മദ്ധ്യാഹ്ന വാർത്തകൾ 20260901 201920 0000

 

ഗവർണറും മന്ത്രിമാരും പങ്കെടുത്ത പരിപാടിയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ വീണ്ടും രാഷ്ട്രീയ വിവാദം. കേരള സർവകലാശാലയിലെ പരിപാടിയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ പൊലീസ് ലാത്തി വീശി. സംഘപരിവാറിന് സർക്കാർ കീഴടങ്ങിയെന്ന് സിപിഎം ആരോപിച്ചു.

 

കാലടി സംസ്‌കൃത സർവകലാശാലയിലെ എസ്എഫ്ഐ സമരത്തിൽ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി സർവകലാശാല. 16 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. സർവകലാശാല അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചെന്നാണ് സിൻഡിക്കേറ്റ് കണ്ടെത്തൽ.

 

സിനിമ തിയേറ്ററുകൾ ആഹാര സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിനെതിരെ തിരുവനന്തപുരം മേയർ വി വി രാജേഷ്. തീയേറ്ററിനകത്ത് കയറിയാൽ അത്ഭുതലോകത്ത് കയറിയതുപോലെയാണെന്നും ഒരു ചായ വാങ്ങിച്ചു കുടിക്കാൻ ലോണെടുത്ത് പോകേണ്ട അവസ്ഥയാണെന്നും മേയർ പറഞ്ഞു.

 

കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് ഡോക്ടർ മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടർക്ക് നിർബന്ധിത അവധി. ഡോ. രേഖ കൃഷ്ണനോട്‌ നിർബന്ധിത അവധിയിൽ പോകാൻ നിർദ്ദേശം നല്‍കി. രോഗിയോടും ഒപ്പം എത്തിയവരോടും മോശമായി പെരുമാറുന്ന ദൃശ്യം പ്രചരിച്ചതിന് പിന്നാലെ രേഖ കൃഷ്ണന് സൂപ്രണ്ട് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.

 

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊണ്ടോട്ടി ആർടിഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാക്കൾ അറസ്റ്റിൽ. ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ സെക്രട്ടറി കെ ശ്യാം പ്രസാദ്, കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറി സലാഹ് എന്നിവരാണ് അറസ്റ്റിലായത്.

 

സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 28ന് നടക്കും. 29നാണ് വോട്ടെണ്ണൽ. ഏഴ് തദ്ദേശ ജനപ്രതിനിധികൾ എംഎൽഎമാരായതിനെ തുടർന്ന് ഒഴിവുവന്നത് ഉൾപ്പെടെയാണ് 38 വാ‍‍ർഡുകളില്‍ ഉപതെരഞ്ഞെടുപ്പ്.

 

മുല്ലപ്പെരിയാർ അണക്കെട്ടിൽ ആദ്യ ഘട്ട പരിശോധന പൂർത്തിയായെന്നും റിപ്പോർട്ട്‌ 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് സമർപ്പിക്കുമെന്നും സമഗ്ര പരിശോധന സമിതി ചെയർമാൻ ബൽരാജ് ജോഷി. നാളെ നടക്കുന്ന യോഗത്തിൽ കൂടുതൽ പരിശോധന വേണമോയെന്ന് ചർച്ച ചെയ്ത് തീരുമാനിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട എല്ല ഘടകങ്ങളും പരിശോധിക്കും. റിപ്പോർട്ട്‌ നിഷ്പക്ഷമായിരിക്കുമെന്നും ബൽരാജ് ജോഷി പറഞ്ഞു.

 

ഓണക്കാലയളവിൽ കെഎസ്ആർടിസിയുടെ ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്ര നേട്ടം. 10.82 കോടി രൂപയാണ് ഇന്നലത്തെ പ്രതിദിന ടിക്കറ്റ് വരുമാനം. കഴിഞ്ഞവർഷം സമാന ദിവസത്തെ വരുമാനമായ 10.2 കോടി രൂപയുടെ റെക്കോർഡ് ആണ് ഇന്നലെ മറികടന്നത്

 

സഹകരണ മേഖലയെ സമ്പൂർണ്ണമായി അഴിമതി വിമുക്തമാക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി എം ലിജു. സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിനി സിപിഎം ആണെങ്കിലും ശരി യുഡിഎഫ് ആണെങ്കിലും ശരി, തട്ടിപ്പുകാർ തട്ടിപ്പുകാർ തന്നെയാണ്. ഫോക്കസ് ചെയ്ത് പിടിക്കേണ്ടവരെ ഫോക്കസ് ചെയ്തു തന്നെ പിടിക്കുമെന്നും മന്ത്രി പറഞ്ഞു.

 

മുണ്ടംവേലി പിആന്റ് ‌ടി ഫ്ലാറ്റ് സമുച്ചയത്തിന്റെ ശോചനീയാവസ്ഥയിൽ ജിസിഡിഎ സെക്രട്ടറിയോട് റിപ്പോർട്ട് തേടി മനുഷ്യാവകാശ കമ്മീഷൻ.പരാതിയെ കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആണ് നിർദേശിച്ചിരിക്കുന്നത്. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ ആസ്ഥാനത്ത് വിജിലൻസ് പരിശോധന. 5 ജില്ലകളിലെ ശാഖകളിൽ സിസിടിവിയും അലാം സംവിധാനവും സ്ഥാപിക്കാൻ ബാങ്ക് ടെണ്ടർ ക്ഷണിച്ചതിലാണ് പരിശോധന. ഒരു കമ്പനിക്ക് മാത്രം കരാർ കിട്ടുന്ന തരത്തിൽ ടെൻഡറിൽ കൃത്രിമത്വം നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.

 

കണ്ണൂർ വിമാനത്താവളം ഓഹരി സാമ്പത്തിക തട്ടിപ്പ് കേസില്‍ പാലാ എംഎൽഎ മാണി സി കാപ്പന് ഒരു വർഷം തടവും 1.20 കോടി രൂപ പിഴയും. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിടേതാണ് വിധി. ഒരു മാസത്തിനകം പണം നല്‍കണമെന്നാണ് കോടതി വിധിയില്‍ പറയുന്നത്.

 

പൊലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നൽകിയ സര്‍ക്കുലര്‍ വിവാദമായതിനെ തുടര്‍ന്ന് പിന്‍വലിച്ച് പൊലീസ് മേധാവി. സസ്പെന്‍ഷനിലുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനും ചുമതല നൽകിയത് വിവാദമായതോടെയാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.

 

കാന്തപുരത്തിന്‍റെ വിവാദ സ്ത്രീവിരുദ്ധ പരാമർശം തള്ളാതെ കെടി ജലീൽ. കാന്തപുരം സംസാരിച്ചത് മതശാസന കാര്യങ്ങൾ ആണെന്നാണ് കെ ടി ജലീൽ പ്രതികരിച്ചത്. കാന്തപുരം പറഞ്ഞതിൽ പൊതുസമൂഹത്തിന് സ്വീകാര്യവും, അസ്വീകാര്യവുമായ കാര്യങ്ങൾ ഉണ്ടാവുന്നത് സ്വാഭാവികമാണ്.അത് പറയാനുള്ള മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാവില്ലെന്ന് കെ ടി ജലീൽ പറയുന്നു.

 

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മലപ്പുറം പിലാത്തറ സ്വദേശി മുഹമ്മദ് ഷഫീഖ്(37) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഷഫീഖിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്.

 

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തിന് കണക്കുകൾ നിരത്തി മറുപടി നൽകി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് സർക്കാരിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മാതൃകാപരമായിരുന്നു എന്ന് പാർലമെന്റിലെ രേഖകളിലുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു .

 

മ്ലാവിനെ വെടിവെച്ചു കൊന്ന് ഇറച്ചി വിറ്റ നായാട്ട് സംഘം പിടിയിൽ. കോട്ടയം ചേറാടി സ്വദേശികളായ സുനിൽ കുമാർ സി ജി, അനിൽ കുമാർ സി ജി, ഇടുക്കി പാലത്തോട്ടത്തിൽ സ്വദേശി അഭിലാൽ മധു, കോന്നി അരുവാപ്പുലം സ്വദേശി പ്രശാന്ത് എന്നിവരാണ് വനംവകുപ്പിന്‍റെ പിടിയിലായത്.

 

കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി. തപാൽ മാർഗമാണ് ഭീഷണി സന്ദേശമെത്തിയത്. തീവ്രവാദികൾ നിങ്ങളെ ഉടൻ വധിക്കുമെന്നാണ് സന്ദേശത്തിലുള്ളത്. കത്ത് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി.

 

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന് ആദ്യ സിഇഒയെ നിയമിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. സിഇഒ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ അന്തിമ പട്ടിക സെർച്ച് കമ്മിറ്റി ക്ഷേത്രം ട്രസ്റ്റിന് കൈമാറും. ബുധനാഴ്ച നടക്കുന്ന ട്രസ്റ്റ് യോഗത്തിൽ ഇക്കാര്യം ചർച്ചയാകും.

 

കേന്ദ്രസർക്കാറിനെതിരെ പോരാട്ടം ശക്തമാക്കാൻ ആഹ്വാനം ചെയ്ത് സിപിഐയുടെ ബദലാവ് റാലി ദില്ലിയിൽ സമാപിച്ചു. രാംലീല മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു, മോദി ഭരണത്തിൽ ദളിതർ അപമാനിക്കപ്പെടുകയാണെന്ന് ജന സെക്രട്ടറി ഡി രാജ പറഞ്ഞു.

 

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ വിവിധയിടങ്ങളിൽ എടുത്ത കേസുകൾ റദ്ദാക്കാനാണ് തീരുമാനം. നീതി ഉറപ്പാക്കാനാണ് ന‌ടപടിയെന്ന് ചീഫ് ജസ്റ്റീസ് പ്രതികരിച്ചു. ​ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർക്കെതിരെ വേറെ കേസെടുക്കും. സുപ്രീം കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടി.

 

 

തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ മമത ബാനർജിയുടെ അനന്തരവളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ബ്രിസ്റ്റി മുഖർജി ആണ് മരിച്ചത്. 28 വയസ്സായിരുന്നു. ബംഗാളിലെ ബിർഭുമിലുള്ള വീട്ടിലാണ് സംഭവം.

 

നേപ്പാളിലെ മിന്നൽ പ്രളയത്തിനിടെ നൂറിലേറെ തവണ രക്ഷാദൗത്യവുമായി രാജ്യത്തെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ അധികാരി. റസുവ ജില്ലയിലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ തിമുരെ ഗ്രാമം കേന്ദ്രീകരിച്ച് ആറ് ദിവസത്തിനിടെ നൂറിലേറെ രക്ഷാദൗത്യങ്ങളാണ് നാൽപ്പതുകാരിയായ പ്രിയ അധികാരി വിജയകരമായി പൂർത്തിയാക്കിയത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *