ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റീറ്റെയ്ല്‍ പണപ്പെരുപ്പമുള്ള സംസ്ഥാനമായി തുടര്‍ച്ചയായ പതിനൊന്നാം മാസവും കേരളം. നവംബറിലെ കണക്കുകള്‍ പ്രകാരം, കേരളത്തിലെ നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റം 8.27 ശതമാനമാണ്. ദേശീയ ശരാശരിയായ 0.71 ശതമാനത്തേക്കാള്‍ ഏകദേശം 12 മടങ്ങ് കൂടുതലാണിത്. പണപ്പെരുപ്പത്തില്‍ രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകയുടെ 2.64 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാണ്. 2.31 ശതമാനവുമായി ജമ്മു കശ്മീരാണ് മൂന്നാം സ്ഥാനത്ത്. കേരളത്തിലെ ഗ്രാമങ്ങളില്‍ പണപ്പെരുപ്പം 9.34 ശതമാനവും നഗരങ്ങളിലെ പണപ്പെരുപ്പം 6.33 ശതമാനവുമാണ്. പച്ചക്കറി, മാംസം, മത്സ്യം, മുട്ട, പാല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ അവശ്യവസ്തുക്കളുടെ വിലവര്‍ദ്ധനവാണ് സംസ്ഥാനത്ത് സ്ഥിതി വഷളാക്കിയത്. നവംബറില്‍ ദേശീയതലത്തില്‍ പണപ്പെരുപ്പം 0.7 ശതമാനമായി വര്‍ധിച്ചു. ഒക്ടോബറില്‍ രേഖപ്പെടുത്തിയ 0.3 ശതമാനം എന്ന ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് ഈ വര്‍ധന. നവംബറിനെ അപേക്ഷിച്ച് ഡിസംബറില്‍ മിക്ക ഭക്ഷ്യവസ്തുക്കളുടെയും വില കൂടിയിട്ടുണ്ട് പ്രത്യേകിച്ചും തക്കാളിയുടെ വില കുത്തനെ ഉയര്‍ന്നത് ഈ മാസത്തെ കണക്കുകളില്‍ പ്രതിഫലിക്കുമെന്നും, ഇത് സാധാരണയായി ഡിസംബറില്‍ കാണുന്ന പച്ചക്കറി വിലകളിലെ കുറവിന് തിരിച്ചടിയാകുമെന്നും സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ വിലക്കയറ്റം 12 മടങ്ങ് കൂടുതല്‍!
