20250930 141121 0000

സ്വർണപ്പാളി വിവാദത്തിൽ മൂന്നാം ദിവസവും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ദേവസ്വം മന്ത്രി രാജി വെക്കുന്നതുവരെയും ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുന്നതു വരെയും സഭാ നടപടികളുമായി സഹരിക്കില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്ന് വി ഡി സതീശൻ പറഞ്ഞു. സഭയിൽ ചർച്ച വേണമെങ്കിൽ നോട്ടീസ് നൽകണമെന്ന് എംബി രാജേഷ് പറഞ്ഞു.

 

നിയമസഭയിൽ ചോദ്യോത്തര വേളയ്ക്ക് തടസ്സം സൃഷ്ടിച്ചുകൊണ്ട് പ്രതിപക്ഷം ബഹളം വെക്കുന്നതിനെ തുടർന്ന് സ്പീക്കർ ക്ഷുഭിതനായി. ഇന്നലെ സഭയുടെ ഗാലറിയിൽ മുഴുവൻ വിദ്യാർത്ഥികൾ ഉണ്ടായിരുന്നു അപ്പോഴാണ് പ്രതിഷേധം ബഹളം വെച്ചതെന്നും സ്പീക്കറുടെ മുഖം മറച്ചുകൊണ്ടായിരുന്നു പ്രതിഷേധം ഇതാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്നും ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും സ്പീക്കർ പറഞ്ഞു.

 

നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം അതിരുവിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പലതരം പ്രതിഷേധങ്ങൾ കണ്ടിട്ടുണ്ടെന്നും സ്പീക്കറുടെ മുഖം മറച്ച പ്രതിഷേധം ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറുടെ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നും സ്പീക്കർ സമവായത്തിന് ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

നിയമസഭയിൽ സഭാനടപടികൾക്ക് തടസ്സം വരുത്തിക്കൊണ്ട് പ്ലക്കാർഡും ബാനറുകളുമായി പ്രതിപക്ഷം പ്രതിഷേധിച്ചതിനിടയിൽ വാച്ച് ആൻഡ് വാർഡും പ്രതിപക്ഷ അംഗങ്ങളും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. സ്പീക്കറുടെ അടുത്തേക്ക് എത്താൻ കഴിയാത്ത വിധം തടസ്സം നിന്ന വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മറികടക്കാൻ ശ്രമിച്ചതോടെയാണ് ഉന്തും തള്ളുമായത്. സഭയിൽ മന്ത്രി വി ശിവൻകുട്ടിയുടെ പഴയ ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടി. ഇതിൽ പ്രകോപിതരായി ഭരണനിരയും പ്രതിഷേധവുമായി എഴുന്നേറ്റു.

 

സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്രയും ദിവസം മുഖ്യമന്ത്രി വാ തുറന്നില്ലല്ലോയെന്നും അയ്യപ്പന്‍റെ ദ്വാരപാലക ശില്‍പം ഒരു കോടിശ്വരന് വിറ്റിരിക്കുകയാണ് എന്നിട്ട് ഈ മുഖ്യമന്ത്രി ഇത്രയും ദിവസം മിണ്ടിയില്ലല്ലോ എന്ന് പ്രതിപക്ഷ നോതാവ് ചോദിച്ചു. കൂടാതെ, മൂന്നാമത്തെ ദിവസമാണ് ഞങ്ങൾ നിയമസസഭയില്‍ സമരം നടത്തുന്നത്, അപ്പോൾ എവിടെയായിരുന്നു മുഖ്യമന്ത്രിയുടെ നാവെന്നും ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയേണ്ടേ? അത് പറഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു.

