yt cover 1

 

വാണിജ്യ എല്‍ പി ജി സിലിണ്ടര്‍ വില ഒമ്പതര രൂപ വര്‍ധിപ്പിച്ചു. കഴിഞ്ഞ മാസം 197.50 രൂപ കുറച്ചിരുന്നു. 19 കിലോ സിലിണ്ടറിന് നിലവില്‍ പുതുക്കിയ വില 2783.50 ആണ്. അതേ സമയം ഗാര്‍ഹിക സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.

ലോകരാഷ്ട്രങ്ങള്‍ ഭീകരവാദത്തിനെതിരേ ശക്തമായ നിലപാടെടുക്കണമെന്നും ഇക്കാര്യത്തില്‍ ഇരട്ടത്താപ്പു പാടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരര്‍ക്ക് സഹായം നല്‍കുന്നവരെ ഒറ്റപ്പെടുത്തണം. ഷാങ്ഹായ് സഹകരണ ഉച്ചകോടിയില്‍ പാക്കിസ്ഥാന്റേയും ചൈനയുടേയും ഭരണത്തലവന്മാരുടെ സന്നിധ്യത്തിലാണ് നരേന്ദ്ര മോദി പ്രസംഗിച്ചത്. യുദ്ധങ്ങളും തര്‍ക്കങ്ങളും നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും മോദി നിര്‍ദേശിച്ചു.

ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റില്‍ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയി. സെക്കന്തരാബാദ് കന്റോണ്‍മെന്റിലെ കേന്ദ്രത്തില്‍ നിന്ന് 4 എകെ-47 റൈഫിളുകള്‍, 6 പിസ്റ്റളുകള്‍, 1 ഇന്‍സാസ് റൈഫിള്‍ എന്നിവയടക്കമുള്ള ആയുധങ്ങളും വെടിയുണ്ടകളുമാണ് മോഷണം പോയത്.

സംസ്ഥാനത്തു കൂടുതല്‍ ബാറുകള്‍ ഉണ്ടാകില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു. എക്സൈസ് വകുപ്പില്‍ അഴിമതി നടത്തിയതിനു സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് അന്വേഷിക്കാന്‍ വിജിലന്‍സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എക്സൈസ് കമ്മീഷണറെ മന്ത്രി അഭിനന്ദിച്ചു.

സംസ്ഥാനത്തെ 59 പൊലീസ് സ്റ്റേഷനുകള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ദത്തെടുത്തു. ജില്ലാ പൊലീസ് മേധാവിയായോ അതിന് മുകളിലുള്ള റാങ്കിലോ പ്രവര്‍ത്തിക്കുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരാണ് ദത്തെടുത്തത്. പ്രധാനമന്ത്രിയുടെ വികസിത് ഭാരത് – 2047 ന്റെ ഭാഗമായി മാതൃകാ പൊലീസ് സ്റ്റേഷനുകള്‍ വാര്‍ത്തെടുക്കാനുള്ള സംസ്ഥാന പൊലീസ് മേധാവി റവഡ ചന്ദ്രശേഖറിന്റെ ഉത്തരവനുസരിച്ചാണ് ദത്തെടുക്കല്‍.

എല്‍ഡിഎഫ് സിപിഐയുടെ കുഞ്ഞാണെന്നും അതിനെ തകര്‍ക്കുന്ന യാതൊരു നീക്കവും അനുവദിക്കില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം മുറുകുന്നതിനിടെ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി ഇന്ന് ഡല്‍ഹിയില്‍ ചേരും. കേന്ദ്ര സെക്രട്ടേറിയേറ്റ്, ദേശീയ നിര്‍വാഹക സമിതി, ദേശീയ കൗണ്‍സില്‍ യോഗങ്ങള്‍ നാളെ നടക്കും.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുപ്രീംകോടതി നിര്‍ദേശിച്ച സമഗ്ര സുരക്ഷാ പരിശോധന തുടങ്ങി. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ദ്ധ സമിതിയാണ് പരിശോധനകള്‍ നടത്തുന്നത്. ദേശീയ ജല വൈദ്യുത കോപ്പറേഷന്‍ മുന്‍ സിഎംഡി ബല്‍രാജ് ജോഷി അധ്യക്ഷനായ സമിതിയില്‍ ഒഡീഷ ജലവിഭവ വകുപ്പ് മുന്‍ മെമ്പര്‍ സെക്രട്ടറി അശുതോഷ് ദാസ് ആണ് കേരളത്തിന്റെ പ്രതിനിധി.

പയ്യന്നൂരിലെ പിണറായി വിജയന്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണെന്ന് സിപിഎം പയ്യന്നൂര്‍ ഏരിയ കമ്മിറ്റി നേതാക്കള്‍. പിണറായി ഭീഷണി പ്രസംഗം നടത്തിയെന്ന വ്യാഖ്യാനം മാധ്യമസൃഷ്ടിയാണ്. സിപിഎം സെന്‍ട്രല്‍ കമ്മിറ്റിയുടെ റിവ്യൂ റിപ്പോര്‍ട്ടിലെ കാര്യങ്ങളാണ് പിണറായി പ്രസംഗിച്ചതെന്നും ഭീഷണിയുടെ സ്വരമില്ലെന്നും അവര്‍ പഞ്ഞു. ടി ഐ മധുസൂദനനും ഏരിയ സെക്രട്ടറി പി സന്തോഷും നഗരസഭ ചെയര്‍മാന്‍ സരിന്‍ ശശിയും അടക്കമുള്ളവരാണ് മാധ്യമങ്ങളെ കണ്ടത്.

യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ കാസര്‍കോട് എംഡിഎംഎ കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് വിവിധയിടങ്ങളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ചു നടത്തി. കാസര്‍കോട് ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചിനെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കയറുകള്‍ മുറിച്ച് ബാരിക്കേഡ് മാറ്റി മുന്നോട്ടുപോയ പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്കു നടത്തിയ മാര്‍ച്ചില്‍ സംസ്ഥാന പ്രസിഡന്റ് ചിന്താ ജെറോം, സെക്രട്ടറി എം. വിജിന്‍ എന്നിവര്‍ പങ്കെടുത്തു.

യുഎസില്‍ മലയാളി യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. രണ്ടാമത്തെ ആളുടെ പോസ്റ്റ്മോര്‍ട്ടം വ്യാഴാഴ്ച നടക്കും. ഈയാഴ്ച അവസാനത്തോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനായേക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി അറിയിച്ചു.

പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു. അരീക്കാട് ഉള്ളിശേരിക്കുന്നിലെ വീട്ടില്‍ എന്‍പതാം വയസിലായിരുന്നു അന്ത്യം.

പ്രിയദര്‍ശിനി പദ്ധതിമൂലം സ്വകാര്യ ബസ് മേഖലയിലുണ്ടായ പ്രതിസന്ധിയെക്കുറിച്ചു പഠിക്കാന്‍ നിയോഗിച്ച മുന്‍ ഡിജിപി കെ. പത്മകുമാര്‍ അധ്യക്ഷനായ വിദഗ്ധ സമിതി നാളെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ശുപാര്‍ശകള്‍ റിപ്പോര്‍ട്ടിലുണ്ടാകും.

വിശ്വാസികളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ സിപിഎം വരേണ്ടെന്ന് കാന്തപുരം സമസ്ത സംഘടനകള്‍. പ്രത്യയശാസ്ത്ര പഠനം പാര്‍ട്ടി ക്ലാസുകളില്‍ മതിയെന്ന് സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍. കാന്തപുരത്തിന്റെ നിലപാടിനെ പിന്തുണച്ച് സുന്നി യുവജന സംഘവും രംഗത്തുവന്നു.

