ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ രീതിയില്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും അത്തരം കോളുകൾ വരുമ്പോൾ ഒരു വ്യക്തിഗത വിവരവും കൈമാറരുതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മൻ കി ബാത്തിന്റെ 115ാം എപ്പസോഡിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തില്‍ ഒരാള്‍ തട്ടിപ്പ് നടത്തുന്ന ദൃശ്യവുമായാണ് മന് കി ബാത്തില്‍ ഡിജിറ്റല്‍ അറസ്റ്റിനെതിരെ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കിയത്. ദൃശ്യത്തില്‍ കാണുന്നയാള്‍ തട്ടിപ്പിനിരയാക്കുന്ന ആളുടെ സ്വകാര്യ വിവരങ്ങള്‍ തേടുന്നു പരിഭ്രാന്തനായ വ്യക്തി എല്ലാം തുറന്ന് പറയുകയും അയാളുടെ പേരില്‍ പരാതിയുണ്ടെന്നും അറസ്റ്റ് ഒഴിവാക്കണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുന്നു തുടർന്ന് കോടതി അടക്കം സംവിധാനങ്ങളിലേക്ക് കേസ് കൈമാറുന്നതായി കാണിക്കുന്നു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര് ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് മൻ കീ ബാത്തില്‍ പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം കോളുകള്‍ വന്നാല്‍ പരിഭ്രാന്തരാകാതെ ചിന്തിച്ച് പ്രവർത്തിക്കണമെന്നും കഴിയുമെങ്കില്‍ വീഡിയോ കോളിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കണം അല്ലെങ്കില്‍ റെക്കോര്‍ഡ് ചെയ്യണമെന്നും പ്രധാനമന്ത്രി പറഞ്ഞു. പിന്നീട് ദേശീയ സൈബര്‍ ഹെല്പ് ലൈന്‍ നമ്പര്‍ 1930ല്‍ വിവരമറിയിക്കണമെന്നും തുടര്‍ന്ന് cybercrime.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് തെളിവുകളടക്കം പരാതി അയക്കണമെന്നും പ്രധാനമന്ത്രി വിശദീകരിച്ചു.
ഡിജിറ്റൽ അറസ്റ്റ് പോലുള്ള തട്ടിപ്പുകൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് പ്രധാനമന്ത്രി
