പിന്നാമ്പുറത്തെ കഥകളും സംഭവ വികാസങ്ങളാകുന്ന ‘ഉടുമ്പന്‍ചോല വിഷന്‍’ സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. ഒക്ടോബര്‍ 21-ന് തിയേറ്ററുകളില്‍ എത്തും. അന്‍വര്‍ റഷീദിന്റെ സഹ സംവിധായകനായ സലാം ബുഖാരി ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ഈ ചിത്രം കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. മാത്യു തോമസ്, മിലിന്ദ് സോമന്‍, ശ്രീനാഥ് ഭാസി,സിദ്ധിഖ്, ദിലീഷ് പോത്തന്‍, വിശാഖ് നായര്‍, അശോകന്‍, ജിനു ജോസഫ്, ബാബുരാജ്, സുദേവ് നായര്‍, അഭിറാം രാധാകൃഷ്ണന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷഹീന്‍ സിദ്ദീഖ്, ഭഗത് മാനുവല്‍, ഗബ്രി ജോസ്, ഹസ്ലി അമാന്‍, ചൈതന്യ പ്രകാശ്, ജിജിന രാധാകൃഷ്ണന്‍, ശ്രിന്ദ, നീന കുറുപ്പ്, വഫ ഖദീജ റഹ്‌മാന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിയേറ്ററുകളില്‍ വന്‍ വിജയം നേടിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഒടിടി റിലീസിലും ചരിത്ര റെക്കോഡുകള്‍ തിരുത്തിയെഴുതുന്നു. ഒക്ടോബര്‍ ആദ്യവാരം ഡിസ്നി+ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിംഗ് ആരംഭിച്ച ചിത്രം, ആദ്യ ദിനങ്ങളില്‍ തന്നെ ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മലയാള ചിത്രങ്ങളുടെ നിരയില്‍ മുന്നിലെത്തി റെക്കോഡ് വിസിബിലിറ്റി സ്വന്തമാക്കി. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ഫീല്‍ ഗുഡ് റൊമാന്റിക് കോമഡി ചിത്രം ഹോട്ട്സ്റ്റാര്‍ ഇന്ത്യയിലെ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് തുടരുന്നത്. റിലീസ് ചെയ്ത് ആദ്യ ദിനങ്ങളില്‍ തന്നെ ദശലക്ഷക്കണക്കിന് വ്യൂസ് നേടി വന്‍ മുന്നേറ്റമാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ ചിത്രം കാഴ്ചവെക്കുന്നത്. ചിത്രത്തില്‍ ജസ്റ്റിന്‍ എന്ന കഥാപാത്രമായി നിവിന്‍ പോളിയും ആഷ്‌ലിയായി മമിത ബൈജുവുമാണ് എത്തിയത്. സുരേഷ് കൃഷ്ണ, സംഗീത് പ്രതാപ്, വിനയ് ഫോര്‍ട്ട്, ബിന്ദു പണിക്കര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ഹ്യുണ്ടായി ഐ20 സ്വന്തമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അവസരം. ഒക്ടോബറില്‍ കാര്‍ വാങ്ങുന്നവര്‍ക്ക് 65,000 രൂപ വരെ ആനുകൂല്യങ്ങളാണ് ഹ്യുണ്ടായി വാഗ്ദാനം ചെയ്യുന്നത്. ക്യാഷ് ഡിസ്‌കൗണ്ട്, നവരാത്രി ബുക്കിങ് ബോണസ്, എക്സ്ചേഞ്ച്, സ്‌ക്രാപ്പേജ് ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഓഫര്‍. ഹ്യുണ്ടായി ഐ20യുടെ എക്സ്-ഷോറൂം വില 6 ലക്ഷം രൂപ മുതല്‍ 10.69 ലക്ഷം രൂപ വരെയാണ്. അടിസ്ഥാന വകഭേദമായ ഐ20 എറ എംടിക്ക് ആകെ 25,000 രൂപയുടെ ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഐ20 എന്‍ ലൈന്‍ ഉള്‍പ്പെടെയുള്ള മറ്റ് വകഭേദങ്ങള്‍ക്ക് 65,000 രൂപ വരെ വിലമതിക്കുന്ന ഓഫറുകളും. 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ നവരാത്രി ബുക്കിങ് ബോണസ്, 15,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യം, 20,000 രൂപ സ്‌ക്രാപ്പേജ് ആനുകൂല്യം, 15,000 രൂപ അപ്‌ഗ്രേഡ് ബോണസ് എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എക്സ്ചേഞ്ച് അല്ലെങ്കില്‍ സ്‌ക്രാപ്പേജ് ആനുകൂല്യങ്ങളില്‍ ഏതെങ്കിലും ഒന്ന് മാത്രമാണ് ലഭിക്കുക.

ജീവിതം എന്നത് ഒരു കണ്ണാടി വീടാണോ? പൊടുന്നനെ ഒരു നിമിഷംകൊണ്ട് തകര്‍ന്നുടഞ്ഞുപോകുന്ന കണ്ണാടി വീടുകള്‍… എഴുത്തിന്റെ മഹാമാന്ത്രികതയിലൂടെ മലയാളിയെ വിസ്മയിപ്പിച്ച എഴുത്തുകാരനാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. മനസ്സില്‍ കണ്ണാടി വീടുകളുണ്ടാക്കി കളിക്കുന്നവരുടെ ഭയത്തിന്റെയും വേദനയുടെയും ക്രൂരതയുടെയും ചിത്രങ്ങള്‍ വലിഞ്ഞുമുറുകുന്ന നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ ഉള്ളില്‍ തട്ടുംവിധമാണ് ഈ നോവലില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ‘കണ്ണാടി വീടുകള്‍’. പുനത്തില്‍ കുഞ്ഞബ്ദുള്ള. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 375 രൂപ.

നിലക്കടല കൊറിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് പലരും. നിലക്കടല തിന്നാലുടന്‍ വെള്ളം കുടിക്കരുത് എന്നാണ് പറയാറ്. നിലക്കടല പൊതുവെ ഡ്രൈ ആയതിനാല്‍ ദാഹം കൂടും എന്നതാണ് ഒരു കാരണം. നിലക്കടല ശരീരത്തില്‍ ചൂടുണ്ടാക്കുമെന്നും കഴിച്ചയുടന്‍ തണുത്ത വെള്ളം കുടിക്കുന്നത് തൊണ്ടവേദന, വിട്ടുമാറാത്ത ചുമ, അല്ലെങ്കില്‍ ജലദോഷം എന്നിവയ്ക്ക് കാരണമായേക്കാമെന്ന് പഠനങ്ങള്‍ പറയുന്നു. നിലക്കടലയില്‍ പ്രകൃതിദത്തമായ എണ്ണകളും നേര്‍ത്ത പൊടിപടലങ്ങളും അടങ്ങിയിട്ടുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തൊണ്ടയില്‍ നേരിയ അസ്വസ്ഥതയോ ചൊറിച്ചിലോ പെട്ടെന്നുള്ള ചുമയോ ഉണ്ടാക്കിയേക്കാം. മറ്റൊന്ന് നിലക്കടല ശരീരത്തിന് ചൂടാണ് എന്നതാണ്. വെള്ളം കുടിക്കുമ്പോള്‍ അത് ശരീരത്തിന്റെ താപനിലയുടെ ബാലന്‍സ് ഇല്ലാതാക്കും ഇത് ചൂടിനെ കെടുത്തും. പെട്ടെന്നുള്ള ഈ ചൂടും തണുപ്പും ചുമയ്ക്കും ജലദോഷത്തിനും ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകും. പെട്ടെന്നുള്ള ചൂടും തണുപ്പും ചുമയ്ക്കും കാരണമാകും. എന്ന് മാത്രമല്ല ജലദോഷവും ശ്വാസ സംബന്ധിയായ പ്രശ്നങ്ങള്‍ക്കും ഇത്തരത്തില്‍ നിലക്കടല കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് കാരണമാകാറുണ്ട്. നിലക്കടല കഴിച്ചതിന് ശേഷം തൊണ്ടയ്ക്ക് അസ്വസ്ഥതയുണ്ടാകാന്‍ സാധ്യതയുള്ളവര്‍ക്ക് 10 മുതല്‍ 15 മിനിറ്റ് വരെ കാത്തിരിക്കുന്നത് ഗുണകരമായിരിക്കും. തണുത്ത വെള്ളത്തിന് പകരം സാധാരണ താപനിലയിലുള്ള വെള്ളം തിരഞ്ഞെടുക്കുക.

ശുഭദിനം
കവിത കണ്ണന്‍
രണ്ടുപേര്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പുറത്തിറങ്ങി വരികയായിരുന്നു. അപ്പോള്‍ ഒന്നാമന്‍ അഭിമാനത്തോടെ പറഞ്ഞു:”ഞാന്‍ നല്ലൊരു മോഷ്ടാവാണ്.ഇപ്പോള്‍ ആ കടയില്‍ നിന്ന് മൂന്ന് ചോക്ലേറ്റ് ഞാന്‍ മോഷ്ടിച്ചു!”ഇത് കേട്ട രണ്ടാമന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:”അത്രയേയുള്ളൂ? തന്നേക്കാള്‍ മിടുക്കന്‍ ഞാനാണ്. വീണ്ടും ആ കടയില്‍ പോകാം… ഞാന്‍ കാണിച്ചുതരാം.” അങ്ങനെ അവര്‍ വീണ്ടും സൂപ്പര്‍മാര്‍ക്കറ്റിലെത്തി. രണ്ടാമന്‍ നേരെ മാനേജരുടെ അടുത്തെത്തി പറഞ്ഞു: ”എനിക്ക് ഒരു ചോക്ലേറ്റ് തരാമോ? ഞാനൊരു മാജിക് കാണിക്കാം.” മാനേജര്‍ ഒരു ചോക്ലേറ്റ് നല്‍കി. അയാള്‍ അത് കഴിച്ചു. പിന്നെ രണ്ട് ചോക്ലേറ്റുകള്‍ കൂടി വാങ്ങി… അതും കഴിച്ചു. മാനേജര്‍ ചോദിച്ചു: ”ഇതിലെ മാജിക് എന്താണ്?” അയാള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു:”ഞാന്‍ കഴിച്ച മൂന്ന് ചോക്ലേറ്റുകളും…എന്റെ സുഹൃത്തിന്റെ പോക്കറ്റിലുണ്ട്!”മാനേജര്‍ ഞെട്ടി. ഒന്നാമന്‍ നിശബ്ദനായി. സാമര്‍ത്ഥ്യമുണ്ടെന്ന് സ്വയം വിശ്വസിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, നമ്മുടെ സാമര്‍ത്ഥ്യം ആപേക്ഷികമാണെന്ന തിരിച്ചറിവ് വേണം. മുറിമൂക്കുള്ളവന്‍ മൂക്കില്ലാത്തവരുടെ നാട്ടില്‍ രാജാവായിരിക്കാം. പക്ഷേ, മൂക്കുള്ളവരുടെ നാട്ടിലെത്തുമ്പോള്‍ അയാള്‍ ഒരു സാധാരണക്കാരന്‍ മാത്രമായിരിക്കും. അതുകൊണ്ട് മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വന്തം കഴിവിന്റെ അളവ് നിശ്ചയിക്കേണ്ടതില്ല. യഥാര്‍ത്ഥ മിടുക്ക് സ്വന്തം കഴിവുകളെ തിരിച്ചറിയുന്നതിലാണ്. പക്വത സ്വന്തം പരിമിതികളെ അംഗീകരിക്കുന്നതിലാണ്. വളര്‍ച്ച ആവശ്യമായിടത്ത് മാറാന്‍ തയ്യാറാകുന്നതിലാണ്. നമുക്ക് എന്താണ് നന്നായി ചെയ്യാന്‍ കഴിയുന്നത് എന്ന് കണ്ടെത്തുക… ആ കഴിവിനെ വളര്‍ത്തുക…അതിനുള്ള ശരിയായ ഇടം കണ്ടെത്തുക… അവിടെ സ്വന്തം അടയാളം പതിപ്പിക്കുക. നേട്ടങ്ങളില്‍ അമിതമായി അഹങ്കരിക്കാതെയും, നഷ്ടങ്ങളില്‍ തളര്‍ന്നുപോകാതെയും, സ്വന്തം സാധ്യതകളെ തിരിച്ചറിഞ്ഞ് ഓരോ സാഹചര്യത്തിനും അനുസരിച്ച് മാറാന്‍ തയ്യാറാകുന്നവരാണ് യഥാര്‍ത്ഥത്തില്‍ വളരുന്നത്. മറ്റൊരാളേക്കാള്‍ മികച്ചവനാകുന്നതല്ല വിജയം… ഇന്നലത്തെ നമ്മളേക്കാള്‍ മികച്ചവരാകുന്നതാണ് യഥാര്‍ത്ഥ വിജയം. – ശുഭദിനം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *