തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഡിസംബർ ഒന്നിന് സി ഐ ടി യു പാർലമെന്റ് മാർച്ച് നടത്തുമെന്ന് ജനറൽ സെക്രട്ടറി എളമരം കരീം. ലേബർ കോഡ്, തൊഴിലാളി സംഘടനകൾക്ക് എതിരായ കേന്ദ്ര നയങ്ങൾ, മിനിമം വേതന തത്വത്തിന് എതിരായ നടപടികൾ, കരാർ തൊഴിലാളിവത്ക്കരണം എന്നിവയ്ക്ക് എതിരെയാണ് സമരമെന്ന് സി ഐ ടി യു ജനറൽ സെക്രട്ടറി വിവരിച്ചു.

 

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ ലക്ഷദ്വീപ്, ഹൈദരാബാദ് ലക്ഷ്വറി പാക്കേജുകളുടെയും പുതിയ ഓൺലൈൻ ബുക്കിങ് സംവിധാനത്തിന്റെയും ഉദ്ഘാടനം ഈ മാസം 22ന് നടക്കും. കുറഞ്ഞ ചെലവിൽ വിമാനയാത്ര ഉൾപ്പെടെയുള്ള ലക്ഷദ്വീപ് പാക്കേജും ഹൈദരാബാദിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടുത്തിയുള്ള പാക്കേജുമാണ് ഒരുക്കിയിരിക്കുന്നത്.

 

സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പുതിയ ആളുകൾ വന്നതുകൊണ്ട് മാത്രം തിരുത്തൽ ആകില്ലെന്ന് വി കുഞ്ഞികൃഷ്ണൻ എംഎൽഎ. പാർട്ടിയിൽ തിരുത്തൽ വേണ്ടത് നയങ്ങളിലും നിലപാടുകളിലുമാണെന്ന് കുഞ്ഞികൃഷ്ണൻ പ്രതികരിച്ചു. ഒരാൾ നിർദ്ദേശിക്കുകയും ബാക്കിയുള്ളവർ അംഗീകരിക്കുകയും ചെയ്യുന്ന രീതിയിലേക്ക് സിപിഎം മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

കായംകുളം എം എസ് എം കോളജിലെ എസ് എഫ് ഐ നേതാവും എം കോം ഒന്നാം വർഷ വിദ്യാർത്ഥിയുമായ അൽ അമീനെ പുറത്താക്കാൻ കേരള സർവകലാശാല വൈസ് ചാൻസലർ ഉത്തരവിട്ടു. സ്വകാര്യ സ്കൂളിൽ മുഴുവൻ സമയ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവെച്ച് അൽ അമീൻ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതാണ് നടപടിക്ക് ആധാരം

 

കേന്ദ്ര ഗ്രിഡിൽ നിന്നുള്ള ലഭ്യതക്കുറവും ഉയർന്ന ഉപഭോഗവും കാരണം സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം തുടരും. 900 മെഗാവാട്ടിന്റെ കുറവാണ് നിലവിൽ കെഎസ്ഇബി നേരിടുന്നത്.

 

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ കേസെടുത്ത് പൊലീസ്. ആൻ്റോ അ​ഗസ്റ്റിനെ ഒന്നാം പ്രതിയാക്കി ചേർത്തുകൊണ്ടാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ പൊതുസമൂഹത്തിൽ അപമാനിച്ചതിനാണ് കേസ്. ആൻ്റോ അഗസ്റ്റിൻ നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.വാഹനവും, രേഖകളും മോട്ടോർ വാഹനവകുപ്പ് കൂടുതൽ അന്വേഷണത്തിനായി തിരൂർ പൊലീസിന് കൈമാറി.

 

വ്യാജ രേഖ ചമച്ച് രജിസ്ട്രേഷനെത്തിച്ച ബസ് മോട്ടോർ വാഹനവകുപ്പ് ഇൻ്റേണൽ വിജിലൻസ് പിടികൂടി. തിരൂർ ആർടിഒയിൽ ബസ് രജിസ്റ്റർ ചെയ്യാനായിരുന്നു നീക്കം. ബസ്‌ നിർമാണത്തിലെ മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു വാഹന നിർമാണം.

 

 

ആഭ്യന്തരമന്ത്രിയുടെ വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണത്തിൽ പൊലീസ് കേസെടുത്തു. കെ എസ് അരുൺകുമാർ, പോരാളി ഷാജി എന്നിവർക്കെതിരെയാണ് കേസ്. വിദേശയാത്ര സംബന്ധിച്ച വ്യാജ പ്രചാരണം നടത്തി എന്നതിലാണ് കേസ്.

 

തൃശ്ശൂർ ചാവക്കാട് ബസിൽ നിന്ന് തെറിച്ചുവീണ് ഗർഭിണിക്ക് പരിക്കേറ്റു. തേക്കാഞ്ചേരി പുഴങ്ങര ജലീലിൻ്റെ മകൾ ഇരുപതുകാരിയായ ഫാത്തിമക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്.ഇവരെ ഉടൻതന്നെ ഗുരുതര പരിക്കുകളോടെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും തുടരുമെന്ന് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഹിമാചൽ പ്രദേശ് നൽകുന്ന പകൽ സമയത്തെ വൈദ്യുതി രാത്രിയിലെ ഉയർന്ന ഉപഭോഗത്തിന് പരിഹാരമാകില്ല. പ്രതിസന്ധി മറികടക്കാൻ കെഎസ്ഇബി കൂടുതൽ വൈദ്യുതി വാങ്ങാൻ ടെൻഡർ വിളിച്ചിട്ടുണ്ട്.

 

സെപ്റ്റംബർ 19-ഓടെ രാജസ്ഥാനിൽ നിന്ന് കാലവർഷം പിൻവാങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും രൂപപ്പെടുന്ന പുതിയ ന്യൂനമർദങ്ങളുടെ ഫലമായി കേരളത്തിൽ സെപ്റ്റംബർ 16 മുതൽ 20 വരെ മഴയ്ക്ക് സാധ്യതയുണ്ട്.

 

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പുനരുപയോഗ ഊർജത്തിന് മുൻഗണന നൽകി പുതിയ വൈദ്യുതി നയം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളെ ഇഎസ്എ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഐഎഎസ് ഉദ്യോഗസ്ഥരുടെ സേവന സ്ഥിരതയും സർക്കാർ ഉറപ്പാക്കും.

 

കോഴിക്കോട് കെഎസ്ഇബിയുടെ തോട്ടി തട്ടി കാൽനടയാത്രക്കാരിക്ക് ഗുരുതര പരിക്ക്. വടകരയിലെ മണിയൂരിലാണ് സംഭവം. ജീപ്പിൽ കൊണ്ടുപോകുകയായിരുന്ന കെഎസ്ഇബിയുടെ തോട്ടി തട്ടിയാണ് പരിക്കുണ്ടായത്.

 

കോഴിക്കോട് മേപ്പയ്യൂരില്‍ പനി ബാധിച്ച് ഒന്നര വയസ്സുകാരി മരിച്ചു. എടത്തില്‍മുക്ക് പനോളി സമിലിന്റെയും അഞ്ജനയുടെയും മകൾ ധ്രുവയാണ് മരിച്ചത്. പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ടായിരുന്നു മരണം.

 

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ തണ്ണിത്തോട് സ്റ്റേഷനിലെ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. സിപിഒ പ്രവീൺകുമാറിനെതിരെയാണ് നടപടി. ഇന്നലെ രാത്രി കോന്നി കൊന്നപ്പാറയിലാണ് സംഭവം.

 

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറി കേസിലെ സിപിഎം നേതാവ് എം ഗിരീഷിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് ജില്ലാ സെക്രട്ടറി എം മെഹബൂബ് ആരോപിച്ചു. കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു അറസ്റ്റ്.

 

സർക്കാർ ക്ലിനിക്കിലെ ജോലിക്ക് ശമ്പളം വാങ്ങുകയും എന്നാൽ ജോലിക്ക് ഹാജരാകാതെ പിജി പഠനം നടത്തുകയും ചെയ്ത വനിതാ ഡോക്ടറെ ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കി. ക‍ർണാടകയിലെ കോൺ​ഗ്രസ് എംഎൽഎയായ ഉമേഷ് മേട്ടിയുടെ ബന്ധു കൂടിയായ ഡോ. അങ്കിത യാറ​ഗലിനെയാണ് മെഡിക്കൽ ഓഫീസറുടെ ചുമതലയിൽനിന്ന് ഒഴിവാക്കിയത്.

 

കൃഷ്ണ നഗറിൽ പരിപാടിയിൽ പങ്കെടുക്കാനെത്തിയ തൃണമൂൽ എംപി മഹുവ മൊയ്ത്രയ്ക്ക് നേരെ വീണ്ടും മുട്ടയേറും കയ്യേറ്റശ്രമവും നടന്നു. ആക്രമണത്തിന് പിന്നിൽ ബിജെപിയാണെന്ന് ആരോപിച്ച മഹുവ, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ദീപാങ്കർ ദത്തക്കെതിരെ രൂക്ഷവിമർശനവും ഉന്നയിച്ചു.

 

ആദിവാസി സ്കൂൾ ടീക് കരോ’ ക്യാമ്പയിനുമായി ക്രോകോച്ച് ജനതാ പാർട്ടി. നാഗ്പൂരിൽ സിജെപി കണ്‍വീനർ അഭിജീത് ദീപ്കെയാണ് ക്യാമ്പയിൻ പ്രഖ്യാപിച്ചത്. രാജ്യത്തെ ട്രൈബൽ സ്കൂളുകൾ സിജെപി പ്രവർത്തകർ സന്ദർശിക്കുമെന്നും പ്രശ്നങ്ങൾ തുറന്നു കാട്ടാൻ ഇടപെടുമെന്നും അഭിജീത് ദീപ്കെ പറഞ്ഞു.

 

സർക്കാർ സ്ഥാപനങ്ങളിലേക്കും സ്കൂളുകളിലേക്കും ബോംബ് ഭീഷണി സന്ദേശമയക്കുന്ന അന്തർ സംസ്ഥാന സംഘത്തെ പിടികൂടി ഗുജറാത്ത് പൊലീസ്. വ്യാഴാഴ്ച്ച ഗുജറാത്ത് സെക്രട്ടറിയേറ്റിലേക്കെത്തിയ ഭീഷണി സന്ദേശത്തെ തുടർന്നുളള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്

 

യുപിഐ ഇടപാടുകൾക്ക് വ്യാപാരികളിൽനിന്ന് നിരക്ക് ഈടാക്കാനുള്ള തീരുമാനം വിദേശരാജ്യങ്ങളുടെ സ്വാധീനത്തെത്തുടർന്നാണ് ചില ആരോപണങ്ങളുയർന്നിരുന്നു. എന്നാൽ, ഇത് തീർത്തും തെറ്റാണ്. ഇന്ത്യയുടെ യുപിഐ നയതീരുമാനങ്ങളെടുക്കുന്നത് സ്വതന്ത്രമായാണെന്നും കേന്ദ്ര ധനമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

 

 

ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിജെപി നീക്കത്തിൽ എതിർപ്പ് തുടർന്ന് ജെഡിയുവും ചിരാഗ് പാസ്വാൻ്റെ നേതൃത്വത്തിലുള്ള ലോക് ജനശക്തി പാർട്ടിയും. എൻഡിഎക്കുള്ളിൽ ചർച്ച വേണം എന്ന നിലപാടിൽ രണ്ടു കക്ഷികളും ഉറച്ചു നിൽക്കുകയാണ്

 

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മാനേജർ ദിശ സാലിയന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥയെ നിയോ​ഗിച്ചു. ഡൽഹി സിബിഐ ആസ്ഥാനത്തെ സ്പെഷ്യൽ ക്രൈം യൂണിറ്റിലെ എസ്പിയായ സീമ പഹുജയുടെ നേതൃത്വത്തിലായിരിക്കും സിബിഐ കേസിൽ അന്വേഷണം നടത്തുക

 

ബെലഗാവിയിൽ സ്വത്ത് തർക്കത്തെ തുടർന്ന് മുൻ സൈനികനെയും മകളെയും ബന്ധുക്കൾ വെട്ടിക്കൊലപ്പെടുത്തി. അവരാദി ഗ്രാമപഞ്ചായത്ത് ഓഫീസിനുള്ളിൽ വച്ചാണ് രുദ്രപ്പയും മകൾ ശശികലയും ദാരുണമായി കൊല്ലപ്പെട്ടത്

 

പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്സാദ് ഭട്ടി സംഘത്തെ കേന്ദ്ര സർക്കാർ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. ആയുധങ്ങളും ലഹരിമരുന്നുകളും കടത്തുന്നതിലും യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിലും ഇവർ സജീവമായിരുന്നു

 

പാകിസ്ഥാൻ – ചൈന അതിർത്തി കമ്മീഷൻ യോഗം ചേർന്നതായുള്ള റിപ്പോർട്ടുകളിൽ കടുത്ത പ്രതികരണവുമായി ഇന്ത്യ. ചൈന – പാകിസ്ഥാൻ അതിർത്തി കമ്മീഷന് ഒരു നിയമസാധുതയുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി.

 

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ ട്രംപ് ഒരുങ്ങുന്നു. ഇതിനായി ട്രംപിന് അധികാരം നൽകുന്ന ബിൽ യുഎസ് ജനപ്രതിനിധി സഭയിൽ ആദ്യ കടമ്പ കടന്നു. ബില്ലിന്മേലുള്ള അന്തിമ വോട്ടെടുപ്പ് ഇന്ന് നടക്കും

 

സൗദി അറേബ്യയിലെ മക്ക ഉൾപ്പെടെയുള്ള നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതി വിമതർ ആക്രമണം ശക്തമാക്കുകയാണ്. യെമനിൽ സയ്ദി ഭരണകൂടം സ്ഥാപിക്കാനും അമേരിക്കൻ-സൗദി സ്വാധീനം ഇല്ലാതാക്കാനുമാണ് ഇവർ ലക്ഷ്യമിടുന്നത്.

 

മക്കയ്ക്ക് നേരെ നടന്ന ഹൂതികളുടെ ഡ്രോൺ ആക്രമണ ശ്രമത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കടുത്ത ഭാഷയിൽ അപലപിച്ചു. പുണ്യസങ്കേതങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ സൗദി അറേബ്യയ്ക്ക് പാകിസ്ഥാന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *