കിഫ്ബിക്കെതിരെ നാളുകളായി ഗൂഢനീക്കം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പശ്ചാത്തല സൗകര്യ വികസനത്തിൽ ഫലപ്രദമായ പങ്ക് കിഫ്ബിക്കുണ്ടെന്നും മുഖ്യമന്ത്രി നിരത്തിയത് കിഫ്ബിക്കെതിരായ വാദങ്ങൾ മാത്രമാണെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിയുടെ പേരിൽ കേരളത്തിൽ നടന്നത് പെരുംകൊള്ളയെന്നും ഉത്തരവാദികളെ വെറുതെ വിടില്ലെന്നും നിയമസഭയിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. ഭൂമി ഏറ്റെടുക്കലിൽ മുഖ്യമന്ത്രി പുകമറ ഉണ്ടാക്കുന്നു എന്നും യുഡിഎഫിന്റെ ആഗ്രഹം എഴുതിവെച്ച റിപ്പോർട്ടാണ് വിദഗ്ധ സമിതിയുടേതെന്നും പ്രതിപക്ഷം തിരിച്ചടിച്ചു.
പിഎസ്‍സി പരീക്ഷ തട്ടിപ്പ് കേസിൽ മുൻ ഉദ്യോഗസ്ഥൻ പി സതീഷ് അറസ്‌റ്റിൽ. ആസൂത്രണ ബോർഡ് നിയമന തട്ടിപ്പിലാണ് അറസ്റ്റ്. കോഴിക്കോട് നിന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പരീക്ഷ വിഭാഗത്തിൻ്റെ ചുമതലയുണ്ടായിരുന്ന ഇയാളെ കഴിഞ്ഞ ദിവസമാണ് കേസിൽ പ്രതി ചേർത്തത്.
കേരളത്തിൽ നവംബറിൽ വീണ്ടും ലോഡ്ഷെഡിങ്ങിന് സാധ്യത. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങാൻ തീരുമാനമായില്ല, ഇതിനായി സർക്കാർ അനുമതി തേടിയിരിക്കുകയാണ് കെഎസ്ഇബി. ഹിമാചൽ ആവശ്യപ്പെടുന്നത് യൂണിറ്റിന് 14.5 രൂപയാണ്. വില 12.50 രൂപയിലേക്ക് കുറയ്ക്കുമെന്നപ്രതീക്ഷയിലാണ് കെഎസ്ഇബി.
കണ്ണൂർ അരിയിലെ എംഎസ്എഫ് പ്രവർത്തകൻ അബ്ദുൽ ഷുക്കൂർ വധക്കേസിൽ ശിക്ഷാവിധി നവംബർ 12ന്. സിപിഎം നേതാക്കളായ പി ജയരാജനും ടി വി രാജേഷും അടക്കമുള്ള 31 പ്രതികളുടെ ശിക്ഷയാണ് കൊച്ചി സിബിഐ പ്രത്യേക കോടതി പ്രഖ്യാപിക്കുക.
സർക്കാരിന്റെ മുൻഗണന വിഷൻ സമുദ്രക്ക് ആണെന്നും എന്നാൽ അതിന് മുൻപേ നടപ്പിലാക്കേണ്ടതാണ് അതിവേഗ റയിൽ എന്നും മെട്രോമാൻ ഇ ശ്രീധരൻ. എന്റെ പദ്ധതി നടപ്പിലാക്കണം എന്നല്ല, കേരളത്തിൽ അതിവേഗ റയിൽപാത വേണം, വിദഗ്ധ സമിതിക്ക് വിട്ട് സമയം കളയരുതെന്നും മുഖ്യമന്ത്രി തീരുമാനം എടുക്കണമെന്നും ഇ ശ്രീധരൻ പറഞ്ഞു.
എൽപിഎസ്‍ടി സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കട്ടെയെന്ന് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച വളർമതി. അധ്യാപക അനുപാതം കുറയ്ക്കണം എന്നതിൽ നിന്ന് പിന്നോട്ടില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ ഇങ്ങനെ പറയുന്നതെന്നും അവര്‍ കൂട്ടിച്ചേർത്തു.
