കണ്ണൂര്‍ പരിയാരത്ത് ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതിമാര്‍ പിടിയില്‍. പയ്യന്നൂര്‍ തായനേരി സ്വദേശി തറമ്മല്‍ അര്‍ജുന്‍, ഭാര്യ ഹെലോയ്സ് എന്നിവരാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്. ആശുപത്രിയില്‍ പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു സരോജിനി. പെട്ടെന്നാണ് ബൈക്കിലെത്തിയ സ്ത്രീയും പുരുഷനും വഴി ചോദിക്കാനെന്ന വ്യാജേന സമീപത്ത് നിര്‍ത്തിയത്. പൊടുന്നനെ പിന്നിലിരുന്ന സ്ത്രീ സരോജനിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്‍റെ സ്വര്‍ണമാല പൊട്ടിച്ചെടുത്തു. ബൈക്ക് നിമിഷ വേഗം കൊണ്ട് സ്ഥലം വിട്ടു. പരാതി കിട്ടിയതോടെ പരിയാരം പൊലീസ് തെരച്ചില്‍ തുടങ്ങി.
