രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനിയും പൊതുമേഖലാ സ്ഥാപനവുമായ എല്‍ഐസിയുടെ 2% ഓഹരികള്‍ കൂടി വിറ്റഴിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ജൂണിലോ ജൂലൈയിലോ വില്‍പന പ്രതീക്ഷിക്കാം. ഇതുവഴി 10,000 കോടി രൂപ സമാഹരിക്കാമെന്ന് കരുതുന്നു. റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ എല്‍ഐസിയുടെ ഓഹരിവില നഷ്ടത്തിലേക്ക് വീണു. 2022ല്‍ ആണ് കേന്ദ്രം ആദ്യമായി എല്‍ഐസി ഓഹരികള്‍ വിറ്റഴിച്ചത്. പ്രാരംഭ ഓഹരി വില്‍പനയിലൂടെ അന്ന് 3.5% ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപ സമാഹരിച്ചു. അതുവരെയുള്ള ഏറ്റവും വലിയ ഐപിഒയായിരുന്നു അത്. ഒന്നിന് 949 രൂപയ്ക്കായിരുന്നു വില്‍പന. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നുള്ള ഇക്കഴിഞ്ഞ മാര്‍ച്ച് 31ലെ കണക്കുപ്രകാരം എല്‍ഐസിയില്‍ 96.5 ശതമാനമാണ് കേന്ദ്രത്തിന്റെ ഓഹരി പങ്കാളിത്തം. 5.23 ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് എല്‍ഐസി.
