Untitled design 20250112 193040 0000 1

 

വനിതാ സംവരണ ഭേദ​ഗതി ബില്ല് പാസാക്കാൻ പാർലമെന്റ് ബജറ്റ് സമ്മേളനം നീട്ടി സർക്കാർ. ഈമാസം പതിനാറിന് സഭ വീണ്ടും ചേരും. 2029 ന് മുൻപ് വനിതാ സംവരണം നടപ്പാക്കാൻ നിയമത്തിൽ ഭേദ​ഗതി വരുത്തുന്ന ബില്ല് പ്രത്യേക സമ്മേളനത്തിൽ ചർച്ചയ്ക്കെടുത്ത് പാസാക്കാനാണ് കേന്ദ്ര നീക്കം. ഇതുവഴി ഈ മാസം അവസാനം വോട്ടെടുപ്പ് നടക്കുന്ന പശ്ചിമബം​ഗാളിൽ സ്ത്രീകളുടെ വോട്ട് ഉറപ്പാക്കാനാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ.

 

കേരളത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗമാണുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മറ്റന്നാൾ വീണ്ടും കേരളത്തിലെത്തുമെന്നും വ്യക്തമാക്കിയ മോദി, എഫ്സിആർഎ വിവാദത്തിൽ പരാമർശം നടത്തിയില്ല. കേരളത്തിലെ ബിജെപി പ്രവർത്തകരുമായുള്ള സംവാദ പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

 

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രിയങ്ക ഗാന്ധി.കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനോടാനുബന്ധിച്ചു പ്രിയങ്ക ഗാന്ധി തിരുവനന്തപുരം കവടിയാറിലെത്തി സംസാരിക്കുകയായിരുന്നു.അധികാരത്തിൽ തുടരാൻ ബിജെപിയുമായി സിപിഎം കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു.പിണറായി സ്വയം രക്ഷിക്കാൻ മോദിക്ക് കീഴടങ്ങുന്നു. മോദി അമേരിക്കക്കും ഇസ്രായേലിനോടും കീഴടങ്ങുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

 

പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മിക്കുന്നുവെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങളുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പായതോടെ സിപിഎം ഉന്നത നേതൃത്വത്തിന്റെ പിന്തുണയോടെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നതെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു.

 

മുസ്ലിം ലീ​ഗിനെതിരെ കലാപക്കൊടി ഉയർത്തി ഭാ​​രവാഹിത്വം രാജിവെച്ച വനിതാ ലീ​ഗ് നേതാവ് നൂർബിന റഷീദിനെതിരെ വിമർശനവുമായി ലീ​ഗ് നേതാക്കൾ. നൂർബിന റഷീ​ദിന് വിശദീകരണ നോട്ടീസ് അയച്ചുവെന്ന് ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. കടുത്ത അച്ചടക്ക ലംഘനമാണ് നൂർബിന നടത്തിയത്. പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോടാണ് പറഞ്ഞത്. വനിതാ ലീഗിന്റെ പൊതുനിലപാട് അല്ലെന്നും അത് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും പിഎംഎ സലാം പറഞ്ഞു.

 

എഫ്സിആർഎ ബില്ലിലൂടെ ബിജെപിയുടെ പൊയ്മുഖം അഴിഞ്ഞുവീണെന്ന് ജോൺ ബ്രിട്ടാസ്. അവർ തത്കാലം പിൻവാങ്ങിയിട്ടേയുള്ളൂ എന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. കോൺഗ്രസും ബിജെപിയും ഒന്നിച്ച് എഫ്സിആർഎയ്ക്കായി മുമ്പ് കളിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടാണ് കോൺഗ്രസ് ഇപ്പോൾ ഇങ്ങനെ നിലപാട് സ്വീകരിക്കുന്നത്. മുൻകാലങ്ങളിലേത് പോലെ ബിജെപിക്ക് ഒപ്പം നിൽക്കേണ്ടവരാണ് കോൺഗ്രസ്. ഞങ്ങൾ അതുകൂടി ജനങ്ങളോട് പറയുമെന്നും ബ്രിട്ടാസ് പറഞ്ഞു.

 

നേമം നിയമസഭാ മണ്ഡലത്തിൽ വികസന മാർഗ്ഗരേഖ അവതരിപ്പിച്ച് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. മണ്ഡലത്തിൽ ഇതുവരെ കണ്ടുസഹിച്ച രാഷ്ട്രീയത്തിന് മാറ്റം കൊണ്ടുവരാനാണ് താൻ മത്സരിക്കുന്നതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ മാർഗ്ഗരേഖ വെറുമൊരു പ്രഖ്യാപനമല്ലെന്നും ജനങ്ങളുമായുള്ള സോഷ്യൽ കോൺട്രാക്ടാണെന്നും നടപ്പാക്കാൻ സാധിക്കുന്ന കാര്യങ്ങൾ മാത്രമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

 

നിയമസഭാ തെരഞ്ഞെടുപ്പിനിടെ ലോക്സഭയില്‍ എഫ്സിആര്‍.എ ഭേദഗതി ബില്ല് കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ചര്‍ച്ച പോലും ചെയ്യാതെ ബില്ല് പാസാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല.ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും കോണ്‍ഗ്രസ് വലിയ പ്രതിഷേധം ഉയര്‍ത്തും. നിയമഭേദഗതി റദ്ദാക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

എസ്ഡിപിഐയുടെ വോട്ട് വേണ്ടെന്ന് എന്തിനാണ് പറയുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഇല്ലാതാകുന്നതല്ല തൻ്റെ വ്യക്തിത്വം.എസ്ഡിപിഐ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. മനസിൽ കണക്ക് കൂട്ടി ചോദ്യം ചോദിച്ചാൽ മറുപടി ഇല്ല. അവര് നിലപാട് എന്തെന്ന് പറഞ്ഞാൽ സിപിഎം നിലപാട് വ്യക്തമാക്കാമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

 

കുട്ടനാട്ടിലെ പ്രളയത്തിൽ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജെയ്സപ്പന്‍ മത്തായി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടത്. രണ്ടുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി.

 

ദുരിതാശ്വാസനിധിയിലേക്ക് വന്ന 778 കോടി രൂപ കൊണ്ട് സർക്കാർ എന്തു ചെയ്തുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. ടൗൺ ഷിപ്പ് നിർമ്മാണത്തിന് ഇത്രയധികം തുക ആവശ്യമില്ല. എല്ലാ കണക്കിലും ഓഡിറ്റ് വേണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. വയനാട് ഫണ്ടുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾക്ക് വീഡിയോയിലൂടെയാണ് രാഹുൽ മറുപടി നൽകിയത്.

 

രാജ്യസഭയിൽ പാർലമെൻ്ററി പാർട്ടി ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ തൻ്റെ പാർലമെൻ്റിലെ വിവിധ പ്രസംഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ ചേർത്തുള്ള വീഡിയോ എക്സിൽ പങ്കുവെച്ച് രാഘവ് ഛദ്ദ. പാർട്ടി നേതൃത്വത്തിൻ്റെ നടപടിയോട് പരോക്ഷമായി നൽകിയ മറുപടിയിലൂടെ ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്നത് തുടരുമെന്നാണോ രാഘവ് ഛദ്ദ പറയുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ സംശയിക്കുന്നത്.

 

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട് സംസ്ഥാന പൊലീസ് മേധാവിയെ മാറ്റി ഇലക്ഷൻ കമ്മീഷൻ. ക്രമസമാധാന വിഭാഗം ഡിജിപി ജി വെങ്കട്ടരാമനെ മാറ്റി സന്ദീപ് റായ് റാത്തോറിനെ പൊലീസ് തലവനായി നിയമിച്ച് ഉത്തരവിട്ടു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് സന്ദീപ് റായ് റാത്തോർ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊലീസ് നടപടികളുടെ മേൽനോട്ട ചുമതല ഇദ്ദേഹത്തിനായിരിക്കും.

 

അസം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണി 90 മുതല്‍ 100 സീറ്റുകള്‍ വരെ നേടുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. അസമില്‍ 126 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മൃഗീയ ഭൂരിപക്ഷം എന്‍ഡിഎ നേടുമെന്നാണ് ഹിമന്ത ബിശ്വ ശർമ്മയുടെ അവകാശവാദം.

 

രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍ നിന്ന് ഓയില്‍ ഇന്ത്യ ലിമിറ്റഡ് റെക്കോര്‍ഡ് അളവില്‍ അസംസ്‌കൃത എണ്ണ ഉല്‍പ്പാദിപ്പിച്ച് നിര്‍ണ്ണായക നേട്ടം കൈവരിച്ചു ഇന്ത്യ. ജയ്‌സാല്‍മീറിലെ ജോധ്പൂര്‍ സാന്‍ഡ്സ്റ്റോണ്‍ മേഖലയില്‍ നിന്ന് പ്രതിദിനം 1,202 ബാരല്‍ എണ്ണയാണ് ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഉല്‍പ്പാദന നിരക്കാണിത്.

 

തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ പൊട്ടിത്തെറി.ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ എവിടെ മത്സരിക്കുമെന്നതിൽ തർക്കം തുടരുകയാണ്. മത്സരിക്കുമെങ്കിൽ കോയമ്പത്തൂരിൽ മാത്രമെന്ന നിലപാടിലാണ് അണ്ണാമലൈ. എന്നാൽ കോയമ്പത്തൂരിൽ പാർട്ടിക്ക് അനുവദിച്ച ഏക സീറ്റ് തനിക്ക് അവകാശപ്പെട്ടതെന്ന നിലപാടിലാണ് വാനതി ശ്രീനിവാസൻ.

