സാധാരണ ആരോഗ്യവാന്മാരായ ആളുകളുടെ കാലില്‍ ചെറിയൊരു മുറിവുണ്ടാകുന്നതു പോലെയല്ല, പ്രമേഹ രോഗികളില്‍ കാലിലുണ്ടാകുന്ന ചെറിയ മുറിവുകള്‍ പോലും കൂടുതല്‍ ശ്രദ്ധിക്കണം. പ്രമേഹം കാലിലെ നാഡികളെയും രക്തക്കുഴലുകളെയും ബാധിക്കാം. ഇതുമൂലം മുറിവ് വൈകി ശ്രദ്ധിക്കപ്പെടാനും സുഖപ്പെടാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യാം. പ്രമേഹത്തിന്റെ ഒരു പ്രധാന സങ്കീര്‍ണതയാണ് പെരിഫറല്‍ ന്യൂറോപ്പതി. കാലുകളിലേക്കുള്ള ഞരമ്പുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതു മൂലം തരിപ്പ്, മരവിപ്പ്, രാത്രി കാലങ്ങളില്‍ പുകച്ചില്‍ എന്നിവയുണ്ടാകാം. സ്പര്‍ശന ശേഷി കുറയുന്നത് കാരണം ചെരിപ്പ് അറിയാതെ ഊരിപ്പോകുന്നതോ കാല്‍ എവിടെയെങ്കിലും തട്ടി മുറിവുകള്‍ ഉണ്ടാകുന്നതോ പെട്ടെന്ന് ശ്രദ്ധയില്‍പെടില്ല. മാത്രമല്ല, ചൂടുവെള്ളം ഒഴിക്കുമ്പോള്‍ പൊള്ളലേല്‍ക്കാനും സാധ്യതയുണ്ട്. പെരിഫറല്‍ വാസ്‌കുലാര്‍ ഡിസീസ് വന്നാല്‍ കാലുകളിലേക്കുള്ള രക്തധമനികളില്‍ തടസ്സം ഉണ്ടാകുകയും രക്തയോട്ടം കുറയുകയും ചെയ്യുന്നത് മുറിവുകള്‍ ഉണങ്ങാന്‍ വൈകുന്നതിന് കാരണമാകാം. രക്തയോട്ടം കുറവുള്ള സാഹചര്യത്തില്‍ അണുബാധയെ ചെറുക്കാന്‍ ആവശ്യമായ പ്രതിരോധശേഷിയും ബാധിക്കപ്പെടാം. ദിവസവും പാദങ്ങളില്‍ മുറിവോ തടിപ്പോ ചുവപ്പോ ഉണ്ടോയെന്ന് പരിശോധിക്കണം. കാല്‍ കഴുകാന്‍ ഇളംചൂടുള്ള വെള്ളമോ തണുത്ത വെള്ളമോ ഉപയോഗിക്കാം. കാല്‍ കഴുകിയ ശേഷം നന്നായി തുടച്ചു ഉണക്കുകയും വേണം.
