രാത്രി ഉറക്കത്തിന്റെ സമയത്ത് അമിതമായ വെളിച്ചമേല്‍ക്കുന്നത് ഹൃദയത്തിന്റെ ഘടനയെയും പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുമെന്ന് യൂറോപ്യന്‍ ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധപ്പെടുത്തിയ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. അമേരിക്കയിലെ ടുലേന്‍ സര്‍വകലാശാലയിലെ ഡോ. ലു ക്വീയുടെ നേതൃത്വത്തിലുള്ള ഗവേഷണ സംഘമാണ് പഠനം നടത്തിയത്. യുകെ ബയോബാങ്കില്‍ എന്‍ റോള്‍ ചെയ്ത 11071 പേരുടെ ഡേറ്റ ഇതിനായി ഉപയോഗപ്പെടുത്തി. പഠനത്തിന്റെ ആരംഭത്തില്‍ ഇവര്‍ക്ക് ആര്‍ക്കും തന്നെ ഹൃദ്രോഗം ഉണ്ടായിരുന്നില്ല. രാത്രി ഉറങ്ങുമ്പോള്‍ വെളിച്ചം ഏല്‍ക്കേണ്ടി വരാത്തവരുടെയും ഇവരെ അപേക്ഷിച്ച് കുറഞ്ഞത് മൂന്ന് ലക്സ് അധികം വെളിച്ചം ഏല്‍ക്കേണ്ടി വന്നവരുടെയും ഡേറ്റ ഗവേഷകര്‍ താരതമ്യം ചെയ്തു. രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരുടെ ഹൃദയത്തിന് സൂക്ഷ്മമായതും എന്നാല്‍ അളക്കാവുന്നതുമായ നാശം ഉണ്ടായതായി ഗവേഷകര്‍ നിരീക്ഷിച്ചു. പത്ത് വര്‍ഷം കഴിഞ്ഞ് വീണ്ടും ഇവരുടെ ആരോഗ്യ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ കൂടുതല്‍ വെളിച്ചം അടിച്ച ഗ്രൂപ്പിന്റെ ഹൃദയാഘാത സാധ്യത 24 ശതമാനവും പക്ഷാഘാത സാധ്യത 33 ശതമാനവും അധികരിച്ചിരിക്കുന്നതായി കണ്ടെത്തി. ഹൃദയപേശികള്‍ ദുര്‍ബലമാകാനുള്ള സാധ്യതയും ഇവരില്‍ 29 ശതമാനം കൂടുതലാണെന്നും റിപ്പോര്‍ട്ട് പറയുന്നു. രാത്രിയിലെ വെളിച്ചം ശരീരത്തിന്റെ സിര്‍കാഡിയന്‍ റിഥത്തെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് പ്രധാന പ്രശ്നം.
രാത്രിയിലെ വെളിച്ചം ഹൃദയഘടനയെ ബാധിക്കുന്നു
