തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി. അയോഗ്യനാക്കിയതിന് ശേഷം ആദ്യമായി വയനാട്ടിലെത്തിയ രാഹുൽ ജനങ്ങളോട് സംസാരിക്കുകയായിരുന്നു. സത്യമേവ ജയതേ എന്ന പേരിൽ നടക്കുന്ന സമ്മേളനത്തിൽ ആയിരങ്ങളെ സാക്ഷിയാക്കിയാണ് അയോഗ്യനാക്കിയതിന് ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ രാഹുൽ പ്രസംഗിച്ചത്. എംപി സ്ഥാനം കേവലം ഒരു സ്ഥാനം മാത്രമാണ്. ഭരണകൂടത്തിന് തന്റെ സ്ഥാനം ഇല്ലാതാക്കാം വീട് ഇല്ലാതാക്കാം എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ല. ഇന്ത്യയെക്കുറിച്ചുള്ള രണ്ട് കാഴ്ചപ്പാടുകൾ തമ്മിലുള്ള പോരാട്ടമാണ് രാജ്യത്ത് നടക്കുന്നത്. തന്നെ ഭയപ്പെടുത്താനാകില്ല എന്ന് ബിജെപിക്ക് മനസിലായിട്ടില്ല. വീട്ടിലേക്ക് പൊലീസിനെ അയച്ചാലോ ഭവന രഹിതനാക്കിയാലോ താൻ അസ്വസ്ഥനാകുമെന്നാണ് ബിജെപി കരുതുന്നത്. വയനാടിന്റെ എംപി സ്ഥാനത്ത് തുടർന്നാലും ഇല്ലെങ്കിലും വയനാടുമായുള്ള തന്റെ ബന്ധത്തിൽ മാറ്റം വരില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തന്റെ പദവിയോ വീടോ ഇല്ലാതാക്കാം, എന്നാൽ ചോദ്യങ്ങൾ ചോദിക്കുന്നത് ഇല്ലാതാക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി
