2020-21 കാലഘട്ടത്തിൽ സൗദി അറേബ്യയിലെ സ്വകാര്യ കമ്പനിയിൽ നിന്നും തൊഴിൽ നിയമ മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്താക്കപ്പെട്ട ഇന്ത്യൻ തൊഴിലാളികൾക്ക് തങ്ങളുടെ സേവന ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് വേണ്ട നിയമസഹായം നൽകണമെന്ന് ഇന്ത്യൻ എംബസിയോട് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. പിരിച്ചുവിടപ്പെട്ട അഞ്ച് തൊഴിലാളികൾ ചേർന്ന് പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടെ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. കേരളത്തിൽ നിന്നുള്ള 140 ഓളം തൊഴിലാളികളാണ് കൊവിഡ് കാലത്ത് നിയമം ലംഘിച്ച് പിരിച്ചുവിടപ്പെട്ടത്. രണ്ടു മാസത്തിനകം സർവീസ് ആനുകൂല്യങ്ങൾ നൽകാമെന്ന് കമ്പനി ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. തുടർന്ന് തൊഴിലാളികൾ എൻ.ആർ.ഐ കമ്മിഷൻ (കേരളം) സമീപിച്ചെങ്കിലും എംബസിയിൽ നിന്നും സാക്ഷ്യപ്പെടുത്തിയ തിരിച്ചറിയൽ രേഖകൾ ഇല്ലെന്ന കാരണം പറഞ്ഞു കേസ് അവസാനിപ്പിക്കുകയായിരുന്നു.
സൗദിയിൽ നിന്നും പിരിച്ചുവിട്ട തൊഴിലാളികൾക്ക് നിയമ സഹായം നൽകണമെന്ന് കേരള ഹൈക്കോടതി