കാസര്‍കോട് മൗവ്വലില്‍ വൈദ്യുതി ലൈനില്‍ തട്ടി ട്രക്കിന് തീ പിടിച്ചു. വിവരമറിഞ്ഞയുടന്‍ അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഇന്ന് രാവിലെയാണ് സംഭവം. സംഭവത്തില്‍ ആള്‍ അപായമില്ല.

മലപ്പുറം ജില്ലയിലെ വെട്ടത്തൂരില്‍ കോഴിഫാമില്‍ വൈദ്യുതാഘാതമേറ്റ് രണ്ടു സഹോദരങ്ങള്‍ മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കോഴിഫാം ഉടമ സമീര്‍, ജീവനക്കാരന്‍ അസം സ്വദേശിയായ സിറാജുദ്ദീന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ അനധികൃതമായാണ് കോഴി ഫാമില്‍ വൈദ്യുതി ലൈന്‍ സ്ഥാപിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പ്രായപൂര്‍ത്തിയാകാത്ത 17 വയസ്സുകാരന് മദ്യം നല്‍കിയ സംഭവത്തില്‍ തൃശൂരിലെ മണ്ണുത്തി മയൂര ബാറുടമയ്‌ക്കെതിരെ കേസെടുത്തു. ബാറില്‍ മദ്യപിച്ച അടിപിടിയുണ്ടാക്കിയതോടെ പോലീസ് പിടികൂടി പരിശോധിച്ചപ്പോഴാണ് 17 വയസാണെന്നു തിരിച്ചറിഞ്ഞത്. കുട്ടിയുടെ അമ്മയും പോലീസില്‍ പരാതി നല്‍കിയിരുന്നു.

കണ്ണൂര്‍ തില്ലങ്കേരിയിലെ ലീനയുടേയും ജഷികുമാറിന്റേയും മൂത്ത മകളായ 20-കാരി കീര്‍ത്തനയുടെ ആത്മഹത്യയില്‍ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഏപ്രില്‍ 30-നാണ് ജീവനൊടുക്കിയത്. മംഗളൂരുവില്‍ ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു കീര്‍ത്തന.

എസ്സെല്‍ ഗ്രൂപ്പ് സ്ഥാപകന്‍ സുഭാഷ് ചന്ദ്രയുടെ ബാധ്യത തീര്‍ക്കാനുള്ള തിരിച്ചടവ് പദ്ധതിക്ക് സ്റ്റേ. 22,006.57 കോടി രൂപയുടെ ബാധ്യത പൂര്‍ണ്ണമായി തീര്‍ക്കാന്‍ 6.25 കോടി രൂപ തിരിച്ചടിച്ചാല്‍ മതിയെന്ന ട്രൈബ്യൂണല്‍ ഉത്തരവ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു.

എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് ഗോവ- ഡല്‍ഹി വിമാനം അടിയന്തര ലാന്‍ഡിംങ് നടത്തി. ഗോവയിലെ മോപ വിമാനത്താവളത്തില്‍ 9.15 ഓടെയാണ് വിമാനം പുറപ്പെട്ടത്. എന്നാല്‍ 10 മിനുറ്റിനുളളില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നു. 229 യാത്രക്കാരുമായി 14000 അടി ഉയരത്തില്‍ സഞ്ചരിക്കവേയാണ് എന്‍ജിന്‍ തകരാര്‍ കണ്ടെത്തിയത്.

സ്ത്രീവിരുദ്ധ പരാമര്‍ശം, വിദ്വേഷ പ്രസംഗം എന്നീ കുറ്റങ്ങള്‍ക്ക് ബിജെപി നേതാവ് എച്ച്. രാജയ്ക്ക് ആറു മാസത്തെ തടവുശിക്ഷ വിധിച്ച കോടതി വിധി മദ്രാസ് ഹൈക്കോടതി റദ്ദാക്കി.

ഇന്ത്യന്‍ വ്യോമസേനയ്ക്കായി മിസൈലുകള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡറിന് മറുപടിയായി അഞ്ച് എസ്-400 ‘ത്രിയംഫ്’ ദീര്‍ഘദൂര ഉപരിതല-വ്യോമ മിസൈല്‍ സിസ്റ്റങ്ങള്‍ കൂടി വില്‍ക്കാന്‍ റഷ്യ ഓഫര്‍ നല്‍കിയതായി റിപ്പോര്‍ട്ട്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനാകാതെ സ്പൈസ് ജെറ്റ്. വിമാനത്താവളങ്ങള്‍ക്ക് നല്‍കേണ്ട തുക കുടിശ്ശികയായതിലും കടുത്ത വെല്ലുവിളി നേടുകയാണ് സ്പൈസ് ജെറ്റ്.

ആഗോളവിപണിയില്‍ അസംസ്‌കൃത എണ്ണവില ലിറ്ററിന് 5.46 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ വിമാന ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. എവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ വില ലിറ്ററിന് 6.28 രൂപ വര്‍ധിച്ച് 121.28 രൂപയായി. ഇതോടെ വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യത.

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍. മലയാളികള്‍ അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേ സമയം നദികളില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ് നല്‍കി.

ജാപ്പനീസ് മാധ്യമപ്രവര്‍ത്തകനും ബഹിരാകാശ സഞ്ചാരിയുമായ ടൊയോഹിരോ അകിയാമ അന്തരിച്ചു. 84 വയസായിരുന്നു. 1990 ഡിസംബറിലാണ് അദ്ദേഹം സോവിയറ്റ് യൂണിയന്റെ സോയൂസ് ബോണറ്റില്‍ ബഹിരാകാശത്തേക്ക് പറന്നുയര്‍ന്നത്.

യുഎഇയെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ബഹറിന്‍. യുഎഇയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും മേഖലയിലെ സുസ്ഥിരത തകര്‍ക്കുന്നതുമാണ് ഡ്രോണ്‍ ആക്രമണമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം.

ഹോര്‍മുസ് കടലിടുക്കില്‍ ഒമാനു സമീപം എണ്ണ ടാങ്കറിനു നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി യു കെ മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്. ആളപായമോ എണ്ണ ചോര്‍ച്ചയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ബ്രസീല്‍, ഉറുഗ്വേ, പാനമ എന്നീ കരുത്തരായ ടീമുകള്‍ക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ മത്സരങ്ങള്‍ക്കുള്ള 26 അംഗ ഇന്ത്യന്‍ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഖാലിദ് ജമീല്‍ പ്രഖ്യാപിച്ച ടീമില്‍ നാല് മലയാളി താരങ്ങളുണ്ട്. ബിജോയ് വര്‍ഗീസ്, ആഷിഖ് കുരുണിയന്‍, മുഹമ്മദ് സനാന്‍, സഹല്‍ അബ്ദുല്‍ സമദ് എന്നിവരാണ് ടീമില്‍ ഇടംനേടിയ മലയാളി താരങ്ങള്‍. സന്ദേശ് ജിംഗാന്‍, ലാലിയന്‍സുവാല ചാംഗ്തേ എന്നിവര്‍ക്ക് സ്ഥാനം ലഭിച്ചില്ല.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമിലെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പരിക്ക്. കാലിനേറ്റ നേരിയ പരിക്കിനെ തുടര്‍ന്ന് ഹാര്‍ദിക്കിനോട് തല്‍ക്കാലം ബൗളിംഗ് പരിശീലനം നിര്‍ത്തിവെക്കാന്‍ സെന്റര്‍ ഓഫ് എക്സലന്‍സിലെ മെഡിക്കല്‍ സംഘം നിര്‍ദ്ദേശിച്ചു.

മെസിയുടെ വിരമിക്കല്‍ പ്രഖ്യാപനം നിരാശയോടെയും സങ്കടത്തോടെയും കേട്ട് ഫുട്‌ബോള്‍ ലോകം. മെസ്സിയുടെ മടക്കം ഫുട്‌ബോളിന്റെ കാറ്റ് അഴിച്ചുവിട്ടപോലെയാണെന്നാണ് ചില ആരാധകരുടെ അഭിപ്രായം. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ചിലര്‍ പറയുമ്പോള്‍ ഇനിയും ഇന്റര്‍ മയാമിയില്‍ കളി കാണാമല്ലോ എന്ന പ്രതീക്ഷയാണ് ചിലര്‍ പങ്കു വെക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷത്തിന്റെ (2026-27) ഏപ്രില്‍-ജൂണ്‍ പാദത്തില്‍ രാജ്യം 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒന്നാം പാദത്തിലെ റിയല്‍ ജിഡിപി 81.36 ലക്ഷം കോടി രൂപയായി ഉയര്‍ന്നു, മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 75.46 ലക്ഷം കോടി രൂപയായിരുന്നു. വളര്‍ച്ച മുന്‍ പാദത്തിലെ 8.6 ശതമാനത്തേക്കാള്‍ കുറവാണെങ്കിലും കഴിഞ്ഞ വര്‍ഷം ഇതേ പാദത്തിലെ 6.8 ശതമാനത്തേക്കാള്‍ കൂടുതലാണ്. ഇതോടൊപ്പം നോമിനല്‍ ജിഡിപി 10.3 ശതമാനം വളര്‍ച്ചയും കൈവരിച്ചിട്ടുണ്ട്. സേവന മേഖല 10 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വ്യവസായ മേഖല 8.6 ശതമാനം വളര്‍ച്ചയും കാര്‍ഷിക മേഖല ഉള്‍പ്പെടുന്ന പ്രാഥമിക മേഖല 2.9 ശതമാനം വളര്‍ച്ചയും നേടി. നിക്ഷേപ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്ന ഗ്രോസ് ഫിക്സഡ് ക്യാപിറ്റല്‍ ഫോര്‍മേഷന്‍ 11.9 ശതമാനം ആയി ഉയര്‍ന്നത് വിപണിയിലെ സാമ്പത്തിക കരുത്ത് കാണിക്കുന്നു.

ആപ്പിളിന്റെ പുതിയ സിഇഒ ആയി ജോണ്‍ ടെര്‍നസ്. 15 വര്‍ഷക്കാലം സിഇഒ സ്ഥാനം വഹിച്ച ടിം കുക്ക് സ്ഥാനമൊഴിഞ്ഞതോടെയാണ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ടെര്‍നസ് സ്ഥാനമേറ്റത്. 2011-ല്‍ കമ്പനിയുടെ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ കുക്ക്, ഇനി മുതല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എന്ന പുതിയ ചുമതല വഹിക്കും. 1998-ലാണ് ടിം കുക്ക് ആപ്പിള്‍ കമ്പനിയില്‍ ചേരുന്നത്. 2011-ല്‍ ആപ്പിളിന്റെ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സ് ആരോഗ്യകാരണങ്ങളെ തുടര്‍ന്ന് മാറി നിന്നതിന് പിന്നാലെയാണ് സിഇഒ ആയി ടിം കുക്ക് ചുമതലയേല്‍ക്കുന്നത്. ആപ്പിള്‍ വാച്ച്, എയര്‍പോഡ്‌സ്, ഹോം പോഡ്, വിഷന്‍ പ്രോ, എയര്‍ ടാഗ് തുടങ്ങിയ ഉത്പന്നങ്ങള്‍ കമ്പനി അവതരിപ്പിച്ചതും ആപ്പിള്‍ മ്യൂസിക്, ആപ്പിള്‍ ടിവി പോലുള്ള സേവനങ്ങള്‍ വളര്‍ന്നതും ടിം കുക്കിന്റെ കാലത്താണ്. ഉത്പന്ന നിര വികസിപ്പിക്കുകയും ഓഹരി മൂല്യത്തെ അടിസ്ഥാനമാക്കി കമ്പനിയുടെ മൂല്യം ഏകദേശം 4.5 ട്രില്യണ്‍ ഡോളറായി ഉയര്‍ത്തുകയും ചെയ്തുവെന്ന ക്രെഡിറ്റ് ടിം കുക്കിനാണ്.

സൂര്യയെ നായകനാക്കി വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ മറ്റൊരു ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. ചിത്രത്തിലെ വെഡ്ഡിംഗ് സോംഗ് ആണ് പുറത്തെത്തിയിരിക്കുന്നത്. കെന്‍ കരുണാസിന്റെ വരികള്‍ക്ക് ജി വി പ്രകാശ് കുമാര്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലാപനം നായകനായ സൂര്യയുടേത് തന്നെ. ഓഗസ്റ്റ് 14 ന് തിയറ്ററുകളിലെത്തിയ ചിത്രത്തില്‍ മമിത ബൈജുവാണ് സൂര്യയുടെ നായികയായി എത്തിയത്. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ട്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയത്. സംവിധായകന്‍ വെങ്കി അറ്റ്ലൂരി തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റെര്‍റ്റൈനെര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ഫാന്റസി ത്രില്ലര്‍ ‘ഐ ആം ഗെയിം’ സെപ്റ്റംബര്‍ 3ന് ആഗോള റിലീസിനെത്തുന്നു. ഇപ്പോഴിതാ, അതിന് മുന്നോടിയായി ചിത്രത്തിലെ പ്രൊമോ സോംഗ് വീഡിയോ ‘ഹൈ സ്റ്റേക്ക്സ്’ പുറത്തിറങ്ങി. ജേക്സ് ബിജോയ് സംഗീതം ഒരുക്കിയ ഗാനം ബ്രോധ വി, ജേക്സ് ബിജോയ് എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബ്രോധ വി, ക്ലിന്റ് ലൂയിസ് എന്നിവര്‍ ഇംഗ്ലീഷ് വരികളും മുത്തു മലയാളം വരികളും രചിച്ചിരിക്കുന്നു. ബ്രോധ വി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഒരുമിച്ചെത്തുന്നത് ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആണ്. ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്‌കിന്‍, കയാദു ലോഹര്‍, കതിര്‍, പാര്‍ത്ഥ് തിവാരി, സംയുക്ത വിശ്വനാഥന്‍, വിനയ് ഫോര്‍ട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്‌ഡേറ്റ് വേര്‍ഷന്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഥാര്‍ ഫെയ്സ്ലിഫ്റ്റിന്റെ പരീക്ഷണയോട്ടത്തിനിടെ ഇതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. പുതിയ വേര്‍ഷനില്‍ പുതിയ ഫ്രണ്ട് ഗ്രില്‍ വരാന്‍ സാധ്യതയുണ്ട്. വട്ടത്തിലുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍ക്ക് ഇരുവശത്തുമായി നല്‍കിയിരിക്കുന്ന പുതിയ ഫൈവ് സ്ലോട്ട് ഡിസൈനാണ് ഏറ്റവും വലിയ പ്രത്യേകത. മുന്‍വശത്തെ ഫെന്‍ഡറുകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഇതില്‍ പൊസിഷന്‍ ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുതിയ 5 സ്‌പോക്ക് അലോയി വീല്‍ ആണ് മറ്റൊരു പ്രത്യേകത. നിലവിലുള്ള അതേ എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ തന്നെയാകും ഇതിലും. 2.0 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്.

ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം, സോര്‍ബ ദ ഗ്രീക്ക് എന്നീ വിഖ്യാത കൃതികളിലൂടെ ലോകപ്രശസ്തനായ കസാന്‍ദ്‌സാക്കീസിന്റെ ഗ്രീക്കുസംസ്‌കാരത്തിന്റെ മുദ്രകള്‍ പേറുന്ന നോവല്‍. നവീകൃതമായ ആദ്ധ്യാത്മികതയിലൂടെ ക്രിസ്തുവിനെയും വിശുദ്ധ ഫ്രാന്‍സീസിനെയും പുനര്‍വായിച്ച എഴുത്തുകാരന്‍ യവനപൗരാണികതയെ അടിസ്ഥാനമാക്കി രചിച്ച ക്ലാസിക് കൃതി. ചരിത്രത്തിലെ ആദ്യകാല നാഗരികതകളിലൊന്നായ ക്രീറ്റിലെ മിനോവന്‍ രാജവംശത്തിന്റെ ചരിത്രവും മിത്തുകളും അവലംബിച്ച് എഴുതപ്പെട്ട നോസോസിലെ കൊട്ടാരത്തിന്റെ ആദ്യ മലയാള പരിഭാഷ. ‘നോസോസിലെ കൊട്ടാരം’. പരിഭാഷ – രാജന്‍ തുവ്വാര. മാതൃഭൂമി. വില 289 രൂപ.

ഒരു നുള്ള് കായം മതി വയറ്റിലെ ഗ്യാസു കയറ്റവും അസ്വസ്ഥതയും വയറുവീര്‍ക്കലുമൊക്കെ ഒഴിവാകും. മണവും രുചിയും മാത്രമല്ല, കായത്തില്‍ അടങ്ങിയ സംയുക്തങ്ങള്‍ ശരീരത്തിലെ ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കും. ദിവസവും കായം ചേര്‍ന്ന ഭക്ഷണം കഴിക്കുന്നത് ദഹനക്കേട് കുറയ്ക്കാനും വയറ്റിലെ കൃമിശല്യം ഒഴിവാക്കാനും സഹയിക്കും. ദഹനക്കേടിന് ഏറ്റവും ശക്തമായ ഒരു കോമ്പിനേഷന്‍ ആണ്- ജീരകം, കായം, ഇഞ്ചി, മഞ്ഞള്‍ ഇവ ചേര്‍ന്നുള്ള വിഭവങ്ങള്‍ വയറിന് സുഖവും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ ഇവയൊന്നും അമിതമാകരുതെന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. ഇതിന്റെ പ്രത്യേകമായ രൂക്ഷഗന്ധത്തിന് സള്‍ഫര്‍ സംയുക്തങ്ങളാണ് പ്രധാന കാരണം. ശുദ്ധമായ കായത്തിന് ഗന്ധം വളരെ ശക്തമായിരിക്കും. ചൂടുള്ള എണ്ണയിലോ നെയ്യിലോ ചെറിയ അളവില്‍ ചേര്‍ക്കുമ്പോള്‍ ഈ രൂക്ഷഗന്ധം മാറി ഭക്ഷണത്തിന് മനോഹരമായ സുഗന്ധം നല്‍കുന്നു. ഗുണനിലവാരമുള്ള കായം വീട്ടില്‍ പരിശോധിച്ച വിലയിരുത്തുക അത്ര എളുപ്പമല്ലാത്തതിനാല്‍ FSSAIയുടെ അംഗീകാരമുള്ള കായം അല്ലെങ്കില്‍ കായപ്പൊടി മാത്രം വാങ്ങാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 94.92, പൗണ്ട് – 128.47, യൂറോ – 110.03, സ്വിസ് ഫ്രാങ്ക് – 117.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.92, ബഹറിന്‍ ദിനാര്‍ – 252.09, കുവൈത്ത് ദിനാര്‍ -307.06, ഒമാനി റിയാല്‍ – 246.90, സൗദി റിയാല്‍ – 25.20, യു.എ.ഇ ദിര്‍ഹം – 25.16, ഖത്തര്‍ റിയാല്‍ – 25.99, കനേഡിയന്‍ ഡോളര്‍ – 68.44.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *