കീടാണുക്കളെയും അലര്‍ജനുകളെയും നശിപ്പിക്കാന്‍ ആഴ്ചയിലൊരിക്കലെങ്കിലും കിടക്കവിരികള്‍ ചൂടുള്ള വെള്ളത്തില്‍ കഴുകണം. സെന്‍സിറ്റീവ് ആയ ചര്‍മക്കാരാണെങ്കില്‍ വളരെ ജെന്റില്‍ ആയതും സുഗന്ധമില്ലാത്തതുമായ സോപ്പു പൊടി ഉപയോഗിക്കാം. തലയിണയുറകളും പുതപ്പും കിടക്കക്കവറുകളും എല്ലാം പതിവായി കഴുകാന്‍ ശ്രദ്ധിക്കണം. ഇടയ്ക്കിടെ കിടക്കവിരി മാറ്റുന്നത് നല്ല ഉറക്കം ലഭിക്കാനും ഗന്ധമകറ്റാനും നല്ല വിശ്രമം ലഭിക്കാനും സഹായിക്കും. ഒരു ദിവസം ശരാശരി ആറ് മുതല്‍ പത്ത് മണിക്കൂര്‍ വരെ ഒരാള്‍ കിടക്ക ഉപയോഗിക്കുണ്ട്. അതിനിടെ നമ്മുടെ ശരീരസ്രവം, എണ്ണമെഴുക്ക്, രോമങ്ങള്‍, ബാക്ടീരിയ തുടങ്ങിയ അദൃശ്യമായ പലതും ബെഡ്ഷീറ്റില്‍ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ഇവയില്‍ നിന്നൊക്കെ പലതരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകാം. കൂടാതെ കിടക്കയിലിരുന്ന് ഭക്ഷണം കഴിക്കുന്ന ശീലക്കാരാണെങ്കില്‍ ഭക്ഷണത്തിന്റെ കറയും ബെഡ്ഷീറ്റില്‍ പറ്റിപ്പിടിച്ചെന്ന് വരാം. ഇത്തരം ബെഡ്ഷീറ്റുകളില്‍ ന്യുമോണിയ, ഗൊണോറിയ, അപ്പെന്‍ഡിസൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ത്താന്‍ ശേഷിയുള്ള ബാക്ടീരിയകള്‍ തങ്ങി നില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ ബാക്ടീരിയോയിഡുകളും ഫ്യൂസോബാക്ടീരിയയും അടങ്ങിയിട്ടുണ്ട് ഇത് വിവിധ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകും. നമ്മുടെ ശരീരത്തില്‍ പ്രതിദിനം 40,000 മൃതകോശങ്ങള്‍ പുറന്തള്ളുന്നുണ്ട്. അതില്‍ ധാരാളം ചീത്ത ബാക്ടീരിയകളും അടങ്ങിയിരിക്കാം. ഇത് നമ്മുടെ ആരോഗ്യത്തെയും പ്രത്യേകിച്ച് ഉറക്കത്തെയും ദോഷകരമായി ബാധിക്കുന്നു.
