മദ്ധ്യാഹ്ന വാർത്തകൾ 20260925 202145 0000

 

 

 

ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുമെന്നും 60% പ്രശ്നങ്ങൾക്ക് ഇന്നത്തെ യോഗത്തിൽ പരിഹാരം ഉണ്ടായെന്നും മുഖ്യമന്ത്രി വിഡി സതീശൻ. ബാക്കിയുള്ള നിയമപരമായ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കും. പട്ടയ ഭൂമിയിൽ പണിത കെട്ടിടങ്ങൾ ക്രമവത്ക്കരിക്കാൻ ഫീസ് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. അതിനുള്ള നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ പാസ്സാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മുട്ടിൽ മരംമുറി കേസിൽ കോടതി തള്ളിയ കുറ്റപത്രത്തിലെ പിഴവുകൾ ബോധപൂർവ്വമാണോ എന്ന് പരിശോധിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ വ്യക്തമാക്കി. സംഭവത്തിൽ പി.സി.സി.എഫിനോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിവാദ റവന്യൂ ഉത്തരവിനെക്കുറിച്ചും അന്വേഷിക്കുമെന്നും മുഖ്യമന്ത്രിയുടെ മാധ്യമങ്ങളോടുള്ള പ്രതികരണത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു.

 

മുട്ടിൽ മരംമുറി കേസിൽ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ച്‌ വനം വകുപ്പ്. സുൽത്താൻ ബത്തേരി മജിസ്‌ട്രേറ്റ് കോടതിയിലാണ് വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. ഹൈക്കോടതി സ്റ്റേ ഉള്ളതിനാൽ ആണ് കുറ്റപത്രം വൈകിയത് എന്നാണ് വിശദീകരണം. 17 ന് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു.

 

വിജിലൻസ് ഉദ്യോഗസ്ഥർക്ക് ഇനി പുതിയ യൂണിഫോം. വിജിലൻസ് റെയ്ഡ് സമയത്തും ചില ഔദ്യോഗിക പരിപാടികളിലും കേന്ദ്ര ഏജൻസികളുടെ മാതൃകയിൽ ജാക്കറ്റ് ധരിക്കണം. പുതിയ യൂണിഫോം വിജിലൻസ് ഉദ്യോഗസ്ഥന് ധരിപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

 

ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ. യൂത്ത് ഫ്രണ്ട് എമ്മിൻ്റെ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. ആനത്താരകളിലെ അനധികൃത ഫെൻസിങ്ങും കെട്ടിടങ്ങളും പൊളിക്കണമെന്ന ഉത്തരവിന് എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്ന ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ ഇൻഷുറൻസ് വിദഗ്ദ്ധരെ ഉൾപ്പെടുത്തി സർക്കാർ സാങ്കേതിക സമിതി രൂപീകരിച്ചു.

 

പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി ഉത്തരവ്. കാലതാമസം ഒഴിവാക്കാനാണ് നടപടി എന്ന് സർക്കാർ. വിതരണത്തിന്റെ പൂർണ ചുമതല തഹസിൽദാർമാർക്ക് നൽകി. നിലവിൽ കളക്ടറേറ്റുകൾ കേന്ദ്രീകരിച്ചായിരുന്നു ധനസഹായ വിതരണം.

 

സ്വകാര്യ വിമാന യാത്ര നടത്തിയ മുഖ്യമന്ത്രിയും സ്വകാര്യ വാഹനം വിവാദത്തിൽ പെട്ട മന്ത്രി കെഎം ഷാജിയും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അം​ഗം പി ജയരാജൻ. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിയും അധികാരത്തിൽ തുടരാൻ പാടില്ല. സ്പോൺസർഷിപ്പ് വാങ്ങാൻ അനുമതി വേണമെന്നും പി ജയരാജൻ പറഞ്ഞു.

 

സിഎംആർഎൽ ഡയറി വിവാദത്തിൽ വിശദീകരണവുമായി വി മുരളീധരൻ എംഎൽഎ. ഷോൺ സഹപ്രവർത്തകൻ ആണ്. ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്നും പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുരളീധരൻ പറഞ്ഞു.

 

വി മുരളീധരൻ എംഎൽഎയെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. എക്സാലോജിക് ഇടപാടിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുരളീധരനെ ലക്ഷ്യമിടുന്നതെന്നും പാർട്ടി മുരളീധരന് ഒപ്പമാണെന്നും അദ്ദേഹം സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ വിമാനയാത്രാ വിവാദത്തിൽ അദ്ദേഹത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ രംഗത്തെത്തി. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഇത്തരം യാത്രകൾ നടത്താറുണ്ടെന്നും ഇതിൽ അനാവശ്യ വിവാദത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ചാകാം മുഖ്യമന്ത്രിയുടെ തീരുമാനമെന്നും തരൂർ കൂട്ടിച്ചേർത്തു.

 

മാസപ്പടി കേസിലെ സിഎംആർഎൽ ഡയറി വിവാദത്തിൽ വി മുരളീധരൻ തനിക്കെതിരെ പരാതി നൽകിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തുമെന്ന് ഷോൺ ജോർജ്. അധികാരത്തിലിരുന്നവർ വാങ്ങിയ പണം കൈക്കൂലിയാണെന്നും ഇതിൽ അന്വേഷണം വേണമെന്ന നിലപാടിൽ ബിജെപി ഉറച്ചുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

വാഹന ഉടമകളെ ലക്ഷ്യമിട്ട് വ്യാജ ഇ-ചെല്ലാന്‍ എസ്.എം.എസ് അയച്ച് പണം തട്ടുന്ന പുതിയ രീതിക്കെതിരെ കേരള പോലീസ് മുന്നറിയിപ്പ് നൽകി. സന്ദേശത്തിലെ ലിങ്ക് വഴി ഫോണിൽ എ.പി.കെ ഫയൽ ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് തട്ടിപ്പുകാർ വിവരങ്ങൾ ചോർത്തുന്നത്. ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകാതിരിക്കാൻ ഔദ്യോഗിക വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കുക.

 

മദ്യപിച്ച പൈലറ്റിനെ എയര്‍ ഇന്ത്യ സസ്പെന്‍ഡ് ചെയ്തു. സൂറിച്ച്- ദില്ലി എയർ ഇന്ത്യ വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സെപ്റ്റംബർ ആറിന് സ്വിറ്റ്സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിലാണ് സംഭവം.

 

കണ്ണൂര്‍ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്‍ജുന്‍, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.

 

ആംസ്റ്റര്‍ സിഇഒ പാര്‍വതി മായ ഉള്‍പ്പെട്ട വിസ തട്ടിപ്പ് കേസില്‍ പൊലീസിന് മുന്നില്‍ പരാതിപ്രളയം. ഇന്ന് മാത്രം 25 പുതിയ പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പരാതികള്‍ പരിശോധിച്ച ശേഷം ആവശ്യമായാല്‍ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

 

തൊഴിലാളി സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നോയിഡ ജില്ലാ മജിസ്‌ട്രേറ്റ് മേധാ രൂപം നൽകിയ ഹർജി പരിഗണിച്ച രീതിയെ ചൊല്ലി വിവാദം. നിലവിൽ ഇത്തരം കേസുകൾ പരിഗണിക്കുന്ന ബെഞ്ചുകൾക്ക് പകരം പ്രത്യേക ബെഞ്ചിന് മുമ്പാകെ ഹർജി എത്തിയതിലാണ് ചോദ്യം ഉയരുന്നത്. വിഷയത്തിൽ പ്രതിഷേധവുമായി അഭിഭാഷക സംഘടന രംഗത്ത് എത്തി.

 

കുട്ടനാട്ടിലെ പ്രളയ നഷ്ടപരിഹാര വിതരണം കൃത്യമായ കണക്കെടുപ്പിലൂടെയാണ് നടക്കുന്നതെന്നും അർഹരായ എല്ലാവർക്കും തുക ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ അഴിമതികൾ ചൂണ്ടിക്കാട്ടിയതിനൊപ്പം മുഖ്യമന്ത്രിയുടെ വിമാനയാത്രയെ കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ ന്യായീകരിക്കുകയും ചെയ്തു.

 

സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന അന്‍സിബ ഹസന്‍റെ പരാതിയില്‍ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാന്‍ പൊലീസിന് കോടതി നിര്‍ദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് നിര്‍ദേശം നല്‍കിയത്.

 

പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ സംഭവത്തിൽ ആരോഗ്യമന്ത്രി ഇടപെട്ടു. ആശുപത്രിയിലേക്ക് ആറ് പുതിയ ഫ്രീസറുകൾ വാങ്ങാൻ ഡി.എം.ഒയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. എന്നാൽ മൃതദേഹം സൂക്ഷിച്ചതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

 

മണിപ്പൂരിൽ വിവിധ ഭാഗങ്ങളിൽ സായുധ സേന പ്രത്യേക അധികാര നിയമം (AFSPA) നീട്ടി കേന്ദ്ര സർക്കാർ. നാഗാലാ‌ൻഡ്, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും നിയമം നീട്ടി. ഒക്ടോബർ ഒന്നുമുതൽ ആറ് മാസത്തേക്കാണ് നീട്ടിയത്. ഈ സംസ്ഥാനങ്ങളിലെ പ്രദേശങ്ങളിലെ ക്രമസമാധാനനില അവലോകനം ചെയ്ത ശേഷമാണ് നടപടി.

 

തമിഴ്നാട്ടിൽ ഗ്രാനൈറ്റ് വ്യവസായി ആർ വീരമണി പ്രതിയായ പോക്സോ കേസിൽ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി സി ജോസഫ് വിജയ്. വർഷങ്ങളായി കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം നടന്നിട്ടും ഡിഎംകെ സർക്കാർ നടപടിയെടുത്തില്ലെന്ന് വിജയ് വിമർശിച്ചു.

 

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയില്‍ പ്രതിഷേധം ശക്തം. കമ്മീഷന്‍ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസും എസ്എഫ്ഐയും നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞത് അക്രമാസക്തമായി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനു ചിബ് അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി.

 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. വിവാദങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായ മറുപടി നൽകണമെന്നും ജനങ്ങളുടെ വിശ്വാസം നിലനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നതയെന്ന റിപ്പോർട്ടിനെ തുടർന്ന് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പങ്കെടുക്കാനിരുന്ന രണ്ട് പരിപാടികൾ മാറ്റിവെച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തർ പ്രദേശിൽ സംഘടിപ്പിക്കാനിരുന്ന ജനസമ്പർക്ക പരിപാടികളാണ് മാറ്റിവെച്ചത്.

 

 

സൗദി അറേബ്യക്ക് നേരെ ഹൂതികൾ ആക്രമണം ശക്തമാക്കിയതോടെ സൈനിക പിന്തുണയുമായി പാകിസ്താനും തുർക്കിയും രംഗത്തെത്തി. മക്ക പ്രതിരോധ കരാറിന്റെ ഭാഗമായി മൂന്ന് രാജ്യങ്ങളും സംയുക്ത നീക്കത്തിന് ഒരുങ്ങുകയാണ്. അതേസമയം, ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ വ്യക്തമാക്കിയെങ്കിലും പശ്ചിമേഷ്യ വീണ്ടും കടുത്ത യുദ്ധഭീതിയിലാണ്.

 

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *