ഒക്ടോബര് എട്ടിന് വിദേശനിക്ഷേപകര് വിറ്റൊഴിഞ്ഞത് 13,000 കോടി രൂപ മൂല്യമുള്ള ഓഹരികള്. 2026-ല് രേഖപ്പെടുത്തിയ രണ്ടാമത്തെ ഏറ്റവും ഉയര്ന്ന ഒറ്റദിവസത്തെ വിദേശ വിറ്റൊഴിയലാണിത്. മേയ് 29-ന് 21,106 കോടി രൂപയുടെ ഓഹരികളാണ് വിദേശികള് കൈയൊഴിഞ്ഞത്. ഇതോടെ ഒക്ടോബറിലെ ആദ്യ അഞ്ച് വ്യാപാരദിനങ്ങളിലായി വിദേശനിക്ഷേപകരുടെ അറ്റവില്പ്പന 37,929 കോടി രൂപയായി. 2026-ല് ഇതുവരെയുള്ള വില്പ്പനയാകട്ടെ 4.41 ലക്ഷം കോടിയും. മ്യൂച്വല് ഫണ്ടുകള് ഉള്പ്പെടെയുള്ള ആഭ്യന്തരനിക്ഷേപ സ്ഥാപനങ്ങള് ഒക്ടോബര് എട്ടിന് 10,703 കോടി രൂപയുടെ ഓഹരികള് വാങ്ങുകയും ചെയ്തു. എന്നിട്ടും വിപണിക്ക് പിടിച്ചുനില്ക്കാനായില്ല. സെന്സെക്സ് ആയിരത്തിലേറെ പോയന്റ് തകര്ച്ച നേരിട്ടു. രണ്ടുവര്ഷത്തിനിടെ വിദേശനിക്ഷേപകര് രാജ്യത്തെ വിപണിയില്നിന്ന് 40 ബില്യണ് ഡോളറാണ് തിരികെക്കൊണ്ടുപോയത്.
