ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ടം പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രി ചെന്നിത്തല. മയക്കുമരുന്ന് മാഫിയയെ നേരിടാനുള്ള തൂഫാൻ 2.0 തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ മാസം 28 ന് ആരംഭിക്കും. വാർഡ് തലത്തിൽ തൂഫാൻ സമിതികൾ രൂപീകരിച്ച് പദ്ധതി നടപ്പിലാക്കും.

 

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്. വിദേശ പണ ഇടപാടിൽ നടന്നത് വലിയ ചട്ട ലംഘനമെന്നാണ് കണ്ടെത്തൽ. ബാങ്ക് ഗ്യാരന്‍റി ഒഴിവാക്കാൻ സർക്കാർ കൂട്ട് നിന്നുവെന്നും സ്പോൺസർക്ക് ലാഭം ഉണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്‌തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ചിറയിൻകീഴ് എം എൽ എ രമ്യ ഹരിദാസും കോൺഗ്രസ് നേതാക്കളും തമ്മിലുണ്ടായ തമ്മിലടി വിഷയം ഗൗരവമായി കാണുന്നുവെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്. സംഭവത്തിൽ സംഘടന മര്യാദ പാലിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ 3 അംഗ സമിതിയെ നിയോഗിച്ചതായും സണ്ണി ജോസഫ് വ്യക്തമാക്കി.

 

മുട്ടിൽ മരംമുറിക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ ബത്തേരി കോടതിയിൽ ഹാജരായി. റോജി അഗസ്റ്റിൻ, ജോസൂട്ടി അഗസ്‌റ്റിൻ, ആൻ്റോ അഗസ്റ്റിൻ എന്നിവരാണ് ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായത്. പൊലീസ് കുറ്റപത്രം സമർപ്പിച്ച 42 കേസുകളിൽ വിചാരണ തുടങ്ങുന്നതിന് മുന്നോടിയായാണ് നടപടി

 

കയ്പ്പമംഗലത്ത് ദേശീയപാതയിൽ എട്ട് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ പൊലീസ്-മോട്ടോർ വാഹന വകുപ്പുകളുടെ അന്വേഷണം തുടങ്ങി. ദേശീയപാത അതോറിറ്റിയുടെയും കരാർ കമ്പനിയുടെയും ഭാഗത്ത് വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കും. അതേസമയം, നടുറോഡിൽ അനധികൃതമായി ചരക്ക് ലോറി നിർത്തിയിട്ട ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.

 

കയ്പ്പമംഗലത്തുണ്ടായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ദേശീയപാതകളിൽ അടിയന്തരമായി സംയുക്ത പരിശോധന നടത്താൻ തൃശൂർ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. എൻ എച്ച് എ ഐ പ്രോജക്ട് ഡയറക്ടർ, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പരിശോധന നടത്തുക.

 

മുഖ്യമന്ത്രി വി ഡി സതീശന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകൾ നീക്കം ചെയ്തതിനെതിരെ അദ്ദേഹത്തിന്റെ ഓഫീസ് മെറ്റയ്ക്കും കേന്ദ്ര ഐടി മന്ത്രാലയത്തിനും കത്തയച്ചു. പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും കാരണം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

 

മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് ബന്ദിപ്പൂർ വനമേഖലയിൽ രാത്രി കേടായി. വന്യമൃഗ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് കുടുങ്ങിയ 32 യാത്രക്കാരെ വയനാട് പൊലീസും കെ.എസ്.ആർ.ടി.സിയും ചേർന്ന് സമയോചിതമായി ഇടപെട്ട് രക്ഷപ്പെടുത്തി.

 

കേരളത്തിൽ വിശാല സംസ്ഥാന സമിതി യോ​ഗത്തിൽ നേതൃമാറ്റം അജണ്ടയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് പാർട്ടി കേന്ദ്ര നേതാക്കൾ. പാർട്ടി മുന്നോട്ട് പോകാനുള്ള തിരുത്തലുകളാകും സംസ്ഥാനത്ത് ചർച്ച ചെയ്യുക. ഇന്നലെയും ഇന്നുമായി നടന്ന പോളിറ്റ് ബ്യൂറോ യോ​ഗത്തിലും കേരളത്തിലെ സംഘടനാ മാറ്റങ്ങളൊന്നും ചർച്ചയ്ക്ക് വന്നില്ലെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

 

ഇടതുപക്ഷം കേരളത്തിന്റെ വികസനത്തിന് തടസ്സമുണ്ടാക്കിയെന്നും ഇത് സംസ്ഥാനത്തെ പത്ത് വർഷം പിന്നോട്ടടിച്ചെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആരോപിച്ചു. വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നിയമനിർമ്മാണം നടത്തുമെന്നും ഭരണമാറ്റത്തിലൂടെ യുഡിഎഫ് ഈ തകർച്ചകൾ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ലോൺ തട്ടിപ്പിന് ഇരയായ മാനന്തവാടി പനവല്ലി സ്വദേശി തോമസിന്റെ വീട്ടിൽ എച്ച്ഡിഎഫ്സി ബാങ്ക് ജപ്തി നടപടിക്കെത്തി. ബാങ്ക് ഉദ്യോഗസ്ഥരെ തടഞ്ഞ നാട്ടുകാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ജപ്തി നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു. ഈ മാസം ഒൻപതിന് ഇരകളുമായി ബാങ്ക് ചർച്ച നടത്തുമെന്ന് ഉറപ്പ് നൽകി.

 

വണ്ടൂരില്‍ പി വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവറെയും കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതിയെ ചിക്ക്‌മംഗളൂരുവില്‍ നിന്ന് പൊലീസ് പിടികൂടി. വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കേസിലെ ഒന്നാം പ്രതിയടക്കം രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്.

 

മഞ്ചേശ്വരം ഹൊസങ്കടിയിൽ കർണാടക സ്വദേശിയായ രമേശ് എന്ന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തലയ്ക്കും നെഞ്ചിനും ഏറ്റ മാരകമായ മുറിവുകളാണ് മരണകാരണം. കൂടെ താമസിച്ചിരുന്നയാൾ കർണാടകയിലേക്ക് കടന്നതായി സംശയിക്കുന്ന പോലീസ്, ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

 

കുണ്ടറ പൊലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ. സാരഥി ജംഗ്ഷന് സമീപത്ത് നിന്നാണ് വൈജേഷിനെ പിടികൂടിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. ലോക്കപ്പ് പൂട്ടാൻ മറന്നതിനെ തുടർന്നാണ് കസ്റ്റഡിയിൽ നിന്ന് പ്രതി ഓടി രക്ഷപ്പെട്ടത്.

 

എറണാകുളം ശിവക്ഷേത്രത്തിൽ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. ദേവസ്വം ഓഫീസർക്കും സഹായിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് ക്ഷേത്ര ഉപദേശക സമിതി ദേവസ്വം മന്ത്രിക്ക് പരാതി നൽകി.

 

 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ദില്ലിയിൽ ശക്തമായ കാറ്റോടുകൂടിയ മഴ തിങ്കളാഴ്ച വരെ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പ്രതികൂല കാലാവസ്ഥ ദേശീയ തലസ്ഥാനത്തെ റോഡ്, റെയിൽ, വ്യോമ ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്

 

സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. വൈകുന്നേരം 6 മണിക്കും രാത്രി 12 മണിക്കും ഇടയിൽ നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് മുന്നറിയിപ്പ്

 

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. കൂട്ടായ നേതൃത്വമാണ് പാർട്ടിക്കെന്നും ഗുണവും ദോഷവും കൂട്ടായി ഏറ്റെടുക്കണമെന്നും എ വിജയരാഘവൻ പറഞ്ഞു. നേരത്തെ അത് കേന്ദ്ര കമ്മറ്റി തന്നെ ഏറ്റെടുത്തിരുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.

 

ഛത്തീസ്ഗഡ് ജിറം വാലി കൂട്ടക്കൊലക്കേസിൽ 10 പ്രതികളും കുറ്റക്കാരെന്ന് എൻഐഎ കോടതി. 2013ലെ മാവോയിസ്റ്റ് ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടിരുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കൾ അടക്കമുള്ളവരാണ് 2013ലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

ദില്ലിയിലെ സിജെപി സമരത്തിനെ പൊലീസ് നേരിട്ട രീതിയെ വിമർശിച്ച് സുപ്രീംകോടതി ജഡ്ജി. പ്രതിഷേധക്കാരെ പൊലീസ് നേരിടുന്ന കാഴ്ചകൾ വേദനജനകവും ആശങ്ക ഉയർത്തുന്നതെന്നും ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ വിമർശിച്ചു. ഇതിനിടെ, സിജെപി പ്രതിഷേധത്തിലെ അതിക്രമത്തിൽ പ്രതിയായ സ്വതന്ത്ര ഭരത്വാജിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

 

വിജയ് മന്ത്രിസഭയിൽ ചേരണമെന്ന അഭ്യർത്ഥന വീണ്ടും തള്ളി ഇടതുപാർട്ടികൾ. മന്ത്രിസഭയ്ക്ക് പുറത്തുനിന്ന് പിന്തുണ നൽകുന്നത് തുടരുമെന്ന് ഇടതുനേതാക്കൾ അറിയിച്ചു. സിപിഎമ്മിൻ്റേയും സിപിഐയുടെയും ഏകോപന സമിതി യോഗത്തിന് ശേഷമാണ് സംസ്ഥാന സെക്രട്ടറിമാരുടെ പ്രഖ്യാപനം.

 

മല്ലികാർജുൻ ഖർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി തുടരും. രാജ്യസഭാ ചെയർമാൻ പാർലമെന്ററി സമിതികൾ പുനസംഘടിപ്പിച്ചതോടെയാണ് ഈ തീരുമാനം. കേരളത്തിൽ നിന്നുള്ള എംപിമാരായ ജോൺ ബ്രിട്ടാസും ജോസ് കെ മാണിയും എം പി ലാഡ്സ് സമിതിയിൽ അംഗങ്ങളായി

 

തമിഴ്നാട് ഈറോഡിൽ സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച സ്കൂളിലെ മുൻ പാചകത്തൊഴിലാളിയുടെ ഭർത്താവ് അറസ്റ്റിൽ. ഈറോഡ് സ്വദേശി ബി അറുമുഖം ആണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ ആലമ്മാളിനെ അടുത്തിടെ സ്കൂളിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയിലാണ് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സാമ്പാറിൽ വിഷം കലർത്താൻ ശ്രമിച്ചത്.

 

രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി സ്റ്റോക്ക് കുറയുന്നു. രാജ്യത്തെ 50 താപവൈദ്യുത യൂണിറ്റുകളിൽ കൽക്കരി സംഭരണം ക്രിട്ടിക്കൽ നിലയിലെത്തിയതായി കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ

 

ബൊളീവിയയിലെ സൈനിക ക്യാമ്പിൽ വൻ സ്ഫോടനം. പത്തിലേറെ പേർക്ക് ഗുരുതര പരിക്ക്. രണ്ട് പേർ കൊല്ലപ്പെട്ടു. ബൊളീവിയയിലെ ലാ പാസിന് സമീപമുള്ള വിയാച്ച മുനിസിപ്പാലിറ്റിയിലെ സൈനിക ക്യാമ്പിലാണ് വൻ സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്.

 

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *