ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വസതിയില്‍വെച്ച് തന്നെ മര്‍ദിച്ചെന്ന രമ്യഹരിദാസ് എംഎല്‍എയുടെ പരാതിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അടക്കം 7 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എസ്സി, എസ്റ്റി വകുപ്പടക്കം ജാമ്യമില്ലാത്ത വകുപ്പാണ് ചുമത്തിയത്. വസ്ത്രം ഉള്‍പ്പെടെ വലിച്ചുകീറി എന്നും കയ്യില്‍ പിടിച്ചെന്നും വീട്ടിലേക്ക് ക്ഷണിച്ചു വരുത്തിയാണു തന്നെ ആക്രമിച്ചതെന്നും രമ്യ ഹരിദാസ്.
രമ്യ ഹരിദാസ് എംഎല്‍എ പ്രകോപിതയായി പ്രശ്നങ്ങളുണ്ടാക്കിയെന്നും ആരും എംഎല്‍എയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത് മുട്ടപ്പലം. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സജാദിനെ വീട്ടിലേക്ക് കുട്ടികൊണ്ടുപോയത് എംഎല്‍എയും പാളയം പ്രദീപുമാണ്. പല ഇടപാടുകളിലും പാളയം പ്രദീപ് ഇടനിലക്കാനായി പ്രശ്നങ്ങളുണ്ടാക്കുകയാണെന്നും സജിത് മുട്ടപ്പലം ആരോപിച്ചു.
തൃശൂര്‍ കയ്പമംഗലത്ത് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടുപേരും വിദ്യാര്‍ത്ഥികള്‍. വിനോദയാത്രയ്ക്കായി കേരളത്തില്‍ എത്തിയ ദിണ്ടിഗലിലെ പിഎസ്എന്‍എ എഞ്ചിനീറിങ് കോളേജ് വിദ്യാര്‍ത്ഥികളാണു മരിച്ചത്. സേലം സ്വദേശി വിശ്വ (20), ദിണ്ടിഗല്‍ സ്വദേശി സൂര്യ (20), മധുര സ്വദേശി സന്തോഷ് (20), മധുര സ്വദേശി പ്രസന്ന, ദിണ്ടിഗല്‍ സ്വദേശി യുവസഞ്ജിത് (20) എന്നിവരാണ് മരിച്ചത്. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. നിര്‍മാണം പുരോഗമിക്കുന്ന ദേശീയപാത 66ലെ ഡൈവേര്ഷന് ഭാഗത്തായിരുന്നൂ തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചു തകര്‍ന്നത്.
സംസ്ഥാന സ്കൂള്‍ കായികമേളയുടെ വേദി കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് മാറ്റി. കണ്ണൂരില്‍ ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മേള കോഴിക്കോട്ടേക്ക് മാറ്റിയതെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്. കോഴിക്കോട്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ലോകഭൂപടം പുതുക്കി. ആഫ്രിക്കയുടെ വലിപ്പം കൂടുതല്‍ കൃത്യമായി കാണിക്കുന്ന പുതിയ ലോകഭൂപടത്തിന് ഐക്യരാഷ്ട്രസഭ അംഗീകാരം നല്കി. 2018 ലെ ‘ഈക്വല്‍ എര്‍ത്ത്’ രൂപകല്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള പ്രമേയമാണ് അംഗീകരിച്ചത്. ഇതോടെ 16-ാം നൂറ്റാണ്ടിലെ മെര്‍ക്കേറ്റര്‍ ഭൂപടം റദ്ദാക്കി. ഇന്ത്യയുള്‍പ്പടെ164 രാജ്യങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു.
പിഎം ശ്രീയില്‍ പുതുതായി സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്. തീരുമാനം എടുത്താല്‍ എല്ലാവരേയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ്, യുഡിഎഫ്, കെപിസിസി യോഗങ്ങളിലെ വിമര്‍ശനത്തിലാണ് മന്ത്രിയുടെ പ്രതികരണം.
കണ്ണൂരില്‍ മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യയോഗം ഇന്നു നാലിനു ചേരും. കെഎപി നാലാം ബറ്റാലിയന്റെ ആസ്ഥാനമായ കണ്ണൂരിലെ ധര്‍മ്മശാലയിലാണ് യോഗം. കെഎപി നാലാം ബറ്റാലിയന് കമാന്‍ഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലാണ് അന്വേഷണം.
കൊച്ചിയില്‍ മാളുകളിലെ തിയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി വകുപ്പിന്റെ പരിശോധന. തിയേറ്ററുകളില്‍ ഭക്ഷ്യോത്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി.
തൃക്കാക്കര ഭാരത മാതാ കോളേജിലെ വിദ്യാര്‍ത്ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ നാലോ അഞ്ചോ അംഗങ്ങളുള്ള രഹസ്യ സംഘം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാര്‍. ബന്ധുക്കളുടെ അടക്കമുള്ള ഫോട്ടോകള്‍ ഇത്തരത്തില്‍ മോര്‍ഫ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതിലൂടെ പ്രതികള്‍ സാമ്പത്തിക ലാഭം നേടിയതായി തെളിവുകളില്ലെന്നും അദ്ദേഹം അറിയിച്ചു.
സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥി പിടിയില്‍. ഏറ്റുമാനൂര്‍ മംഗളം കോളേജിലെ നാലാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥി അജ്മലാണ് പിടിയിലായത്. ഫോണില്‍ സഹപാഠികളുടെ ചിത്രം മോര്‍ഫ് ചെയ്ത് സൂക്ഷിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ ചിത്രങ്ങള്‍ കണ്ടതോടെ പൊലീസില്‍ വിവരം അറിയിക്കുയായിരുന്നു.
അധ്യാപക ദിനത്തില്‍ അധ്യാപക സമൂഹത്തിന് ആശംസകള്‍ നേരുന്നതിനൊപ്പം, വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവല്‍ക്കരണത്തിനും വര്‍ഗീയ പ്രവണതകള്‍ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി റോജി എം. ജോണ്‍. അധികാരത്തിന്റെ ഉന്നതപീഠങ്ങളേക്കാള്‍ അധ്യാപനത്തിന്റെ നന്മയില് വിശ്വസിച്ച മുന്‍ രാഷ്ട്രപതി ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ സ്മരണ പുതുക്കിയാണ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്.
മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രഡറി കെ പോള്‍ ചെയര്‍മാനായുള്ള സമിതിയാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്.
പാര്‍ട്ടിയിലെ ഒരുവിഭാഗം അണികള്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നു പിണറായി വിജയന് പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്ന് സിപിഎം നേതാവ് സജി ചെറിയാന്. അവരെക്കുറിച്ചാണ് പിണറായി പറഞ്ഞത്. പാര്‍ട്ടിയിലെ ചെറിയവിഭാഗം മാറി വോട്ട് ചെയ്തതുകൊണ്ടാണല്ലോ അവര്‍ വിജയിച്ചത്. അത് ചെയ്യാന്‍ പാടില്ലായിരുന്നു. അത് തെറ്റായിപ്പോയി. അതാണ് പിണറായി വിജയന് സൂചിപ്പിച്ചതെന്നും സജി ചെറിയാന്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ശുദ്ധീകരണം ആവശ്യമെന്ന് പി. ജയരാജന്. അണികളുടെ അഭിപ്രായം കേട്ട് തിരുത്തല്‍ നടത്തുമെന്നും, രാഷ്ട്രീയ സ്വാധീനത്തില്‍ ഇടത് പക്ഷം എന്തുകൊണ്ട് പിന്നിലായെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കയ്പമംഗലത്ത് നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് എട്ടു വിദ്യാര്‍ഥികളുടെ ജീവന് പൊലിഞ്ഞ സംഭവത്തില്‍ ലോറി ഉടമയ്ക്കും ഡ്രൈവര്‍ക്കുമെതിരേ കേസെടുക്കും. പാര്‍ക്കു ചെയ്യാന്‍ പാടില്ലാത്ത റോഡിലാണ് ലോറി പാര്‍ക്കു ചെയ്തിരുന്നത്. പണി നടക്കുന്ന ദേശീയപാത അതോറിറ്റി സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരുന്നില്ല. അപകടത്തിനുശേഷം മാത്രമാണ് ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.
കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല അതോറിറ്റിയുടെ ഭാഗത്ത് നിന്നുള്ള പലപ്പോഴുമുള്ള പെരുമാറ്റമെന്ന് മന്ത്രി പറഞ്ഞു. സംഭവത്തില്‍ ദേശീയപാത അതോറിറ്റിക്ക് വീഴ്ചയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീസുരക്ഷാനിയമം രമ്യാഹരിദാസ് ദുരുപയോഗം ചെയ്യുകയാണെന്നും ജില്ലാ പഞ്ചായത്ത് അംഗം സജിത്തിനെ അറസ്റ്റ് ചെയ്താല്‍ പോലീസ് സ്റ്റേഷന് ഉപരോധിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍. സംസ്ഥാന നേതൃത്വത്തെ നിലപാട് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരള സര്‍വകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തിലും സര്‍വകലാശാകളില്‍ സംഘപരിവാര്‍ അജണ്ട നടപ്പാക്കുന്നതിനെതിരേയും പിണറായി വിജയന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ചു.
വണ്ടൂരില്‍ പി.വി അബ്ദുള്‍ വഹാബ് എംപിയുടെ ഡ്രൈവറെയും ഡ്രൈവറുടെ കുടുംബത്തെയും മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതി പിടിയില്‍. കരുണായപ്പടി സ്വദേശി പുലാടന്‍ ഹൗസില്‍ ഇബ്നു റാഷിദ് (35) നെയാണ് കഴിഞ്ഞദിവസം ചിക്കമംഗളൂരുവില്‍നിന്ന് പൊലീസ് പിടികൂടിയത്. കേസിലെ ഒന്നാംപ്രതി വിഷ്ണു അടക്കം രണ്ട് പേര് ഒളിവിലാണ്.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാറുടെ പരാമര്‍ശം വിവാദമാക്കിയതിന് പിന്നില്‍ പ്രൊപഗണ്ടയാണെന്നു സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. കാന്തപുരത്തിനെതിരായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സമസ്ത മുഷാവറ അംഗം നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
തിരുവനന്തപുരം അമ്പൂരി ജംഗ്ഷന് സമീപത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന സ്വകാര്യ ക്ലിനിക്ക് പഞ്ചായത്ത് അധികൃതര്‍ പൂട്ടി. ആശുപത്രി നടത്തിപ്പുകാരന് അലോപ്പതി ലൈസന്‍സില്ലാത്ത വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയതോടെയാണ് പഞ്ചായത്ത് ഹെല്‍ത് വിഭാഗം നടപടിയെടുത്തത്.
സംസ്ഥാന സ്കൂള്‍ കായികമേളയുടെ വേദി കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കു മാറ്റിയതില്‍ ശക്തമായ എതിര്‍പ്പുമായി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യന്. വേദി മാറ്റം അറിയിച്ചിട്ടില്ലെന്നും മേളയ്ക്കുള്ള മുന്നൊരുക്കങ്ങള്‍ കണ്ണൂരില്‍ തുടങ്ങിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
വടകരയ്ക്ക് സമീപം മുക്കാളി റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ ട്രാക്കിലേക്ക് ലോറി മറിഞ്ഞു. രാവിലെ ഏഴരയോടെയാണ് സംഭവം. അപകടത്തെത്തുടര്‍ന്ന് കണ്ണൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം 45 മിനിറ്റോളം തടസപ്പെട്ടു.
തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പഞ്ചായത്ത് പ്രസിഡന്റിനെ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു. കന്നനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായ മഹാരാജന് ആണ് കൊല്ലപ്പെട്ടത്.
വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ബെംഗളൂരുവില്‍ താമസിക്കുന്ന യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ചതായും ഇത് ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയതായും പരാതി. പ്രതികള്‍ ബന്ദിയാക്കിയ യുവതിയെ പൊലീസ് മോചിപ്പിച്ചു. സംഭവത്തില്‍ രണ്ട് സ്ത്രീകളടക്കം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗാളില്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് വീടുകളിലെ പ്രാര്‍ത്ഥനായോഗങ്ങള്‍ നിര്‍ത്തിവെച്ച് ക്രിസ്ത്യന്‍ സംഘടനകള്‍. ഹൗറ, പൂര്‍വ്വ വര്ദ്ധമാന്, പൂര്‍വ്വ മേദിനിപൂര്‍ തുടങ്ങി വിവിധ ജില്ലകളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ക്കും വീടുകള്‍ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകള്ക്കുമെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടായിരുന്നു.
ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത പൊതുസമ്മേളന വേദിയില്‍ ‘ശുദ്ധീകരണം’ നടത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡ് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. ബെംഗളൂരു വിധാനസൗധ പൊലീസാണ് സംഭവത്തില്‍ ‘സീറോ എഫ്ഐആര്‍’ രജിസ്റ്റര്‍ ചെയ്തത്. ആദിവാസി കോണ്‍ഗ്രസ് മുന്‍ ദേശീയ ഉപാധ്യക്ഷന്‍ ടി ആര് രാമപ്പ ഓഗസ്റ്റ് 31-ന് നല്കിയ പരാതിയിലാണ് പൊലീസ് നടപടി.
ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരില്‍ ജില്ലാ മജിസ്ട്രേറ്റ് ഓഫീസ് വളപ്പിലെ മുസ്ലീം പള്ളി പൊളിച്ചുനീക്കി. അനധികൃത നിര്‍മാണമെന്നു കണ്ടെത്തി മജിസ്ട്രേറ്റാണ് പള്ളി പൊളിച്ചുനീക്കാന്‍ ഉത്തരവിട്ടത്. വിവരമറിഞ്ഞ് സ്ഥലത്തേക്ക് തിരിക്കാന്‍ ഒരുങ്ങിയ സമാജ് വാദി പാര്‍ട്ടി എംപി ഇഖ്റ ഹസ്സനെ പൊലീസ് വീട്ടുതടങ്കലിലാക്കി.
ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ കുടിവെള്ള വിതരണവും കൃഷിയും സുഗമമാക്കുന്നതിനായി സിന്ധു നദിക്ക് കുറുകെ ഇന്ത്യ ആദ്യമായി പാറക്കെട്ടുകള്‍ ഉപയോഗിച്ച് തടയണ നിര്‍മ്മിച്ചു. ലേയിലെ ഉപ്ഷിയിലാണ് തികച്ചും പ്രകൃതിദത്തമായ രീതിയില്‍ സിമന്റ് ഉപയോഗിക്കാതെ വലിയ പാറക്കല്ലുകള്‍ അടുക്കിവച്ച് തടയണ നിര്‍മ്മിച്ചത്.
സെക്കന്തരാബാദിലെ കരസേന കേന്ദ്രത്തില്‍ നടന്ന ആയുധമോഷണത്തെക്കുറിച്ച് എന്‍ഐഎ സംഘം സൈനിക ക്യാമ്പില്‍ എത്തി പ്രാഥമിക വിവരശേഖരണം നടത്തി. തെലങ്കാന പോലീസ്, കരസേന ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ളവരുമായി യോഗം ചേര്‍ന്നതായി വിവരം. കന്റോണ്മെന്റില് നിലവിലെ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി.
ഖത്തറിലെ ദോഹയില്‍ നിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തിയ ഇന്‍ഡിഗോ വിമാനം വഴിതിരിച്ചു വിട്ടു. വിമാന ജീവനക്കാരന് അടിയന്തരമായി വൈദ്യസഹായം ആവശ്യമായി വന്നതിനെ തുടര്‍ന്നാണ് വിമാനം മസ്കറ്റിലേക്ക് തിരിച്ചുവിട്ടത്.
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1344 ആയി. ടിബറ്റില്‍ 31 മരണം കൂടി ചൈനീസ് സര്‍ക്കാര്‍ ഇന്ന് സ്ഥിരീകരിച്ചു. ഗിറോങ് ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്ന 31 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
ബ്രസീലിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരം ഇന്ത്യന്‍ ടീമിന് ഏറെ കാര്യങ്ങള്‍ പഠിക്കാനുള്ള അവസരമൊരുക്കുമെന്ന് ബ്രസീലിന്റെ മുന്‍ നായകന് കഫു. ബ്രസീലും ഇന്ത്യയും തമ്മിലുള്ളത് മികച്ച മത്സരമായിരിക്കുമെന്നും തീര്‍ച്ചയായും ഈ മത്സരം ഇന്ത്യന്‍ ജനതക്കും ദേശീയ ടീമിനും നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണപ്പണയ വായ്പ വിപണിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. സംഘടിത മേഖലയിലെ ബാങ്കുകളും എന്‍ബിഎഫ്സികളും നല്കുന്ന ഗോള്‍ഡ് ലോണുകളുടെ മൂല്യം അഞ്ചു വര്‍ഷം കൊണ്ട് നാലു മടങ്ങ് വര്‍ധനയാണ് കൈവരിച്ചത്. എന്നിരുന്നാലും, മൊത്തം സ്വര്‍ണപ്പണയ വിപണിയുടെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് ഇനിയും സംഘടിത മേഖലയ്ക്ക് കൈവശപ്പെടുത്താന്‍ സാധിച്ചിട്ടുള്ളത് എന്നത് ഈ രംഗത്തെ വന്‍ സാധ്യതകളിലേക്ക് വിരല്‍ ചൂണ്ടുന്നു. രാജ്യത്തെ മൊത്തം ഗോള്‍ഡ് ലോണ്‍ വിപണി പരിശോധിക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഏറ്റവും ഉയര്‍ന്ന വിഹിതം കൈയ്യാളുന്നത്. മുമ്പ് എന്‍ബിഎഫ്സികള്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ഈ മേഖലയിലേക്ക് പൊതുമേഖലാ ബാങ്കുകളും മുന്‍നിര സ്വകാര്യ ബാങ്കുകളും സജീവമായി രംഗത്തിറങ്ങിയതാണ് വായ്പകളില്‍ വലിയ വര്‍ധനയുണ്ടാക്കിയത്. ബാങ്കുകളുടെ മൊത്തം വായ്പാ പോര്‍ട്ട്ഫോളിയോയില്‍ സ്വര്‍ണപ്പണയ വായ്പകളുടെ വിഹിതം വലിയ തോതില്‍ വര്‍ധിച്ചു.
യു.എസ്. ടെക് കമ്പനിയായ അഡോബിയെ നയിക്കാന്‍ വീണ്ടും ഇന്ത്യന്‍ വംശജനെത്തുന്നു. ഈ വര്‍ഷം സ്ഥാനമൊഴിയുന്ന ശന്തനു നാരായണനു പിന്‍ഗാമിയായി അനില്‍ ചക്രവര്‍ത്തിയെ കമ്പനിയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായി പ്രഖ്യാപിച്ചു. നിലവില്‍ അഡോബിയുടെ കസ്റ്റമര്‍ എക്സ്പീരിയന്‍സ് ഓര്ക്കസ്ട്രേഷന് വിഭാഗം പ്രസിഡന്റാണ്. 2026 ഡിസംബര്‍ ഒന്നിന് അദ്ദേഹം ചുമതലയേല്‍ക്കുമെന്ന് അഡോബി വ്യക്തമാക്കി. എ.ഐ. അധിഷ്ഠിത കമ്പനികളോട് കടുത്തമത്സരം നേരിടുന്ന സാഹചര്യത്തിലാണ് അനില്‍ കമ്പനിയുടെ തലപ്പത്ത് എത്തുന്നത്. 2000 ജനുവരിയില്‍ ഡിജിറ്റല്‍ എക്സ്പീരിയന്‍സ് വിഭാഗത്തിന്റെ പ്രസിഡന്റും ജനറല്‍ മാനേജരുമായാണ് അദ്ദേഹം അഡോബിയിലെത്തിയത്. 2020 -ല്‍ ആഗോള തലത്തില്‍ ഫീല്‍ഡ് ഓപ്പറേഷന്‍സ് ചുമതല ഏറ്റെടുത്തു. 18 വര്‍ഷമായി സി.ഇ.ഒ. സ്ഥാനം വഹിച്ചിരുന്ന ഇന്ത്യന്‍ വംശജന് ശന്തനു നാരായണ്‍ മാര്‍ച്ചിലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
സൈജു കുറുപ്പ് നായകനായ ‘ആരം’ ചിത്രത്തിന്റെ ടീസര്‍ പുറത്തു വിട്ടു. രജീഷ് പരമേശ്വരന് സംവിധാനം ചെയ്യുന്ന ആരത്തില്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് സൈജു എത്തുന്നത്. കുറ്റാന്വേഷണ കഥയാണ് ആരം. സെപ്റ്റംബര്‍ മാസത്തില്‍ റിലീസ്സിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രൊമോഷന് ഭാഗമായി ടീസര്‍ പുറത്തുവിട്ടു. കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ഇമോഷണല്‍ ഡ്രാമ ത്രില്ലറായിട്ടാണ് ചിത്രം എത്തുന്നത്. സൈജുക്കുറുപ്പിന്റെ മുന്‍ കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തായ പൊലീസ് കഥാപാത്രമാണ് ചിത്രത്തിലെ സിഐ ആന്റോ. നീതി നിര്‍വ്വഹണത്തില്‍ സത്യസന്ധനായി നിലകൊള്ളുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗികജീവിതത്തില്‍ അദ്ദേഹത്തിനു നേരിടേണ്ടിവരുന്ന പ്രശ്നങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ സഞ്ചരിക്കുന്നത്. അഞ്ജു കുര്യന്, സിദ്ദിഖ്, സുധീഷ്, മീരാ വാസുദേവ്. അഷ്ക്കര്‍ അലി, സുരഭി സന്തോഷ് രമാദേവി എന്നിവരും പ്രധാന താരങ്ങളാണ്.
കോമഡി ഫാമിലി എന്റര്ടെയ്നറുമായി 16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ‘പാതിരാ കുറുക്കന്’. ചിത്രത്തിന്റെ മറ്റൊരു പ്രധാന സവിശേഷത ഈ നാലുപേരുടെയും പാട്ടുമുണ്ട് എന്നതാണ്. ആദ്യമായി ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകന് എന്നിവര്‍ ഒരുമിച്ച് ഒരു ഗാനം സിനിമയില്‍ ആലപിക്കുന്നു എന്നതാണ് ചിത്രത്തിന്റെ കൗതുകമുണര്‍ത്തുന്ന മറ്റൊരു പ്രത്യേകത. കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. ഇന്ദ്രന്‍സ്, നിര്‍മല്‍ പാലാഴി, വിനീത് തട്ടില്‍, റിയാസ് നര്‍മ്മകല, സുധീര്‍ പറവൂര്‍, കുട്ടി അഖില്‍, അനീഷ് ഗോപാല്‍, ടെസ്സ ജോസഫ്, അജയന് മാടയ്ക്കല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍മാരായ അശ്വിത, അശ്വിജ എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളിലെത്തുന്നു.
പ്രമുഖ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലായ ഹിമാലയന്‍ 440 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. സ്ക്രാം 440ന് ശേഷം ബ്രാന്‍ഡിന്റെ 440 പ്ലാറ്റ്ഫോമില്‍ വരുന്ന രണ്ടാമത്തെ ബൈക്കാണിത്. 443സിസി എയര്‍/ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. 6250 ആര്‍പിഎമ്മില്‍ 25.4 ബിഎച്ച്പി കരുത്തും 4000 ആര്‍പിഎമ്മില്‍ 34 എന്‍എം ടോര്‍ക്കും ഇത് ഉല്‍പ്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സുമായാണ് ഇതിനെ ബന്ധിപ്പിച്ചിരിക്കുന്നത്. നിലവിലില്ലാത്ത 411 മോഡലിന്റെ അതേ പരുക്കന്‍ ഡിസൈന്‍ തന്നെയാണ് ഇതിനും ഉള്ളത്. ഇത് മൂന്ന് നിറങ്ങളിലാണ് ലഭ്യമാവുക. ഹാഫ്- ഡുപ്ലക്സ് സ്പ്ലിറ്റ് ക്രാഡില്‍ ഫ്രെയിമിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ടെലിസ്കോപിക് ഫോര്‍ക്കും മോണോഷോക്കുമാണ് ഇതിന്റെ സസ്പെന്ഷന് ചുമതലകള്‍ നിര്‍വഹിക്കുന്നത്.
വേനലവധിക്കാലം കിച്ചുവിന് ഉത്സാഹനാളുകളാണ്. ഏറെ പ്രിയപ്പെട്ട അപ്പൂപ്പനും അമ്മൂമ്മയുമൊത്തുള്ള ഉല്ലാസദിനങ്ങള്‍. അങ്ങനെ ഒരു അവധിക്കാലത്ത് ‘ഡാഡിനാട്ടില്’ എത്തിയ കിച്ചുവിനെ കാത്തിരുന്നത് ചില പതിവില്ലാകാഴ്ചകളായിരുന്നു. അത് അവനു പുതുപാഠങ്ങളാകുകയാണ്. പരസ്പരം താങ്ങും തണലുമായി ജീവിതസായന്തനത്തെ ആനന്ദകരമാക്കുന്ന ആ ദമ്പതികള്‍ അവന്റെ സ്ലേറ്റുപുസ്തകത്തില് സ്നേഹത്തിന്റെ ചില സുന്ദരപാഠങ്ങള് എഴുതിച്ചേര്‍ക്കുന്നു. ‘അപ്പൂപ്പന് ഡാഡി’. വി എച്ച് നിഷാദ്. എച്ച്ആന്‍ഡ്സി ബുക്സ്. വില 95 രൂപ.
ഷുഗര്‍ ഫ്രീ ച്യൂയിങ്ഗം, ടൂത്ത്പേസ്റ്റ് എന്നിവയില്‍ സാധാരണയായി കാണപ്പെടുന്ന സൈലിറ്റോള്‍ എന്ന പഞ്ചസാരയ്ക്ക് പകരമുള്ള വസ്തു ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത ഗണ്യമായി വര്‍ധിപ്പിച്ചേക്കാമെന്ന് പഠനം. യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. സൈലിറ്റോള്‍ പെട്ടെന്ന് രക്തം കട്ടപിടിക്കാന്‍ കാരണമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. പഴങ്ങളിലും പച്ചക്കറികളിലും ചെറിയ അളവില്‍ കാണപ്പെടുന്നതും സാധാരണ മെറ്റബോളിസത്തിലൂടെ മനുഷ്യശരീരംതന്നെ വളരെ ചെറിയ അളവില്‍ ഉത്പാദിപ്പിക്കുന്നതുമായ സ്വാഭാവിക സംയുക്തമാണ് സൈലിറ്റോള്‍. എന്നാല്‍, പഞ്ചസാരയുടെ അതേ രുചിയുണ്ടെങ്കിലും ഏകദേശം 40% കലോറി കുറവായതിനാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്തതിനാലും ഇത് വന്‍തോതില്‍ സംസ്കരിച്ച് ഉത്പന്നങ്ങളില്‍ ചേര്‍ക്കാറുണ്ട്. രുചി കൂട്ടുന്നതിനായി ഷുഗര്‍ ഫ്രീ ഭക്ഷണങ്ങളില്‍ ഉയര്‍ന്ന അളവില്‍ സൈലിറ്റോള്‍ ചേര്‍ക്കുന്നുണ്ട്. ഇത് ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത കൂട്ടുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ സൈലിറ്റോള്‍ കഴിച്ച വ്യക്തികളില്‍ ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത, ഏറ്റവും കുറവ് സൈലിറ്റോള്‍ കഴിച്ചവരേക്കാള്‍ 57% കൂടുതലാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 94.49, പൗണ്ട് – 127.65, യൂറോ – 109.75, സ്വിസ് ഫ്രാങ്ക് – 116.59, ഓസ്ട്രേലിയന്‍ ഡോളര്‍ – 68.00, ബഹറിന്‍ ദിനാര്‍ – 250.55, കുവൈത്ത് ദിനാര്‍ -305.89, ഒമാനി റിയാല്‍ – 245.82, സൗദി റിയാല്‍ – 25.34, യു.എ.ഇ ദിര്‍ഹം – 25.73, ഖത്തര്‍ റിയാല്‍ – 25.91, കനേഡിയന്‍ ഡോളര്‍ – 68.34.