ചേരാനല്ലൂര്‍ വാഹനാപകടക്കേസുമായി ബന്ധപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റും. കാളിരാജ് മഹേഷ് കുമാറിനെ മാറ്റി ആര്‍ നിശാന്തിനി കൊച്ചി കമ്മീഷണറാകും. കൂടാതെ പി പ്രകാശിനെ ദക്ഷിണ മേഖല ഐജിയാക്കാനും നിലവില്‍ തീരുമാനിച്ചിട്ടുണ്ട്.
നെടുമ്പാശ്ശേരിയില്‍ മിനി കൂപ്പർ അപകടത്തിൽ മൂന്ന് പേർ മരിച്ച കേസിൽ ഒന്നാം പ്രതി വാഹനമോടിച്ച സുഹൈൽ സജീവ്, മുൻ സീറ്റിലിരുണ്ടായിരുന്ന നിനവ്, അമീർ, ജോയൽ എന്നിവരുടെ ജാമ്യപേക്ഷ എറണാകുളം ഡിസ്ട്രിക് സെഷൻസ് കോടതി 2 തള്ളി.
ചേരാനല്ലൂർ ബെൻസ് അപകടക്കേസില്‍ 17 കാരന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റി. അഡീഷണൽ സെഷൻസ് കോടതി 2 ല്‍ നിന്ന് കുട്ടികളുടെയും സ്ത്രീകളുടെയും കേസ് പരിഗണിക്കുന്ന കോടതിയിലേക്കാണ് മാറ്റിയത്.
കോഴിക്കോട് ഓമശ്ശേരിയിൽ കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിലെടുത്ത പ്രതി വീട്ടിൽ പരിശോധന നടത്തുന്നതിനിടെ ചാടിപ്പോയി. ഓമശ്ശേരി സ്വദേശി മുഹമ്മദ് ഫായിസാണ് കൈവിലങ്ങോടെ കടന്നത്. ഇയാളുടെ കൈയിൽ നിന്നും വാഹനത്തിൽ നിന്നും കഞ്ചാവ് കണ്ടെത്തിയിരുന്നു.
16 വയസ്സുകാരൻ ലൈസൻസില്ലാതെ വാഹനങ്ങൾ ഓടിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ അടൂർ പൊലീസ് കേസെടുത്തു. എഴംകുളം സ്വദേശിയായ 16 വയസ്സുകാരന്റെ മാതാവിനെതിരെയും കൊല്ലം പാതിരിക്കൽ രവീന്ദ്രൻ എന്നയാൾക്കെതിരെയുമാണ് കേസ്. മാതാവിന്റെ പേരിലുള്ള കാറും രവീന്ദ്രന്റെ പേരിലുള്ള ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആന്റോ ആഗസ്റ്റിനെതിരായ അബ്കാരി കേസിൽ നിയമോപദേശം തേടാൻ എക്സൈസ്. വാഴവറ്റയിലെ വീട് താൻ ലേലത്തിൽ പിടിച്ചെന്നാണ് ആൻ്റോയുടെ ഭാര്യമാതാവായ ലില്ലിയുടെ മൊഴി. എന്നാൽ രജിസ്ട്രേഷൻ നടപടി പൂർത്തിയാക്കിയിട്ടില്ല.
വിൽപ്പനയ്ക്കെത്തിച്ച കഞ്ചാവ് മിഠായികളുമായി യുപി സ്വദേശി അറസ്റ്റിലായി. ഉത്തർപ്രദേശിലെ ഗൗര സ്വദേശി പിന്റു(31)വാണ് എക്സൈസിന്റെ പിടിയിലായത്. കോഴിക്കോട്ട് വിദ്യാർഥികൾക്കും ചെറുകിട കച്ചവടക്കാർക്കും വിൽക്കാനായാണ് കൊണ്ടുവന്നതെന്നും എക്സൈസ് പറഞ്ഞു.
മൂന്ന് തവണ ഏഷ്യൻ പാരാ ഗെയിംസിൽ സ്വർണ മെഡൽ നേടിയ പാരാ അത്‌ലറ്റ് നീരജ് യാദവിനെ (42) ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു.
തമിഴ്നാട്ടിലെ തേനി തേക്കാംപെട്ടി സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരും പിടിയിലായി. ബാക്കിയുള്ള നാല് തടവുകാരെ കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്-കേരള അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി.
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ 19 മാസം പ്രായമുള്ള ചീറ്റ വെടിയേറ്റ് ചത്ത സംഭവത്തിൽ കേന്ദ്രസർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വനം, പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മധ്യപ്രദേശ് സർക്കാർ ഇതിനകം പ്രത്യേക ദൗത്യസംഘത്തിന് (STF) രൂപം നൽകിയിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പരസ്യ വിചാരണ ചെയ്യാനുളള തയ്യാറെടുപ്പുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ തുടങ്ങി. വെള്ളിയാഴ്ച മൂന്നരക്ക് നടക്കുന്ന പ്രതിഷേധ പരിപാടി ദില്ലി പൊലീസിന്‍റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും.
ഗ്യാനേഷ് കുമാറിനെതിരെയുള്ള ഇന്ത്യാ സഖ്യത്തിന്‍റെ പ്രചാരണത്തെ പ്രതിരോധിക്കാന്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍റെ നേതൃത്വത്തില്‍ ദില്ലിയില്‍ പദയാത്ര നടക്കും.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയെ റിപ്പബ്ലിക്കൻ പാർട്ടിയിലേക്ക് ക്ഷണിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെയുടെ നടപടിയിൽ ബിജെപിയിലും എൻഡിഎയിലും എതിർപ്പ്.
വാരണാസിയിൽ തിളക്കമാർന്ന വിജയം നേടി അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി. ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലാണ് ബിജെപിയുടെ കോട്ടയായ വാരണാസിയിൽ എസ്‍പി നിർണ്ണായക വിജയം നേടിയത്.
കർണാടക ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടി. ഒക്ടോബർ 23ന് നടന്ന നാല് കൗൺസിൽ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റുകളും നേടി എൻഡിഎ സഖ്യം മിന്നുന്ന വിജയം സ്വന്തമാക്കി.
അർണബ് ചുഴലിക്കാറ്റിന്‍റെ തീവ്രത കുറഞ്ഞതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റായിരുന്ന അർണബ്, നിലവിൽ തീവ്ര ചുഴലിക്കാറ്റായി മാറിയിട്ടുണ്ട്. ആന്ധ്രാപ്രദേശിലെ കാക്കിനടയ്ക്കും യാനത്തിനും ഇടയിൽ നരസ്പൂരിലാണ് കാറ്റ് കരയിൽ പ്രവേശിച്ചത്.
ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുദ് പാർട്ടി നയിക്കുന്ന സഖ്യത്തിന് മുന്നേറ്റം. 42 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഭരണപക്ഷം 57 സീറ്റുകളിലാണ് മുന്നേറുന്നത്. പ്രതിപക്ഷ സഖ്യം 47 സീറ്റുകളിലും മുന്നേറുന്നു. ബാക്കി സീറ്റുകളിൽ അറബ് പാർട്ടികൾക്കാണ് ലീഡ്.
ചൈനയുടെ മുൻ നേതാവ് മാവോ സെ തുങ്ങിനെക്കുറിച്ച് നടത്തിയ വിവാദ പരാമർശത്തിൽ ചൈനീസ് ജനതയോടും ആരാധകരോടും പരസ്യമായി മാപ്പുപറഞ്ഞ് റയൽ മാഡ്രിഡ് സൂപ്പർ താരവും ഫ്രഞ്ച് നായകനുമായ കിലിയൻ എംബാപ്പെ. എംബാപ്പെയുടെ പ്രതികരണം വിവാദമായതോടെ ചൈനയിലെ മൂന്ന് പ്രമുഖ ബ്രാൻഡുകൾ താരവുമായുള്ള പരസ്യ കരാറുകൾ റദ്ദാക്കി.
മദ്ധ്യാഹ്ന വാർത്തകൾ