 

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ കടലിലൂടെയും ആക്രമിക്കാൻ ഇന്ത്യ സുസജ്ജമായിരുന്നുവെന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കെ. ത്രിപാഠി. ആ സമയത്താണ് പാകിസ്ഥാൻ സൈനിക നടപടികൾ നിർത്തിവെക്കാൻ അഭ്യർത്ഥിച്ചതെന്നും ദിനേഷ് കെ. ത്രിപാഠി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂരിൽ വിശിഷ്ട സേവനത്തിന് രണ്ട് ഉന്നത നാവിക ഉദ്യോഗസ്ഥർക്ക് യുദ്ധ് സേവാ മെഡലുകൾ സമ്മാനിച്ചുകൊണ്ട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

 

കുംഭമേള നടക്കാനിരിക്കെ ഹരിദ്വാർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ ഇറച്ചി വിൽപനയ്ക്കും മാംസാഹാരം വിളമ്പുന്നതിനും മുട്ട വിൽപ്പനയ്ക്കും പൂർണ്ണ നിരോധനം ഏർപ്പെടുത്താൻ ആലോചന. തീർത്ഥാടന നഗരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മേയർ കിരൺ ജയ്‌സാൽ വ്യക്തമാക്കി. ഹരിദ്വാർ നഗരസഭയുടെ പരിധിയിലുള്ള എല്ലാ ഇറച്ചി കടകളും കശാപ്പുശാലകളും അടച്ചുപൂട്ടിയേക്കുമെന്നാണ് വിവരം.

 

ഇറാനെതിരെ ശക്തമായ ആക്രമണം പ്രഖ്യാപിച്ചതിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് കനത്ത മുന്നറിയിപ്പുമായി ഇറാൻ. അമേരിക്ക പൂർണ്ണമായ പരാജയം സമ്മതിക്കുന്നത് വരെ മിഡിൽ ഈസ്റ്റിലെ യുദ്ധം തുടരുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഇറാന്റെ സൈനിക ശേഷി തകർത്തെന്ന ട്രംപിന്റെ അവകാശവാദങ്ങൾ തള്ളിയ ഇറാൻ, യുഎസ്-ഇസ്രായേൽ സഖ്യസേനയ്‌ക്കെതിരെ കൂടുതൽ ശക്തമായ ആക്രമണങ്ങൾ നടത്തുമെന്നും ഭീഷണിപ്പെടുത്തി

 

ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ . കരയുദ്ധം തുടങ്ങിയാൽ രാജ്യത്തെ സാധാരണ ജനങ്ങളും ആയുധമെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് സ്പീക്കർ മുഹമ്മദ് ബാഖർ ഗലിബാഫ് വ്യക്തമാക്കി. നിലവിൽ 70 ലക്ഷത്തോളം ജനങ്ങൾ പോരാട്ടത്തിനായി സജ്ജമായിക്കഴിഞ്ഞെന്നും രാജ്യമൊട്ടാകെ ഇതിനായുള്ള മുന്നേറ്റം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

അമേരിക്കയെയും റഷ്യയെയും വെല്ലുവിളിക്കുന്ന പ്രഹരശേഷികൂടിയ ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ചൈനയുടെ രഹസ്യനീക്കം. നിലവിലെ ആണവപദ്ധതികള്‍ വിപുലീകരിച്ച് ആണവായുധങ്ങളുടെ എണ്ണത്തിലും പ്രഹരശേഷിയിലും വന്‍മുന്നേറ്റം നടത്തുകയാണ് ചൈന. ഇത് ഇന്ത്യയ്ക്ക് കൂടി ഭീഷണിയാണ്.

 

ഇറാനെതിരായ യുദ്ധത്തിൽ യുഎസിനെ പിന്തുണയ്ക്കാൻ വിസമ്മതിച്ച‌ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെയും, ഭാര്യ ബ്രിജിറ്റ് മാക്രോണിനെയും പരിഹസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ ഫ്രാൻസിനോട് വ്യക്തിപരമായി സൈനികസഹായം ആവശ്യപ്പെട്ടു. എന്നാൽ ഉടൻ പങ്കുചേരാൻ ഫ്രാൻസ് വിസമ്മതിച്ചു. മാക്രോണിന്റെ ഭാര്യ അദ്ദേഹത്തെ വളരെ മോശമായാണ് പരിഗണിക്കുന്നത്. താടിയിൽ തട്ടുകിട്ടിയത് സുഖപ്പെട്ട് വരുന്നതേയുള്ളൂ- വൈറ്റ് ഹൗസ് യൂട്യൂബ് ചാനലിൽ സംസാരിക്കവേ ട്രംപ് പരിഹസിച്ചു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *