ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചപ്പോലെ എന്‍ഡിഎയ്ക്ക് വൻകുതിപ്പ്. 243 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തില്‍ എന്‍ഡിഎ മുന്നേറുന്നു. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് വലിയ തകർച്ചയാണ് ഉണ്ടായത്. 66.91% എന്ന റെക്കോർഡ് പോളിങ് നടന്ന തെരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനും എൻഡിഎക്കും ഭരണത്തുടർച്ചയാണ് എക്സിറ്റ് പോളുകളെല്ലാം പ്രവചിച്ചിരുന്നത്.
ബിഹാറിൽ കേവല ഭൂരിപക്ഷം കടന്നതോടെ പൂർണ ആത്മവിശ്വാസത്തിലാണ് ബിജെപി ക്യാമ്പ്. ബിജെപി ദേശീയ ആസ്ഥാനത്ത് വൻ ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു. വിജയിച്ചാൽ മോദി വൈകീട്ട് അഭിസംബോധന ചെയ്തു സംസാരിക്കും.
ബിഹാറിലെ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പായാലും പടക്കം പൊട്ടിക്കരുത് എന്നും ആഘോഷങ്ങൾ ലളിതമായി നടത്തണമെന്നും ബിജെപി എല്ലാ നേതാക്കൾക്കും നിർദ്ദേശം നൽകി. അടുത്തിടെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. അതേസമയം നിരത്തുകൾ കൈയേറിയുള്ള എല്ലാ ആഘോഷങ്ങൾക്കും ഇന്നത്തേക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം . ഈ മാസം 16 വരെ പാറ്റ്ന നഗരത്തിൽ നിരോധനജ്ഞ തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോൾ ഇന്ത്യ സഖ്യത്തിന്‍റെ മുഖമായ തേജ്വസി യാദവ് പിന്നില്‍. രാഘവ്പൂർ മണ്ഡലത്തില്‍ ഇപ്പോൾ ബിജെപി സ്ഥാനാര്‍ത്ഥി സതീഷ് കുമാറാണ് മുന്നിൽ നിൽക്കുന്നത്. ഹാട്രിക് വിജയം തേടിയാണ് ഇത്തവണ തേജസ്വി മത്സരത്തിനിറങ്ങിയത് എന്നാല്‍, അപ്രതീക്ഷിത തിരിച്ചടി നേരിട്ട് കൊണ്ടിരിക്കുകയാണ്. തേജസ്വി കൂടെ പിന്നിലായത് പ്രതിപക്ഷത്തിൽ കനത്ത് ഞെട്ടലാണ് ഉണ്ടാക്കിയിട്ടുള്ളത്.
ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവേ ബിഹാറിൽ വിജയിച്ചെന്നും അടുത്ത ലക്ഷ്യം പശ്ചിമ ബംഗാൾ ആണെന്നും കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു. അരാജകത്വത്തിന്‍റെ സർക്കാർ രൂപീകരിക്കില്ലെന്ന് ബിഹാർ തീരുമാനിച്ചുവെന്നും ബിഹാറിലെ യുവജനങ്ങൾ ബുദ്ധിശാലികളാണ്, കുഴപ്പങ്ങളുടെയും അഴിമതിയുടെയും കൊള്ളയുടെയും സർക്കാരിനെ ബിഹാർ അംഗീകരിക്കില്ലെന്ന് ആദ്യ ദിവസം മുതൽ വ്യക്തമായിരുന്നു, നമ്മൾ ബിഹാർ നേടി ഇനി ബംഗാളിന്‍റെ ഊഴമാണെന്നും മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞു.
ബിഹാറിൽ എൻഡിഎ സഖ്യം സർക്കാർ രൂപികരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ വ്യക്തമാക്കി. എൻഡിഎയ്ക്ക് ജനസമ്മതി ലഭിച്ചു കഴിഞ്ഞുവെന്നും ഇത്തവണ എൻഡിഎ തന്നെ അധികാരത്തിലെത്തുമെന്ന് പൊതുജനങ്ങളുടെ മുഖത്ത് നിന്ന് തന്നെ വ്യക്തമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോ എന്നത് പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്നും, ഇത് മോദിയുടെയും നിതീഷിൻ്റെയം നേതൃത്വത്തിൻ്റെ വിജയമാണെന്നും അനിൽ ആൻ്റണി പറഞ്ഞു. കോൺഗ്രസിൻ്റെ ത് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്നും അനിൽ ആൻ്റണി പരിഹസിച്ചു.
‘ബിഹാറിലെ കോണ്‍ഗ്രസിൻ്റെ പരാജയകാരണം പഠിക്കാൻ പാർട്ടിക്ക് ഉത്തരവാദിത്വമുണ്ടെന്നും എവിടെയാണ് തെറ്റു പറ്റിയതെന്ന് പരിശോധിക്കണമെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ പറഞ്ഞു. സ്ത്രീ വോട്ടർമാർക്ക് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സഹായങ്ങൾ നൽകിയിരുന്നു. സംസ്ഥാന സർക്കാരുകൾ ഇത്തരത്തിൽ സഹായങ്ങൾ നൽകുന്നത് പുതുമയുള്ളതല്ല. അത് ചെയ്യുന്നതിൽ നിന്ന് സർക്കാരുകളെ തടയാനും കഴിയില്ല. പ്രചരണത്തിൽ നേരിട്ട് പങ്കാളികളായവർ തോൽവിയുടെ കാരണങ്ങൾ വിശദീകരിക്കണമെന്നും തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും ശശി തരൂർ പറഞ്ഞു.
ബിഹാർ തെരഞ്ഞെടുപ്പിൽ മഹാസഖ്യം വലിയ തിരിച്ചടി നേരിടുന്നതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷനെയും വോട്ടർ പട്ടിക പരിഷ്കരണത്തെയും കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. വോട്ടർ പട്ടികകളിലെ പൊരുത്തക്കേടുകളെ കുറിച്ച് ഉന്നയിച്ച നിരവധി ആക്ഷേപങ്ങൾ അവഗണിക്കപ്പെട്ടു എന്നും ഇത് ജനാധിപത്യത്തിന്‍റെ കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി-ജെഡി(യു) അല്ല എസ്ഐആർ ആണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷിതമായ ശബരിമല മണ്ഡല-മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ. ആറ് ഘട്ടങ്ങളായി മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവ് പൂർത്തിയാകുന്നത് വരെയുള്ള ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല തീർഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് നിലയ്ക്കലിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു റവാഡ ചന്ദ്ര ശേഖർ.
ബിജെപിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടയിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷമായി മാറിയിട്ടുണ്ടെന്ന് കോൺഗ്രസ് എംപി ശശി തരൂർ. ബിജെപിയെ എതിർക്കാൻ കോൺഗ്രസും ഇടതുപാർട്ടികളും കൈകോർക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയവെയാണ് തരൂർ ഇക്കാര്യം പറഞ്ഞത്. തന്റെ പരാമർശങ്ങൾ ബോധ്യങ്ങളെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചാണെന്നും ചില വിടവുകൾ നികത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശശി തരൂർ തല മറന്ന് എണ്ണ തേക്കുന്നുവെന്ന് മുതിര്‍ന്ന നേതാവ് എംഎം ഹസൻ. നെഹ്റു കുടുംബത്തിന്‍റെ ഔദാര്യത്തിലാണ് ശശി തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയർപ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂർ എന്നും ഹസന്‍ വിമര്‍ശിച്ചു. വർക്കിംഗ് കമ്മിറ്റിയിൽ നിന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിച്ചത്. മിനിമം മര്യാദ ഉണ്ടങ്കിൽ, വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചിട്ട് വേണം അങ്ങനെ പറയേണ്ടിയിരുന്നത്. നെഹ്റുവിന്‍റെ ജന്മദിനം ആയതുകൊണ്ടാണ് താൻ ഇത്രയും പറഞ്ഞതെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലത്തിലും മുസ്ലീം ലീഗിൽ തർക്കം. സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ വേങ്ങരയിൽ ചേർന്ന ലീഗ് യോഗത്തിൽ കയ്യാങ്കളി. ഇതോടെ 20-ാം വാർഡിൽ ലീഗ് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെ യോഗം പിരിഞ്ഞു. യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റായ പറമ്പിൽ ഖാദറിന് വേണ്ടി ഒരു വിഭാഗവും മുൻവാർഡ് മെമ്പറായ സി പി ഖാദറിനുവേണ്ടി ഒരു വിഭാഗവും രംഗത്തുവന്നതോടെയാണ് രംഗം വഷളായത്.
വയനാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള പതിനേഴ് സീറ്റിൽ പതിനൊന്നിലും സിപിഎം മത്സരിക്കും. സിപിഐയും ആർജെഡിയും രണ്ട് വീതം സീറ്റു കളിലും എൻസിപിയും കേരള കോൺഗ്രസ് എമ്മും ഓരോ സീറ്റുകളിലും മത്സരിക്കും. സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായ കണിയാംപറ്റ ഇത്തവണ കേരള കോൺഗ്രസ് എമ്മിന് വിട്ടുനൽകിയാണ് സീറ്റ് ധാരണ പൂർത്തിയാക്കിയത്.
തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ തലസ്ഥാനത്ത് നിന്നും തന്റെ പ്രവർത്തന മേഖല കോഴിക്കോട്ടേക്ക് മാറ്റുന്നതിനായി അനുമതി തേടി സിപിഎം നേതൃത്വത്തെ സമീപിച്ചു. ഇനി നിയമസഭയിലോ, പാർലമെൻ്റിലേക്കോ പരിഗണിക്കാനാണ് തിരുമാനമെന്നതിനാൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമാകാനാണ് പാർട്ടി നിർദ്ദേശം. ഭർത്താവും ബാലുശേരി എംഎൽഎയുമായ സച്ചിൻദേവും കുടുംബവും കോഴിക്കോട് ആയതിനാൽ അവിടേക്ക് മാറാൻ താൽപര്യം അറിയിച്ചതായാണ് റിപ്പോർട്ടുകൾ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ മാറ്റി സിപിഎം. കണ്ണൂർ ആന്തൂർ നഗരസഭ ആറാം വാർഡിലെ സ്ഥാനാർത്ഥി ജബ്ബാർ ഇബ്രാഹിമിനെയാണ് വോട്ടർപട്ടികയിൽ പേരില്ലാത്തതിനെ തുടര്‍ന്ന് മാറ്റിയത്. ജബ്ബാറിന് നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകളിൽ വോട്ട് ഉണ്ടായിരുന്നതായി സിപിഎം പറയുന്നു. ഇതേ തുടർന്ന് ജബ്ബാർ ഇബ്രാഹിമിന് പകരം വി പ്രേമരാജനെ സ്ഥാനാർത്ഥിയാക്കി.
ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൂലമറ്റം ഭൂഗർഭ പവർഹൗസ് പൂർണ്ണമായും ഷട്ട് ഡൗൺ ചെയ്തുള്ള അറ്റകുറ്റപ്പണികൾ പുരോഗമിക്കുന്നു. പെൻസ്റ്റോക്കിലെയും പ്രഷർ ടണലിലെയും ജലം പൂർണ്ണമായി നീക്കം ചെയ്തതിന് ശേഷം പ്രധാന പരിശോധന നടത്തിയതായി മന്ത്രി കൃഷ്ണൻകുട്ടി അറിയിച്ചു. ഓക്സിജന്റെ അളവ് കുറവായ ഈ ടണലിനുള്ളിൽ പ്രത്യേക സുരക്ഷാ മുൻകരുതലുകൾ എടുത്താണ് പരിശോധന വിജയകരമായി പൂർത്തിയാക്കിയത്.
തിരുവനന്തപുരം ജില്ലയിലെ കരമന സ്റ്റേഷനിൽ നിന്നും പെറ്റിത്തുക റൈറ്റർ തട്ടിയെടുത്തതായി കണ്ടെത്തൽ. 20,000രൂപ തട്ടിയെടുത്തതായാണ് പ്രാഥമിക നിഗമനം. റൈറ്റർ ഷിജി വിൻസൻ്റിനെ കമ്മിഷണർ സസ്പെൻ്റ് ചെയ്തിരിക്കുകയാണ്. മൂന്നു വർഷമായി കരമന സ്‌റ്റേഷനിൽ റൈറ്റർ ആയിരുന്നു ഷിജി വിൻസെന്റ്. സ്റ്റേഷനിൽ വിശദമായ ഓഡിറ്റിംഗ് നടത്താനും കമ്മീഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴ അരൂർ തുറവൂർ ഉയരപ്പാതനിർമ്മാണ മേഖലയിലെ ഗർഡർ ദുരന്തത്തിന് പിന്നാലെ സ്ഥലം സന്ദർശിച്ച് വിദഗ്ധ സംഘം. എന്‍എച്ച്എഐ നിയോഗിച്ച വിദഗ്ധ സമിതി അംഗങ്ങളായ എ കെ ശ്രീവാസ്തവ, എസ് എച്ച് അശോക് കുമാർ മാത്തൂർ എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. വിദഗ്ധ സമിതി നാളെ റിപ്പോർട്ട് നൽകും. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്‍എച്ച്എഐയുടെ തുടർ നടപടികൾ.
വര്‍ക്കലയിൽ ട്രെയിൻ യാത്രക്കിടെ 19 കാരിയെ ചവിട്ടി തളളിയിട്ട കേസിലെ പ്രതി സുരേഷ് കുമാറിനെ അന്വേഷണസംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 5 ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ജയിലിൽ വച്ച് മജിസ്ട്രേറ്റിൻ്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. എന്നാൽ കേസിലെ മുഖ്യസാക്ഷികളിൽ ഒരാളായ ട്രെയിൻ യാത്രക്കാരനെ ഇതേവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് മുതൽ. ഈ മാസം ഇരുപത്തിയൊന്നാണ് നാമനിർദേശ പത്രിക നൽകാനുളള അവസാന തീയതി. സ്ഥാനാർത്ഥിക്ക് നേരിട്ടോ നിർദേശകൻ വഴിയോ പത്രിക നൽകാം. വരണാധികാരിയുടെ ഓഫീസിൽ സ്ഥാനാർത്ഥിയടക്കം അഞ്ച് പേർക്ക് മാത്രമാണ് പ്രവേശനം. സൂക്ഷ്മ പരിശോധന ഈ മാസം ഇരുപത്തി രണ്ടിന് നടക്കും. നവംബർ 24 വരെ പത്രിക പിൻവലിക്കാം.
തൃശൂര്‍ കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ രാത്രി റോഡരികില്‍ ഇരുന്നിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ അകാരണമായി മര്‍ദിച്ച കുന്നംകുളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വൈശാഖിനെ സ്ഥലം മാറ്റി. തൃശൂര്‍ ഒല്ലൂരിലേക്കാണ് സ്ഥലം മാറ്റിയത്.
കണ്ണൂർ പാലത്തായി പീഡനക്കേസിൽ ബിജെപി നേതാവ് കടവത്തൂർ സ്വദേശി കെ പത്മരാജൻ കുറ്റക്കാരനെന്ന് കണ്ടെത്തി തലശ്ശേരി അതിവേഗ പോക്സോ കോടതി. പ്രതിക്കുള്ള ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂളിനകത്തും പുറത്തും വച്ച് പീഡിപ്പിച്ചു എന്ന കേസിലാണ് അധ്യാപകനും ബിജെപി നേതാവുമായ കെ പത്മരാജൻ കുറ്റക്കാരനാണ് കണ്ടെത്തിയത്.
വിശാഖപട്ടണത്ത് വൻതോതിൽ ബീഫ് പിടിച്ചെടുത്ത സംഭവത്തിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവും സഖ്യകക്ഷികളും മൗനം പാലിക്കുന്നതിനെതിരെ വൈഎസ്ആർ കോൺഗ്രസ് നേതാവ് അമ്പാട്ടി റാംബാബു രംഗത്തെത്തി. ഒക്ടോബർ 3 ന് വിശാഖപട്ടണത്തിലെ കോൾഡ് സ്റ്റോറേജ് സൗകര്യത്തിൽ നിന്നാണ് ഏകദേശം രണ്ട് ലക്ഷം കിലോ ബീഫ് പിടിച്ചെടുത്തതെന്നും ഈ സംഭവം അസ്വസ്ഥത ഉളവാക്കുന്നതാണെന്നും ടിഡിപി നേതൃത്വത്തിലുള്ള സർക്കാർ ഉടൻ വിശദീകരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലി ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായ ഭീകരൻ ഉമർ നബിയുടെ പുൽവാമയിലെ വീട് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അതേസമയം ജയ്ഷേയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകരർ പാകിസ്ഥാൻ സന്ദർശിച്ചുവെന്നും യാത്രക്ക് സൗകര്യം ഒരുക്കിയത് ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറുടെ സഹോദരൻ മുസാഫറാണ് എന്നുമാണ് വിവരം. ശ്രീനഗറിൽ പിടിയിലായ ആദിൽ റാത്തറെ ചോദ്യം ചെയ്തപ്പോഴാണ് നിർണയക വിവരം ലഭിച്ചത്.
ജമ്മു കശ്മീരിലെ സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയിൽ സുരക്ഷാ സേന നടത്തിയ പരിശോധനയ്ക്കിടെ ഭീകരർ പിടിയിലായി. സുരക്ഷാ സേനയുടെ പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറിൽ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേർ പൊലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു.
ചൈനീസ് ബഹിരാകാശ നിലയമായ ടിയാംഗോങ്ങിൽ ഡോക്ക് ചെയ്ത ഷെൻസോ 20 ലെ ബഹിരാകാശ സഞ്ചാരികളുടെ മടക്കം ഷെൻസോ 21 പേടകത്തിലായിരിക്കുമെന്ന് അറിയിപ്പ്. ഷെൻസോ 20 പേടകത്തിൽ ബഹിരാകാശ മാലിന്യമിടിച്ച് തകരാർ സംഭവിച്ചതോടെയാണ് ബഹിരാകാശ സഞ്ചാരികളുടെ മടക്കം സംബന്ധിച്ച് അനിശ്ചിതത്വം ഉടലെടുത്തത്.
തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയിൽ എഡിറ്റ് ചെയ്ത പ്രസംഗം ഉൾപ്പെടുത്തിയതിന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് മാപ്പ് പറഞ്ഞ് ബിബിസി. എന്നാൽ, അപകീർത്തിക്കേസിന് അടിസ്ഥാനമില്ലെന്ന് പറഞ്ഞ് ട്രംപിന്‍റെ നഷ്ടപരിഹാര ആവശ്യം ബിബിസി തള്ളി. ട്രംപിന്‍റെ പ്രസംഗം എഡിറ്റ് ചെയ്തതിന്‍റെ പേരിൽ കോർപ്പറേഷൻ ചെയർമാൻ സമീർ ഷാ വൈറ്റ് ഹൗസിലേക്ക് ഒരു വ്യക്തിഗത കത്തയച്ചു എന്നും മാപ്പ് ചോദിച്ചു എന്നും ബിബിസി പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ സൈന്യത്തിനായി അപ്പാച്ചെ ഹെലികോപ്റ്ററുകളുമായി എത്തിയ ചരക്കുവിമാനത്തിന് തുർക്കി വ്യോമപാത നിഷേധിച്ചെന്ന് റിപ്പോർട്ട്. എട്ട് ദിവസം ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ തങ്ങിയ വിമാനം ഒടുവിൽ യുഎസിലേക്ക് പറന്നു. ഇന്ധനം നിറക്കുന്നതിന് ബ്രിട്ടനിലെ ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിന് പിന്നീട് തുർക്കി വ്യോമപാത നിഷേധിച്ചുവെന്നാണ് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞത്.
വ്യാപാരക്കരാറിലേക്ക് എത്തിയതോടെ നാല് രാജ്യങ്ങളിൽ നിന്നുള്ള ചില ഉത്പ്പന്നങ്ങളുടെ താരിഫിൽ ഇളവ് വരുത്തി അമേരിക്ക. അർജന്റീന, ഇക്വഡോർ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നീ രാജ്യങ്ങളുമായുണ്ടാക്കിയ കരാറുകളുടെ അടിസ്ഥാനത്തിലാണ് ഇറക്കുമതി ചെയ്യുന്ന ചില ഭക്ഷ്യവസ്തുക്കളുടെ താരിഫ് നീക്കാനുള്ള തീരുമാനം. ഈ രാജ്യങ്ങളുമായുണ്ടാക്കിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ യു.എസ്. കമ്പനികൾക്ക് രാജ്യങ്ങളിലെ വിപണികളിൽ കൂടുതൽ വ്യാപാരം ചെയ്യാനുമാകും. ഈ നാല് രാജ്യങ്ങളുമായുള്ള മിക്ക കരാറുകളും അടുത്ത രണ്ടാഴ്ചക്കുള്ളിൽ അന്തിമമായേക്കും.
