ഫെബ്രുവരിയിലെ ഇന്ത്യന്‍ ഇരുചക്ര വാഹന വില്പനയുടെ കണക്കുകളില്‍ വില്പനയില് മുന്നിലുള്ളത് ഹോണ്ട ആക്ടിവയാണെങ്കില്‍ അമ്പരപ്പിച്ചത് ഒല എസ് 1 ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024 ഫെബ്രുവരിയില്‍ 36.32 ശതമാനം വളര്‍ച്ചയാണ് ഇന്ത്യയിലെ സ്കൂട്ടര്‍ വിപണി രേഖപ്പെടുത്തിയത്. ഹോണ്ട, ടിവിഎസ്, ഹീറോ മോട്ടോകോര്‍പ്, സുസുക്കി, ബജാജ് എന്നിങ്ങനെ പ്രമുഖ ബ്രാന്‍ഡുകളെല്ലാം ആദ്യ പത്ത് സ്കൂട്ടറുകളുടെ വില്പനയുടെ പട്ടികയിലുണ്ട്. ആകെ 4,78,414 സ്കൂട്ടറുകളാണ് 2024 ഫെബ്രുവരിയില്‍ വിറ്റത്. 2023 ഫെബ്രുവരിയില്‍ ഇത് 3,50,941 ആയിരുന്നു. 4,48,087 ലക്ഷം സ്കൂട്ടറുകള് വിറ്റ ജനുവരിയെ അപേക്ഷിച്ച് ഇന്ത്യന്‍ സ്കൂട്ടര്‍ വിപണി 6.77 ശതമാനത്തിന്റെ പ്രതിമാസ വില്പന വളര്‍ച്ചയും നേടിയിട്ടുണ്ട്. പട്ടികയില്‍ നാലാമതുള്ള സ്കൂട്ടറാണ് ഞെട്ടിക്കുന്ന പ്രകടനങ്ങളിലൊന്ന് നടത്തിയിരിക്കുന്നത്. ഒല എസ്1 ആണ് ഫെബ്രുവരി വില്പന പട്ടികയില്‍ 33,846 സ്കൂട്ടറുകളോടെ നാലാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഹോണ്ട ഡിയോ, ടി വി എസ് എന്‍ടോര്‍ക്ക്, സുസുക്കി ബര്ഗ്മാന്, ഹീറോ ഡെസ്റ്റിനി ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക്ക് എന്നിവരെല്ലാം ഇന്ത്യയിലെ വില്പനയില് ഈ വൈദ്യുത സ്കൂട്ടറിനു പിന്നിലേ വരൂ. 2023 ഫെബ്രുവരിയില്‍ 17,773 ഒല എസ് 1 വിറ്റിരുന്നതാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 90.43% വാര്‍ഷിക വില്പന വളര്‍ച്ച നേടിയിരിക്കുന്നത്. 16,073 സ്കൂട്ടറുകള് ഒലക്ക് കഴിഞ്ഞ വര്‍ഷത്തെ ഫെബ്രുവരിയെ അപേക്ഷിച്ച് ഈ ഫെബ്രുവരിയില്‍ കൂടുതല്‍ വില്‍ക്കാനായെന്നത് ചെറിയ നേട്ടമല്ല.
വില്പന പട്ടികയില്‍ നാലാം സ്ഥാനത്തെത്തി ഒല എസ് 1
