മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ തീരുമാനങ്ങളെടുത്തത് ഏകപക്ഷീയമായിട്ടാണോയെന്നു പരിശോധിക്കാന്‍ സുപ്രീം കോടതി. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള ഫോം സിക്സില്‍ മാറ്റം വരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയിരുന്നെന്ന ഗ്യാനേഷിന്റെ വാദം തള്ളിയ കോടതി, ഫോം സിക്സിലെ മാറ്റത്തിന് അനുമതി ഇല്ലായിരുന്നെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹര്‍ജികളിലെ ആരോപണങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം മറുപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു. എസ് ഐ ആര്‍ മരവിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയും കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി.
പിഎസ് സി പരീക്ഷാക്രമക്കേടു വന്‍ അഴിമതിയാണെന്ന് ഹൈക്കോടതി. ആസൂത്രണ ബോര്‍ഡ് പരീക്ഷയില്‍ 58 മാര്‍ക്കിന്റെ 10 ചോദ്യങ്ങള്‍ ഇടാതിരുന്നത് പ്രത്യക്ഷ അഴിമതി അല്ലേ എന്നും പിഎസ്സി നടത്തിയ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ രാജ്യത്ത് സംവിധാനം വേണ്ടേ എന്നും ഹൈക്കോടതി ചോദിച്ചു. ഉദ്യോഗസ്ഥ പിഴവായി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാരും വാദിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം ചോദ്യം ചെയ്ത് നല്‍കിയ റിട്ട് ഹര്‍ജിയിലാണ് പിഎസ്സിക്കെതിരെയുള്ള വിമര്‍ശനം.
തിരുവനന്തപുരത്ത് എസ് എഫ് ഐയുമായി ഏറ്റുമുട്ടുകയും പരസ്യമായി പോര്‍വിളി നടത്തുകയും ചെയ്ത എസ് എച്ച് ഒ കന്റോണ്‍മെന്റ് സി ഐ സതീഷ് കുമാര്‍ അവധിയില്‍ പ്രവേശിച്ചു. എസ് ഐ ജി ഗോകുല്‍ ഗോപാലിനെ പരിശീലനത്തിനു വിട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ ഇരുവരെയും നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. മുന്‍പ് എസ് എച്ച് ഒയുടെ ചുമതല വഹിച്ചിരുന്ന നാര്‍ക്കോട്ടിക് സി ഐ ഷാഫിക്കാണ് താല്‍ക്കാലിക ചുമതല.
മുഖ്യമന്ത്രിയുടെ സ്വദേശമായ പറവൂര്‍ കൈതാരം നോര്‍ത്തില്‍ ട്രാന്‍സ്ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാന്‍ കൈതാരത്തെ വീട്ടില്‍ എത്തിയതോടെ പിറകിലൂടെ ഓടിരക്ഷപ്പട്ടു. ഇയാള്‍ കേരളം വിട്ടതായി സംശയിക്കുന്നെന്നു പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഫ്യൂസ് ഊരിയ വ്യക്തിയെ പൊലീസ് തിരിച്ചറിഞ്ഞത്.
മുഖ്യമന്ത്രി വിഡി സതീശന്‍ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന നിലപാട് തനിക്കില്ലെന്ന് മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്. പരസ്യപ്രസ്താവനകളെ കോണ്‍ഗ്രസ് നേതൃത്വം വിലക്കിയിട്ടുണ്ടെന്നും കെസി വേണുഗോപാല്‍ തന്നെ പരസ്യ പ്രതികരണം പാടില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ലൈഫ് പദ്ധതി തുടരുമെന്നും മുഖ്യമന്ത്രി വിഡി സതീശന്‍. ബജറ്റില്‍ ലൈഫില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ മാറ്റി. പകരം അവര്‍ക്കു പ്രത്യേകം പദ്ധതി നടപ്പാക്കുകയാണ്. വിഴിഞ്ഞത്ത് ഉള്‍പ്പെടെ പ്രദേശിക മല്‍സ്യ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. ഷീ സ്‌കൂട്ടറുകളുടെ വിതരണം നിര്‍വഹിക്കുന്ന പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സംസ്ഥാന സ്‌കൂള്‍ ഗെയിംസിനിടെ റൂഫിംഗ് തകര്‍ന്നുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംഘാടനത്തിലെ വീഴ്ച്ച മറച്ച് കാലാവസ്ഥയെ പഴിക്കുന്ന വിചിത്ര റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.
പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ. എന്‍ സുരേഷ് ബാബുവിനെ മാറ്റിയത് തെറ്റ് തിരുത്തലിന്റെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തെറ്റുകള്‍ ഉണ്ടെങ്കില്‍ തിരുത്താനും, ക്ഷണിക്കേണ്ടവരെ ക്ഷണിക്കാനുമാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നത്. സുരേഷ് ബാബുവിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി ലഭിച്ചിട്ടില്ലെന്നും എംവി ഗോവിന്ദന്‍
സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ഇ. എന്‍ സുരേഷ് ബാബുവിനെതിരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് പാലക്കാട് പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷന്‍. സംസ്ഥാന നേതൃത്വത്തിന് മുന്നിലും പരാതിയില്ല. സ്വയം മാറി നില്‍ക്കുകയാണ്. യുവതിയുടേത് ഉള്‍പ്പെടെയുള്ള പരാതികള്‍ മാധ്യമ വാര്‍ത്തകള്‍ മാത്രമാണെന്നും പാലക്കാട് വിഭാഗീയത ഇല്ലെന്നും ചെന്താമരാക്ഷന്‍ വ്യക്തമാക്കി.
എസ്എഫ്ഐ ജില്ലാ സെക്രട്ടറി എം.എ.നന്ദന്റെ പേട്ടയിലെ വീട്ടില്‍ ഇന്നലെ കന്റോണ്‍മെന്റ് പൊലീസ് പരിശോധന നടത്തി. സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസുകാരെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തെ കേസിലെ നാലാം പ്രതിയാണു നന്ദനെന്നാണ് പോലീസ് പറയുന്നത്. നന്ദനെ കാണാനാകാതെ മടങ്ങിയ പോലീസിനെതിരേ കൂക്കിവിളികളുമായി സിപിഎം പ്രവര്‍ത്തകര്‍ എത്തിയിരുന്നു.
ഇടുക്കി ചിന്നക്കനാലിലെ പ്രശ്നങ്ങള്‍ മനുഷ്യ നിര്‍മിതമാണെന്നും ആനത്താരകളില്‍ അനധികൃതമായി നിര്‍മിച്ച വന്‍കിട റിസോര്‍ട്ടുകള്‍ തടസമായെന്നും വനംവകുപ്പ് മന്ത്രി ഷിബു ബേബിജോണ്‍. സ്റ്റെര്‍ലിംഗ്, ക്ലബ് മഹേന്ദ്ര ഉള്‍പ്പെടെയുള്ളവയ്ക്കെതിരേ ഇടുക്കി കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ആശങ്ക ഉണ്ടെന്നും ബന്ധപ്പെട്ടവരെ വിളിച്ചു ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്നും മന്ത്രി.
തിരുവനന്തപുരം നഗരസഭയില്‍ കാപ്പ കേസ് പ്രതിയായ ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന്റെ പേരില്‍ ഹാജര്‍ രജിസ്റ്ററില്‍ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ കന്റോണ്‍മെന്റ് എസിപി അന്വേഷണം നടത്തും.
മുഖ്യമന്ത്രി വി. ഡി സതീശനെതിരെ പ്രസ്താവന നടത്തിയെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ കെ സുധാകരന്റെ പേരില്‍ വ്യാജ പ്രചാരണം നടത്തിയ കേസില്‍ കണ്ണൂര്‍ സൈബര്‍ പോലീസ് കേസെടുത്തു. രാജീവ് പി ആര്‍ രാജീവ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസ്.
കൊല്ലം നീണ്ടകര മണ്ണാത്തറ സ്വദേശിനിയെ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് നന്ദുവിനായി ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാനുള്ള നീക്കവുമായി പൊലീസ്. നിലവില്‍ ഇയാള്‍ സൗദിയില്‍ തുടരുകയാണ്.
അട്ടപ്പാടി മധു വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. പ്രതികളുടെ ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹര്‍ജി നല്‍കുകയായിരുന്നു. കൊലക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് ആവശ്യം.
കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലുറപ്പു തൊളിലാളിയായ സ്ത്രീ കൊല്ലപ്പെട്ടു. പത്തനാപുരം കടശ്ശേരി ഉമ്മന്നൂരില്‍ രാജമ്മയാണ് കൊല്ലപ്പെട്ടത്. എണ്‍പത് വയസായിരുന്നു.
ആര്‍ ശ്രീലേഖ രാജി വച്ചത് ആരോഗ്യ പ്രശ്നങ്ങളുള്ളതിനാലാകാമെന്നു കോണ്‍ഗ്രസ് നേതാവും നഗരസഭ കൗണ്‍സിലറുമായ കെഎസ് ശബരിനാഥന്‍. പെറ്റി പൊളിറ്റിക്സിന്റെ’ ആളാണ് ശ്രീലേഖ എന്ന് കരുതുന്നില്ലെന്നും ശബരിനാഥന്‍ പറഞ്ഞു.
കളമശ്ശേരിയില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. യുവതിയെ ലൈംഗികമായി ഉപദ്രവിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടുണ്ട്. മയക്കുമരുന്നും മദ്യവും നല്‍കി രണ്ടുദിവസം തടങ്കലില്‍ വച്ചായിരുന്നു പീഡനം. സെപ്റ്റംബര്‍ രണ്ട് മൂന്ന് തീയതികളിലാണ് കൂട്ട ബലാല്‍സംഗം നടന്നത്. സംഭവത്തില്‍ യുവതിയടക്കം രണ്ടുപേരെ കൂടി ഇനിയും പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു.
ഡല്‍ഹിയില്‍ ഓരോ സ്ത്രീക്കും രാത്രിയിലെയടക്കം യാത്രകളില്‍ പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. നിര്‍ദ്ദേശങ്ങളും പദ്ധതികളും കടലാസുകളില്‍ ഒതുങ്ങരുതെന്നും, പോലീസ് പ്രയോഗത്തില്‍ വരുത്തണമെന്നും കോടതി വ്യക്തമാക്കി. അതിശക്തമായ നടപടികള്‍ക്കു പൊലീസ് മടിക്കരുത്. നടപടികളില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നേക്കാമെങ്കിലും പൊലീസ് സ്വന്തം കടമ കൃത്യമായി നിര്‍വ്വഹിക്കണമെന്ന് ജസ്റ്റിസ് ജെ ബി പര്‍ദിവാല അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
ജന്തര്‍മന്തര്‍ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഡല്‍ഹി എസിപി വിവേക് ഭഗത് ലൈംഗികഅതിക്രമം നടത്തിയെന്നും കയ്യേറ്റം ചെയ്തെന്നും ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തകയെ പോലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. ആരോപണവിധേയനായ വിവേക് ഭഗത്തിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തകയും മറ്റ് സ്വതന്ത്രമാധ്യമപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും പാര്‍ലമെന്റ് പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിക്കുകയായിരുന്നു. ഇവിടെനിന്നാണ് ഇവരെ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്.
ആന്ധ്രപ്രദേശില്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പങ്കെടുത്ത ചടങ്ങില്‍ മന്ത്രി പ്രസംഗിക്കുന്നതിനിടെ ‘ജോലി തരൂ’ എന്ന് ആവശ്യപ്പെട്ട് യുവാക്കള്‍, ബഹളംവെച്ചെന്നു വ്യക്തമാക്കുന്ന വീഡിയോ പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. ജനക്കൂട്ടത്തെ ശാന്തരാക്കാന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഇടപെട്ടുവെന്നുകൂടി വ്യക്തമാക്കുന്ന വീഡിയോയാണു പങ്കുവച്ചത്.
തമിഴ്‌നാട്ടില്‍ ദളിത് വിഭാഗങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ച പെരുമാള്‍ ക്ഷേത്രത്തിന്റെ പൂട്ട് പൊളിച്ച് വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥ എല്ലാവര്‍ക്കുമായി ക്ഷേത്രം തുറന്നുകൊടുത്തു. കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലത്തിനടുത്ത് ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചത് കള്ളക്കുറിച്ചി ജില്ലാ പോലീസ് സൂപ്രണ്ട് ഐ. ഷാഹ്നാസ് ആണ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് എന്‍എസ്യുവിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം.
ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ സ്ഫോടനമുണ്ടായ മരുന്നു നിര്‍മാണ ശാലയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് ടാബ്ലെറ്റ്സ് (ഇന്ത്യ) ലിമിറ്റഡ് വ്യക്തമാക്കി. ടിഐഎല്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് പൊട്ടിത്തെറി നടന്നത്.
മറ്റൊരു വിമാനത്തിലോ ഉയരമുള്ള കെട്ടിടത്തിലോ നിലത്തുതന്നെയോ വിമാനം ഇടിച്ചിറക്കി യാത്രക്കാരെ വകവരുത്താനായിരുന്നു തന്റെ പദ്ധതിയെന്ന് ടെല്‍ അവീവിലേക്കു പോയിരുന്ന ഫ്ളൈദുബായ് വിമാനത്തിലെ സഹ പൈലറ്റ് ഹമാം അല്‍-ഹമ്മാമി സമ്മതിച്ചെന്ന് സൗദിയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍. എന്നാല്‍, സ്മിത്ത് മച്ചാര്‍ കോക്പിറ്റ് വാതില്‍ തുറന്നതോടെ പദ്ധതി പൊളിയുകയായിരുന്നു. ഫ്ൈള ദുബായില്‍ ജോലി നേടിയത് ഈ ലക്ഷ്യത്തിനായിട്ടാണെന്നും ഹമാം പറഞ്ഞു.
വ്യാഴം ചന്ദ്രന് പിന്നില്‍ മറയും. ചന്ദ്രന്റെ പ്രകാശമുള്ള അരികിന് പിന്നിലേക്ക് വ്യാഴം മറയുകയും ഏകദേശം ഒരു മണിക്കൂറിന് ശേഷം ഇരുണ്ട ഭാഗത്തുനിന്ന് വീണ്ടും പ്രത്യക്ഷപ്പെടുകയും ചെയ്യും. അമേരിക്കയുടെ കിഴക്കന്‍, മധ്യ മേഖലകളിലും തെക്കന്‍ കാനഡയിലെ ചില പ്രദേശങ്ങളിലുമാണ് ഈ പ്രതിഭാസം വ്യക്തമായി കാണാനാകുക. പുലര്‍ച്ചെ ഏകദേശം 2:30ഓടെ കിഴക്ക്-വടക്കുകിഴക്കന്‍ ആകാശത്ത് ചന്ദ്രനും വ്യാഴവും പ്രത്യക്ഷപ്പെടും. അന്ന് ചന്ദ്രന്റെ 20 ശതമാനം മാത്രമായിരിക്കും പ്രകാശിതമായിരിക്കുക.
ജപ്പാന്‍ ഏഷ്യന്‍ ഗെയിംസിലെ മികച്ച താരങ്ങളെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രഖ്യാപിച്ചു. അമ്പെയ്ത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കുങ്കും മൊഹോദാണ് മികച്ച വനിതാ താരം. ഗുസ്തിയില്‍ സ്വര്‍ണ്ണം നേടിയ സുജീത്താണ് മികച്ച പുരുഷ താരം.
ഇന്ത്യ – ഉറൂഗ്വേ സൗഹൃദ മത്സരത്തിന് നാളെ കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയം വേദിയാകും. വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. കഴിഞ്ഞ ദിവസം കരുത്തരായ ബ്രസീലിനോട് നാല് ഗോളിന് തോറ്റെങ്കിലും ആത്മവിശ്വാസത്തോടെ കളിക്കാനായത് ഇന്ത്യക്ക് കരുത്താവും. ബ്രസീലിനെതിരായ മത്സരം കാണാന്‍ കാണികള്‍ കുറഞ്ഞതോടെ ഉറുഗ്വേയ്‌ക്കെതിരായ മത്സരത്തിന്റെ ടിക്കറ്റ് വില കുത്തനെ കുറച്ചു. 1999 രൂപയുടെ ടിക്കറ്റ് 199 രൂപ ആയാണ് കുറച്ചത്.
കാനഡ സൂപ്പര്‍ 60 ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ സെമിഫൈനലില്‍ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച പന്തുമായി ഫാസ്റ്റ് ബൗളര്‍ അലി ഖാന്‍. ടൊറന്റോ സിക്‌സേഴ്‌സും മിസിസാഗ മാസ്റ്റേഴ്‌സും തമ്മിലുള്ള സെമിഫൈനല്‍ മത്സരത്തിനിടെ അലി ഖാന്‍ എറിഞ്ഞ ഷോട്ട് ബോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഉയരത്തിലാണ് എത്തിയത്. പന്ത് പൊള്ളാര്‍ഡിന്റെ ബാറ്റിലോ താരത്തിന്റെ ശരീരത്തിലോ സ്പര്‍ശിക്കാതെ വിക്കറ്റ് കീപ്പര്‍ക്കു മുകളിലൂടെ പറന്ന് പതിച്ചത് ബൗണ്ടറി ലൈനിന് പുറത്തായിരുന്നു. അംപയര്‍ ആ പന്ത് വൈഡ് വിളിച്ചു. പന്ത് ബൗണ്ടറി തൊട്ടതുകൊണ്ട് നാല് അധിക റണ്‍സും അനുവദിച്ചു.
അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കുന്ന ലിയോണല്‍ മെസ്സിയുടെ വിടവാങ്ങല്‍ മത്സരം നാളെ. ബെനിനെതിരെ നടക്കുന്ന മത്സരത്തില്‍ സ്വര്‍ണ്ണ നിറത്തില്‍ പേരെഴുതിയ പ്രത്യേക ജേഴ്സിയണിഞ്ഞാകും മെസ്സി കളത്തിലിറങ്ങുക.
25 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യന്‍ ഓഹരി വിപണി സൂചിക തുടര്‍ച്ചയായ എട്ട് ആഴ്ചകളില്‍ നഷ്ടം രേഖപ്പെടുത്തി. ഐ.ടി സൂചിക മാത്രം 0.9 ശതമാനത്തിന്റെ നേരിയ നേട്ടമുണ്ടാക്കി. ഫാര്‍മ/ഹെല്‍ത്ത് സെക്ടര്‍ വലിയ തകര്‍ച്ച അഭിമുഖീകരിച്ചില്ല, എന്നാലും നഷ്ടത്തിലാണ്. വിദേശ നിക്ഷേപകര്‍ കൂട്ട വില്‍പന തുടരുകയാണ്. 2024 സെപ്റ്റംബറിലാണ് സെന്‍സെക്സും നിഫ്റ്റിയും എക്കാലത്തെയും ഉയര്‍ന്ന നില തൊട്ടത്. അന്ന് 26,373ല്‍ എത്തിയ നിഫ്റ്റി ഇപ്പോള്‍ 22,421ലാണ്. സെന്‍സെക്സ് 86,159ല്‍ നിന്ന് വീണ് 71,909ല്‍ എത്തി. സെപ്റ്റംബറില്‍ 44,000 കോടി രൂപയുടെ വില്‍പനയാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്. 29,612 കോടിയുടെ വില്‍പന നടത്തിയത് സെപ്റ്റംബറിലെ അവസാന മൂന്ന് ദിവസങ്ങളിലാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ വില്‍പന നടത്തുമ്പോഴൊക്കെ വിപണിയില്‍ തകര്‍ച്ചയുണ്ടാകാറുണ്ട്. പശ്ചിമേഷ്യയിലെ സംഘര്‍ഷവും ക്രൂഡോയില്‍ വില വര്‍ധനയും വെല്ലുവിളി ഉയര്‍ത്തുന്നതാണ്.
ഓപ്പണ്‍ എഐ തങ്ങളുടെ ഏജന്റുകള്‍ക്ക് പറ്റിയ തെറ്റുകള്‍ക്കായി പ്രതിവര്‍ഷം ചെലവഴിക്കുന്നത് കോടിക്കണക്കിന് രൂപ. ‘എഐ ഏജന്റ് മെസ്സ്’ എന്ന ഈ പ്രതിസന്ധി പരിഹരിക്കാന്‍ കമ്പനി ഒരു ദിവസം ചെലവിടുന്നത് ഏകദേശം 5 കോടിയോളം രൂപയാണ്. എ ഐ മോഡലുകള്‍ ഉപയോക്താക്കള്‍ക്ക് വേണ്ടി ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും സോഫ്‌റ്റ്വെയറുകള്‍ പ്രവര്‍ത്തിപ്പിക്കാനും തുടങ്ങിയതോടെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ചില എഐ ഏജന്റുകള്‍ നിയന്ത്രണങ്ങള്‍ മറികടന്ന് വെബ്‌സൈറ്റുകളില്‍ മാറ്റങ്ങള്‍ വരുത്തുകയും, പാസ്വേഡുകള്‍, എ പി ഐ എന്നിവയുമായി ഇടപെടുകയും ചെയ്തു. ഈ അന്വേഷണത്തിന്റെ ഭാഗമായി ഏകദേശം 50 പെറ്റാബൈറ്റ് (5 കോടി ജിഗാബൈറ്റ്) ഡാറ്റയാണ് പരിശോധിക്കേണ്ടി വരുന്നത്. ഒരാള്‍ ഉറക്കമില്ലാതെ തുടര്‍ച്ചയായി മിനിറ്റില്‍ 240 വാക്കുകള്‍ വീതം വായിച്ചാല്‍ പോലും ഈ വിവരങ്ങള്‍ മുഴുവന്‍ വായിച്ചുതീര്‍ക്കാന്‍ ഏകദേശം 66 ദശലക്ഷം അഥവാ 6.6 കോടി വര്‍ഷങ്ങള്‍ എടുക്കുമത്രെ.
നടന്‍ ഷറഫുദ്ദീന്‍ നായകനായി എത്തുന്ന പുതിയ ചിത്രമായ ‘ഫാമിലി ട്രിപ്പിന്റെ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ഇതിഹാസ ഗായകന്‍ കിഷോര്‍ കുമാറിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ഗാനമായ ”സിന്ദഗി ഏക് സഫര്‍ ഹേ സുഹാന” എന്ന പാട്ടിന്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഒരു പക്കാ ഫാമിലി എന്റര്‍ടെയിനര്‍ അനുഭവം നല്‍കുന്നതാണ് ചിത്രത്തിന്റെ പോസ്റ്റര്‍. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷറഫുവും ഷമാല്‍ സുലൈമാനും ചേര്‍ന്നാണ്. ഷറഫുദ്ദീന്‍, കാര്‍ത്തികേയന്‍ സന്താനം, ഷംജാന്‍ ജി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രം ‘ധൂമകേതു’വിലെ സ്നീക്ക് പീക്ക് 2 വീഡിയോ പുറത്തിറങ്ങി. സിനിമയിലെ രസകരമായൊരു സംഭാഷണ രംഗമാണ് സ്നീക്ക് പീക്കായി പുറത്തുവിട്ടിരിക്കുന്നത്. ‘നെയ്മറി’ന് ശേഷം സുധി മാഡിസണ്‍ സംവിധാനം ചെയ്ത ചിത്രമായ ധൂമകേതു ഒരു ടൈം ട്രാവലര്‍ മൂവിയാണ്. രചന – സോണി, മനു. നിര്‍മാണം – സമീര്‍ താഹിര്‍, ഷൈജു ഖാലിദ്, സജിന്‍ അലി, അബ്ബാസ് തിരുനാവായ. ഷൈന്‍ ടോം ചാക്കോ, ഗണപതി, സിദ്ധാര്‍ത്ഥ് ഭരതന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.
ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ വിവിധ മോഡലുകള്‍ക്ക് ഈ മാസം പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ക്രെറ്റ എന്‍ ലൈനിന് പരമാവധി 1.25 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. 20,000 രൂപയുടെ ക്യാഷ് ഡിസ്‌കൗണ്ട്, 25,000 രൂപയുടെ നവരാത്രി ബുക്കിങ് ബോണസ്, 30,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യം, 50,000 രൂപയുടെ സ്‌ക്രാപ്പേജ് ആനുകൂല്യം എന്നിവയാണ് പ്രധാന ഓഫറുകള്‍. ഇതിന് പുറമെ 25,000 രൂപയുടെ അധിക അപ്ഗ്രേഡ് ഓഫറും 5,000 രൂപയുടെ ഗ്രാമീണ ഉപഭോക്തൃ ഓഫറും ലഭ്യമാണ്. ക്രെറ്റ ഇലക്ട്രിക്കിനും ആനുകൂല്യങ്ങള്‍ ലഭിക്കും. പരമാവധി 65,000 രൂപ വരെയാണ് ഓഫര്‍. ഗ്രാന്‍ഡ് ഐ10 നിയോസ്, ഓറ, ഐ20, എക്സെന്റ്, വെന്യു, വെര്‍ണ, ക്രെറ്റ, ക്രെറ്റ എന്‍ ലൈന്‍, ക്രെറ്റ ഇലക്ട്രിക്, അല്‍കാസര്‍ തുടങ്ങിയ മോഡലുകള്‍ക്കും വിവിധ ഓഫറുകള്‍ ലഭ്യമാണ്.
വ്യക്തിജീവിതവും ചരിത്രവും വേര്‍തിരിക്കാനാകാത്ത വിധം പരസ്പരം ഇഴചേരുന്ന ഒരു ആത്മകഥാഖ്യാനം. ഒരു വ്യക്തിയുടെ സ്വകാര്യജീവിതത്തെക്കാള്‍, മലബാറിന്റെ സാമൂഹികപരിസരവും കുടുംബബന്ധങ്ങളുടെ പരിണാമചരിത്രവും വിദ്യാഭ്യാസകാലഘട്ടങ്ങളുടെ പരിവര്‍ത്തനരേഖകളും രാഷ്ട്രീയ-സാമൂഹിക മാറ്റങ്ങളും അദ്ധ്യാപന-ഗവേഷണ-സര്‍വ്വകലാശാലാ ജീവിതവും പൊതുപ്രവര്‍ത്തനവുമാണ് ഈ ആത്മകഥയില്‍ കാണാന്‍ കഴിയുക. ഒരു കുട്ടിയുടെ കൗതുകത്തില്‍നിന്ന് വിദ്യാഭ്യാസപ്രവര്‍ത്തകന്റെയും ചരിത്രഗവേഷകന്റെയും സര്‍വ്വകലാശാലാഭരണാധികാരിയുടെയും ജീവിതത്തിലേക്കുള്ള യാത്ര. ചരിത്രകാരനും കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ കെ.കെ.എന്‍. കുറുപ്പിന്റെ, ചരിത്രരേഖയ്ക്കു തുല്യമായ ആത്മകഥ. ‘ജീവിച്ചതല്ല ജീവിതം’. മാതൃഭൂമി. വില 306 രൂപ.
ശംഖുപുഷ്പ ചായ അഥവാ നീല ചായ കുടിക്കുന്നത് സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതില്‍ അടങ്ങിയ ആന്റിഓക്സിഡന്റുകളാണ് താരങ്ങള്‍. ഇത് സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവു കുറയ്ക്കാനും നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല, ശരീരത്തിലെ വിഷാംശം നീക്കാനും നീല ചായ കുടിക്കുന്നത് സഹായിക്കും. ഔഷധങ്ങളിലും സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും ഉപയോഗിക്കുന്ന വൈവിധ്യമാര്‍ന്ന സസ്യമാണ് ശംഖുപുഷ്പം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും നീല ചായ മികച്ചതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഫ്ലേവനോയ്ഡുകള്‍, ആന്തോസയാനിനുകള്‍, ട്രൈറ്റെര്‍പെനോയിഡുകള്‍, സൈക്ലോടൈഡുകള്‍ പോലുള്ള പെപ്റ്റൈഡുകള്‍ എന്നിവയാല്‍ സമ്പന്നമാണ് നീല ചായ. ഇതില്‍ ആന്റിഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി, ആന്റി മൈക്രോബയല്‍, നൂട്രോപിക്, കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ട്. ശംഖുപുഷ്പത്തില്‍ കാണപ്പെടുന്ന പ്രകൃതിദത്ത സസ്യ പിഗ്മെന്റുകളാണ് ടെര്‍നാറ്റിനുകള്‍ ശരീരത്തിലെ സ്ട്രെസ് ഹോര്‍മോണുകളുടെ സ്രവണം കുറയ്ക്കുമെന്ന് പഠനം പറയുന്നു. ഈ സംയുക്തം ഒരു തരം ആന്തോസയാനിന്‍ കൂടിയാണ്. ഇത് പൂവിനും ചായയ്ക്കും തിളക്കമുള്ള നീല നിറം നല്‍കുന്നു. ബ്ലൂ ടീ കുടിക്കുന്നത് ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ ശരീരകോശങ്ങളെ സംരക്ഷിക്കാന്‍ സഹായിക്കും.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 96.29, പൗണ്ട് – 127.35, യൂറോ – 107.85, സ്വിസ് ഫ്രാങ്ക് – 116.17, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.01, ബഹറിന്‍ ദിനാര്‍ – 255.87, കുവൈത്ത് ദിനാര്‍ -311.47, ഒമാനി റിയാല്‍ – 250.45, സൗദി റിയാല്‍ – 25.70, യു.എ.ഇ ദിര്‍ഹം – 26.21, ഖത്തര്‍ റിയാല്‍ – 26.44, കനേഡിയന്‍ ഡോളര്‍ – 67.54.
