സസ്പെൻഷനിൽ തുടരുന്ന എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി ജയതിലക് അട്ടിമറിച്ചെന്ന് രേഖ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദ്ദേശം മറികടന്ന് ചട്ടവിരുദ്ധമായ ഇടപെടലിലൂടെയാണ് ജയതിലക് ഈ നീക്കം നടത്തിയതെന്നാണ് വിവരം. ഏപ്രിൽ 24 ന് തന്നെ പ്രശാന്തിന്റെ സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനം എടുത്തിരുന്നു. അന്നത്തെ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ അധ്യക്ഷയായ റിവ്യൂ കമ്മിറ്റിയാണ് സസ്പെൻഷൻ പിൻവലിക്കാൻ ശുപാർശ നൽകിയത്. എന്നാൽ ശാരദ മുരളീധരൻ സ്ഥാനമൊഴിയുകയും ജയതിലക് തൊട്ടുപിന്നാലെ ചീഫ് സെക്രട്ടറിയാവുകയും ചെയ്തു. എൻ പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിനെതിരെ ആണെന്നതിനാൽ, സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയുടെ തലപ്പത്ത് ജയതിലകിന് പകരം അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെയെ സംസ്ഥാന സർക്കാർ ഉൾപ്പെടുത്തി. എന്നാൽ ഇത് നടപ്പാക്കിയില്ല. ചീഫ് സെക്രട്ടറിയായി അധികാരമേറ്റ ജയതിലക് സസ്പെൻഷൻ റിവ്യൂ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം രണ്ട് മതിയെന്ന് ഉത്തരവിറക്കി. ഇതിലൂടെ അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ കമ്മിറ്റിയിൽ നിന്ന് പുറത്താക്കി. തുടർന്ന് ജയതിലകിൻ്റെ അധ്യക്ഷതയിൽ പുതിയ സമിതി മെയ് 5 ന് യോഗം ചേർന്ന് എൻ പ്രശാന്തിൻ്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് കൂടി നീട്ടാൻ തീരുമാനിച്ചു. സസ്പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയും ആവശ്യമുണ്ട് എന്നാൽ ആ അനുമതി തേടിയതായി രേഖകളിലില്ല.
എൻ പ്രശാന്തിനെ സർവീസിൽ തിരിച്ചെടുക്കാനുള്ള ശുപാർശ ചീഫ് സെക്രട്ടറി അട്ടിമറിച്ചെന്ന് രേഖ