 

അയ്യപ്പന്‍റെ ദ്വാരപാലക ശില്‍പം ഒരു കോടിശ്വരന് വിറ്റിരിക്കുകയാണ്, ആര്‍ക്കാണന്ന് കടകംപള്ളിയോട് ചോദിച്ചാലറിയാം എന്ന വിഡി സതീശന്‍ പറഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കടംകപളളി സുരേന്ദ്രൻ. മാനസിക നില തെറ്റിയത് പോലെയുള്ള പ്രസ്താവനയാണ് പ്രതിപക്ഷ നേതാവിന്‍റെതെന്നും ദേവസ്വം മന്ത്രിയുടേയും പ്രസിഡന്‍റിന്‍റെയും ബോഡിന്റെയും എല്ലാ ചുമതലകളിലും വ്യക്തതയുണ്ട്, ആണത്തവും തന്‍റേടവും ഉണ്ടെങ്കിൽ ആരോപണം തെളിയിക്കണം എന്ന് കടകംപള്ളി വെല്ലുവിളിച്ചു.

 

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ പ്രതിഷേധവുമായി സ്പീക്കറുടെ ഡയസിനു മുന്നിലേക്കെത്തിയ പ്രതിപക്ഷ അംഗത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എന്‍റെ നാട്ടിൽ ഒരു വർത്തമാനം ഉണ്ട് എട്ടു മുക്കാലട്ടി വച്ചതു പോലെ എന്ന് അത്രയും ഉയരം മാത്രമുള്ള ഒരാളാണ് ആക്രമിക്കാൻ പോയത് സ്വന്തം ശരീരശേഷി വച്ചല്ല, ശരീരശേഷി വച്ച് അതിന് കഴിയില്ലെന്നും നിയമസഭയുടെ പരിരക്ഷ വച്ചുകൊണ്ട് വാച്ച് ആൻഡ് വാർഡിനെ അംഗം ആക്രമിക്കാൻ പോവുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

പ്രതിപക്ഷ അംഗത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയുമായി പതിപക്ഷ നേതാവ് വി ഡി സതീശൻ. ഉയരം കുറഞ്ഞ ആളുകളോട് മുഖ്യമന്ത്രിക്ക് എന്താണ് ദേഷ്യം മുഖ്യമന്ത്രി നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പരാമർശം സഭാ രേഖകളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്പീക്കർക്ക് കത്ത് നൽകുമെന്നും പുതിയ കാലത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് അറിയില്ലേ ഏതുകാലത്താണ് ജീവിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

 

ദ്വാരപാലക ശിൽപ്പം സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുരാരി ബാബു പറയുന്നത് കള്ളമെന്ന് തന്ത്രി കണ്ഠര് രാജീവര്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശുന്നതിനായി ചെന്നൈയിൽ കൊണ്ടുപോകാൻ താൻ‌ അനുമതി കൊടുത്തിട്ടില്ലെന്നും തന്ത്രി പറഞ്ഞു. ശിൽപ്പങ്ങളുടെ കുറച്ചുഭാഗം നിറം മങ്ങിയെന്നും അറ്റകുറ്റപ്പണി നടത്താൻ അനുമതി വേണമെന്നും ഇങ്ങോട്ട് ആവശ്യപ്പെട്ടതാണെന്നും ഇങ്ങോട്ട് എഴുതി ചോദിച്ചതിന്റെ മറുപടി മാത്രമാണ് കൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

 

സ്വര്‍ണപ്പാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടേയും ദേവസ്വം വകുപ്പ് മന്ത്രിയുടേയും രാജി ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം. ക്ലിഫ്ഹൗസിലേക്കാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉൾപ്പെടെയുളള നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. പൊതുസൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് ബിജെപി ഈ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് രാജിവ് ചന്ദ്രശേഖര്‍ പറഞ്ഞു. ക്ലിഫ് ഹൗസില്‍ ഇരിക്കുന്ന മുഖ്യമന്ത്രി എല്ലാം ശരിയാവും എന്ന വാഗ്ദാനം നല്‍കിയിരുന്നു. 10 കൊല്ലം ഭരിച്ചിട്ടും ഒന്നും ശരിയായില്ല. എവിടെ നോക്കിയാലും അഴിമതിയും അനാസ്ഥയുമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

 

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴി വിട്ട ഇടപെടലിനു മുരാരി ബാബു അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. 2024 ൽ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം നടത്തി. ദേവസ്വം ബോർഡിനെ അറിയിക്കും മുൻപ് മുരാരി ബാബു സ്മാർട്ട് ക്രിയേഷന് കത്ത് അയച്ചു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത്. വിവരങ്ങൾ അറിയിച്ചു സ്മാർട്ട് ക്രിയേഷൻസ് തിരിച്ചും കത്ത് അയച്ചു. കത്തിൽ എക്‌സിക്യുട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു തുടർ അനുമതിക്കായി ഒപ്പുവെച്ചു. എന്നാൽ മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോർഡ് തടയുകയായിരുന്നുവെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി.

 

ശബരിമല സ്വർണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പുതിയ തന്ത്രിയും പഴയ തന്ത്രിയും തന്ന കത്തുകൾക്ക് രേഖയുണ്ടെന്നും അതൊന്നും പരസ്യപ്പെടുത്താനില്ലെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും വരെ ബോർഡിനെ മണ്ഡലകാല ഒരുക്കങ്ങൾക്കായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും പി എസ് പ്രശാന്ത് പറഞ്ഞു.

 

ശബരിമല ശ്രീകോവിലിലെ സ്വർണം പൂശിയ കട്ടിളയും ചെമ്പ് എന്നു രേഖപ്പെടുത്തി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കൈമാറിയെന്ന് രേഖകൾ. അന്നത്തെ തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു, എക്സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാർ എന്നിവർ തയാറാക്കിയ മഹസറിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ ബി.മുരാരി ബാബു അടക്കം 8 ഉദ്യോഗസ്ഥർ ഒപ്പുവച്ചിട്ടുണ്ട്.

 

ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം ദ്വാരപാലക പാളികൾ കൊടുത്തുവിട്ടത് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമായിരുന്നെന്ന് അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറും തിരുവാഭരണം കമ്മീഷണറുമാണ് അത് പരിശോധിക്കേണ്ടത്. വേണമെങ്കിൽ ബോർഡിന് അത് വീണ്ടും പരിശോധിക്കാമായിരുന്നു. അന്നാരും ഇക്കാര്യത്തിൽ ഒരു സംശയവും പ്രകടിപ്പിച്ചിരുന്നില്ല. ഉദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡ് തീരുമാനം നടപ്പാക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഡി സുധീഷ് പറഞ്ഞു.

 

1998ൽ ശബരിമലയിൽ വച്ചു തന്നെയാണ് സ്വർണം പൊതിഞ്ഞതെന്നും എല്ലാം നടന്നത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരുന്നെന്നും വിജയ് മല്യ സ്വർണം പൊതിഞ്ഞ കാലയളവിൽ ശബരിമല കീഴ്ശാന്തിയായിരുന്ന ശ്രീനിവാസൻ പോറ്റി. ചിട്ടയായാണ് എല്ലാ പ്രവർത്തനങ്ങളും നടന്നത് വിവാദങ്ങൾ കേട്ടപ്പോൾ വലിയ പ്രയാസം ഉണ്ടായെന്നും അദ്ദേഹം പറ‍ഞ്ഞു.

 

ശബരിമലയിലെ സ്വർണം നഷ്ടമായതിൽ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സർക്കാരാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ശബരിമല പ്രതിഷേധത്തെ തുടർന്ന് റിമാൻഡിലായ സന്ദീപ് വാര്യർ അടക്കമുള്ളവരെ കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെത്തി സന്ദർശിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.

 

ഓപ്പറേഷൻ നുംഖോറുമായി ബന്ധപ്പെട്ട് താരങ്ങളുടെ വീടുകളിൽ ഇ ഡി റെയ്ഡ്. ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിൽ റെയ്ഡ് നടക്കുകയാണ്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.

 

ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് വീട്ടിൽ‌ നടക്കുന്ന ഇഡി പരിശോധനക്കിടെ നടൻ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുൽഖർ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. നേരത്തെ, ദുൽഖറിൽ നിന്ന് വിവരങ്ങൾ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു.

 

ന്യൂ മാഹി ഇരട്ടകൊലക്കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ട് തലശ്ശേരി അഡീഷ്ണൽ സെഷൻസ് കോടതി. പള്ളൂരിലെ ആർഎസ്എസ് പ്രവർത്തകരായ വിജിത്ത്, ഷിനോജ് എന്നിവർ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവർത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടു പ്രതികൾ വിചാരണക്കിടെ മരിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രതികളെ വെറുതെ വിട്ടത്.

 

ന്യൂ മാഹി ഇരട്ടക്കൊലകേസിൽ പ്രതികളെ വെറുതെ വിടാൻ ഇടയായത് അന്നത്തെ ഭരണത്തിന്റെ തണലിൽ പൊലീസ് നൽകിയ പിന്തുണയെന്ന് സൂചിപ്പിച്ച് പബ്ലിക് പ്രോസിക്യൂട്ടർ. വിധി പ്രസ്താവത്തിന് ശേഷമാണ് പ്രതികരണം. 2010ൽ കൊലപാതകം നടക്കുമ്പോൾ ആഭ്യന്തര വകുപ്പ് ഭരിച്ചിരുന്നത് സിപിഎം ആയിരുന്നു. റോഡരികിൽ പരസ്യമായി ഇരട്ട കൊലപാതകം നടന്നിട്ടും പ്രതികളെ പൊലീസ് പിടികൂടിയില്ല. പിന്നീട് ഇവർ സമയമെടുത്ത് സ്വമേധയാ കോടതിയിൽ ഹാജരാവുകയായിരുന്നു.

 

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കെതിരായ വായ്പാ തിരിച്ചടവ് നടപടികൾ സ്റ്റേ ചെയ്തുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വാക്കാൽ പരാമർശിച്ച് കേരള ഹൈക്കോടതി. വായ്പാ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ സ്വീകരിച്ച നിലപാടിൽ ഹൈക്കോടതി രൂക്ഷ വിമർശനമുന്നയിച്ചു. ,ഇന്നത്തെ ഹിയറിംഗിൽ, വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് ആഭ്യന്തര മന്ത്രാലയം സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

 

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ നീലേശ്വരം ശിവക്ഷേത്രത്തിലും സ്വര്‍ണം കാണാതായതായി പരാതി. മുന്‍ ഭരണ സമിതിക്കെതിരെ ഇപ്പോഴത്തെ ഭരണ സമിതി പോലീസിലും ദേവസ്വം ബോര്‍ഡ് വിജിലന്‍സിലും പരാതി നല്‍കി.സ്വര്‍ണം വെള്ളി ആഭരണങ്ങളാണ് കാണാതായത്.ദേവസ്വം ബോര്‍ഡ് എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി സ്ഥീരികരിച്ചു.

 

കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ പൊലീസുകാരന് നേരെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരിക്കേറ്റു. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്. സംഭവത്തിൽ കണ്ണൂർ മാടായി സ്വദേശി ഫായിസ്, മാട്ടൂൽ സ്വദേശി നിയാസ് എന്നിവർ പിടിയിലായി. ഇന്നലെ രാത്രിയാണ് സംഭവം. യുവാക്കൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇരുവരേയും കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

 

ലോക റെക്കോർഡ് തീർത്ത് മലപ്പുറം നഗരസഭയുടെ വയോജന ഉല്ലാസ യാത്ര. 3180 വയോജനങ്ങൾ, 320 വളണ്ടിയർമാർ, മെഡിക്കൽ ടീം ഉൾകൊള്ളുന്ന അഞ്ച് ആംബുലൻസ് ഉൾപ്പടെ പുലർച്ചെ 6 മണിക്ക് ആരംഭിച്ച വയോജന ഉല്ലാസ യാത്ര രാത്രി പത്ത് മണിയോടെ വീടുകളിൽ തിരിച്ചെത്തി. ലോകത്ത് നിലവിൽ രേഖപ്പെടുത്തിയ വയോജന ഉല്ലാസ യാത്രയിൽ ലോക റെക്കോർഡ് ബുക്കിലും ഈ വയോജന യാത്ര ഇടം നേടി.

 

തിരുവനന്തപുരം ജില്ലയിൽ രണ്ടാൾക്കുകൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ആറ്റിങ്ങൽ കൊടുമൺ സ്വദേശിയായ 57-കാരനും ഇടവ വെൺകുളം മരക്കടമുക്ക് സ്വദേശിയായ 34 വയസ്സുള്ള യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

തൃശൂര്‍ കൊടകര ഗ്രാമപഞ്ചായത്തില്‍ ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ജൈവമാലിന്യങ്ങള്‍ പുറത്ത് കൂട്ടിയിട്ടതായും അജൈവ മാലിന്യം വലിച്ചെറിഞ്ഞതായും ദ്രവമാലിന്യം തൊട്ടടുത്തുള്ള പാടശേഖരത്തേക്ക് ഒഴുക്കിവിടുന്നതായും കണ്ടെത്തി. അമ്പതിനായിരം രൂപ പിഴ ചുമത്തി കരാര്‍ കമ്പനി മാനേജര്‍ക്ക് നോട്ടീസ് നല്‍കി.

 

ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ചർച്ചയിൽ ഇന്ന് രണ്ടാം വട്ട ചർച്ച നടക്കാനിരിക്കെ മൂന്ന് ആവശ്യങ്ങൾ മുന്നോട്ടുവച്ച് ഹമാസ്. ഇസ്രായേൽ സൈന്യം ഗാസയിൽ നിന്നും പൂർണമായി പിന്മാറണമെന്നും ഉപാധികൾ ഇല്ലാതെ മരുന്നും ഭക്ഷണവും അനുവദിക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. വെടിനിർത്തൽ സ്ഥിരമായിരിക്കണമെന്ന നിബന്ധനയും ഹമാസ് മുന്നോട്ടുവയ്ക്കുന്നു. ശാശ്വതമായ വെടിനിർത്തലും ഇസ്രയേലിന്റെ പൂർണമായ പിന്മാറ്റവും വേണമെന്നാണ് ഹമാസിന്‍റെ ആവശ്യം. ഗാസയുടെ പുനർനിർമാണം ഉടൻ തുടങ്ങണമെന്നും ഇതിന് മേൽനോട്ടം വഹിക്കുന്നത് പലസ്തീനികളുടെ നേതൃത്വത്തിലുള്ള സമിതിയാകണമെന്നും ഹമാസ് ആവശ്യപ്പെട്ടു.

 

വിഷമരുന്ന് ദുരന്തത്തില്‍ മധ്യപ്രദേശിൽ മരണസംഖ്യ 20 ആയി. അഞ്ച് കുട്ടികളുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മരിച്ചവരില്‍ 17 കുട്ടികളും ചിന്ത്വാര മേഖലയിലുള്ളവരാണ്. അതേസമയം മരുന്ന് കുറിച്ച ഡോക്ടറുടെ അറസ്റ്റിൽ അനിശ്ചിതകാല സമരം ആരംഭിച്ചിട്ടുണ്ട്. ചിന്ത്വാര ജില്ല ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) യൂണിറ്റാണ് സമരം തുടങ്ങിയത്.

 

ക‍ർണാടകയിൽ യുവമോർച്ച നേതാവിനെ കാറിലെത്തിയ സംഘം കുത്തിക്കൊലപ്പെടുത്തി. യുവമോർച്ച ജില്ലാ പ്രസിഡന്റ് വെങ്കടേഷ് കുറുബാര ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ സംഘം വെങ്കടേഷിനെ അടിച്ചു വീഴ്ത്തിയ ശേഷം മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു.ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യം ആണെന്നാണ് സൂചന.

 

പത്ത് ദിവസത്തോളം അഴുകിയ മൃതദേഹം കിടന്ന ടാങ്കിലെ വെള്ളം ഉപയോഗിച്ച് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളും ജീവനക്കാരും. ഉത്തര്‍പ്രദേശിലെ മഹാമഹർഷി ദേവരഹ ബാബ മെഡിക്കൽ കോളേജിലാണ് സംഭവം. വെള്ളത്തിൽ നിന്ന് ദുർഗന്ധം വമിച്ചു തുടങ്ങിയതോടെയാണ് അധികൃതർക്ക് സംശയം തോന്നിയത്. തുടർന്ന് ക്ലീനിംഗ് ജീവനക്കാർ അഞ്ചാം നിലയിലുള്ള സിമന്‍റ് ടാങ്ക് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

 

കർണാടകയിലെ കൊപ്പളയിൽ യുവമോർച്ചാ പ്രസിഡന്റ് വെങ്കടേഷ് കുറുബാറിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ നാലുപേർ പിടിയിലായി. രണ്ടുപേർ ഒളിവിലാണ്. പൂർവ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. രവി എന്ന ആളാണ് കൊലപാതകം ആസൂത്രണം ചെയ്തത് എന്നാണ് സംശയം. രാഷ്ട്രീയ കൊലപാതകമാണ് എന്ന ആരോപണം തള്ളിയ പൊലീസ്, കൊല്ലപ്പെട്ടയാളും പ്രതികളും ബിജെപിയുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമാക്കി.

 

ഇന്ത്യൻ ആകാശക്കോട്ടയുടെ കരുത്തായ വ്യോമസേനയുടെ 93ാം വാർഷിക ആഘോഷങ്ങൾ ഇന്ന് നടക്കും. യുപി ഗാസിയാബാദിലെ ഹിൻഡൻ വ്യോമ താവളത്തിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്. വ്യോമസേന മേധാവി പരിപാടിയുടെ മുഖ്യാതിഥിയാകും. ഓപ്പറേഷൻ സിന്ദൂരിൽ കരുത്ത് കാട്ടിയ വ്യോമസേനയുടെ പ്രകടനങ്ങൾക്ക് ഹിൻഡൻ വ്യോമ താവളം വേദിയാകും. എന്നാൽ, ഇക്കുറി വ്യോമ അഭ്യാസ പ്രകടനങ്ങൾ നവംബറിൽ ഗുവാഹത്തിയിൽ ആണ് നടക്കുക.

 

ഔദ്യോഗിക സന്ദർശനത്തിനായി ബ്രിട്ടിഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമെർ ഇന്ത്യയിലെത്തി. മുംബൈയിലെ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്റെയും സംസ്ഥാന ഗവർണറും ചേർന്ന് സ്വീകരിച്ചു. മുബൈയിൽ നടക്കുന്ന ആറാമത് ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ മുഖ്യ പ്രഭാഷകനായി പങ്കെടുക്കുന്നത് ബ്രിട്ടിഷ് പ്രധാനമന്ത്രിയാണ്. നാളെ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.

 

അണ്ണാ ഡിഎംകെയിലേക്ക് വിജയ് അടുക്കുന്നതായി സൂചന. വിജയിയെ ഫോണിൽ വിളിച്ച് എടപ്പാടി പളനിസ്വാമി തിങ്കളാഴ്ച വൈകീട്ട് അര മണിക്കൂർ സംസാരിച്ചു. ഡിഎംകെയെയും എംകെ സ്റ്റാലിനെയും തോൽപിക്കാൻ ഒന്നിക്കണമെന്ന് വിജയിയോട് ഇ പി എസ് അഭ്യർത്ഥിച്ചതായാണ് വിവരം. ഇപിഎസ്സിന്റെ ക്ഷണം വിജയ് തള്ളിയിട്ടില്ലെന്നാണ് സൂചന.

 

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബിആര്‍ ഗവായ്ക്ക് എതിരായ ആക്രമണ ശ്രമത്തെ അപലപിച്ച് ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. വിഷയത്തില്‍ കടുത്ത നടപടി തന്നെ വേണമെന്ന് അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളിൽ തുടരുന്ന അധിക്ഷേപം ആക്രമണം ആസൂത്രിതമെന്ന് തെളിയിക്കുന്നതാണെന്നും ഇത് ജുഡീഷ്യറിയെ കീഴടക്കാനുള്ള ശ്രമം എന്നും ജഡ്ജിമാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ട്രെയിൻ കോച്ചുകൾ കഴുകുന്നതിനായി ഇന്ത്യൻ റെയിൽവേ ഉയർന്ന മർദ്ദമുള്ള ഡ്രോൺ ക്ലീനിംഗ് സംവിധാനങ്ങൾ പരീക്ഷിക്കാൻ തുടങ്ങി. ഡ്രോണുകളുടെ സഹായത്തോടെ അമൃത് ഭാരത് എക്‌സ്‌പ്രസ് വൃത്തിയാക്കുന്ന വീഡിയോ റെയിൽ‌വേ മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പോസ്റ്റ് ചെയ്‌തു. എന്നാല്‍ ഇതിലും ചിലവ് കുറഞ്ഞ രീതികള്‍ ട്രെയിനുകള്‍ വൃത്തിയാക്കാനുണ്ടെന്ന് കാണിച്ച് ഏറെ വിമര്‍ശനം ഈ വീഡിയോകള്‍ക്ക് താഴെ പ്രത്യക്ഷപ്പെട്ടു.

 

റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധത്തിൽ പോരാടുകയായിരുന്ന ഇന്ത്യക്കാരനെ പിടികൂടിയതായി യുക്രൈൻ. ഗുജറാത്തിലെ മോർബി സ്വദേശിയായ 22 വയസ്സുള്ള സാഹിൽ മുഹമ്മജ് ഹുസ്സൈൻ എന്നയാളെ പിടികൂടിയെന്നും ഇയാൾ ഇന്ത്യക്കാരനാണെന്നാണ് അവകാശപ്പെടുന്നതെന്നും യുക്രൈൻ അറിയിച്ചു. എന്നാൽ ഇയാളുടെ കസ്റ്റഡി ഇന്ത്യൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

 

ഹൈദരാബാദ് ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് ക്യാമ്പസിൽ വിദ്യാർത്ഥി സംഘർഷം. പലസ്തീന് ഐക്യദാർഢ്യമർപ്പിച്ച് നടത്തിയ മാർച്ചിനിടെയാണ് വിദ്യാർത്ഥികൾക്കിടയിൽ സംഘർഷമുണ്ടായത്. സ്റ്റുഡന്റ് യൂണിയൻ അംഗങ്ങളും എബിവിപി അംഗങ്ങളും തമ്മിലാണ് സംഘർഷമുണ്ടായത്. കഫിയ ധരിച്ച വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മർദ്ദിച്ചെന്നാണ് പരാതി.

 

ദീപാവലി ഔദ്യോഗിക സംസ്ഥാന അവധിയായി പ്രഖ്യാപിച്ച് യുഎസ് സ്റ്റേറ്റ് കാലിഫോർണിയ. ദീപാവലിക്ക് ഔദ്യോഗിക അവധി അനുവദിക്കുന്ന മൂന്നാമത്തെ അമേരിക്കൻ സ്റ്റേറ്റാണ് കാലിഫോർണിയ. സർക്കാർ ജീവനക്കാർക്ക് ഓപ്ഷണൽ ലീവ് അനുവദിക്കും. ഗവർണർ ഗവിൻ ന്യൂസോം ഇതു സംബന്ധിച്ച ബില്ലിൽ ഒപ്പുവെച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *